Association

സ്കെന്തോർപ്പിലെ മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു . വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ സാന്റാ ക്ലോസ് , എൽഫിന്റെ നേതൃത്വത്തിൽ കുട്ടികൾ ചേർന്ന് വലിച്ച സ്ലെയ്ല് എത്തിയത് കുട്ടികളിലും മുതിർന്നവരിലും ആഘോഷങ്ങളുടെ ആവേശത്തെ വാനോളം എത്തിച്ചു . സാന്റാ ക്ലോസ് ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘടനം ചെയ്തു . എസ് എം എ യുടെ എക്സിക്യൂട്ടീവ് മെമ്പർ സോനാ സജയ് ഏവർക്കും സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് വൽസ രാജു മുഖ്യ പ്രഭാഷണം നടത്തുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു .ആദ്യ ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്ക് സാന്റാ ക്ലോസ് സമ്മാനങ്ങൾ നൽകി .


കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി ക്രിസ്മസിന്റെ മനോഹാരിത അതേപടി വിളിച്ചോതുന്നതായി . അസോസിയേഷനിലെ ഗായകരും ഗായികമാരും ചേർന്ന് ആലപിച്ച ഗാനങ്ങൾ കാണികളുടെ കാതുകൾക്ക് ഇമ്പായി അലയടിച്ചുകൊണ്ടിരുന്നു .


വൈവിധ്യങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയത് ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കി . വനിതകളുടെ നേതൃത്വത്തിൽ നടത്തിയ ഹാസ്യ അവതരണം ഏവരിലും ചിരിപടർത്തി . പാട്ടിന്റെ തലത്തിനൊത്തുള്ള നിർത്ത ചുവടുകളുമായി ദമ്പതികൾ സ്റ്റേജിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചു . നാവിൽ രുചിയൂറും വിഭവങ്ങളും തുടർന്ന് ഡിജെയോടു കൂടി പരിപാടികൾ പന്ത്രണ്ടുമണിയോടുകൂടി സമാപിച്ചു. അന്നേ ദിവസം നടത്തിയ റാഫിൾ ടിക്കറ്റിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് സ്പാർ ഗ്ര ആണ് . പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് അംഗം മനയ ജോസഫ് നന്ദി പറഞ്ഞു .

സ്കെന്തോർപ്പിലേക്ക് പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനായി അസോസിയേഷന്റെ നേതൃത്തത്തുള്ള help desk പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്കായി Scunthorpe Mslayalee Assiciation , FB സന്ദർശിക്കുക.

എയഇൽസ്ബറി മലയാളി സമാജത്തിന്റെ (AMS) 2024 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സ്റ്റോക്ക് മാൻഡിവിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളുമായി നടത്തപ്പെട്ടു. നിരവധി സാൻറമാർ അണിനിരന്ന സാന്താ പരേഡ് സ്റ്റേജിൽ പ്രവേശിച്ച് നടത്തിയ കരോൾ ആലോപനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. നിരവധി അവാർഡുകൾ നേടിയ എൻ എച്ച് എസ് സീനിയർ സ്റ്റാഫും റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ട്രസ്റ്റ് ഫൗണ്ടറുമായ ശ്രീമതി ആശ മാത്യു ന്യൂ ഇയർ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി അംഗം ജിബിൻ    ജോളി ക്രിസ്മസ് ന്യൂ ഇയർ സന്ദേശം പറഞ്ഞു. മുഖ്യ അതിഥി ആശ മാത്യുവിന് AMS (പ്രോഗ്രാം കോഡിനേറ്റർ) സെലസ്റ്റിൻ പാപ്പച്ചൻ ഉപകാരം നൽകി സ്വീകരിച്ചു. ആശംസകൾ അർപ്പിച്ച ജിബിൻ ജോളിക്ക് AMS (സെക്രട്ടറി) മാർട്ടിൻ സെബാസ്റ്റ്യൻ ഉപകാരം നൽകി.

ഈ വർഷത്തെ ക്രിസ്മസ് കരോൾ വഴി ഭവനങ്ങളിൽ നിന്നും സമാഹരിച്ച് ഫണ്ട് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ഫൗണ്ടേഷൻ ഡയറക്ടർ ആശ മാത്യു   AMS രക്ഷാധികാരി ജോബിൻ സെബാസ്റ്റ്യന്റെ പക്കൽ നിന്നും ഏറ്റുവാങ്ങി. AMS പ്രസിഡണ്ട് കെൻ സോജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ ദിലീപ് നന്ദിയും രേഖപ്പെടുത്തി. ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം മാർട്ടിനും ക്രിസ്മസ് ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം സലിനും കരസ്ഥമാക്കി. ഒട്ടനവധി കലാപരിപാടികൾ അരങ്ങേറിയ ഒരു കലോത്സവത്തിന് ഒപ്പം നിരവധി ഗായകർ ആലപിച്ച ഗാനമേളയും വിഭവസമൃദ്ധമായ ന്യൂ ഇയർ വിരുന്നും ഹാളിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആൾക്കാർക്ക് ഈ ആഘോഷം ഒരു ആ വിസ്മരണീയമാകാൻ കാരണമായി .

 

മാഞ്ചസ്റ്റര്‍: പുതുവര്‍ഷത്തിലെ ആദ്യ യുവജന ഉണര്‍വ്വിനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍. ബ്രൂണ്‍സ് വിക്ക് പാരിഷ് ചര്‍ച്ച് ഹാളില്‍ ജനുവരി 13 ശനിയാഴ്ച്ച കര്‍ത്താവിന്റെ അഭിഷിക്തന്മാരായ ബ്രദര്‍. മാത്യു കുരുവുള (തങ്കു ബ്രദര്‍), ബ്രദര്‍. റോണക് മാത്യു എന്നിവര്‍ ശുശ്രൂഷിക്കുന്നു. ഹെവന്‍ലി ഫീസ്റ്റ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ കൂട്ടായ്മ യുവാക്കളില്‍ ഉണര്‍വ്വിന്റെ അഗ്നി പകരുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
എണ്ണൂറ് കോടി ആത്മാക്കളും രക്ഷയിലേക്ക് എന്ന് വലിയ ദര്‍ശനവുമായ് ഇന്ത്യയില്‍ നിന്നും ആരംഭിച്ച് മൂന്നാം പെന്തകോസ്തിന്റെ ഉണര്‍വ്വിനെ ലോകമെമ്പാടും പകരുന്നതില്‍ മാഞ്ചസ്റ്ററും ഭാഗമാകുകയാണ്. യുവാജനങ്ങള്‍ക്കൊപ്പം ഇന്നര്‍ ചേംബര്‍ പ്രേക്ഷക സംഗമവും ഇന്നേ ദിവസം നടത്തപ്പെടുന്നു. കോവിഡ് ജനങ്ങളെ വീടിനുള്ളില്‍ ഒതുക്കി നിര്‍ത്തിയപ്പോള്‍ ക്രിസ്തുവിന്റെ സ്‌നേഹവും സാമാധാനത്തിന്റെ സുവിശേഷവും അനേകര്‍ക്ക് പകരുവാന്‍ ആരംഭിച്ച ഇന്നര്‍ ചേംബര്‍ ഓണ്‍ലൈന്‍ ടെലികാസ്റ്റിംഗ് മൂന്ന് വര്‍ഷം പിന്നിട്ട് പ്രയാണം തുടരുകയാണ്.

ഉണ്ണികൃഷ്ണൻ ബാലൻ

നവകേരളത്തിന്റെ നവീനവും മഹത്തരവുമായ ഒരു കാൽവയ്പ്പാണ് മൈഗ്രേഷൻ കോൺക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് പത്തനംതിട്ടയിൽ 2024 ജനുവരി 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കും.

ഇതിനു മുന്നോടിയായി യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യൂറോപ്പ് റീജണൽ കോർഡിനേഷൻ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗിൽ യൂറോപ്പിലെ വിവിധ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടു നടത്തുന്ന “മൈഗ്രേഷൻ കോൺക്ലേവ് 2024” ൽ പ്രബന്ധാവതരണത്തിലും ചർച്ചകളിലും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .

കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ സമ്മേളനനത്തിൽ യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ആദ്യവസാനം പങ്കെടുക്കുന്നു.

ജിജോ വാലിപ്ലാക്കീൽ

എസക്‌സ്: കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.


കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ‘ചിലപ്പതികാരം’ ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള ‘പൊന്നിയിന്‍ സെല്‍വം’ വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനൂഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനൂം കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നൂം സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.


വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വര്‍ഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യോർക്ഷയറിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നായ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിൻ്റെ കിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി ആറിന് ബ്രാഡ്ഫോർഡിൽ നടന്നു. ബ്രാഡ്ഫോർഡ് സെൻ്റ് വിനിഫ്രെഡ്സ് ചർച്ച് ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണനും സെക്രട്ടറി അപർണ്ണ ജിപിനും അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും സ്വാഗതമരുളി ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. അസ്സോസിയേഷനിലെ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചാസ്വദിക്കാൻ തക്കവണ്ണമുള്ള കൊച്ചു കൊച്ചു മത്സരങ്ങളും കുശൃതി ചോദ്യങ്ങളും ശ്രദ്ധേയമായി.

ഷൈൻ കള്ളിക്കടവിലിൻ്റെ നേതൃത്വത്തിലുള്ള സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രേക്ഷക മനസ്സുകളിൽ പുതു പുലരിയിലെ കുളിർമഴയായി ആസ്വാദനസുഖം പകർന്ന ഗാനവുമായി എത്തിയ ശ്രീമതി ഭാഗ്യലക്ഷ്മിയമ്മ കൈയ്യടി നേടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പത്ത് മണിയോടെ കിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികൾ അവസാനിച്ചു.

 

ജോർജ്‌ മാത്യു 

സംഘര്ഷഭരിതമായ ലോകത്തിലെ പ്രതീക്ഷനിർഭരമായ വേളയാണ് ക്രിസ്തുമസ്സ് എന്ന് ഒരിക്കൽ കൂടി ഉൽഘോഷിച്ചുകൊണ്ട് ,എഡിങ്ടൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം വർണ്ണാഭമായി പര്യവസാനിച്ചു.
ബിജു കൊച്ചുതെള്ളിയിലിന്റെ പ്രാർത്ഥന ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.വൈവിധ്യമാർന്ന കല,സാസ്കാരിക പരിപാടികളായ നേറ്റിവിറ്റി (കിഡ്സ് ),മാർഗ്ഗംകളി,സിനിമാറ്റിക് ഡാൻസ് ,ഇ,എം ,എ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,ലേഡീസ് ഡാൻസ്,ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തിൽ നടന്ന കോമഡി ഷോയും,അമൽ അവതരിപ്പിച്ച ഡി .ജെ യും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് വേറിട്ട ഒരു അനുഭമായി മാറി .

വർണ്ണശബളമായ ചടങ്ങിൽ EMA പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഫാ.ജോബിൻ കൊല്ലപ്പള്ളിൽ (വാൽസാൽ കാത്തോലിക് പള്ളി )ക്രിസ്തുമസ്സ് സന്ദേശം നൽകി.മുഖ്യഅഥിതിയും,ക്രിസ്തുമസ്സ് സാന്റായും,കമ്മിറ്റി അംഗങ്ങളും ചേർന്ന്‌ നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോർജ്‌ മാത്യു സ്വാഗതവും,സെക്രട്ടറി അനിത സേവ്യർ നന്ദിയും രേഖപ്പെടുത്തി.
പുൽക്കൂട് ,ഹൗസ് ഡെക്കറേഷൻ മത്സരത്തിൽ ,ബെന്നി പൗലോ,ബിജു കട്ടച്ചിറ എന്നിവർ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങളും, റേച്ചൽ ഡൊമിനിക്,ബെസ്ററ് ക്രീയേറ്റീവിറ്റി അവാർഡും കരസ്ഥമാക്കി.
കരോൾ ഗാന ഏരിയ തിരിച്ചുള്ള മത്സരത്തിൽ,എഡിങ്ടൺ സെൻട്രൽ ,കിങ്‌സ്‌ബെറി ,പെരി കോമൺ എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
യുക്മ കലാമേള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എയ്ഞ്ചൽ കുര്യന് പ്രോഹത്സാഹന സമ്മാനം നൽകി.
വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ ഒരുക്കിയിരുന്നു.
ഫോക്കസ് ഫിൻഷുർ,ഗൾഫ് മോട്ടോർസ് ,ഡെയിലി ഡിലൈറ്റ് ,ഫൈൻ കെയർ 24/7,ലോ &ലോയേഴ്സ് സോളിസിറ്റേഴ്‌സ് എന്നിവർ ആഘോഷ പരിപാടിയുടെ സ്പൊൺസേഴ്സ് ആയിരുന്നു.
ഒരു പുതിയ വർഷത്തിലേക്ക് ചുവട് വയ്ക്കുബോൾ,ഇ.എം.എ അംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങൾ തെളിയിച്ചു.

ആഘോഷ പരിപാടികൾക്ക് കമ്മിറ്റി ട്രഷർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷർ ജെൻസ് ജോർജ്‌,ജോയിന്റ് സെക്രെട്ടറി ഡിജോ ജോൺ,കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസൻ,ഏരിയ കോഓർഡിനേറ്റർ മാരായ കുഞ്ഞുമോൻ ജോർജ്‌ ,മേരി ജോയി,അശോകൻ മണ്ണിൽ എന്നിവർ നേതൃത്വം നൽകി.

കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് ആഭിമുഖ്യത്തിൽ ( 30/12/2023 ശനിയാഴ്ച ) വൂഡ്റഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം ‘ക്രിസ്മസ് രാവ് 2024’ നടത്തപ്പെട്ടു. റെഡിച്ചിൽ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.

രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ ചടങ്ങില്‍ റെഡിച്ച് കൗൺസിലർമാർ ആയ ശ്രീ ജോവാന്നാ കേയ്നെ , ശ്രീ ബിൽ ഹാര്ട്നെറ് , യുക്മാ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യാതിഥികൾ ആയിരുന്നു . സെക്രട്ടറി മാത്യു വർഗീസ് സ്വാഗതം പറഞ്ഞു. അധ്യക്ഷൻ ആയി കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജോയ് ദേവശ്ശേയ്സ ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടും ഏവരെയും ക്രിസ്മസ് ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് കൾച്ചറൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.സി.എ അംഗങ്ങളുടെ ആഘോഷം വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ പരിപാടികളാൽ സമ്പന്നമായിരുന്നു. സാന്റാ ക്ലോസ് ആയി ജോയൽ വർഗീസ് വേഷമിട്ടു. അതിനു ശേഷം സാബു ഫിലിപ്പ് , തോമസ് ലോനപ്പൻ ടീം അവതരിപ്പിച്ച ഡ്രാമ പരിപാടികളുടെ മാറ്റു കൂട്ടി . അതിനുശേഷം ക്രിസ്മസ് രാവിനോട് അനുബന്ധിച്ച് ആസ്വാദ്യകരമായ നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകി. തുടർന്ന് എട്ടുമണിയോട് കൂടി ഡിജെ കൊണ്ട് 2024 ‘ക്രിസ്മസ് രാവിന് സമാപനം കുറിച്ചു.

ആഘോഷങ്ങള്‍ക്കൊപ്പം അനുഗ്രഹീതമായി ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഉദ്ഘാടനവും, ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളും. ഗ്ലോസ്റ്റര്‍ വിറ്റ്‌കോംബിലെ വിറ്റ്‌കോംബ് & ബെന്‍താം വില്ലേജ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിന്റെ ഉദ്ഘാടനം ഗ്ലോസ്റ്റര്‍ എംപി റിച്ചാര്‍ഡ് ഗ്രഹാം നിര്‍വ്വഹിച്ചു. ഫാ. ജിപി പോള്‍ വാമറ്റത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കുള്ള വഴിതെളിക്കുന്നതാണ് വിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനമെന്ന് റിച്ചാര്‍ഡ് ഗ്രാഹം എംപി പറഞ്ഞു. ക്രിസ്ത്യന്‍ സ്തൂപത്തോടുള്ള വിളക്ക് മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാളി സമൂഹത്തിലെ ജാതിമതഭേദമെന്യേയുള്ള ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തതിന്റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല.

ജിഎംസിഎ ഭാരവാഹികള്‍ ഒരു മനസ്സോടെ, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരാണെന്നും റിച്ചാര്‍ഡ് ഗ്രഹാം പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിലെ മലയാളി എംപിമാരുടെ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും എംപി പറഞ്ഞത് കൈയടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

ക്രിസ്മസിന്റെ ചൈതന്യം എല്ലാവര്‍ക്കും സ്‌നേഹവും, സമാധാനവും പകരട്ടെയെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ പറഞ്ഞു. ഗ്ലോസ്റ്ററിലെ പുതിയ മലയാളി കൂട്ടായ്മയ്ക്ക് കൗണ്‍സിലര്‍ ആശംസ നേര്‍ന്നു. ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് കണ്ടോത്ത് പ്രസിഡന്‍ഷ്യല്‍ സ്പീച്ച് നടത്തി. സെക്രട്ടറി ജിജി ജോണ്‍ നന്ദി പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹൃദയം കവരുന്ന കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. കരോള്‍ ആലാപനം, ഡാന്‍സ്, ഫാഷന്‍ ഷോ തുടങ്ങിയ കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ അണിനിരന്ന പരിപാടികള്‍ വൈവിധ്യം നിറഞ്ഞതായി. ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ നടന്ന ഗാനപരിപാടികള്‍ ആഘോഷം അവിസ്മരണീയമാക്കി.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു. ഒരു സംഘടന ഉദയം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷമായിരുന്നിട്ട് കൂടി സംഘാടന മികവ് കൊണ്ട് പരിപാടികള്‍ അവിസ്മരണീയമായി മാറി. ട്രഷറര്‍ സിയോണ്‍ ജോസ്, വൈസ് പ്രസിഡന്റ് ജോണ്‍സി ജിംസണ്‍, ജോയിന്റ് സെക്രട്ടറി വിനയ് തങ്കപ്പന്‍, പിആര്‍ഒ ബിനോയ് ജോണ്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ഡോണാ ജിജി ജോണ്‍ എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് മികവുറ്റ പിന്തുണയുമായി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിംസണ്‍ സെബാസ്റ്റ്യന്‍, സോണി ജോര്‍ജ്ജ്, ഫ്രാന്‍സിസ് കുര്യാക്കോസ്, ജോബിന്‍ ജോസ്, സജി കുര്യാക്കോസ്, ജേക്കബ് ജെ ജോസഫ്, രഞ്ജിത്ത് ചൂടന്നൂര്‍, റോബിന്‍ കെ മാത്യൂ, വിജയ് ലൂക്കോസ്, ജിനു ചാക്കോച്ചന്‍, ചന്ദ്രലേഖ എന്നിവരും പ്രവര്‍ത്തനനിരതരായിരുന്നു. ഗോസ്റ്ററിലെ മലയാളികള്‍ക്ക് ഒത്തുകൂടാനും, ഒരുമയോടെ ആഘോഷിക്കാനുമുള്ള വേദിയായി ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മാറുമെന്ന് നിസംശയം പറയാം.

സ്റ്റീവനേജ്: സംഗീത-നൃത്ത വിസ്മയങ്ങൾ സംഘടിപ്പിച്ചും, ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തമായി മാറിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് തദവസരത്തിൽ നടത്തപ്പെടും.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാ വിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.

സീസൺ 7 ന് വേദി ഉയരുമ്പോൾ ഈ വർഷം 7 ബീറ്റ്സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്കാരിക-സാമൂഹിക കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

യു കെ യിലെ പ്രഥമ പ്ലാൻഡ് സിറ്റിയും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിന് ഈ വർഷം യവനിക ഉയരുക.

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഒ എൻ വി സാറിനു അദ്ദേഹത്തിന്റെ തന്നെ ഗാന ശകലങ്ങൾ കോർത്തിണക്കി അർഹമായ പാവന അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഒ.എൻ.വി സംഗീതവുമായി അരങ്ങിൽ സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാരന്മാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാവാകുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ ഇതിനോടകം സാധിച്ചിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:

Barclay Academy School
Stevanage
SG1 3RB

RECENT POSTS
Copyright © . All rights reserved