Kerala

കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് വെച്ച കെണിയില്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് സംഭവം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്ഫോടനത്തില്‍ തകരുകയായിരുന്നു. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്.

പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു. കാട്ടുപന്നിയെ പിടികൂടാനായി ചിലര്‍ ഒരുക്കിയ കെണിയിലാണ് പിടിയാന അകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആന ചെരിഞ്ഞത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ ആന അസഹ്യമായ വേദന സഹിച്ചാണ് ചത്തത്. ഭക്ഷണം കഴിക്കാനാകാത്തതോടെ ജനവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു.

നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും ചങ്ക് തകര്‍ക്കുന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.

അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.11 ദിവസം മൂര്‍ഖന്‍ പാമ്പിനെ പട്ടിണിയ്ക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് പ്രതി സൂരജിന്റെ കുറ്റസമ്മതം. കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയില്‍.

ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ കുപ്പിക്കുള്ളിലായിരുന്നു മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചത്. ഉത്രയുടെ ശരീരത്തിലേയ്ക്ക് തുറന്നു വിട്ട ഉടന്‍ പാമ്പ് തന്റെ നേരെ ചീറ്റുകയായിരുന്നു. തുടര്‍ന്ന് ഉത്രയെ ആഞ്ഞു കൊത്തുകയും ചെയ്തുവെന്ന് പ്രതി സൂരജ് പറഞ്ഞു.

ഭക്ഷണമില്ലാതെ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ ചീറ്റലില്‍ താന്‍ ഭയന്നു. അണലിലെ കൊണ്ട് കടുപ്പിച്ചത് മാര്‍ച്ച് 2 ന് രാത്രി 12. 45 ന് ആയിരുന്നു എന്ന് പ്രതി പറയുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്തതില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്നതായി സഹോദരി സമ്മതിച്ചു.

അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും.

അഞ്ചൽ ഉത്രവധക്കേസിൽ സൂരജിന്റെ കുടുംബത്തിന് കുരുക്ക് മുറുകുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇരുവരേയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

ഇതിനിടെ, ഉത്രയുടെ സ്വർണത്തെക്കുറിച്ച് അന്വേഷണസംഘം കണക്കെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. അടൂരിലെ ബാങ്കിലെ ലോക്കർ പരിശോധിച്ച് സ്വർണ്ണത്തിന്റെ വിവരങ്ങൾ ശേഖരിക്കും.

സൂരജിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണ്ണം കഴിഞ്ഞദിവസം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരെ ബുധനാഴ്ച അടൂരിലെത്തിച്ച് തെളിവെടുക്കും.

കേസിലെ മറ്റുപ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ ചാത്തന്നൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.

തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം അമ്മയെ കൊലപ്പെടുത്തിയ മകന്റെ വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. 55കാരിയായ കുഞ്ഞന്നാമ്മയെ കൊലപ്പെടുത്തിയ മകന്‍ 27കാരന്‍ നിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിതിന്റെ മൊഴികള്‍ വ്യത്യസ്ഥമാണ്. അമ്മയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിക്കുമ്പോള്‍ അമ്മയെക്കുറിച്ച് കുറ്റങ്ങള്‍ മാത്രമേ നിതിന് പറയാനുണ്ടായിരുന്നുള്ളൂ. നിതിന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള്‍ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കള്‍ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്‍കിയില്ലെന്നും ഉപദ്രവിച്ചതായും നിതിന്‍ പറഞ്ഞു.

അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന്‍ അതേ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയും തുടര്‍ന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച് പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരിയിലാണു നിതിന്‍ നാട്ടിലെത്തിയത്.

വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച് നല്‍കുമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന്‍ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ നിതിനും അമ്മയും തമ്മില്‍ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

വളാഞ്ചേരിയില്‍ തീകൊളുത്തിമരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ “ഞാന്‍ പോകുന്നു” എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

അതേസമയം സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.

സ്മാര്‍ട്ട്‌ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി. ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

മലപ്പുറം ∙ കുട്ടികളുടെ അശ്ലീലചിത്രം ‘ആചാരവെടി’ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ 33 പേർ അറസ്റ്റിൽ. വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവർക്കെതിരെയും കേസ് എടുത്തു. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേരെയും പിടികൂടാനാണ് പൊലീസ് നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.

ഗ്രൂപ്പ് അംഗങ്ങളിൽ പലരും വിദേശത്തുള്ളവരാണ്. ഇവർക്കെതിരെയും നടപടിയുണ്ടാകും. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികൾക്കു നേരേയുള്ള ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്.

ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

പാലക്കാട് പാല്‍നാ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും സ്റ്റാഫ് നേഴ്‌സുമായ ജിബു മോന്‍ കുര്യാക്കോസ് (37) വാഹനാപകടത്തിൽ മരണമടഞ്ഞു. ജിബു സഞ്ചരിച്ചിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്. ചങ്ങനാശേരി സ്വദേശിയാണ് പരേതനായ ജിബു. ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് പറ്റിയെങ്കിലും അപകടനില തരണം ചെയ്‌തു എന്നാണ് അറിയുന്നത്.

ഇന്ന് രാവിലെ രോഗിയുമായി ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യുഎന്‍എ പ്രവര്‍ത്തകനായിരുന്നു പരേതനായ ജിബു. മതിലിൽ ഇടിച്ചു മറിഞ്ഞു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഭാര്യ നവ്യ ഒമാനില്‍ നേഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. നാളെ കണ്ണൂർക്കുള്ള എയര്‍ ഇന്ത്യാ ഇവാക്വേഷന്‍ വിമാനത്തിന് നവ്യ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂത്താട്ടുകുളം സ്വദേശിനിയാണ്.

മലപ്പുറം∙ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യചെയ്തത് സാംസ്കാരിക കേരളത്തിന്റെ നൊമ്പരമായി. എല്ലാകുട്ടികളും ഒാൺലൈൻ ക്ലാസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന സമയത്താണ് ദേവികയുടെ സങ്കടകരമായ മരണം. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

പുളിയപ്പറ്റക്കുഴി കൊളത്തിങ്ങൽ ബാലകൃഷ്ണന്റെ മകൾ ദേവികയെയാണു (14) തിങ്കളാഴ്ച വൈകിട്ട് ഇരുമ്പിളിയത്തെ ഒഴിഞ്ഞ പറമ്പിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്മാര്‍ട്ട് ഫോണില്ല. ടിവി തകരാറിലാണ്. വീട്ടിലെ അസൗകര്യങ്ങൾ തന്റെ പഠനത്തിനു തടസമാകുമെന്ന ആശങ്ക ദേവിക നേരത്തെ രക്ഷിതാക്കളുമായി പങ്കുവച്ചിരുന്നു.

ടിവി നന്നാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്ന മുറയ്ക്കു സൗകര്യങ്ങൾ ഒരുക്കാമെന്നു പറഞ്ഞു മകളെ ആശ്വസിപ്പിച്ചിരുന്നതായി പിതാവ് ബാലകൃഷ്ണൻ പറയുന്നു. കൂലിപ്പണിക്കാരനായ ബാലകൃഷ്ണനു ലോക്ഡൗണിനെത്തുടര്‍ന്നു തൊഴിൽ നഷ്ടപ്പെട്ടതോടെയാണു കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്..

സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആദ്യദിവസത്തെ ഓൺലൈൻ ക്ലാസ് നഷ്ടമായതാണു ദേവികയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു രക്ഷിതാക്കൾ പറയുന്നു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആത്മഹത്യയ്ക്കു കാരണമായെന്നാണു പൊലീസിന്റെയും വിലയിരുത്തൽ. ദേവികയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെത്തിയ കുറിപ്പിലും ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു സൂചനകൾ നൽകുന്നുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ആറിനാണു വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ദേവികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയു മൃതദേഹത്തിന് അരികിലുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

വീട്ടിലെ ടിവി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. സെക്കന്റ്ഹാൻഡ് ടിവിയായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരുമാസമായി ടിവി കേടായിരുന്നു. അച്ഛൻ കൂലിപ്പണിക്കാരനാണ്. ലോക്ഡൗണിൽ പണിയില്ലാതായതും ടിവി നന്നാക്കുന്നത് നീണ്ടുപോകാൻ കാരണമായി.

രണ്ട് ദിവസമായി ടിവി ഇല്ലെന്ന് പറഞ്ഞ് ദേവിക സങ്കടം പറഞ്ഞിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും ടിവി നന്നാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. അടുത്തുള്ള വീട്ടിൽ പോയി ടിവികാണാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നതായും കുട്ടിയുടെ അമ്മപറയുന്നു. എന്നാൽ അവരൊന്നും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ദേവികയുടെ മറുപടിയെന്നും അമ്മ ഒാർക്കുന്നു.

കുട്ടിയെ ഉച്ചമുതൽ കാണാതായിരുന്നു. വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തീകൊളുത്തി മരിക്കുകയായിരുന്നു. അടുത്തവീട്ടിൽ പോയിക്കാണും എന്നാണ് കരുതിയത്. പിന്നീടാണ് വൈകുന്നേരത്തോടെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയും കൊണ്ടുപോയാണ് തീകൊളുത്തിയത്.

കുട്ടിക്ക് മറ്റ് വിഷമങ്ങൾ ഒന്നുമില്ലായിരുന്നുവെന്നു മാതാവ് പറഞ്ഞു. മുത്തശ്ശിയോടാണ് ടിവിയില്ലാത്തതിന്റെ സങ്കടം പറഞ്ഞിരുന്നുത്. സ്മാർട് ഫോണും വീട്ടിലില്ലായിരുന്നു.പത്താം ക്ലാസിലാണെന്നതും നന്നായി പഠിക്കണമെന്നുള്ള ആശങ്കയും കുട്ടിയെ അലട്ടിയിരുന്നു.

അയ്യങ്കാളി സ്കോളർഷിപ്പ് നേടിയ കുട്ടിയായിരുന്നു. കഴിഞ്ഞദിവസം പിതാവ് സ്കൂളിൽ പോയപ്പോൾ അധ്യാപകർ വീട്ടിൽ ടിവി ഉണ്ടോയെന്നു അന്വേഷിച്ചിരുന്നു. ടിവി കേടായ വിവരം പിതാവ് അധ്യാപകരോട് പങ്കുവച്ചിരുന്നു. വിഷമിക്കണ്ട പരിഹാരം ഉണ്ടാകുമെന്ന് അധ്യാപകർ പറഞ്ഞിരുന്നതായും പിതാവ് വ്യക്തമാക്കി.

ആയൂർ∙ ആ യാത്രയയപ്പ് ചടങ്ങിലും കിച്ചുവായിരുന്നു ശ്രദ്ധാകേന്ദ്രം. അമ്മൂമ്മയുടെ ഒക്കത്തിരുന്ന് അവൻ പലപ്പോഴും ചിണുങ്ങി. അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ അമ്മ ജവാഹർ യുപി സ്കൂളിലെ അധ്യാപികയായ മണിമേഖലയുടെ വിരമിക്കലിന്റെ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർ കൂടുതലൊന്നും പറഞ്ഞില്ല. ആരും ആശംസ നേർന്നില്ല, പകരം പ്രാർഥിക്കാമെന്നു പറഞ്ഞു. മകൾ ഉത്രയുടെ അപ്രതീക്ഷിത വേർപാടിനെ തുടർന്നുള്ള ഹൃദയ വേദനയോടെയാണ് 36 വർഷം നീണ്ട അധ്യാപന ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ.

രാവിലെ പത്തിനു ഉത്രയുടെ മകൻ കിച്ചുവെന്ന ധ്രുവുമായി സ്കൂളിലെത്തിയ ശേഷം വൈകിട്ട് നാലോടെയാണു മടങ്ങിയത്. മകളുടെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ഭർത്താവ് വിജയസേനനും മകൻ വിഷുവും ക്രൈംബ്രാഞ്ച് ഓഫിസിൽ പോയതിനാലാണു കിച്ചുവിനെയും ഒപ്പം കൂട്ടിയത്. കുളത്തൂപ്പുഴ ടൗൺ യുപി സ്കൂളിലെ അധ്യാപികയായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിരമിക്കുമ്പോൾ ലഭിക്കുന്ന തുക ഉപയോഗിച്ചു ഏറത്തെ കുടുംബ വീടിനടുത്തു മകൾ ഉത്രയ്ക്കു വീട് നിർമിച്ചു നൽകണമെന്ന സ്വപ്നം പറഞ്ഞ് അവർ വിതുമ്പി.

കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല എഫ്‌സിസി മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്ന് ആയിരുന്നു സിസ്റ്റര്‍ ലൂസി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് ശേഷം  തനിക്ക് അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യല്‍ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നേരെ വികാരിയുടെ ആക്രമണവും ഉണ്ടായെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലിനെ ചോദ്യം ചെയ്തിരിക്കുകയാണ്. സിസി ടിവി ഫൂട്ടേജ് ഇടവകക്കാരെ കാണിക്കാന് വിസമ്മതിക്കുന്ന  അച്ചനെതിരെയാണെല്ലോ പരാതി ഉള്ളതെന്ന് ഒരു യുവാവ് പറയുമ്പോള്‍ അത് ഇങ്ങേരല്ലേ പറയുന്നത് എന്നായിരുന്നു വികാരിയുടെ മറു ചോദ്യം. മാത്രമല്ല ഭൂരിപക്ഷത്തിന് പരാതിയില്ലെന്നും വികാരി പറയുന്നു. ഭൂരിപക്ഷ അഭിപ്രായം നോക്കി നടപടി ഉണ്ടാകേണ്ട ഒന്നാണോ ഈ പരാതി എന്നാണ് പലരും ചോദിക്കുന്നത്. എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ തന്നെ ആര് പറയുന്നതാണ് സത്യം എന്നത് എല്ലാവർക്കും ബോധ്യമാവുമെന്ന് ഉള്ളപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ അത് മറച്ച് വയ്ക്കുന്നത് സി. ലൂസിയുടെ ആരോപണത്തിൽ കഴമ്പുള്ളതിനാലാണ് എന്നും ഇടവകയിലെ യുവജനങ്ങൾ ആരോപിച്ചു.

തുടര്‍ന്ന് പോലീസ് സംഭവത്തില്‍ ഇടപെടുകയും പരാതിയുള്ളവര്‍ സ്റ്റേഷനില്‍ എത്തി കൊടുക്കണമെന്നും അല്ലാതെ ഇങ്ങനെ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ വികാരി പള്ളിയില്‍ ഇരുന്ന് ഇനി എന്തൊക്കെ കാണിക്കുമെന്നും അതിനൊക്കെ ആര് ഉത്തരവാദിത്വം പറയുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. അന്നേ ദിവസം സംഭവിച്ച സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്ത് വിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന് എന്തിനാണ് വികാരി ഭയക്കുന്നതെന്നും സിസിടിവി ഇടവകക്കാരില്‍ നിന്നും പിരിച്ച പണത്തില്‍ സ്ഥാപിച്ചതല്ലേ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞു.

വീഡിയോ താഴെ .

https://www.facebook.com/advborispaul/posts/10219295134743950

RECENT POSTS
Copyright © . All rights reserved