Association

ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആശയങ്ങളെ മുൻനിർത്തി 2023-ൽ ആരംഭിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് കേരള സൂപ്പർ കിങ്‌സ് സ്പോർട്സ് ക്ലബ്, മാഞ്ചസ്റ്റർ. ഈ കൂട്ടായ്മയിൽ ഏകദേശം 25 അംഗങ്ങൾ ഒരേ മനസോടും ചിന്താഗതിയോടും കൂടെ പ്രവർത്തിച്ചുവരുന്നു. കേവലം ഒരു സൗഹൃദ കൂട്ടായ്മയിൽ ആരംഭിച്ചു ഇന്ന് മാഞ്ചസ്റ്ററിലേ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കയാണ് കെ.എസ്.കെ.

കെ.എസ്.കെ- യെ സംബന്ധിച്ചു അഭിമാന വർഷം ആയിരുന്നു കടന്നു പോയ 2023. ആദ്യമായി പങ്കെടുത്ത ക്രിക്കറ്റ്‌ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം കാഴ്ച വെക്കാൻ അവർക്ക് കഴിഞ്ഞു. ശക്തരായ 7 ടീമുകളെ പിന്തള്ളി ലീഗ് മത്സരങ്ങളിൽ മൂന്നാമതായും പിന്നീട് ലീഗ് മത്സരങ്ങളിൽ ഒന്നാമത്തെത്തിയവരെ വെറും കാഴ്ചക്കാർ ആക്കി ആ ട്രോഫി ക്ലബ്ബിൽ എത്തിച്ചപ്പോൾ ആ വിജയത്തിന്റെ മധുരം പത്തിരട്ടിയായീ.

BUT ITS JUST THE BEGINNING……
കേവലം 10 അംഗങ്ങൾ ആയി തുടങ്ങിയ കൂട്ടായ്മ അങ്ങ് വളർന്നു, ഇന്ന് 25 അംഗങ്ങളോട് കൂടിയ ഒരു ശക്തമായ ഗ്രൂപ്പ്‌ ആയീ അതു മാറി. ജനുവരി 27,2024 ൽ ഒരു ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരു ആശയം ടീം അംഗങ്ങളുടെ ഇടയിൽ നിന്ന് വരുകയും, അതു നടത്താൻ ടീം തീരുമാനിക്കുകയും ചെയ്തു. 30- ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഒരു വിജയമാക്കാൻ ടീമിലെ എല്ലാ അംഗങ്ങളും തോളോട് തോൾ ചേർന്ന് പരിശ്രമിച്ചു.

കായികം, സൗഹൃദം എന്നീ മേഖലകളിൽ ഒതുങ്ങി നിൽക്കാതെ സേവന രംഗത്തേക്ക് കൂടി തിരിയാൻ ടീമും ടീം മാനേജ്മെന്റ് കൂടെ ചിന്തിക്കുകയും, അതിനപ്രകാരം മാഞ്ചേസ്റ്ററിലേ മറ്റു സംഘടനകളുമായി ചേർന്ന് പല സേവന പ്രവർത്തനങ്ങളും ചെയ്യാൻ കെ.എസ്.കെ- ക്കു കഴിഞ്ഞു. അതു വഴി പലർക്കും ഒരു കൈത്താങ്ങായി കെ.എസ്.കെ മാറി.

സേവന രംഗത്ത് ഒരു പുത്തൻ ചുവടു വേപ്പിന് ഒരുങ്ങുകയാണ് കെ.എസ്.കെ. “Grateful Giving ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വളരെ പ്രതീക്ഷയോടെ ആണ് കെ.എസ്.കെ നോക്കികാണുന്നത്. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും “, Alder Hey Children’s Hospital” നു നൽകാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 1000 പൗണ്ട് കണ്ടെത്താൻ ആണ് ടീം ശ്രമിക്കുന്നത്.

https://www.justgiving.com/page/keralasuperkings

[email protected]
Contact.-07712803434

ജോസഫ് ടി ജോസഫ്

കൈരളി യുകെ സതാംപ്ടൺ ആന്റ് പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീത നൃത്ത സന്ധ്യ 2024 ആന്റ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ പ്രോഗ്രാം ഈ വരുന്ന ഫെബ്രുവരി 24 ന് സതാംപ്ടണിൽ നടത്തപ്പെടുന്നു.

കൈരളി യുകെ നാഷണൽ സെക്രട്ടറി കുര്യൻ ജേക്കബ് ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽപോർട്ട്സ്മൗത്ത്, സൗത്താംപ്ടൺ എന്നിവിടങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം നൂറോളം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സർഗ്ഗസന്ധ്യയ്ക്ക് സൗത്താംപ്ടണിലെ സഹൃദയർ നൽകിയ അത്ഭുതപ്പെടുത്തുന്ന സ്നേഹാദരങ്ങളിൽ നിന്നുള്ള ആവേശമുൾ കൊണ്ട് ഞങ്ങൾ ഈ വർഷം അതിലും വിപുലമായൊരു കലാമാമാങ്കത്തിന് തിരശ്ശീല ഉയരുകയാണ്.കലാസ്വാദകർക്ക് സ്വയം മറന്ന് ആഘോഷിക്കാനും ആസ്വദിക്കാനുമായി ഒരുക്കുന്ന ഈ സുവർണ്ണസന്ധ്യയെ അവിസ്മരണീയമാക്കാൻ നിരവധി കലാകാരന്മാർ അതിഗംഭീരങ്ങളായ കലാവിഭവങ്ങളുമായി തയ്യാറായി കഴിഞ്ഞു. മലയാളികളുടെ ഹൃദയമിടിപ്പ് ഏറ്റുന്ന ഗാനങ്ങളും ഗൃഹാതുരത നിറഞ്ഞ നൃത്തനൃത്യങ്ങളും നേരിട്ട് ആസ്വദിക്കാനായി ഏവരെയും വരുന്ന ഫെബ്രുവരി 24 ന് സർഗ്ഗസന്ധ്യയിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ആഘോഷങ്ങൾക്കൊപ്പം സമൂഹ നന്മയ്ക്കായ്‌ ഏഷ്യൻ വംശജരായ കാൻസർ രോഗികൾക്ക് ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ നടത്തപ്പെടും.

അതിനോടൊപ്പം നമ്മുടെ യൂണിറ്റിന്റെ സ്നേഹാദരം – ചായയും പലഹാരവും തികച്ചും സൗജന്യമായി . വായിൽ കൊതിയൂറും നാടൻ ഭക്ഷണം മിതമായ വിലയിൽ കൗണ്ടറിൽ ലഭിക്കുന്നതാണ് .

മതിമറന്നു സംഗീതനൃത്തലഹരിയിൽ മുഴുകാൻ,മറന്ന് തുടങ്ങിയൊരു മലയാളഗാനത്തിന്റെ ഈരടി വീണ്ടും ഓർത്തു മൂളാൻ,നാട്ടിലെങ്ങോ കേട്ട് മറന്ന ഉത്സവഘോഷങ്ങളുടെ ആർപ്പ് വിളികൾ ഒരിക്കൽ കൂടി ഒന്നായി ഓർത്തെടുക്കാൻ ഇതാ ഒരു മനോഹര സായാഹ്നം!!!
ഇതൊരു ആഘോഷ നിമിഷമാക്കി ആസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .

ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമതു  ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ തുടരുന്നു. ചെംസ്ഫോർഡ് റീജിയണല്‍ മത്സരത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകനുമായ നവീൻ മാധവ് നിർവഹിച്ചു. എആർയു സ്പോർട്സ് സെന്‍ററില്‍ നടന്ന മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തേജ-മനോഭി സഖ്യം വിജയിച്ചു.
ലെവിൻ – ലക്ഷൻ സഖ്യം രണ്ടാം സ്ഥാനം നേടി. വാക്ഓവറിലൂടെ എയ്‌സ്‌ – നബി സഖ്യം മൂന്നാം സ്ഥാനം ഉറപ്പിച്ചു. വിജയികള്‍ കോവെൻട്രിയില്‍ നടക്കുന്ന ഗ്രാൻറ് ഫിനാലെയില്‍ പങ്കെടുക്കും.
ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. എത്തനോസ് ,  പാപ്ല മാനേജിങ് ഡിറക്ടർമാരായ  ആയ ബ്രൈറ്റ് വർഗീസും ബിപിൻ പൂവത്താനവും സമ്മാനദാനം നിർവഹിച്ചു.
Vsure Financial Ltd, papla plates and Ethnoz എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. സാം ജോൺ പോൾ, ജിൻസൺ ജേക്കബ്, ദീപു പാറച്ചാലി,  ആൽവിൻ ബിജോയ് , ഡോ. ആസിഫ് തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്‍റ് കോർഡിനേറ്റർ ജിസിൽ ഹുസൈൻ,  ആന്റണി ജോസഫ്, വിപിൻ രാജ്, അർജുൻ മുരളി എന്നിവർ സംസാരിച്ചു. ഡോ. ജീന തോമസ്, ജോബിച്ചൻ, പിങ്കു, സെബിൻ തുടങ്ങിയവർ സാങ്കേതിക സഹായം  നല്‍കി.
  അടുത്ത മാസം 24നാണ് ഗ്രാൻറ് ഫിനാലെ. യുകെയിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്‍റൺ ടൂർണമെന്‍റുകളില്‍ ഒന്നാണിത്. മലയാളികള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും പങ്കെടുക്കുന്നുണ്ട്. 18 റീജിയനുകളിലായാണ് മത്സരം.
ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷയുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ലഭിക്കും.

ബ്ലാക്ക്ബേൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) തങ്ങളുടെ രൂപീകരണത്തിന്റെ ഇരുപതാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. ഫെബ്രുവരി 17 ശനിയാഴ്ച ഹർസ്റ്റ് ഗ്രീൻ എബിസി വാർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രസിഡന്റ് ബിജോയ് കോരയുടെ നേതൃത്വത്തിൽ സെക്രട്ടറി ഏലിയാമ്മ എബ്രാഹം, ട്രഷറർ സഞ്ജു ജോസഫ്, വൈസ് പ്രസിഡന്റ്‌ ലിനു ജോർജ്, ജോയിന്റ് സെക്രട്ടറി അജിൽ ജോസഫ്, ജോയിന്റ് ട്രഷറർ ജോജിമോൻ ജോസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഇതളുകൾ’ എന്ന സ്മരണികയുടെ പ്രകാശനം നടത്തി. ചീഫ് എഡിറ്റർ ശ്രീ സന്തോഷ് ജോസഫും അസോസിയേറ്റ് എഡിറ്റർ ശ്രീ ലിജോ ജോർജും പ്രകാശന ചടങ്ങുകർക്ക് നേതൃത്വം നൽകി. മുതിർന്ന അംഗമായ ശ്രീ വർഗീസ് ചൂണ്ടിയാനിൽ പുസ്തക പ്രകാശനം നടത്തി ആദ്യപ്രതി പ്രസിഡന്റ് ശ്രീ ബിജോയ് കോരയ്ക്ക് കൈ മാറി.

തുടർന്നു നടന്ന വർണശബളമായ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
ഇരുപത്തഞ്ചോളം ഗായകർ അണിനിരന്ന ചെയിൻ സോങ് സദസ്യരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി.
‘ നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തെ ആസ്പദമാക്കി പത്ത് ഇൻഡ്യൻ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് മുപ്പത്തഞ്ചോളം അംഗങൾ ചേർന്ന് ഒരു ഫാഷൻ തീം ഷോ നടത്തപെടുകയുണ്ടായി.

തുടർന്ന് നടന്ന AGM ൽ അടുത്ത വർഷത്തേക്കുള്ള UMA യുടെ സുഗമമായ നടത്തിപ്പിന് പുതിയ അമരക്കാരെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പുതിയ ഭാരവാഹികൾ ഷിജോ ചാക്കോ (പ്രസിഡന്റ്‌ ), ലിജി ബിജോയ്‌ (സെക്രട്ടറി), ആനു ശിവറാം (ട്രഷറർ), ശ്രീജ അനിൽ (വൈസ് പ്രസിഡന്റ്‌ ), വർഗീസ് ചൂണ്ടയാനിൽ (ജോയിന്റ് സെക്രട്ടറി) റെജി ചാക്കോ (ജോയിന്റ് ട്രെഷറർ).

അഞ്ജലി ലിൻ്റോ

യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിൽ 2022 ൽ രൂപീകൃതമായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ ജിൻ്റോ സേവ്യർ നയിക്കും. യുറോപ്പിലേയ്ക്കുള്ള മലയാളികളുടെ രണ്ടാം വരവോടെ നിരവധി മലയാളി അസ്സോസിയേഷനുകളാണ് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ ജന്മമെടുത്തത്. പുതുതലമുറയുടെ പരിവേഷത്തോടെ രൂപപ്പെട്ട അസ്സോസിയേഷനുകളെല്ലാം ഊർജ്ജസ്വലതയോടെ യുകെയിൽ പ്രവർത്തിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്.

2020 മുതൽ കീത്തിലിയിൽ എത്തിച്ചേർന്ന മലയാളി സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ രൂപീകൃതമായ അസ്സോസിയേഷനാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ . പ്രവർത്തന ശൈലിയിൽ ചുരുങ്ങിയ കാലം കൊണ്ട് യുകെയിൽ ജനശ്രദ്ധ നേടി എന്ന് എടുത്തു പറയേണ്ടതുണ്ട്. പ്രതീക്ഷ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ വർഷത്തെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. ഒരു പ്രവാസി മലയാളി അസ്സോസിയേഷൻ എന്ന സംഘടനകൊണ്ട് എന്തെല്ലാം ഉദ്ദേശിക്കുന്നുവോ അതെല്ലാം നിറവേറ്റിക്കൊണ്ടാണ് പ്രതീക്ഷ മലയാളി അസ്സോസിയേഷൻ്റെ മുന്നേറ്റം. കായിക കലാ രംഗത്തെ പ്രവർത്തനങ്ങൾ, ഡാൻസ് ക്ലാസുകൾ, കാറ്ററിംഗ് മേഘലകൾ, ഫോട്ടോഗ്രാഫി, റീൽ നിർമ്മാണം, ഗാനരചനയും സംഗീത സംവിധാനവും കൂടാതെ പാശ്ചാത്യ സമൂഹത്തോട് ചേർന്ന് നിന്നുള്ള പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷയെ മുന്നോട്ട് നയിക്കുന്നു.

നിയുക്ത പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ഒരു വലിയ ടീമാണ് 2024 ൽ പ്രതീക്ഷയെ നയിക്കുക. പ്രതീക്ഷയുടെ കഴിഞ്ഞ കാല സാരഥികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. അവരിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താൽ വരും വർഷം കൂടുതൽ കാര്യങ്ങൾ പ്രാദേശീക സമൂഹത്തോടൊപ്പം ചേർന്ന് ചെയ്യാനാണ് ആഗ്രഹമെന്ന് പ്രതീക്ഷയുടെ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി

കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി

യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വരുന്ന 2024 ജൂലൈ 6-ാം തീയതി ലിവർപൂളിൽ വച്ച് നടക്കുന്നു. കായൽ ഓളങ്ങളെ കീറിമുറിച്ച് പട കുതിരയെ പോലെ പായുന്ന ചുണ്ടൻ വള്ളങ്ങളുടെ നാട് പ്രകൃതി മനോഹരം കൊണ്ട് ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച നാട് മഹാരഥന്മാർ ജനിച്ചുവളർന്ന നാട് കേരളത്തിന്റെ നെല്ലറ ആയ നമ്മൾ എല്ലാം ജനിച്ചു വളർന്ന നാട്. ആലപ്പുഴ – കോട്ടയം പത്തനംതിട്ട ജില്ലയിൽപ്പെട്ട വെള്ളക്കെട്ടും പാടശേഖരങ്ങളും – പുഴകളും – കായലും- തോടുകളും കൊണ്ട് ഹരിതാഭമായ നാട്.

പ്രവാസികളായ കുട്ടനാട്ടുകാരുടെ സർഗ്ഗവാസനയുടെയും, ഒന്നിച്ചുകൂടലിന്റെയും സൗഹൃദത്തിന്റെയും വേദിയായി കഴിഞ്ഞ 14 വർഷക്കാലം കുട്ടനാട് സംഗമത്തിന് മാറുവാൻ കഴിഞ്ഞിട്ടുണ്ട്.

കുട്ടനാട് എന്നത് കേവലം ഒരു നാടിൻറെ നാമധേയമല്ല അതൊരു പൈതൃകമാണ്. അതൊരു സംസ്കാരമാണ്. ഒപ്പം അതൊരു ജീവിതവ്രതവുമാണ്.

ജീവിതത്തിൻറെ ഗതി വിഗതികളിൽ പെട്ട് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടനാട്ടിൽ നിന്നും ഈ നാട്ടിൽ എത്തിയവർ ഈ നാടിനെ വാരിപ്പുണരുകയും ഒപ്പം തന്നെ നമ്മുടെ നാടിനെ സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് നിർത്തി ആ നെഞ്ചിലെ ചൂടിൽ നിർത്തി കൊണ്ട് അടുത്ത തലമുറയ്ക്ക് നമ്മളെ തന്നെ പകർന്നു കൊടുക്കുന്നതിൽ ജീവസത്തായ ഉദാഹരണങ്ങൾ വരച്ചുകാട്ടാൻ സാധിക്കും.

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന 15-ാം മത് കുട്ടനാട് സംഗമത്തിലേയ്ക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .

 

ഈ വർഷത്തെ കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായി റോയി മൂലംകുന്നം, ആന്റണി പുറപടി , ജോർജുകുട്ടി തോട്ടുകടവിൽ, ജെസി വിനോദ് മാലിയിൽ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

കുട്ടനാട് സംഗമത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്

റോയി മൂലംകുന്നം -07944688014
ആൻറണി പുറപടി – 07756269939
ജോർജുകുട്ടി തോട്ടുകടവിൽ – 07411456111
ജെസി വിനോദ് മാലിയിൽ – 07426764173

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ട്‌ലന്‍ഡിലെ ഫാള്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്. എം.കെ രൂപംകൊണ്ടിട്ടു ആറ് വര്‍ഷം തികയുന്ന ഈ വേളയില്‍ 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോബിൻ തോമസ് (പ്രസിഡന്റ്),മെൽവിൻ ആന്റണി (സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍), ലിൻസി അജി (വൈസ് പ്രസിഡന്റ്), ജീമോൾ സിജു (ജോയിന്റ് സെക്രട്ടറി,ജോർജ് വര്ഗീസ് (ജോയിന്‍ ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. ആക്ടിവിറ്റി കോഡിനേറ്റര്‍മാരായി ജിജോ ജോസ് ,സതീഷ് സഹദേവൻ, സിമി ഹഡ്സൺ, മാരിസ് ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.

2023മുതല്‍ 2024വരെ കമ്മിറ്റിയെ ആത്മാര്‍ത്ഥമായി നയിച്ച ഫ്രാൻസിസ് മാത്യു , ബിജു ചെറിയാൻ , സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും മീന സാബു ,ജെയ്‌സി ജോസഫ് ,സജി ജോർജ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസ്സി റോജൻ ,ബിന്ദു സജി എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

2024 -2025വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുവാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് റോബിൻ തോമസ് അഭ്യര്‍ത്ഥിച്ചു.

ബാബു മങ്കുഴിയിൽ

ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ സിനിമ കോമഡി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഉല്ലാസ് പന്തളം നയിക്കുന്ന കോമഡി മ്യൂസിക്കൽ ഇവന്റ്, ഉല്ലാസം 2024…….ഏപ്രിൽ 6നു ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

മലയാളികളുടെ ഇന്നത്തെ ഏറ്റവും ഗ്യാരണ്ടിയുള്ള കോമഡി താരമാണ് ഉല്ലാസ് പന്തളം. കഴിഞ്ഞ മഹാമാരിക്കാലത്തു വീടുകളിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയിൽ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഉല്ലാസ്കോമഡികളായിരുന്നു.ടെലിവിഷൻ ചാനലുകളിലെ കോമഡി ഷോകളിലും, സ്റ്റേജ് പ്രോഗ്രാമു കളിലും മിന്നും താരമാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെയാണ് ഉല്ലാസ് ശ്രദ്ധിക്കപ്പെട്ടത്.

വിശുദ്ധപുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി ഹാസ്യ നിരയുള്ള അമ്പതോളം സിനിമയിലും മലയാളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും കോമഡി ഷോ അവതരിപ്പിക്കുന്ന ഉല്ലാസ് പന്തളം മലയാളികളുടെ പ്രിയ താരം ആണ്…

ഉല്ലാസിനോടൊപ്പം, അറാഫത് കൊച്ചിൻ, ജയ്ലേഷ് , ഐശ്വര്യ, അനീഷ്, ബ്ലെസ്സൻ തുടങ്ങി ആറോളം കലാകാരന്മാരാണ് ഇപ്സ്വിച്ചിലെത്തുന്നത്.

ജീവൻ ടിവി യിലെ ആപ്പിൾ ക്രോർ എന്ന സംഗീത പരിപാടിയിലൂടെ ആണ് ഗായകൻ ജയ്ലേഷും, ഗായിക ഐശ്വര്യയും മലയാളികൾക്ക് പ്രിയങ്കരമാകുന്നത്….

അനീഷ് തിരുവനന്തപുരം സാഗര ഓർക്കസ്ട്രയിലെ മിന്നും താരം ആണ്….

അമൃത ടിവി യിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ സൂപ്പർ ട്രൂപ്പിലെ വിന്നർ ആയിരുന്നു കൊച്ചിൻ ഗോൾഡൻഹിറ്റ്സ്.

പതിന്നാല് ട്രൂപ്പുകൾ മാറ്റുരച്ച റിയാലിറ്റി ഷോയിൽ വിജയം കൈവരിച്ചത് അറഫാത്ത് കൊച്ചിന്റെ, കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ആയിരുന്നു .

ആൾക്കൂട്ടത്തിൽ ഒരുവൻ, ഹാദിയ , അമ്മച്ചി കൂട്ടിലെ പ്രണയകാലം മാർട്ടിൻ, ഫെയ്സ് ഓഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അറഫാത്ത് കൊച്ചിൻ……

അറിയപ്പെടുന്ന കീബോർഡ് പ്ലെയറും ഗിത്താറിസ്റ്റുമാണ് ബ്ലെസ്സൻ…..

കൂടാതെ,

Flytoez dance കമ്പനിയും അസോസിയേഷന്റെ കുട്ടികളും മുതിർന്നവരും ചേർന്നുള്ള ത്രസിപ്പിക്കുന്ന ഡാൻസ് പെർഫോമൻസ്കളും കൂടിച്ചേരുമ്പോൾ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമാകു മെന്നുറപ്പാണ്.

നല്ലൊരു സായാഹ്നം കുടുംബസമേതം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുവാൻ ഏവരെയും ഏപ്രിൽ 6 ശനിയാഴ്ച വെകുന്നേരം ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വിസ അനുമതികളെല്ലാം നിലവിലുള്ള ഈ കലാകാരന്മാർ ഏപ്രിൽ 4 മുതൽ മെയ്‌ 8 വരെ യുകെയിലങ്ങോളമിങ്ങോളം പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.

മിതമായ നിരക്കിൽ സ്റ്റേജ് ഷോ ബുക്ക്‌ ചെയ്യുന്നതിന് സമീപിക്കുക

അറാഫത് കൊച്ചിൻ (വാട്സാപ്പ് നമ്പർ )07596582222.

സ്റ്റീവനേജ്: യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, സംഗീതാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് – സർഗ്ഗം സ്റ്റീവനേജ് സംഗീതോത്സവത്തിനു ഇനി പത്തുനാൾ. ‘ടീം ലണ്ടന്റെ’ ബാനറിൽ സജി ചാക്കോയുടെ നേതൃത്വത്തിൽ 14 അംഗങ്ങൾ ചേർന്നൊരുക്കുന്ന ഓഎൻവി മെഡ്ലി, സ്റ്റീവനേജ് ‘സർഗ്ഗ താളം’ ട്രൂപ്പ് അവതരിപ്പിക്കുന്ന 21 അംഗ ശിങ്കാരി മേളം, യു കെ യിലെ പ്രഗത്ഭരായ 20 ൽ പരം യുവ ഗായകർ ആലപിക്കുന്ന ഓ എൻ വി ഗാനാമൃതം ഒപ്പം അതി സമ്പന്നമായ നൃത്ത-സംഗീത-ദൃശ്യ വിരുന്നും ചേരുമ്പോൾ 7 ബീറ്റ്സ് സംഗീതോത്സവം സ്റ്റീവനേജിൽ നവചരിത്രം കുറിക്കും.

സെവൻ ബീറ്റ്സിന്റെ ഏഴാമത് വാർഷീക സംഗീത-നൃത്തോത്സവ വേദിയായ വെൽവിൻ സിവിക്ക് സെന്ററിൽ ഫെബ്രുവരി 24 ന് ശനിയാഴ്ച കലാമാമാങ്കത്തിൽ ഓ എൻ വി ക്കു യു കെ കണ്ട ഏറ്റവും വലിയ പാവന സ്മരണയും, സംഗീതാദദരവുമാവും മഹാകവിയുടെ ആരാധകവൃന്ദത്തോടൊപ്പം വെൽവിനിൽ സമർപ്പിക്കുക.

തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങൾ സ്റ്റീവനേജിൽ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ മാസ്റ്റർ ഓഫ് സെറിമണിയായി തിലകം ചാർത്തിയിട്ടുള്ള പ്രശസ്ത കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ ഒന്നിച്ചു അണിനിരക്കുന്നുവെന്ന പ്രത്യേകതയും ‘സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ്’ സംഗീത സദസ്സിനു സ്വന്തം.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം വിനിയോഗിക്കുക.

സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ വേദിയിൽ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വസന്തമാവും സ്റ്റീവനേജ് വെൽവിനിൽ വിരിയുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റ് പുരോഗമിക്കുന്നു. എക്സല്‍ ലേഷർ സെന്‍ററില്‍ നടന്ന കോവെൻട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുൻ നാഷണല്‍ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ നിർവഹിച്ചു. കോവെൻട്രി യൂണിറ്റ് പ്രസിഡന്‍റ് ജുബിൻ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുൺ ജേക്കബ്, വിഘ്‌നേഷ് കുമാർ, വിനു പാതായിക്കര എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അമ്പയർമാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി.

ധനുഷ് വിനോദ് -ബേസിൽ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിൻ അഗസ്റ്റിൻ -ജർമി കുര്യൻ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശർമ്മ – ബെൻസൺ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ് – സുപർണ്ണ സഖ്യം കൂടി ഗ്രാന്‍റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിൻ ബോക്സ്‌ കോവെൻട്രി, ലെജൻഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻസ്, റോയൽ ഫുട് വെയർ അങ്കമാലി, മാർസോമിലൺ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്റർ ജിജു ഫിലിപ്പ് സൈമൺ, ടിഫിൻ ബോക്സ്‌ കോവന്റി മാനേജർ മൊഹമ്മദ്‌ റമീസ്, റോയൽ ഫുട് വെയർ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിൻ അയ്യാരിൽ, യൂണിറ്റ് അംഗങ്ങളായ ദർശന അരുൺ, അബിൻ രാമദാസ്, അഭിഷേക് വിജയനന്ദൻ എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബെർമിങ്ഹാം ഏരിയ സെക്രട്ടറിയും കോവെൻട്രി റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ പ്രവീൺ രാമചന്ദ്രൻ സ്പോൻസർമാർക്കും അമ്പയർമാർക്കുമുള്ള മോമെന്‍റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ആയ ഹരികൃഷ്ണൻ വളണ്ടിയർമാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റർഷെയർ റീജിയണല്‍ മത്സരവും നടക്കും.

RECENT POSTS
Copyright © . All rights reserved