Health

വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ  രോഗികൾക്ക്  സഹായം എത്തിക്കുന്നതിന്  നാഷണൽ   ഹെൽത്ത്  സർവീസ്  ഹോസ്പിറ്റൽ  ഇടുന്ന പദ്ധതി   ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ്  സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള  വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി  ചികിത്സതേടാൻ ആഗ്രഹിക്കുന്ന രോഗികൾ ആശുപത്രിയിൽ പോകുന്നതിനു  മുമ്പ് ഓൺലൈൻ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തുടർചികിത്സ അവർക്ക് ആവശ്യമാണോ എന്ന് രോഗികളെ അറിയിക്കാൻ  ഈ പദ്ധതിയിലൂടെ സാധിക്കും.

വീട്ടിലോ    ജോലിയിലോ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട്   രോഗികൾക്ക്  അവരുടെ കൺസൾട്ടൻറ്സുമായി   സംസാരിക്കാൻ കഴിയും. നൂറുകണക്കിന് ആളുകൾക്ക്    പ്രതിവർഷം  ഈ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ ബർമിങ്ഹാം (യുഎച്ച്ബി) ട്രസ്റ്റ്   പ്രതീക്ഷിക്കുന്നത്

 

ബിനോയി ജോസഫ്

എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.

ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.

ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.

യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം  റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.

കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.

1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.

2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.

3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.

4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.

കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ  രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.

 

കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.

ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.

അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലുംതാന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി.

ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

തുടര്‍ച്ചയായ രോഗാവസ്ഥ തൊഴിലാളിയുടെ കാര്യക്ഷമതയെയും ജോലി നിർവ്വഹിക്കാനുള്ള കഴിവിനെയും (capactiy) കുറയ്ക്കുന്ന സ്ഥിതിവിശേഷം തൊഴില്‍ നഷ്ടപ്പെടാനുള്ള  സാധ്യതയിലേക്ക് വഴി തെളിക്കാവുന്നതാണ്.  തുടര്‍ച്ചയായ അസുഖ അവസ്ഥ മൂലം ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ നിയമത്തിന്റെ സ്വമേധയായുള്ള നടപടിയിലൂടെ റദ്ദാക്കപ്പെടാവുന്നതാണ്. ഇത്തരത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ തൊഴിലാളിക്ക് കോടതിയില്‍ കേസിനും മറ്റും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല.  അതായത് ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളി പുറത്താക്കപ്പെടുന്നില്ല. മറിച്ച് നിയമത്തിന്റെ ഇടപെടലിലൂടെ തൊഴില്‍ കരാര്‍ അവസാനിക്കുകയാണ്. തന്മൂലം പുറത്താക്കല്‍ നടക്കുന്നില്ല. പുറത്താക്കല്‍ (dismissal) ഇല്ലാത്ത സാഹചര്യത്തില്‍ അനീതിയായ പുറത്താക്കല്‍ (unfair dismissal) അവകാശപ്പെടാന്‍ സാധിക്കുകയില്ല.

ഉദാഹരണത്തിന് തൊഴിലാളിക്ക് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാകുകയും പ്രസ്തുത കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നതാണ്. 1980 ലെ പ്രശസ്തമായ ഒരു വിധി പ്രകാരം തൊഴിലാളിക്കെതിരെയുള്ള ശിക്ഷ ക്രിമിനല്‍ കോടതിയില്‍ അപ്പീലീല്‍ ഇരിക്കെ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കപ്പെടുകയും പിന്നീട് ക്രിമിനല്‍ കോടതി അപ്പീല്‍ വന്നപ്പോള്‍ തൊഴിലാളി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.  എങ്കിലും തൊഴിലാളിയുടെ എല്ലാ തൊഴില്‍പരമായ ആനുകൂല്യങ്ങളും നിരാകരിക്കപ്പെട്ടു.

നിരന്തരമായി അസുഖം ബാധിച്ച് അവധിയില്‍ ആയതിനാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പ്രസ്തുത കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍ കോടതി തീരുമാനം എടുക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ്.

1. തൊഴിലാളി അസുഖമായി അവധിയില്‍ പോയാല്‍ കരാര്‍ പ്രകാരം ശമ്പളം ലഭിക്കുമായിരുന്നോ?

2. എത്രകാലം തൊഴിലാളി തന്റെ അസുഖമായി അവധിയില്‍ തുടരാം?

(തൊഴിലാളി താല്‍ക്കാലിക തൊഴിലാളിയാണെങ്കില്‍ കരാര്‍ റദ്ദാക്കല്‍ സാധ്യത കൂടുതലാണ്)

3. തൊഴിലാളി തന്റെ രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ എത്ര സമയം വേണ്ടിവരും?

4. തൊഴിലാളിയുടെ തസ്തിക തൊഴില്‍ സ്ഥാപനത്തിലെ പ്രധാന ജോലിയാണോ?

5. എത്രകാലം തൊഴിലാളി പ്രസ്തുത സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തിരുന്നു? (നീണ്ട സര്‍വീസുണ്ടെങ്കില്‍ സാധാരണയായി കരാര്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്)

ദീര്‍ഘകാല അസുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവധിയില്‍ തൊഴില്‍ ദാതാവ് പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുത തൊഴിലാളിയുടെ കരാറില്‍ അസുഖവുമായി ബന്ധപ്പെട്ടുള്ള അവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നുണ്ടോ എന്നതാണ്.  കാരണം അസുഖവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുമ്പോള്‍ കരാര്‍ പ്രകാരം sick pay നല്‍കാന്‍ ബാധ്യതയുണ്ടെങ്കില്‍ കരാര്‍ പ്രകാരം sick leave ല്‍ ഇരിക്കുമ്പോള്‍ തൊഴിലാളിക്ക് sick pay ലഭിക്കാന്‍ അവകാശമുള്ളത്രയും സമയം കരാര്‍ അവസാനിപ്പിക്കുക സാധ്യമല്ല.  ഉദാഹരണം ഒരുഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തന്റെ കരാര്‍ പ്രകാരം ശമ്പളം നല്‍കണം (sick pay for at least 12 months). പ്രസ്തുത തൊഴിലാളി 12 മാസം അവധിയിലിരിക്കുകയും ശമ്പളം ലഭിക്കുകയും ചെയ്യും.  പ്രസ്തുത കാലയളവില്‍ തൊഴിലാളിയെ അസുഖബാധിതനായി കാര്യക്ഷമത (in capacity) യില്ലാത്തതിനാല്‍  പുറത്താക്കാന്‍ തൊഴില്‍ ദാതാവിന് സാധിക്കുകയില്ല.

തൊഴിലാളിയുടെ ദീര്‍ഘമായ അവധി ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുകയാണെങ്കില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ ഇത് liability discrimination – ന്റെ പരിധിയില്‍ വരും.  ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുചിതമായ ജോലി നല്‍കേണ്ടതായി വരും. ഒരു തൊഴിലാളിയുടെ disability നിര്‍വചിക്കുന്നത് തൊഴിലാളി state benefit വാങ്ങുന്നുണ്ടോ എന്നതോ disability badge ഉണ്ടോ എന്നതോ കണക്കാക്കിയല്ല.  Equality Act 2010 തൊഴിലാളി തൊഴില്‍ ചെയ്യാന്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്.

മേല്‍പറഞ്ഞ രീതിയില്‍ capability യുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രമുഖമായ വസ്തുത തൊഴില്‍ ദാതാവിന്റെ തീരുമാനം നയയുക്തമാണോ എന്നതാണ്.  ഈ അവസ്ഥയില്‍ നീതിയുക്തമായ ഒരു തൊഴില്‍ ദാതാവ് കുറെക്കൂടി കാത്തിരുന്ന് തൊഴിലാളിക്ക് മറ്റൊരവസരം കൂടി കൊടുക്കാമായിരിന്നോ എന്നുമായിരിക്കും.  അതോടൊപ്പം തന്നെ തൊഴിലാളിയുടെ ആരോഗ്യ അവസ്ഥയുടെ ഗുരുതരാവസ്ഥ എത്രകാലം അവധിയില്‍ ഇരുന്നു, തൊഴിലാളിയുടെ വ്യക്തിപരമായ അവസ്ഥ, സാമ്പത്തിക ഭദ്രത, തൊഴില്‍ ദാതാവിന് അത്യാവശ്യമായി പകരം തൊഴിലാളിയെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാരണങ്ങള്‍ പരിഗണിക്കപ്പെടും.

മറ്റൊരു പ്രധാനപ്പെട്ട ഘടകം കോടതി പരിഗണിക്കുന്നത് തൊഴില്‍ ദാതാവ് തൊഴിലാളിയുമായി തന്റെ ആരോഗ്യ അവസ്ഥയും ഭാവി പരിപാടിയും വ്യക്തമായി ചര്‍ച്ച ചെയ്തിരിക്കണം.  തൊഴില്‍ ദാതാവ് തൊഴിലാളിയുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.  ഇതിനായി പുറത്തുള്ള ഏജന്‍സിയുമായോ occupation Health GP യുമായോ ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

ന്യൂസ് ഡെസ്ക്

അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.

റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും.  വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.

ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.

100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന്  പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.

റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന  ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ്  പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.

കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലായം പരിഷ്‌കരിച്ചു. തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ചികിത്സയിനത്തില്‍ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുന്നതും ലക്ഷ്യമാക്കയാണ്
ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. 21 രോഗാവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പരിഷ്‌കരിച്ച പട്ടിക. പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിലുണ്ട്.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം , വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പകര്‍ച്ച വ്യാധികള്‍ക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമാകും .തൊഴില്‍ വിസയില്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാണെങ്കിലും പ്രവേശനം.

അതേസമയം ആശ്രിത വിസയില്‍ വരുന്നതിനു ഗര്‍ഭിണികള്‍ക്ക് തടസമുണ്ടാകില്ല. പുതിയ വിസയില്‍ വരുന്നതിനായി നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയാലുടന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. കുവൈത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ ഇഖാമ നല്‍കാതെ തിരിച്ചയക്കും. നിലവില്‍ താമസാനുമതി ഉള്ളവരില്‍ ക്ഷയം, എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരില്‍ നാടുകടത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് നല്കാനാകുന്ന അര്‍ബുദ മരുന്നു വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഡയറക്ടര്‍ ഡോ ആഷാ കിഷോര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അര്‍ബുദ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന കണ്ടുപിടുത്തമാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന, ഞരമ്പുകളില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് വിജയകരമായി. നാട്ടില്‍ സാധാരണ കാണപ്പെടുന്ന ചെടിയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചത്. ക്ളിനിക്കല്‍ പരീക്ഷണത്തിന് കൈമാറിയതായി ഇന്‍സ്ററിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.

സീനിയര്‍ സയന്റിസ്റ്റ് ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനാകണമെങ്കില്‍ ഇനിയും നിരവധി പരീക്ഷണങ്ങള്‍ ബാക്കിയുണ്ട്. മരുന്ന്് മനുഷ്യരിലും വിജയകരമായാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്് ലഭ്യമാക്കാനാകും.

ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റു. ഏറ്റുമാനൂരിൽ രണ്ട് പേർക്കാണ് സൂര്യഘാതത്തിൽ പൊള്ളലേറ്റത്.
പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്.

അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.

ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 മുതൽ 3വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്ന ജോലി ഒഴിവാക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ 39 ഡിഗ്രിവരെ പകൽ ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു.വേനൽ മഴ പരക്കെ ലഭിച്ചെങ്കിലും ചൂടിന് ശമനം ഉണ്ടായിട്ടില്ല.

വീടിന്‍റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്.

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യതാപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

അപകട സാധ്യത കൂടിയവര്‍

പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവ് ഉളളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
സൂര്യാഘാതം മൂലം കുഴഞ്ഞുവീണാല്‍ അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്.

കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.

25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.

കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.

കേരളത്തിൽ പ്രായ പൂർത്തിയാവാത്ത അമ്മമാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരം ഉൾപ്പെടെ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ 19 വയസ്സിന് താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിപ്പോർട്ട് 2019 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഇതുപ്രകാരം 2017ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗര പ്രദേശങ്ങളിൽ 16,639 പ്രസവങ്ങളും, ഗ്രാമങ്ങളിൽ 5,913 പ്രസവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം രണ്ടാം പ്രസവത്തിനെത്തിയ 137 പേര്‍‌ 19 വയസിൽ താഴെയുള്ളവരാണ്. ഇതിന് പുറമെ 48 പേർ മൂന്നാം പ്രസവത്തിനും, 37 പേർ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയതെന്നും കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കി റിപ്പോർട്ട് പറയുന്നു.

നഗര പ്രദേങ്ങളിലും ഈ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 16,639 പേരിൽ 298 പേരാണ് 19 വയസിനിടെ രണ്ടാം പ്രസവത്തിന് എത്തിയിട്ടുള്ളത്. 21 പേർ മുന്നാമത്തെ കുഞ്ഞിന് ജൻമം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ചെയ്തിട്ടുള്ള 22,552 പേരിൽ 11 അമ്മമാർ 15 വയസിൽ താഴെയുള്ളവരാണെന്നുമാണ് വിവരം.

അതേസമയം, മതപരമായ കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗങ്ങളിലാണ് 15-19നും പ്രായത്തിനിടയിലുള്ള അമ്മമാർ കുടുതലുള്ളതെന്നും പറയുന്നു. 17,082 പേരാണ് ഈ പ്രായ പരിധിയിൽ പെടുന്നവരുള്ളത്. ഹിന്ദു വിഭാഗത്തിൽ ഇത് 4734 എണ്ണവും ക്രിസ്ത്യൻ വിഭാഗത്തിൽ 702 ഉം പേർ ഉൾപ്പെടുന്നു.

ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരിൽ 17,202 പേർ പത്താം ക്ലാസിനും ബിരുദത്തിനും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ 86 പേർ നിരക്ഷരരും, 91 പേർ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോൾ 3,420 പേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved