സ്വന്തം ലേഖകൻ

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ യുകെയിലേയ്ക്കുള്ള യാത്രാനിയന്ത്രണം ശക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെ 4 മണി മുതൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഈ വാരാന്ത്യം വീടുകളിൽ തന്നെ തുടരാൻ അദ്ദേഹം ജനങ്ങളോട് അപേക്ഷിച്ചു. കർശന യാത്രാ നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ നിലനിൽക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ഇതിനിടെ 11 ബ്രിട്ടീഷുകാർക്ക് ബ്രസീലിൽ ഉടലെടുത്ത ജനിതകമാറ്റം വന്ന കോവിഡ് ബാധിച്ചത് ആശങ്ക ഉണർത്തി. എന്നിരുന്നാലും ഈ കൊറോണ വൈറസ് എത്രമാത്രം അപകടകാരിയാണ് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. തെക്കേഅമേരിക്ക, പോർച്ചുഗൽ, മധ്യ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിനകം രാജ്യത്തേയ്ക്ക് വരുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു.

ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ യുകെയിൽ 5.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇന്നലെ മാത്രം 55761 പേർക്കാണ് രാജ്യത്ത് കോവിഡ് -19 പോസിറ്റീവ് ആയത്. അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം വൈറസ് മൂലം 1280 പേർക്കാണ് ജീവൻ നഷ്ടമായത്.