India

യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

അഞ്ജനയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. പരുക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ചികിത്സയിലിരിക്കെയാണ് പ്രശാന്ത് മരണപ്പെട്ടത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ചത്. ഈ ഒരാഴ്ചയ്ക്കിടെ പ്രശാന്ത് ഉൾപ്പെടെ മൂന്ന് പേരാണ് കാട്ടാനാക്രമണത്തിൽ മരിക്കുന്നത്.

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. വിമാനത്താവള നിര്‍മ്മാണത്തിനായി 1000.28 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റവന്യു വകുപ്പ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. 47 സര്‍വേ നമ്പരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.

എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്പരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 21 ല്‍ ഉള്‍പ്പെട്ട 299 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 160 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ശൂരനാട് രാജശേഖരനാണ് വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പടുത്തതിനാല്‍ തല്‍ക്കാലം വിവാദം വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും ശൂരനാട് രാജശേഖരന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചതിനെതിരെയും ശൂരനാട് രാജശേഖരന്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, വിഷയം നേരത്തെതന്നെ ചര്‍ച്ചചെയ്തതാണെന്നും തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇനിയും വിവാദങ്ങള്‍ വേണ്ടെന്നുമാണ് യോഗത്തില്‍ വി.ഡി. സതീശന്‍ നിലപാടെടുത്തത്.

‘കരുണാകരന്റെ മകള്‍ എന്നുപറഞ്ഞ് പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരന്‍ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും,’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍.

ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ മടങ്ങി എത്തിയ ശേഷം ഭർത്താവ് കുളിക്കാൻ കയറിയ സമയത്താണ് സംഭവം.

ഭർത്താവ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പരിശോധനകൾ നടത്തി. സംഭവ സമയം രണ്ടു വയസുകാരനായ മകനും മുറിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി : ബ്ലെസി – പൃഥ്വിരാജ് – എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ആടുജീവിതത്തിൽ ഓസ്‌ക്കാർ ജേതാവ് ശ്രീ:എ.ആര്‍.റഹ്‌മാന്‍ ആലപിച്ച ഹോപ്പ് സോങ്ങിന് ഡി എൻ എഫ് റ്റി പുറത്തിറക്കി ടെക് ബാങ്ക് മൂവീസ് ലണ്ടൻ. ഓസ്‌കാര്‍ ജേതാവായ ശ്രീ: എ ആർ റഹ്‌മാനും ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ട്റുമായ ശ്രീ: സുഭാഷ് ജോർജ്ജ് മാനുവലും ചേർന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ഡി എൻ എഫ് റ്റി മിന്റ് ചെയ്തത്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസിക്കും , നായകൻ പൃഥ്വിരാജിനും , സംഗീത സംവിധായകനായ ശ്രീ: എ ആർ റഹ്‌മാനും, ശ്രീ: മോഹൻലാലും, സുഭാഷ് ജോർജ്ജ് മാനുവലും ചേർന്ന് ഡി എൻ എഫ് റ്റി മൊമന്റോ നൽകി ആദരിച്ചു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്കായി ഈ മാസം 28-നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രീ: എ.ആര്‍. റഹ്‌മാനാണ്. ഹോപ് എന്ന  ​ഗാനമാണ് ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷ എന്ന ആശയമാണ് ഈ ​ഗാനം പങ്കുവെയ്ക്കുന്നത്. ശ്രീ: എ.ആർ. റഹ്മാൻ തന്നെയാണ് ​ഈ ഗാനരം​ഗത്തിൽ അഭിനയിക്കുന്നതും. അവതരണമികവുകൊണ്ടും ആസ്വാദന ഭംഗികൊണ്ടും ജനശ്രദ്ധ നേടിയ ഈ ഹോപ്പ് സോങ്ങ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീ: എ ആർ റഹ്‌മാൻ തന്റെ ശബ്ദത്തിൽ അഞ്ച് ഭാഷകളിൽ ആലപിച്ച ഈ ഹോപ്പ് സോങ്ങിനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടൻ ഡി എൻ എഫ് റ്റി പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആയി മറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും , ഏഴ് വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങിനും ശേഷം റിലീസിനൊരുങ്ങുന്ന ആടുജീവിതം നിർമ്മിക്കുന്നത് വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നതായിരിക്കും .

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാര്‍ച്ച് 12-14 ദിവസങ്ങളിലെ താപനില മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും കോട്ടയം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വേനല്‍ മഴ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറയുമെന്നാണ് സൂചന. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിട്ടുണ്ട്. പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. മാര്‍ച്ച് 11 വൈകിട്ട് സംസ്ഥാനത്ത് 5031 മെഗാവാട്ട് വൈദ്യുതിയുടെ ഉപയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പഠനറിപ്പോർട്ട്. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽനിന്നാണ് വവ്വാലുകളുടെ സ്രവങ്ങൾ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസ് ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു. 44 വവ്വാലുകളുടെ കരളിൽനിന്നും പ്ലീഹയിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നാലെണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. മുമ്പ് കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുൻവർഷങ്ങളിൽ നടത്തിയ പരിശോധനകളിലും മേഖലയിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

രോഗം വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഫ്രന്റീയേഴ്സ് മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പുനൽകുന്നു. 2018, 19, 21, 23 വർഷങ്ങളിലാണ് കേരളത്തിൽ നിപ രോഗബാധയുണ്ടായത്.

കേരളത്തിലെ നിപബാധയിൽ വൈറസ് വവ്വാലുകളിൽനിന്ന് എങ്ങനെ മനുഷ്യരിലെത്തുന്നുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗംപകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. രോഗപ്രതിരോധപ്രവർത്തനങ്ങൾ വിജയത്തിലെത്താൻ രോഗംവരുന്നവഴി വ്യക്തമാകണമെന്ന് വനംവകുപ്പ് മുൻ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ‍ഡോ. അരുൺ സത്യൻ ചൂണ്ടിക്കാട്ടി.

വവ്വാലുകൾ കടിക്കുന്ന പഴങ്ങളിൽ വൈറസ് സാന്നിധ്യം കാണുന്നുണ്ടോ എന്നുപരിശോധിക്കപ്പെടണം. രാത്രി ക്യാമറാനിരീക്ഷണം ഉൾപ്പെടെ ഇതിനാവശ്യമാണ്.

നഗരത്തില്‍ മദ്യപിച്ച ശേഷം അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങി പൊലീസ്. നിയമപ്രകാരം മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ പിഴ ഒടുക്കുകയും നിയമ നടപടി നേരിടുകയും വേണമെന്നാണ്. എന്നാല്‍ കേസുകളുടെ എണ്ണം കുറയ്ക്കാനായി കേസിനും പിഴയ്ക്കും പുറമേ ട്രോഫിക് പൊലീസ് സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുകയും വേണം.

ക്ലാസുകള്‍ ഈസ്റ്റ്, വെസ്റ്റ് ട്രാഫിക് എസിപിമാരുടെ ഓഫിസുകളിലാണ് നടക്കുക. കൊച്ചി നഗരത്തില്‍ മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ ദിവസേന നാല്‍പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

ഒരു തവണ പിടിയിലാകുന്നവര്‍ വീണ്ടും മദ്യപിച്ചു വാഹനം ഓടിക്കുന്നില്ല എന്നുറപ്പു വരുത്തുകയാണു ക്ലാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ മോട്ടര്‍ വാഹന വകുപ്പിനു നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ട്രാഫിക് സ്റ്റേഷനുകള്‍ക്കു പുറമേ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പാലസ്, അമ്ബലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ ഇടപ്പള്ളിയിലുള്ള ട്രാഫിക്ക് ഈസ്റ്റ് എസിപിയുടെ ഓഫിസിലും മുളവുകാട്,സെന്‍ട്രല്‍, നോര്‍ത്ത്, കടവന്ത്ര, സൗത്ത്, ഹാര്‍ബര്‍, പള്ളുരുത്തി, കുമ്ബളങ്ങി,കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നീ സ്റ്റേഷനുകളില്‍ കേസുള്ളവര്‍ വെസ്റ്റ് എസിപിയുടെ ഓഫിസിലും ക്ലാസില്‍ പങ്കെടുക്കണം, ദിവസവും രാവിലെ 11 മണി മുതലാണ് ക്ലാസുകള്‍.

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.

RECENT POSTS
Copyright © . All rights reserved