അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനാർത്ഥം രാജ്യത്ത് കരയിലും കടലിലും ബ്രിട്ടീഷ് സൈന്യം ഗൺ സല്യൂട്ട് നൽകി ആദരിച്ചു. ലണ്ടൻ, എഡിൻ‌ബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെ യുകെയിലെ പ്രധാന നഗരങ്ങളിൽ ആണ് ഗൺ സല്യൂട്ട് നടത്തിയത്. ബ്രിട്ടീഷ് ഓവർസീസ് അതിർത്തിയിലുള്ള എച്ച്.എം.എസ്. ഡയമണ്ട്, എച്ച്.എം.എസ്. മോൺട്രോസ്, എച്ച്.എം.എൻ.ബി പോർട്ട്‌സ്‌മൗത്ത്‌ എന്നീ കപ്പലുകളും ഗൺ സല്യൂട്ടിൽ പങ്കുചേർന്നു.

കോവിഡ് 19 ൻെറ സാഹചര്യത്തിൽ ജനങ്ങൾ ഒത്തുകൂടുന്നതിനു പകരം ടെലിവിഷനിലൂടെയോ മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയോ ഗൺ സല്യൂട്ട് കാണാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാലും രാജകുമാരനോടുള്ള സ്നേഹാദരവിൻെറ ഭാഗമായി ഗൺ സല്യൂട്ട് കാണാൻ ലണ്ടൻ ബ്രിഡ്ജിലും മറ്റു സ്ഥലങ്ങളിലുമായി ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അനുസ്മരണത്തിൻറെ ഭാഗമായി ആളുകൾ ബക്കിങ്ഹാം കൊട്ടാരത്തിൻെറ മുൻപിൽ ഒരു മിനിറ്റ് നിശബ്ദത പാലിച്ചു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ അദ്ദേഹം രാജ്യത്തിനായി ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ബ്രിട്ടീഷ് സൈന്യവുമായി അദ്ദേഹത്തിന് നല്ലൊരു ആത്മബന്ധമുണ്ട്. അദ്ദേഹത്തിൻെറ വിയോഗത്തിൽ സൈന്യത്തിന് വിഷമമുണ്ടെന്നും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നത് ഈ സല്യൂട്ടുകൾ വഴിയാണെന്ന് ലെഫ്റ്റനന്റ് കേണൽ എറിക ബ്രിഡ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം പതിനെട്ടാം നൂറ്റാണ്ട് മുതൽ രാജ്യത്തെ ഏതെങ്കിലും ശ്രദ്ധേയമായ സംഭവങ്ങൾ നടക്കുമ്പോഴാണ് ഗൺ സല്യൂട്ട് നടത്താറുള്ളത്.1901 -ൽ ക്യൂൻ വിക്ടോറിയ മരണമടഞ്ഞപ്പോഴും,1965 വിൻസ്റൺ ചർച്ചിൽ മരണമടഞ്ഞപ്പോഴും ഇവരോടുള്ള ബഹുമാനാർത്ഥം ഗൺ സല്യൂട്ട് നടത്തിയിരുന്നു. .