ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നലെ മാത്രം ബ്രിട്ടനിൽ 1610 പേരാണ് കോവിഡ് ബാധിച്ചുള്ള മരണത്തിന് കീഴടങ്ങിയത്. കൊറോണ മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണ് ഇത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് മരണങ്ങൾ 90000 -ത്തിന് മുകളിലെത്തി. ഇന്നലെ രേഖപ്പെടുത്തിയ കോവിഡ് ബാധിതരുടെ എണ്ണം 33,355 ആണ്. ഇത് ഏറ്റവും കൂടുതൽ രോഗ തീവ്രത രേഖപ്പെടുത്തിയ ദിവസത്തേക്കാൾ പകുതി മാത്രമേ ഉള്ളൂ എന്നത് ആശ്വാസകരമാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ഏറ്റവും കൂടിയ രോഗ വ്യാപനം രേഖപ്പെടുത്തിയ ജനുവരി 8 -ന് 68,053 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. രാജ്യം കൈകൊണ്ട കർശന നിയന്ത്രണങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നതിൻെറ സൂചനകൾ കാണുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. എന്നിരുന്നാലും കർശന നടപടികൾ തുടർന്നാൽ മാത്രമേ കോറോണയെ തുടച്ചുനീക്കാൻ കഴിയുകയുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈസ്റ്ററിനപ്പുറവും തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ദുഃഖവെള്ളിയാഴ്ചയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നത്. ഇസ്റ്ററിനെങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള കൂടിചേരൽ സാധ്യമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതി തയ്യാറാക്കുന്നത്. എന്നിരുന്നാലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രോഗവ്യാപന തീവ്രത കുറയുന്നതും അതോടൊപ്പം എത്രപേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചു എന്നതിന് അടിസ്ഥാനമാക്കിയിട്ടായിരിക്കും . ഇംഗ്ലണ്ടിലെ സ്കൂളുകൾ മേഖലാടിസ്ഥാനത്തിൽ രോഗതീവ്രതയുടെ തോത് അനുസരിച്ചായിരിക്കും തുറക്കപ്പെടുക എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.