“ബ്രെക്സിറ്റ്‌ എന്ന കീറാമുട്ടി ” – വീണ്ടും തോൽവി ഏറ്റുവാങ്ങി ജോൺസൻ, പുതിയ കരാറിന് പിന്തുണയില്ല ; ബ്രെക്സിറ്റ്‌ നീട്ടിവെക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി

by News Desk | October 20, 2019 5:10 am

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രെക്സിറ്റ്‌ പ്രതിസന്ധിയിൽ നിന്ന് ഒരുതരത്തിലും രക്ഷ നേടാനാകാതെ കുഴങ്ങിയിരിക്കുകയാണ് ബോറിസ് ജോൺസൻ. ഇന്നലെ അവതരിപ്പിച്ച പുതിയ കരാറിനും പിന്തുണയില്ല. അതുകൊണ്ട് തന്നെ ബ്രിട്ടന് ഉടനൊന്നും യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ കഴിയില്ല. യൂറോപ്യൻ യൂണിയനുമായി ധാരണയായതിന് ശേഷമാണ് പുതിയ കരാറുമായി എംപിമാരുടെ അടുത്തേക്ക് ജോൺസൻ വന്നത്. എന്നാൽ ഇന്നലെ കൂടിയ പാർലമെന്റ് സമ്മേളനത്തിൽ ഈ കരാറിനെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻവാങ്ങൽ വൈകിപ്പിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അതിനാൽ ബെൻ ആക്ട് പ്രകാരം യൂറോപ്യൻ യൂണിയനോട്‌ മൂന്നു മാസത്തെ കാലതാമസം ആവശ്യപ്പെടാൻ പ്രധാനമന്ത്രി നിർബന്ധിതനാകും.

ഇന്നലത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ പുതിയ ബ്രെക്സിറ്റ്‌ കരാർ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഭൂരിഭാഗം എംപിമാരും വ്യക്തമാക്കി. ഇതോടെ സ്വതന്ത്ര എംപിയായ ഒലിവർ ലെറ്റ്‌വിന്റെ നേതൃത്വത്തിൽ ഇരുകക്ഷികളിലെയും അംഗങ്ങൾ യോജിച്ച് ഒരു ബദൽ ഭേദഗതി അവതരിപ്പിച്ചു. 306നെതിരെ 322 വോട്ടുകൾക്ക് ഈ ഭേദഗതി പാസ്സാക്കുകയും ചെയ്തു. ഒരു നിയമനിർമാണത്തിലൂടെ കരാർ പാസ്സാകും വരെ ബ്രെക്സിറ്റ്‌ തടയാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഭേദഗതി. എന്നാൽ ഒരു തരത്തിലും ബ്രെക്സിറ്റ്‌ വൈകിപ്പിക്കില്ലെന്നും താൻ പറഞ്ഞതുപോലെ ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിൻ വിടും എന്നുമുള്ള നിലപാടിൽ ഉറച്ചാണ് ജോൺസൻ. ബ്രെക്സിറ്റ്‌ വൈകിപ്പിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ചർച്ചക്കില്ലെന്നും അടുത്താഴ്ച വിടുതൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് ഇടപാടിനെക്കുറിച്ച് ചർച്ച ചെയ്യാനും വോട്ടുചെയ്യാനുമായി 37 വർഷത്തിനിടെ ഇതാദ്യമായാണ് പാർലമെന്റ് ഒരു ശനിയാഴ്ച സമ്മേളിക്കുന്നത്. കോമൺസിൽ ഇന്നലയേറ്റ തിരിച്ചടി ജോൺസനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അതിനിടെ പുതിയ കരാറിന് പിന്തുണയില്ലാത്ത സാഹചര്യത്തിൽ, ബ്രിട്ടന്റെ ബ്രെക്സിറ്റ് പദ്ധതിയെക്കുറിച്ച് എത്രയും വേഗം വിശദീകരണം നൽകണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ ഉടൻ തന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ ഒരു പരിഹാരം ഈ ആഴ്ച തന്നെ കണ്ടെത്താനാകും ഇനി ജോൺസൻ ശ്രമിക്കുക.

Endnotes:
  1. കരാർ രഹിത ബ്രെക്സിറ്റ്‌ നമ്മെ ബാധിക്കുന്നത് എങ്ങനെയൊക്കെയെന്ന് മലയാളം യുകെ നടത്തുന്ന അന്വേഷണം. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ അറിയാൻ ……: https://malayalamuk.com/brexit-malayalam-uk-special-report/
  2. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ പുതിയ ബ്രെക്സിറ്റ് കരാറിന് ധാരണയായി ; കരാറിനെ ശക്തമായി എതിർത്ത് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി: https://malayalamuk.com/brexit-eu-and-uk-reach-deal-but-dup-refuses-support/
  3. ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ല ; ജനുവരി 31 വരെ ബ്രെക്സിറ്റ്‌ നീട്ടാൻ യൂറോപ്യൻ യൂണിയന്റെ അനുമതി .: https://malayalamuk.com/brexit-johnson-agrees-to-brexit-extension-but-urges-election/
  4. ബ്രിട്ടന്റെ ഭാവി നിർണയിക്കുന്നത് ബ്രെക്സിറ്റ്‌ ;ബ്രെക്സിറ്റിൽ ഇനി എന്തൊക്കെ സംഭവിക്കാം?: https://malayalamuk.com/brexit-what-happens-now/
  5. ബ്രെക്സിറ്റ് ഡീലും അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു.. എന്നിട്ടും ബ്രിട്ടണിൽ എന്താണ് ഹർത്താൽ പ്രഖ്യാപിക്കാത്തത്?… പേരിനൊരു കരിദിനം പോലുമില്ല.: https://malayalamuk.com/british-politics-a-model-for-all/
  6. ബ്രെക്‌സിറ്റ്; എംപിമാര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഒന്നിനും കോമണ്‍സിന്റെ പിന്തുണയില്ല: https://malayalamuk.com/brexit-no-majority-for-any-options-after-mps-votes/

Source URL: https://malayalamuk.com/brexit-johnson-vows-to-press-on-despite-defeat-over-deal-delay/