Health

ലണ്ടന്‍: ‘റൗണ്ട്എബൗട്ട്’ ചലഞ്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല കൗമാര പ്രായക്കാര്‍ക്കിടയിലും ‘റൗണ്ട്എബൗട്ട്’ ചലഞ്ച് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കുന്ന ചലഞ്ചിന് എന്നാല്‍ മറ്റൊരു വശം കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികള്‍ ഇത്തരം അപകടകരമായ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് മാതാപിതാക്കള്‍ ഇടപെട്ട് തടയണമെന്നും ഇവയുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കണമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ചിന് ശേഷം കുട്ടികള്‍ക്ക് ചിലപ്പോള്‍ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കളിസ്ഥലത്തെ കുട്ടികള്‍ കളിക്കാന്‍ (കറങ്ങിത്തിരിയുന്ന മനുഷ്യ നിയന്ത്രിത ചെറുയന്ത്രം) ഉപയോഗിക്കുന്ന റൗണ്ട്എബൗട്ടുകള്‍ വെച്ചാണ് ചലഞ്ച്. ഏറ്റവും വേഗത്തില്‍ ഇതിലിരുന്ന കറങ്ങുകയെന്നതാണ് ചലഞ്ച്. കേട്ടാല്‍ തമാശയായും രസകരമായി തോന്നുമെങ്കിലും ചലഞ്ചില്‍ പങ്കെടുത്തവര്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാവും. ഇത്തരം അപകടകരമായ ചലഞ്ചുകള്‍ പല രാജ്യത്തും നിരോധിച്ചിട്ടുണ്ട്. യൂ ടൂബ്, ഫെയിസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇവ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. റൗണ്ട്എബൗട്ട് വേഗതയില്‍ കറക്കുന്നത് എല്ലാ സമയങ്ങളിലും മനുഷ്യരല്ല. വേഗത കൂടാന്‍ വേണ്ടി ചിലര്‍ ബൈക്കുകല്‍ വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

റൗണ്ട്എബൗട്ടില്‍ കറങ്ങുന്നത് തലച്ചോറിലേക്ക് അമിത വേഗത്തില്‍ രക്തമെത്തുകയും ഇത് സ്‌ട്രോക്കിലേക്ക് വഴിതെളിയുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ കറങ്ങാന്‍ സാധ്യതയുള്ള വേഗതയിലല്ല ചലഞ്ച് ചെയ്യുന്നവര്‍ കറങ്ങാന്‍ ശ്രമിക്കുന്നത്. തലയ്ക്ക് മാരകമായ പരിക്കേല്‍ക്കുക കൂടാതെ, നേത്രപടലത്തിന് കേടുപാട് സംഭവിക്കാനും ഈ ചലഞ്ച് കാരണമാകും. ചലഞ്ച് ചെയ്തയാള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദന അനുഭവപ്പെടാനും അത് പിന്നീട് മറ്റേതെങ്കിലും രോഗമായി മാറാനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്ത് പരിക്കേറ്റ കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലിങ്കണ്‍ഷെയര്‍ സ്വദേശിയായ ഒരു ആണ്‍കുട്ടിക്ക് ചലഞ്ചിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവൂ.

ലണ്ടന്‍: തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് താരതമ്യേന ശരീരം ഭാരം കൂടി വരുന്നതായി ഗവേഷണം. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ ഗവേഷണഫലവും പുറത്തുവന്നിരിക്കുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളുടെ ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ട്. തൊഴിലെടുക്കുന്ന അമ്മമാരുള്ള കുട്ടികളുടെ ശരീരഭാരം താരതമ്യേന കൂടുതലാണെന്നും ഇവരുടെ ഡയറ്റ് വളരെയധികം അശ്രദ്ധയോടെ ക്രമീകരിക്കപ്പെട്ടതാണെന്നും പഠനത്തില്‍ വ്യക്തമായതായി പ്രൊഫസര്‍ എംല ഫിറ്റ്‌സിമന്‍സ് ചൂണ്ടിക്കാണിച്ചു.

തൊഴിലെടുക്കുന്ന ‘സിംഗിള്‍ മദറുള്ള’ (Single Mother) കുടുംബങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം അച്ഛനും അമ്മയും കൂടെയുള്ള കുട്ടികളിലും അമിതഭാരമുണ്ടാക്കുന്ന തരത്തിലുള്ള ഡയറ്റുകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന അമ്മമാരുടെ കൂടെ ജിവിക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരോ അല്ലെങ്കില്‍ കഴിക്കുന്നവരോ അല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് വിദഗ്ദ്ധരുടെ നിഗമനം.

പാര്‍ട് ടൈം, ഫുള്‍ ടൈം ജോലികള്‍ ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഏതാണ്ട് സമാന അളവിലാണ്. കൃത്യമായ കണക്കുകള്‍ നോക്കിയാല്‍ ഫുള്‍ടൈം തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്കാണ് കൂടുതലായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്ന സംഭവവികാസമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ മക്കളില്‍ ഏതാണ്ട് 19 ശതമാനം പേരും 3 മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നവരാണ്. കുട്ടികള്‍ക്ക് അനുവദിനീയമായതിലും കൂടുതല്‍ ഷുഗര്‍ ഇവര്‍ കഴിക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമുളള വനിതയെന്ന ഗിന്നസ് റെക്കോര്‍ഡ് 116കാരിയായ ജാപ്പനീസ് വൃദ്ധയ്ക്ക്. 1903 ജനുവരി 2നാണ് കൈന്‍ ടനാക്ക ജപ്പാനില്‍ ജനിച്ചത്. അന്ന് തന്നെയാണ് റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും. ജപ്പാനിലെ ഫുക്കുവോക്കയില്‍ ടനാക്ക താമസിക്കുന്ന നഴ്സിങ് ഹോമില്‍ ആഘോഷങ്ങള്‍ നടന്നു.

മേയറായ സൊയിച്ചിറോ തകാഷിമ അടക്കമുളളവര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷം ഏതാണെന്ന ചോദ്യത്തിന് ‘ഇപ്പോള്‍’ എന്നായിരുന്നു കൈന്‍ മറുപടി പറഞ്ഞത്. 1922ല്‍ വിവാഹിതയായ കൈന്‍ നാല് മക്കള്‍ക്കാണ് ജന്മം നല്‍കിയത്. ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നും രാവിലെ 6 മണിക്ക് ഉണരുന്ന കൈനിന് കണക്ക് പഠിക്കാനാണ് ഏറെ ഇഷ്ടം.

കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന ഖ്യാതി സ്വന്തമാക്കിയത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്.117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിക്കുന്നത്.

ആഗോള പകര്‍ച്ചവ്യാധിയായ എയ്ഡ്‌സ് ഉണ്ടായതിന് ശേഷം ലോകത്ത് രണ്ടാം തവണ ഒരു എച്ച്‌ഐവി ബാധിച്ചയാളെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു.

ആദ്യമായി രോഗശാന്തി പ്രാപിച്ച രോഗിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ശുഭ വാര്‍ത്ത. ഗവേഷകരുടെ ഏറെ നാളത്തെ ശ്രമങ്ങളുടെ ഫലമായാണിത് സാധ്യമായിരിക്കുന്നത്. എച്ച്‌ഐവി അണുബാധയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേച്വര്‍ എന്നജേര്‍ണലില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് ചിക്തിസ നടത്തിയത്. രണ്ടു കേസുകളിലും ഒരേതരത്തിലാണ് ചികിത്സ നടന്നത്.

കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍ ഇവ എച്ച്‌ഐവി വൈറസുകളെ പ്രതിരോധിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഏറെ സമയം വേണ്ടി വരുന്ന ചികിത്സയാണിത്. അതിനാലാണ് ആദ്യ രോഗിയില്‍ നിന്നും രണ്ടാമത്തെ രോഗിയിലേക്ക് പന്ത്രണ്ട് വര്‍ഷത്തിന്റെ സമയം വേണ്ടി വന്നത്.

ഇരുവര്‍ക്കും ക്യാന്‍സറും എയ്ഡ്‌സും ഉണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ ആൾ പറയുന്നത്.

Image result for hiv-is-reported-cured-in-a-second-patient-a-milestone-in-the-global-aids-epidemic

തിമോത്തി റേ ബ്രൗണ്‍

 

മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ എച്ച്ഐവി ബാധയില്‍ നിന്ന് മുക്തനാകുന്നത്. ലണ്ടനില്‍ ഡോക്ടർ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. ഇപ്പോള്‍ എച്ച്ഐവി വൈറസുകള്‍ പൂര്‍ണ്ണമായും ഇയാളില്‍ നിന്ന് അകന്നുവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

സമാനമായ രീതിയില്‍ 2007ലാണ് ആദ്യമായി രോഗമുക്തി കൈവരിക്കുന്നത്. ബെര്‍ലിന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ എന്ന ആള്‍ക്കാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ എയ്ഡ്സ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്. എയ്ഡ്‌സിനൊപ്പം അദ്ദേഹത്തിന് രക്താര്‍ബുദവും ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.

നിവിൽ മുന്നിലുള്ള രണ്ട് ഉദാഹരണങ്ങളും കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്‌സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനായെന്നും നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു

തുടർ പഠനങ്ങൾ നടത്തി എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്ന കോശങ്ങൾ ഫലപ്രദമായി എങ്ങനെ എയ്ഡ്‌സ് രോഗികളുടെ ശരീരത്തിൽ പ്രവേശിപ്പിക്കും എന്ന് കണ്ടെത്തുകയാണ് വൈദ്യശാസ്ത്ര ലോകത്തിനു മുന്നിലുള്ള പുതിയ വെല്ലുവിളി.

അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് സ്മൃതിനാശം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. അള്‍ഷൈമേഴ്‌സ് സാധ്യത അഞ്ച് മടങ്ങ് കുറയ്ക്കാന്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. 9000 പേരില്‍ നടത്തിയ പഠനത്തിലാണ് വളരെ സുപ്രധാനമായ ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) സാധ്യത ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്താനാവുമെന്ന് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 140 എന്നത് 120 ആയി കുറച്ചവരില്‍ എംസിഐ സാധ്യത 19 ശതമാനം കുറവായെന്ന് പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു.

ഇവരുടെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ പരിശോധനകളില്‍ തകരാറുകളുടെ ലക്ഷണം കുറവായിരുന്നുവെന്നും വ്യക്തമായി. ഹൈപ്പര്‍ ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് 140 എംഎംജിഎച്ചില്‍ നിന്ന് 130 എംഎംജിഎച്ചായി അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു. അമിത രക്തസമ്മര്‍ദ്ദത്തിന് കൂടുതലാളുകള്‍ ചികിത്സ തേടുന്നതിനു വേണ്ടിയാണ് നിരക്കില്‍ കുറവു വരുത്തിയത്. അടുത്ത വര്‍ഷം യുകെയിലും ഇതേ മാനദണ്ഡം നടപ്പിലാക്കുമോ എന്ന കാര്യം ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് വാച്ച്‌ഡോഗായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ കെയര്‍ എക്‌സലന്‍സ് പ്രഖ്യാപിക്കും.

മാറ്റം വരുത്തുകയാണെങ്കില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 50 വയസിനു മേല്‍ പ്രായമുള്ള പകുതിയോളം പേര്‍ക്കും 65 വയസിനു മേല്‍ പ്രായമുള്ള 75 ശതമാനം പേര്‍ക്കും 80 വയസിനു മുകളിലുള്ള ആറില്‍ ഒരാള്‍ക്ക് വീതവും അമിത രക്തസമ്മര്‍ദ്ദം അല്‍ഷൈമേഴ്‌സിന് കാരണമാകുമെന്നാണ് നിഗമനം.

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു.

ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.

രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ മേഖലയിലുളളവര്‍ പക്ഷികള്‍ കഴിച്ച് ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസെര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മുന്നറിയിപ്പുളളത്.
ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേരാണ് മരിച്ചത്.

ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരള്‍ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വളര്‍ച്ചയാണെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥിര മദ്യപാനം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പഠനം പറയുന്നു. അതേസമയം ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് കരള്‍ രോഗത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത്, ഒാക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റേച്ചല്‍ സിംപ്‌സണ്‍ നേതൃത്വത്തിലാണ് പഠനം നടന്നിരിക്കുന്നത്.

യുവതികളില്‍ സമീപകാലത്ത് ആല്‍ക്കഹോള്‍ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലകളിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏതാണ്ട് 55 ശതമാനം വര്‍ദ്ധനവാണ് സ്ത്രീ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഇന്‍സ്റ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിലെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സെവറി പറഞ്ഞു. സമീപകാലത്ത് സ്ത്രീകളെ ലക്ഷ്യമാക്കി വിപണിയിലെ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളുവെന്നും രോഗശതമാനത്തിലെ വര്‍ദ്ധനവ് ഒട്ടും അദ്ഭുതം ഉളവാക്കുന്നതല്ലെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ഒരു മാസത്തോളം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് 3ഡി പ്രിന്റ് ചെയ്ത ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വയം വിഘടിച്ച് കഷണങ്ങളായി ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഇത് പുറത്തു പോകുകയും ചെയ്യും. നിലവിലുള്ള ഉപകരണം ഒരു സില്‍വര്‍ ഓക്‌സൈഡ് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദഹനരസങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനോ പുറത്തുള്ള ഒരു ആന്റിന ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷിച്ചു വരികയാണ്. പന്നികളില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി. മനുഷ്യരില്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷിക്കും.

ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ശരീര താപനിലയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും.

അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്‌സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

മതാചാരങ്ങളെ ബഹുമാനിച്ചു കൊണ്ടാണ് അവയവദാനം നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നടപടി. ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മതവിഭാഗങ്ങളുമായി ഗവണ്‍മെന്റ് നടത്തിയ കണ്‍സള്‍ട്ടേഷനു ശേഷമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം അവയവദാനത്തിന് തയ്യാറാകാത്തത് മതപരമായ വിഷയങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 42 ശതമാനം ബ്ലാക്ക്, ഏ ഷ്യന്‍ വിഭാഗക്കാര്‍ മാത്രമാണ് അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നത്. അതേസമയം വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുന്നവരില്‍ മൂന്നിലൊന്നു പേരും ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് വാസ്തവം.

കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ന്യൂപക്ഷങ്ങളില്‍ നിന്നുള്ള 27 ശതമാനത്തോളം പേരും അവയവദാനത്തിന് സമ്മതം നല്‍കാത്തതിന് മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാണ് വ്യക്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുകെയിലെ എല്ലാ മതങ്ങളും പിന്തുടരുന്നതെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്ററിം ചീഫ് എക്‌സിക്യൂട്ടീവ് സാലി ജോണ്‍സണ്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved