പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മുമ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് ബ്രസല്‍സുമായി നടന്നു വന്നിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോളും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സംശയമില്ല. മാര്‍ച്ച് 12 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ നിയമപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോയ അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് വെറുംകയ്യോടെയാണ് മടങ്ങുന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകളാണ് അവതരിപ്പിച്ചതെന്നായിരുന്നു ബ്രസല്‍സില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പായി കോക്‌സ് പറഞ്ഞത്.

ചര്‍ച്ച ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് വോട്ടെടുപ്പ് ചൊവ്വാഴ്ച തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഈ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബുധനാഴ്ച നടക്കുന്ന മറ്റൊരു വോട്ടെടുപ്പില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാനും ബ്രെക്‌സിറ്റ് തിയതി മാറ്റിവെക്കാനുമുള്ള കാര്യത്തില്‍ എംപിമാര്‍ തീരുമാനമെടുക്കും. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ കാര്യമായ ഇളവുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നേടിയെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പ്രധാനമന്ത്രി തന്റെ പദ്ധതി എംപിമാരെക്കൊണ്ട് സാധിച്ചെടുക്കാന്‍ ശ്രമിക്കും. ഈയാഴ്ച അവസാനം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തേക്കുമെന്നും കരുതുന്നു.

വീണ്ടും ബ്രസല്‍സിനെ സമീപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിക്കും കോക്‌സിനും ഇല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് ഇരുവരും തയ്യാറായേക്കും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞായറാഴ്ച രാത്രിയാണ് അതിനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച ധാരണ സംബന്ധിച്ച രേഖകള്‍ അച്ചടിച്ച് പുറത്തു വിടേണ്ടതുണ്ടെന്നതിനാലാണ് ഇത്. ഈ രേഖയാണ് പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത്.