ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തെരേസ മേയുടെ നീക്കം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കില്ലെന്ന് ഗയ് വെര്‍ഹോഫ്സ്റ്റാറ്റ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ ബ്രെക്‌സിറ്റ് തലവനാണ് അദ്ദേഹം. നിലവില്‍ യുകെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ നിരക്കിലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുകെ യൂണിവേഴ്‌സിറ്റികളില്‍ ഫീസ് നല്‍കുന്നത്. ബ്രെക്‌സിറ്റിനു ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഫീസ് ഇവരില്‍ നിന്ന് ഈടാക്കാനാണ് തെരേസ മേയ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്തെഴുതുമെന്നും വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഈ നീക്കം അംഗീകരിക്കില്ല, വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും ബ്രെക്‌സിറ്റിന്റെ ഇരകളാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലും നിലവിലുള്ള സൗകര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണം. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളുമായി ഉണ്ടാകാവുന്ന വ്യാപാരക്കരാറുകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വീറ്റോ ലഭിച്ചിട്ടുണ്ട്. അതായത് ഭാവി ചര്‍ച്ചകളില്‍ ട്യൂഷന്‍ ഫീസ് ഒരു വിലപേശല്‍ മാര്‍ഗ്ഗമായി തുടരും. ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളിലെ ഡൊമസ്റ്റിക് ട്യൂഷന്‍ ഫീസ് നിലവില്‍ 9250 പൗണ്ടാണ്. യൂറോപ്യന്‍ വിദ്യാര്‍ത്ഥികളും ഇതേ നിരക്കാണ് നല്‍കുന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ട്യൂഷന്‍ ഫീസ് ഇതുവരെ ഏകീകരിച്ചിട്ടില്ല.

10,000 പൗണ്ട് മുതല്‍ 38,000 പൗണ്ട് വരെയാണ് കോഴ്‌സുകള്‍ക്ക് അനുസരിച്ച് പ്രതിവര്‍ഷം കോഴ്‌സുകളുടെ സ്വഭാവമനുസരിച്ച് നല്‍കേണ്ടി വരുന്നത്. സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്ന യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് സൗജന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ടി വരുന്നുണ്ടെന്നതാണ് വിചിത്രം.