Health

അലാറാം കേൾക്കുമ്പോഴേ ഉന്മേഷത്തോടെ എഴുന്നേൽക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇത് നടക്കാറില്ല. ചിലപ്പോൾ അലാറം അടിക്കുന്നത് കേൾക്കാറില്ല. അതല്ലെങ്കിൽ കേട്ടിട്ടും ഓഫ് ചെയ്ത് കിടന്നുറങ്ങും. രാവിലെ ഉണരാൻ എന്താണിത്ര ബുദ്ധിമുട്ടെന്ന് ചിന്തിക്കുന്നുണ്ടോ. പ്രധാനമായും ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്.

വൈകുന്നേരമോ രാത്രിയോ ഉള്ള വർക്ക് ഔട്ട്

രാവിലെ സമയം ഇല്ലാത്തതിനാൽ വൈകുന്നേരം വർക്ക് ഔട്ട് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ആഹാരക്രമം പാലിക്കുന്നില്ല ‌

ഉറങ്ങുന്നതിന് തൊട്ടുമുൻപ് രാത്രിഭക്ഷണം കഴിക്കാതിരിക്കുക. കാരണം ഭക്ഷണം ദഹിക്കാതെ കിടന്നാൽ അത് ഉറക്കത്തെ ബാധിക്കും. സസ്യാഹാരിയാണെങ്കിൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപും അല്ലാത്തവർ 4–5 മണിക്കൂറു മുൻപും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

ചിന്തകൾ പോസിറ്റീവല്ല

പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാൻ കിടക്കുക, അപ്പോൾ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. രാവിലെ സ്കൂളിൽ പോകാനായി കിടന്നാൽ എത്ര വിളിച്ചാലും ഉണരാത്ത കുട്ടികൾ അതേസമയം പിക്നിക്കിന് പോകാനാണെന്നു പറഞ്ഞാൽ അലാറാം കേൾക്കുന്നതിന് മുൻപേ ഉണരുന്നത് കണ്ടിട്ടില്ലേ. കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് അടുത്ത ദിവസത്തെ കാര്യം പ്ലാൻ ചെയ്യാനും സന്തോഷകരമായ കാര്യങ്ങൾ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.

എന്നാൽ ഉറക്കക്കുറവ് ഹൃദ്രോഗബാധയ്ക്ക് കാരണമാകുമോ ?

ഉണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ജേര്‍ണല്‍ ഓഫ് എക്സ്പരിമെന്റല്‍ സൈക്കോളജിയില്‍ പറയുന്നത് ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നാണ്. ക്രോണിക് ഷോര്‍ട്ട് സ്‌ലീപ്‌ ഹൃദയധമിനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ഏഴ് മണിക്കൂറോ അതിലധികമോ നേരം ഉറങ്ങുന്നവരില്‍ ഈ അപകടസാധ്യത കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. microRNAs യുടെ പങ്കും ഹൃദ്രോഗവും ഉറക്കക്കുറവും തമ്മില്‍ അതുകൊണ്ടുതന്നെ ബന്ധമുണ്ട് എന്നുതന്നെയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ജാമി ഹിജ്മാന്‍സ് പറയുന്നത്.

മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിലേക്ക് സജീവമാകുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ആഗോള താപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരങ്ങളോട് അടുക്കുന്നതെന്നാണ് നിരീക്ഷണം.

അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് ഗവേഷകര്‍ കാരണം തേടിത്തുടങ്ങിയത്. 2017 ന് മുന്‍പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വിശദമാക്കുന്നത്.

Image result for V. vulnificus

നിലവില്‍ 5 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും സമുദ്രജലം ചൂട് പിടിക്കുന്നതിനനുസരിച്ച് കൂടുതല്‍ കേസുകള്‍ വരുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചൂട് കൂടിയ ജലത്തിലാണ് ഇവയുടെ സാന്നിധ്യം സാധാരണ ഗതിയില്‍ കാണാറുള്ളത്. അതും വളരെ അപൂര്‍വ്വമായാണ്. മെക്സിക്കോ ഉൾക്കടലിലെ ചില മേഖലകൾ പോലെ കടലിലെ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊൾനിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്ന് കടലിന്റെ കിഴക്കൻ തീരത്തേക്കും ഇവ മാറിയതായാണു കണ്ടെത്തിയിരിക്കുന്നത്.

ഉപ്പുരസമേറിയ കടലിൽ അല്ലെങ്കിൽ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ കാണുന്ന ഇവ വെള്ളത്തിലേക്കിറങ്ങുമ്പോൾ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ശരീരത്തിന് അകത്തെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണ് ബാക്ടീരിയ പ്രവര്‍ത്തനം തുടങ്ങുക. വളരെ പെട്ടെന്ന് അതു വലുതാകും പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും. ചികിത്സ തേടിയാൽ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Related image

അമേരിക്കയിൽ ഓരോ വർഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയയുടെ ഉപദ്രവം ഏറ്റവും രൂക്ഷമാവുക. മലിനജലത്തില്‍ നീന്തുമ്പോള്‍ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തുന്നു. ജലമലിനീകരണത്തിന്റെ തോത് കൂടിയതോടെ ഇതിനുള്ള സാധ്യതയും ഏറെയാണ്. കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഞണ്ടുകളിലും ഷെല്‍ഫിഷുകളിലുമാണ് സാധാരണ ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണാറ്.

വൊൾനിഫിക്കസില്‍ നിന്ന് അണുബാധയുണ്ടാവുന്നതില്‍ ഏറിയ പങ്കും പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി കാണുന്ന മേഖലയിൽ നിന്നു മാറി വൊൾനിഫിക്കസ് പുതിയ ഇടങ്ങളിലേക്കെത്തിയതോടെ അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ച് ഡോക്ടർമാർക്കും ബോധവൽക്കരണം നൽകിത്തുടങ്ങിയിട്ടുണ്ട്.

ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.1000ത്തില്‍ 6 കുട്ടികള്‍ മാത്രമാണ് ജനിച്ചു ഒരു മസത്തിനകം മരിക്കുന്നത്. അതേ സമയം ശിശുമരണ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മധ്യപ്രദേശും, ഒഡിഷയുമാണ്. ഇതിനു പുറമെ പ്രതിരോധ കുത്തിവെപ്പ് 100ശതമാനം കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ട്യൂബര്‍ കുലോസിസ് പ്രതിരോധിക്കാന്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തി. 2015 -16 കാലയളവില്‍ 139 ടിബി നിരക്ക് ആയിരുന്നത് 2017-18 കാലയളവില്‍ 67ലേക്ക് കുറക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും, പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിലും മുന്നിട്ടു നില്‍ക്കുന്നതിനോടൊപ്പം പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

മൂന്നാമതൊരു കുഞ്ഞിനു കൂടി ആഗ്രഹിച്ച ലിൻഡ്‌സെയ് ക്ലാർക് സിസേറിയന് ശേഷം ഉണർന്നത് തനിക്കു വന്ധ്യംകരണം നടത്തി എന്ന വാർത്ത കേട്ട്. എന്നാൽ താൻ ഇതിന് അനുവാദം നൽകിയിട്ടില്ലെന്ന് ലിൻഡ്‌സെയ് പറഞ്ഞു. 34 കാരിയായ ലിൻഡ്‌സെയുടെ അണ്ഡവാഹിനിക്കുഴൽ ആണ് നീക്കം ചെയ്തത്. ഗർഭകാലഘട്ടത്തിൽ ബിപി കൂടി പ്രീ എക്ലാംസിയ എന്ന അവസ്ഥ പലതവണ അഭിമുഖീകരിക്കേണ്ടി വന്നതിനാലാണ് വന്ധ്യംകരണം നടത്തിയത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലിൻഡ്‌സെയുടെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്തിയതിനാൽ അവർക്കു 25000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. സിസേറിയന് ശേഷം ഉണർന്നപ്പോൾ തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി എന്ന വാർത്തയാണ് അറിയിച്ചത്. എന്നാൽ തന്നോട് അത് മുൻകൂട്ടി അറിയിച്ചില്ലെന്നും താൻ അതിനു തയ്യാറെടുത്തിരുന്നില്ലെന്നും അവർ പറഞ്ഞു. തനിക്ക് രണ്ടാമത് ഒരു കുഞ്ഞു ഉണ്ടായതിന്റെ സന്തോഷം മുഴുവൻ നഷ്ടമാക്കുന്നതാണ് ഇത്തരമൊരു വാർത്ത എന്നാണ് അവർ പ്രതികരിച്ചത് . ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിൽ വെച്ച് 2014 ഏപ്രിലിൽ ആണ് ഈ സംഭവം നടന്നത്.

അഞ്ചു വയസ്സുള്ള ലാസി എന്ന മകളും പത്തു വയസ്സുകാരൻ ഹാർവെയ്‌യുമാണ് ദമ്പതികളുടെ മക്കൾ. ഹാർവേയുടെ ഗർഭകാലഘട്ടത്തിൽ പലതവണ ബിപി കൂടി ലിൻഡ്‌സെയുടെ അവ്സഥ വളരെ ഗുരുതരമായിരുന്നു. . മാസം തികയാതെയുള്ള പ്രസവം ആയിരുന്നു ഹാർവെയ്‌യുടേത്. ലാസിയെ ഗർഭിണിയായിരുന്നപ്പോഴും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു. അതിനാൽ മൂന്നാമതൊരു പ്രസവത്തിനുള്ള അപകട സാധ്യതകൾ അധികമാണ്.

തങ്ങൾക്ക് തെറ്റുപറ്റിയെന്നും രോഗിയുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ആശുപത്രി അധികൃതർ അംഗീകരിച്ചു. മേലിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കും എന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

വവ്വാലുകളില്‍ നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. വവ്വാലുകളില്‍ നിന്ന് 36 സാമ്പിളുകള്‍ എടുത്തിയിരുന്നു. ഇതില്‍ 12 സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഈ വര്‍ഷം ഒരേയൊരു നിപ്പാ വൈറസ് ബാധ മാത്രമാണ് കണ്ടെത്തിയത്. ഈ മാസം ആദ്യം എറണാകുളത്തുളള യുവാവിനാണ് നിപ്പ ബാധിച്ചതെന്നും ചികിത്സക്ക് ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ പരിശോധന നടത്തിയ 50 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ വൈറസ് ബാധയൌന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിനംപ്രതി പരിശോധനകള്‍ നടക്കുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സംഘം വവ്വാലുകളുടെ സ്രവം ശേഖരിച്ചിരുന്നു. നിപ്പ വൈറസ് വാഹകരയ പഴംതീനി വവ്വാലുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസിനെ പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ശരീരഭാരം കുറയ്ക്കുന്നതിനെക്കാൾ ഉപരിയായി, കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്ന് കണ്ടെത്തൽ. കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ പ്രമേഹം, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ കുറയാനുള്ള സാധ്യത അധികമാണ്.


കാർബോഹൈഡ്രേറ്റ് അധികമുള്ള ഉരുളക്കിഴങ്ങ്, പസ്താ, തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ശരീര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. ബ്രിട്ടണിലെ പകുതിയിലധികം ജനത അനുഭവിക്കുന്ന “മെറ്റബോളിക് സിൻഡ്രോം” എന്ന അവസ്ഥയ്ക്ക് ചെറിയതോതിലെങ്കിലും മാറ്റം വരുത്തുവാൻ ഈ ഡയറ്റ് സഹായിക്കുമെന്ന് കണ്ടെത്തൽ. അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർദ്ധന, അമിത ബി പി തുടങ്ങിയയെല്ലാമാണ് മെറ്റബോളിക് സിൻഡ്രത്തിന്റെ അവസ്ഥ. കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശീലിച്ച വ്യക്തികളിൽ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.

സാധാരണയായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയുന്നതിന് കാരണമാകും. എന്നാൽ അതിനേക്കാൾ ഉപരിയായി ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. ഈ ഡയറ്റ് അനുസരിച്ച് വെറും 45 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ് ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ശരീരത്തിലെ ഫാറ്റ് അളവ് കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

നാഷണൽ ഡയറി കൗൺസിലും, ഡച്ച് ഡയറി അസോസിയേഷനും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്.” ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ഇൻസൈറ്റ്” എന്ന മാസികയിൽ ഗവേഷക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

പരമ്പരാഗതമായി ഉപയോഗിച്ചു വന്ന രോഗനിർണയ രീതികളെ കാൾ ഈ കാലത്ത് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് അസുഖങ്ങൾ കണ്ടെത്താം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സ്റ്റോണി ബ്രൂക്ക്, പെൻസിൽവാനിയ ഹെൽത്ത് സിസ്റ്റം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാക്കിയാൽ ആ വ്യക്തി വിഷാദരോഗം ഡയബറ്റിസ് തുടങ്ങിയവയ്ക്ക് അടിമയാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്ന പഠനം നടന്നത്. സാധാരണ ശരീരം പരിശോധിക്കുന്ന പോലെ തന്നെ, പോസ്റ്റിനോടൊപ്പം തങ്ങളുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് ചേർത്ത ഏകദേശം ആയിരത്തോളം രോഗികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഡേറ്റാ കളക്ഷൻ ഉപയോഗിച്ച് അവർ താരതമ്യ പഠനം നടത്തിയിരുന്നു.
ഉപയോഗിച്ച ഭാഷയെക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തിയതിനുശേഷം രോഗിയുടെ പ്രായം , സെക്സ് തുടങ്ങിയവ മനസ്സിലാക്കുന്നു. അങ്ങനെ ഏകദേശം 21 ഓളം വ്യത്യസ്ത രോഗസാധ്യതകളെ കുറിച്ച് മനസ്സിലാക്കാം എന്നാണ് ഗവേഷണ വിദ്യാർഥികൾ പറയുന്നത്. സൈക്കോസിസ് ആൽക്കഹോളിസം, ഉൽക്കണ്ഠ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. പത്തോളം രോഗങ്ങൾ കണ്ടെത്താൻ ശാരീരികാവസ്ഥകളേക്കാൾ നല്ലത് ഫേസ്ബുക്ക് പോസ്റ്റുകൾ ആണെന്നും അവർ പറയുന്നു.

ചില വാക്കുകൾക്ക് ചില രോഗാവസ്ഥകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന് ഡ്രിങ്ക് കുപ്പി തുടങ്ങിയ വാക്കുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ മിക്കപ്പോഴും മദ്യപാനികൾ ആയിരിക്കും. അതേസമയം ദൈവം പ്രാർത്ഥനാ തുടങ്ങിയ വാക്കുകൾ സാധാരണക്കാരെ അപേക്ഷിച്ച് 15 ശതമാനത്തിലധികം ഉപയോഗിക്കുന്നവർ പ്രമേഹരോഗികൾ ആയിരിക്കും.

പെന് മെഡിസിൻ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്ത് ഡയറക്ടറായ റൈന മർച്ചന്റ് പറയുന്നു “ഈ പഠനം വളരെ നേരത്തെ നടന്നതാണ് എന്നാൽ രോഗനിർണയത്തിന് സഹായകമാകുമെന്ന് മനസ്സിലായതിനാൽ ആണ് ഇപ്പോൾ ഇത് പുറത്തുവിടുന്നത്”. മിക്കവാറും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തികളുടെ ജീവിതശൈലി കളെക്കുറിച്ചും മാനസിക നിലയെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇത് രോഗനിർണയത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്.
ഡിജിറ്റൽ ഭാഷയ്ക്ക് അതിന്റെതായ പ്രത്യേകത ഉണ്ടെന്നും, ഈ കണ്ടെത്തൽ വെളിച്ചംവീശുന്നത് പുതിയ രോഗനിർണായക സമീപനങ്ങളിലെക്കാണെന്നും വ്യക്തിയെ കാണാതെ ചികിത്സ തുടങ്ങാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത എന്നും മുതിർന്ന ഗവേഷകനായആൻഡ്രൂ സ്വാർട്സ് പറഞ്ഞു.

കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ സമയബന്ധിതമായി നിർണയിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനം. ഇംഗ്ലണ്ടിലേയും വെയിൽ സിലേയും എല്ലാ അധ്യാപകർക്കും ഇതിനായുള്ള പരിശീലനം നൽകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം ഉടനടി ഉണ്ടാകും. തെരേസ മേ യുടെ പ്രധാനമന്ത്രിപദത്തിലുള്ള അവസാന നാളുകളിൽ തന്റെ ജനപ്രീതി ഉയർത്തുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ളതാണ് ഈ തീരുമാനം.

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു സ്കൂളിൽ തെരേസ മേ സന്ദർശനം നടത്തുമെന്നും കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടതായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുമെന്നും ഓഫീസ് വക്താവ് അറിയിച്ചു. എല്ലാ സ്കൂളുകൾക്കും അതിന് ആവശ്യമായ പുതിയ പഠന സാഹചര്യങ്ങൾ ഒരുക്കും. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ കൃത്യസമയത്ത് കണ്ടുപിടിക്കുകയും അതിനു വേണ്ടതായ ചികിത്സ നൽകുകയും ചെയ്യേണ്ടത് അവരുടെ വളർച്ചയ്ക്ക് ആവശ്യമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത കൾ ഇല്ലാതാക്കുന്ന അതിനായി പ്രത്യേകം പരിശീലനം നേടിയ എൻഎച്ച് പ്രവർത്തകരുടെ സഹായങ്ങൾ ലഭ്യമാക്കും.

ഇതോടൊപ്പംതന്നെ മെന്റൽ ഹെൽത്ത് ആക്റ്റിൽ വേണ്ടതായ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ പോലീസ് സെല്ലുകളിൽ പാർപ്പിക്കുന്നത് തടയാനുള്ള നിയമനിർമ്മാണവും നടത്താൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത്തരം തീരുമാനങ്ങളെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്ന് ഗവൺമെന്റ് വക്താവ് സർ സൈമൺ വെസ്സലി അറിയിച്ചു. എന്നാൽ ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത്തരം തീരുമാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് ലേബർ പാർട്ടി അംഗം ബാർബറ കീലീ അറിയിച്ചു.

കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷത്തി ആറായിരത്തോളം പത്തിനും 17നും വയസ്സിനിടയിലുള്ള കുഞ്ഞുങ്ങൾക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഈയൊരു സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വളരെ മെച്ചപ്പെട്ടതാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍. 2015- ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലിച്ചി പഴത്തിലുള്ള വിഷാംശമാണ് കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിന് കാരണമായതെന്നും മരണത്തിലേക്ക് നയിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

ബിഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകള്‍ കഴിഞ്ഞ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. ഇവിടെ മാത്രമായി 47 പേരാണ് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചത്. മറ്റ് 10 കേസുകള്‍ സ്വകാര്യ ആശുപത്രികളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മരിച്ച എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു.

ബംഗ്ലാദേശിലും വിയറ്റ്നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഇവിടെത്തെ ജനങ്ങളില്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച്‌ 20 പേര്‍ മരിച്ചു. പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാൽ ഗ്രാമത്തില്‍ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം.

20 പേരില്‍ രണ്ടുപേര്‍ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച 12 പേരുടെ രോഗത്തിന് സമാനമായ ലക്ഷണങ്ങളോടെ 83 പേര്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതില്‍ 46 പേരുടെ നില ഗുരുതരമാണ്.സ്ഥലത്ത് നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങള്‍ക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

അതേസമയം ഖനനം നടത്തുന്ന കമ്പനി കുടിവെള്ളം മലിനമാക്കിയെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി വാന്‍ അസിയ വാന്‍ ഇസ്മൈല്‍ മുന്നറിയിപ്പ് നല്‍കി.

RECENT POSTS
Copyright © . All rights reserved