മെൽബോൺ ബാലപീഡന കേസിൽ ചരിത്ര വിധി. അധികാര ചിഹ്നങ്ങളൊന്നുമില്ലാതെ കർദ്ദിനാൾ ജോർജ് പെല്ലിന് ഇനി ജയിലിലേക്ക് പോകം. വർഷങ്ങൾക്ക് മുൻപ് രണ്ട് ചെറിയ അൾത്താര ബാലന്മാരെ ലൈംഗികമായി ഉപയോഗിച്ചതിനും അവരുടെ ജീവിതം തകർത്തതിനും അധികാരമുപയോഗിച്ച് കേസ് ഒതുക്കി തീർത്തതിനുമായി 6 വർഷം തടവ് ശിക്ഷ അനുഭവിക്കണം.

മാർപാപ്പയ്ക്ക് തൊട്ടു താഴെ കത്തോലിക്കാ സഭയുടെ വളരെ നിർണ്ണയ അധികാര സ്ഥാനം കയ്യാളിയിരുന്ന കർദ്ദിനാളിന്റെ വിധി ലോകം വളരെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ചർച്ചിനുള്ളിൽ നടക്കുന്ന ബാലപീഡനങ്ങൾ ഇനി മേലാൽ സഭ വെച്ച് പൊറുപ്പിക്കില്ല എന്ന സംയുക്ത പ്രസ്‍താവനകൾക്കും മാർപാപ്പയുടെ വാഗ്ദാനനങ്ങൾക്കും ശേഷം വന്ന ഈ വിധി സാമൂഹ്യ മന:സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കർദ്ദിനാൾ രണ്ട് ആൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ പ്രായത്തെയും ബലഹീനതകളെയും പരമാവധി മുതലെടുത്ത് പെൽ അവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഓസ്‌ട്രേലിയ കോർട്ട് ചീഫ് ജഡ്ഡ്ജ് പീറ്റർ കിഡ് നിരീക്ഷിക്കുന്നത്. തനിക്കു നേരെ നടത്തിയ ലൈംഗികാതിക്രമം മറ്റെയാൾ കാണുന്നുണ്ടെന്ന മനോവിഷമം കൂടി ഇയാൾ ഈ കുട്ടികളിൽ ഉണ്ടാക്കിയതായും ഇത് വളരെ ഗൗരവപൂർവം കാണേണ്ട വിഷയമാണെന്നും കോടതി പറയുന്നുണ്ട്. തന്റെ അമാന്യ പ്രവർത്തനങ്ങളെ മറയ്ക്കാനായി ഇയാൾ അധികാരം ദുർവിനിയോഗം ചെയ്തതായും കോടതി കണ്ടെത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബർ മാസത്തിലാണ് കോടതി കർദ്ദിനാൾ കുറ്റക്കാരനാണെന്നു കണ്ടെത്തുന്നത്. 1996 ൽ ആണ് കേസിന് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. മെൽബണിൽ ആർച്ച് ബിഷപ്പായിരുന്ന സമയത്ത് രണ്ട് അൾത്താര ബാലന്മാരെ പെൽ ഭീഷണിപ്പെടുത്തി തന്റെ സ്വകര്യ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് അമാന്യമായ കാര്യങ്ങൾ ചെയ്തുവെന്നുമാണ് കോടതി അന്ന് കണ്ടെത്തിയത്. ഇതിൽ ഒരു കുട്ടി മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. ഇപ്പോൾ മുപ്പതിനോട് അടുത്ത് പ്രായമുള്ള ഇയാൾ വിധി വന്നതിലുള്ള തന്റെ ആശ്വാസവും സന്തോഷവും അഭിഭാഷകൻ മുഖേനെ ലോകത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും നീണ്ട കാലത്തെ ജയിൽ ശിക്ഷ വിധിക്കപ്പെടുന്ന കത്തോലിക്ക സഭയിലെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള പുരോഹിതനാണ് ജോർജ് പെൽ.