Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണുള്ളത്.

ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കോട്ടയത്താണ്, 14 പേര്‍. അഞ്ചുപേര്‍ മത്സരിക്കുന്ന ആലത്തൂരാണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത്. കോട്ടയത്തിന് തൊട്ടുപിന്നിലായി 13 സ്ഥാനാര്‍ഥികളുമായി കോഴിക്കോടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ 12 പേര്‍ വീതവും മത്സര രംഗത്തുണ്ട്.

ആകെ 290 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി 86 പേരുടെ പത്രിക തള്ളി. തുടര്‍ന്ന് 204 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) പത്തുപേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 194 ആയി. ഏപ്രില്‍ 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയും തയ്യാറായിട്ടുണ്ട്. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളത്. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച്‌ കേടുപാടുണ്ടായ കാറിന്റെ ഉടമയായ ഡോക്ടറിന് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് ഈടാക്കി നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെന്നത്ത് ജോര്‍ജ് വിധിച്ചു.

2018 ഒക്ടോബര്‍ 20ന് അരയന്‍ കാവ് കാഞ്ഞിരമറ്റം റോഡില്‍ സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ മറ്റൊരു കാറിനെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു.

45 ദിവസത്തിനകം തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും കമ്പനി പിന്നീട് പിതാവില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് പി.രാജീവ് കോടതിയില്‍ ഹാജരായി.

ഡോൺബോസ്കോ ഐ.ഡി.യിൽനിന്ന് ആര്യയ്ക്ക് ആരാണ് മെയിൽ അയച്ചതെന്ന വിവരങ്ങൾ പോലീസിന് തിങ്കളാഴ്ച ലഭിക്കും. ഏത് സെർവറിൽനിന്നാണ് ഇവ വന്നതെന്ന വിവരം ഗൂഗിൾ കൈമാറും. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ ആരുടെ പ്രേരണയിലാണ് ഇവർ ഈ ജീവിതം തിരഞ്ഞെടുത്തതെന്ന്‌ മനസ്സിലാകുമെന്ന് പോലീസ് പറഞ്ഞു. നവീൻതന്നെയാണ് ഡോൺബോസ്കോ എന്ന വ്യാജ ഇ-മെയിൽ ഐ.ഡി. കൈകാര്യംചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് സംഘം.

അതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന നവീന്റെ കാറിൽനിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.

ലോകത്ത് വൻവെള്ളപ്പൊക്കമുണ്ടാകുമെന്നും എല്ലാവരും മരിക്കുമെന്നും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ രക്ഷപ്പെട്ട് അന്യഗ്രഹത്തിലെത്താമെന്നും ഇവർ വിശ്വസിച്ചെന്നാണ് പോലീസ് നിഗമനം. ഇങ്ങനെയാവാം അരുണാചലിലെ സിറോ തിരഞ്ഞെടുത്തത്‌.

നവീനാണ് കടുത്ത അന്ധവിശ്വാസം പിന്തുടർന്നത്. പിന്നീട് ദേവിയും ആര്യയും ഇയാൾ പറയുന്നത് വിശ്വസിക്കുകയായിരുന്നു. മറ്റു ഗ്രഹങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യ. ഇതാകാം നവീന് തുണയായതെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ വീടുകൾ പോലീസ് പരിശോധിച്ചെന്നും മെയിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും ഡി.സി.പി. പി. നിധിൻരാജ് പറഞ്ഞു.

നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.

ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ ഭര്‍ത്താവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

ഒരുമാസം മുന്‍പാണ്, ഓണ്‍ലൈന്‍ പഠനത്തിനായി യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കോട്ടയം വെസ്റ്റ് പോലീസെത്തി, യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹപരിശോധനയ്ക്കുശേഷം ഇളംകാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.

അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒൻപതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 90 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെരുവിൽ ബിജോ മാത്യു (44)വിനെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 17നാണ് വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നൽകിയത്.

എൻസിസി ക്യാമ്പ് സമയത്ത് ഉൾപ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു.

കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി. യു.ഡി.എഫ്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ച് സജി മഞ്ഞക്കടമ്പില്‍. മോന്‍സ് ജോസഫ് എം.എല്‍.എ. തന്നെ അപമാനിക്കുന്നു എന്നാരോപിച്ചാണ്‌ രാജി സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു.

പി.ജെ. ജോസഫുമായി അഭിപ്രായ ഭിന്നതയില്ല. മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു.

ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി.

എന്നാല്‍, കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അനിത കരഞ്ഞുപറഞ്ഞിട്ടും അധികൃതര്‍ ചെവികൊണ്ടില്ല.

ഇതോടെയാണ് അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. അനിതയ്ക്ക് പിന്തുണയുമായി ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി.

സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം.

ഈ തുക പലതവണ അക്കൗണ്ടിലേക്ക് വരുകയും പോകുകയും ചെയ്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടര്‍ന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല. എറണാകുളത്ത് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസില്‍നിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്.

ഈ അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് എം.എം. വര്‍ഗീസിന്റെ മറുപടി തൃപ്തികരമല്ലെന്ന നിലയിലാണ് സംഘം ഇന്നലെ മടങ്ങിയത്. പാര്‍ട്ടിയും പാര്‍ട്ടിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജില്ലാ സെക്രട്ടറിയും അക്കൗണ്ടിലെ ഇത്ര വലിയ തുക ഇതേവരെ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിശദമായ അന്വേഷണം നടത്തിവരികയാണ്. കരുവന്നൂരില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ സി.പി.എമ്മിന് ഉണ്ടെന്ന് ഇ.ഡി. പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ഇ.ഡി. ആര്‍.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു.

മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്‌ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണം. മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു.

ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. ആറ് പേരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നാല് പേരെക്കൂടി പൊലീസ് പിടികൂടുകയായിരുന്നു.

രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക് ദാസിനെതിരെ ഇവർ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved