ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : വളരെക്കാലമായി നീണ്ടുനിന്ന ബ്രെക്സിറ്റ് പ്രശ്‌നത്തിന് താത്കാലിക പരിഹാരം ആണ് ഈ പുതിയ ഉടമ്പടി. ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ദിവസങ്ങളായി നടന്നു വന്ന ചർച്ചയ്ക്കൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് പുതിയ ഉടമ്പടിയിൽ എത്തിച്ചേർന്നത്. മഹത്തായ ഉടമ്പടിയെന്നാണ് ഈ കരാറിനെ പ്രധാനമന്ത്രി ജോൺസൻ വിശേഷിപ്പിച്ചത്. ഈ പുതിയ ബ്രെക്സിറ്റ്‌ കരാർ ചർച്ച ഇന്ന് ബ്രിട്ടീഷ് പാർലമെന്റിൽ നടക്കാനിരിക്കുകയാണ്. യൂറോപ്യൻ പാർലമെന്റിന്റെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ മാത്രമേ ഉടമ്പടി പ്രാബല്യത്തിൽ വരൂ. ഇന്നത്തെ പ്രത്യേക സമ്മേളനത്തിൽ ഈ കരാർ എംപിമാർ അംഗീകരിച്ചാൽ ഒക്ടോബർ 31ന് തന്നെ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാം.

എന്നാൽ ബോറിസ് ജോൺസൻ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഇന്നത്തെ പാർലമെന്റ് സമ്മേളനം തന്നെയാണ്. കാരണം ഡെമോക്രാറ്റിക്‌ യൂണിയണിസ്റ്റ് പാർട്ടി ഈയൊരു ഉടമ്പടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഡിയുപി വോട്ട് ചെയ്യില്ല എന്ന് വരെ ഡിയുപിയുടെ ബ്രെക്സിറ്റ്‌ വക്താവ് സാമി വിൽസൺ അറിയിച്ചുകഴിഞ്ഞു. ബ്രെക്സിറ്റ്‌ നടത്താനായി പാർലമെന്റ് അംഗീകാരം നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോൺസൻ. കരാർ അംഗീകാരം നേടാൻ എംപിമാരെ തങ്ങളുടെ ടീം ബന്ധപ്പെടുന്നുണ്ടെന്ന് ജോൺസന്റെ ഒരു വക്താവ് പറഞ്ഞിരുന്നു. നിലവിൽ 300ൽ താഴെ മാത്രം എംപിമാരുടെ പിന്തുണയുള്ള സർക്കാരിന് 625 അംഗ പാർലമെന്റിൽ പുതിയ ഉടമ്പടി പാസാക്കുക അത്ര എളുപ്പമല്ല. അതിനാൽ കരാർ അംഗീകാരം നേടാൻ എതിർ പാർട്ടിയുടെയും സ്വതന്ത്രരായ 23 മുൻ കൺസർവേറ്റീവ് എംപിമാരുടെ പിന്തുണയും പ്രധാനമന്ത്രി ഉറപ്പാക്കേണ്ടതായി വരും. പാർലമെന്റ് ഈ ഉടമ്പടി തള്ളിയാൽ വീണ്ടും അനിശ്ചിതത്വം തുടരും.

പുതിയ കരാറിനെ വിമർശിച്ചു ലേബർ പാർട്ടിയും രംഗത്തെത്തിയിരുന്നു. പാർലമെന്റിലൂടെ കരാർ അംഗീകാരം നേടാൻ കഴിയുന്നില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടേണ്ടതായി വരും. എന്നാൽ ബ്രെക്സിറ്റ്‌ തീയതി ഇനി നീട്ടുന്ന പ്രശ്നമില്ലെന്ന് ഈയു പ്രസിഡന്റ് ജങ്കറും വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്സിറ്റ്‌ കരാർ ഘട്ടം ഘട്ടമായി പാർലമെന്റിൽ പാസാക്കി ഒരു നിയമം ആകുന്നതുവരെ സമയപരിധി നീട്ടാൻ ആവശ്യപ്പെടുന്ന ഒരു ഭേദഗതി മുൻ കൺസർവേറ്റീവ് എംപി ഒലിവർ ലെറ്റ്വിൻ അവതരിപ്പിച്ചു. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ആദ്യമായാണ് ബ്രിട്ടീഷ് പാർലമെന്റ് ശനിയാഴ്ച പ്രത്യേക സമ്മേളനം ചേരുന്നത്.