ലണ്ടന്‍: ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു ഗര്‍ഭധാരണത്തിനു കൂടി സാധ്യതയുണ്ടോ? പലര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. സാധ്യതയില്ലെന്ന് ചിലര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ ശാസ്ത്രത്തിന് പറയാനുള്ളത് ഇതിന് വിരുദ്ധമായ മറുപടിയാണ്. ഗര്‍ഭിണിയാണെങ്കിലും മറ്റൊരു ഗര്‍ഭത്തിനു കൂടി സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സാധാരണമല്ലെന്നും വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വിശദീകരണമുണ്ട്.

കാലിഫോര്‍ണിയ സ്വദേശിനിയായ സറോഗേറ്റ് അമ്മ, ജെസീക്ക അലന് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജസീക്കയുടെ ഭര്‍ത്താവില്‍ നിന്നുള്ളതായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇന്‍വിട്രോ രീതിയില്‍ താന്‍ ഗര്‍ഭിണിയായതിനു ശേഷം ഭര്‍ത്താവുമായി ഗര്‍ഭനിരോധന ഉറയില്ലാതെ ബന്ധപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നുള്ള കുട്ടിയാണ് തനിക്ക് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെന്നുമാണ് ജസീക്ക പറയുന്നത്.

സൂപ്പര്‍ഫീറ്റേഷന്‍ എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭപാത്രത്തില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വിരളമായി മാത്രമുണ്ടാകുന്ന അവസ്ഥയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഓവുലേഷന്‍ നിലയ്ക്കാറാണ് പതിവെങ്കിലും ഈ വിചിത്രമായ അവസ്ഥയില്‍ ഇരട്ട ഗര്‍ഭത്തിന് സാധ്യയതയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.