literature

ജോൺ കുറിഞ്ഞിരപ്പള്ളി

“ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷന് ഒരു ലെറ്റർ പാഡും രസീത് ബുക്കും സംഘടിപ്പിക്കണം.”ജോർജ് കുട്ടി പറഞ്ഞു. ഞാൻ കേട്ടതായി ഭാവിച്ചതേയില്ല.

“ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ?”ജോർജ് കുട്ടി വീണ്ടും എന്നോട് ചോദിച്ചു.

“കേട്ടു,പക്ഷെ,അത് സെക്രട്ടറിയും ട്രഷററും കൂടി ചെയ്യേണ്ട ജോലിയാണ്. ഞാൻ പ്രസിഡണ്ട്, അതായത് താൻ പറഞ്ഞിരുന്നതു പോലെ എവിടെ ഒപ്പിടണം എന്ന് പറഞ്ഞാൽ ഒപ്പ് ഇടും.”

അടവ് ഫലിക്കുന്നില്ല എന്ന് ജോർജ് കുട്ടിക്ക് മനസ്സിലായി. വൈകുന്നേരം ജോർജ് കുട്ടി കോൺട്രാക്ടർ രാജനെ കണ്ടപ്പോൾ പറഞ്ഞു,”എനിക്ക് ട്രഷറർ ജോലിയും സെക്രട്ടറി ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ഞാൻ വളരെ തിരക്കിലാന്ന്. അതു കൊണ്ട് താൻ ട്രഷറർ ആയിക്കോ.”

രാജൻ കേട്ടപാടെ സമ്മതിച്ചു.

“നമ്മൾക്ക് ലെറ്റർ ഹെഡ് അടിപ്പിക്കണം, രസീത് ബുക്ക് വേണം അതെല്ലാം തയ്യാറാക്കാൻ ഞാൻ ട്രഷററെ ഏൽപ്പിക്കുന്നു.”

രാജൻ പറഞ്ഞു ,”ശരി,ഒരു ഇരുനൂറ്റമ്പത് രൂപ വേണം,ഇപ്പോൾ എൻ്റെ കയ്യിൽ കാശില്ല. ഞാൻ ഒരു കോൺട്രാക്ട് കൊടുത്തിട്ടുണ്ട്. കിട്ടിയാൽ പിന്നെ പ്രശ്നമില്ല.”

ജോർജ് കുട്ടി എന്നെ നോക്കി. ഞാൻ സൂര്യൻ അസ്തമിക്കുന്നതും നോക്കി നിൽക്കുകയാണ്. അതുകൊണ്ട് അവർ പറയുന്നത് ഒന്നും കേൾക്കുന്നില്ല.

ജോർജ് കുട്ടി പറഞ്ഞു.”എന്നാൽ കോൺട്രാക്ട് കിട്ടിയിട്ട് പ്രിൻറ് ചെയ്യിച്ചാൽ മതി. എവിടെയാണ് കോൺട്രാക്ട് എടുത്തിരിക്കുന്നത്?എത്ര ലക്ഷം വരും?”

“ഇവിടെ ഒരു ഗൗഡയുടെയാണ് വർക്ക്. അവരുടെ പട്ടിക്കൂടിന് ഒരു വാതിൽ ഫിറ്റു ചെയ്യണം. ഇരുനൂറ്റമ്പത്‌ രൂപ ചോദിച്ചിട്ടുണ്ട്. നൂറ്റമ്പത് അയാളും പറയുന്നു. നടന്നാൽ ഭാഗ്യം.”രാജൻ പറഞ്ഞു.

” ആരു നടക്കുന്ന കാര്യമാ പറയുന്നത്? കൂട്ടിൽ കിടക്കുന്ന പട്ടി എങ്ങോട്ട് നടക്കും.?”

“പട്ടിയും ഗൗഡയും നടക്കുന്ന കാര്യമല്ല, കോൺട്രാക്റ്റ് നടക്കുമോ എന്നാണ് പറഞ്ഞത്. “രാജൻ വിശദീകരിച്ചു.

പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയാണെങ്കിലും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. രാജൻ കോൺട്രാക്ടറെക്കൊണ്ട് കാര്യം നടക്കില്ല എന്നുറപ്പായി. രസീത് ബുക്കില്ലാതെ എങ്ങനെ പിരിവിന് ഇറങ്ങും?പിരിച്ചില്ലെങ്കിൽ എങ്ങനെ ഓണം നടത്തും?

ഓണം ഇല്ലെങ്കിൽ എങ്ങനെ കലാപരിപാടികൾ നടത്തും?

ആരെയെങ്കിലും വീഴ്ത്തണം.”ശരി,നമുക്ക് ആലോചിക്കാം”, എന്ന് പറഞ്ഞു ജോർജ് കുട്ടി നടന്നു. ഞങ്ങൾ ബ്രദേഴ്‌സ് ബേക്കറിയുടെ മുൻപിൽകൂടി സി .എസ്സ്.ഐ.ചർച്ചിൻ്റെ അടുത്തേക്ക് പോകുമ്പോൾ ബിഷപ്പ് ദിനകരൻ ഒരു കീറിയ ജീൻസും ഒരു ടീ ഷർട്ടും ധരിച്ച് അവിടെ നിന്നു പ്രസംഗിക്കുന്നു.

“ഈശ്വരനെ തേടി ഞാൻ നടന്നു,അവിടെയുമില്ല ഈശ്വരൻ, എവിടെയുമില്ല ഈശ്വരൻ, അവസാനം ഞാൻ എന്നിലേക്ക്‌ തിരിഞ്ഞു.”ദിനകരൻ കത്തി കയറുകയാണ്. ഒരു അൻപതുപേരോളം കേൾവിക്കാരായുണ്ട് .

“ഇത് കലാഭവനിലെ ആബേലച്ചൻ എഴുതിയ പാട്ടല്ലേ? ഇതെങ്ങനെ തമിഴൻ ദിനകരൻ പ്രസംഗത്തിന് ഉപയോഗിക്കുന്നു?”

,”ഇന്നലെ ദിനകരൻ പള്ളിയിൽ പ്രസംഗത്തിന് ഒരു പ്രസംഗം എഴുതി തരണമെന്ന് പറഞ്ഞു,ഞാൻ എഴുതിക്കൊടുത്തതാ.”

“കൊള്ളാം,നല്ല ബിഷപ്പ് തന്നെ. ഭാഗ്യമില്ലാത്ത ബിഷപ്പ്. “ഞാൻ പറഞ്ഞു.

“തലവര ,എങ്ങനെ ജീവിക്കേണ്ടതാണ്. ഒരു തൊപ്പിയൊക്കെ വച്ച് നല്ല പള പള മിന്നുന്ന കുപ്പായം ഒക്കെ ഇട്ട് ചെത്തി നടക്കാൻ ഭാഗ്യം ഇല്ലാതെ പോയി.”

ഞാൻ പറഞ്ഞു, “എപ്പോഴാ ഭാഗ്യം വരിക എന്ന് ആര് അറിഞ്ഞു ?”

“ശരിയാ .നാട്ടിൽ പോയി താറാവ് വളർത്തിയാലോ എന്ന് പുള്ളിക്കാരന് ഒരഭിപ്രായം ഉണ്ട്. കാശുള്ള ബിഷപ്പ് ആകാൻ അരോ ഉപദേശിച്ചു കൊടുത്ത വഴിയാണ്.”

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു പ്രസംഗം കേട്ടു. ജോർജ്കുട്ടി പറഞ്ഞു “ഇങ്ങനെ നിന്നാൽ പറ്റില്ല. ഓണം നടത്തേണ്ടതാണ്. എങ്ങിനെയെങ്കിലും ഫണ്ട് പിരിവ് തുടങ്ങണം. നമുക്ക് തൽക്കാലം കാഥികൻ രാധാകൃഷ്ണനെ വീഴ്ത്തി നോക്കാം.”

“നമുക്ക്? ഞാനില്ല.”

“തന്നെ കാണുമ്പോഴേ അറിയാം, ഒരു അരസികൻ ആണെന്ന്. ഓണം ആഘോഷിക്കേണ്ട, എന്നു പറയുന്ന ആദ്യത്തെ മറുനാടൻ മലയാളിയാണ് താൻ.”

“ഹേയ്, ഓണം വേണം. അതിന് എവിടെ ഒപ്പ് ഇടണം എന്നു പറഞ്ഞാൽ മതി.”

“കോമഡി കള. ഒരു പുതിയ പാർട്ടി വന്നിട്ടുണ്ട്. നമുക്ക് ഒന്നു ചാക്കിട്ടു നോക്കാം.. ഒരു ജോർജ് വർഗ്ഗീസ്. ”

ഇതെല്ലാം എങ്ങിനെ കണ്ടു പിടിക്കുന്നു എന്നായി എൻ്റെ സംശയം.

“ഇനി ജോർജ് വർഗീസിനെ കണ്ടുപിടിക്കണം”

“.അയാൾ എവിടെ കാണും?”

“മിക്കവാറും കോശിയുടെ ശ്രീവിനായക ബാറിൽ കാണും.”

തേടിച്ചെന്നു. ആവശ്യക്കാരന് ഔചിത്യമില്ല. ഞങ്ങളുടെ പ്ലാനും പദ്ധതികളും എല്ലാം യാതൊരു ചോദ്യവുമില്ലാതെ കേട്ട് നിശബ്ദനായി ഇരുന്നു ജോർജ് വർഗീസ്. അവസാനം ഒരു ചോദ്യം.”തന്റെ പേര് എന്താ?”

“ജോർജ് കുട്ടി.”

“ദൃശ്യത്തിലെ ജോർജ് കുട്ടിയെ താൻ തോൽപ്പിക്കും അടവുകളുടെ കാര്യത്തിൽ. ഒന്ന് പോ മോനെ ദിനേശാ”.

ഒന്നും മിണ്ടാതെ അല്പസമയം നിന്നിട്ട് ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട. പക്ഷെ ഓണത്തിന് വരണം. പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ശബ്ദം നല്ലതായിരുന്നു. പക്ഷെ താൽപര്യമില്ലെങ്കിൽ എന്ത് ചെയ്യാനാണ്?ഓണത്തിന് ഏതായാലും വരണം.”

ജോർജ് കുട്ടി നടന്നു. പിറകെ ഞാനും. പുറകിൽ നിന്നും വിളിക്കുന്നു ,ജോർജ് വർഗീസ്.

“ജോർജ് കുട്ടി നിൽക്കൂ,കാശ് ഞാൻ തരാം. അപ്പോൾ അനൗൺസ്‌മെൻറ് മോഡറേഷൻ എല്ലാം ഞാൻ, ഓക്കേ?”

ഇരുന്നൂറ് രൂപ ജോർജ് വർഗ്ഗീസ് പോക്കറ്റിൽ നിന്നും എടുത്ത് ജോർജ് കുട്ടിക്ക് കൊടുത്തു.

വാങ്ങി താങ്ക്സ് പറഞ്ഞു നടക്കുമ്പോൾ അയാൾ വീണ്ടും വിളിച്ചു, ഞങ്ങൾ തിരിഞ്ഞു നിന്നു .”ഒരു കാര്യം ഉറപ്പായി, ദൃശ്യം 2 ഇറങ്ങും,ഉറപ്പാ. ഒന്ന് പരിശ്രമിച്ചു നോക്ക്,തനിക്കുപറ്റിയ റോൾ കാണും.”

അയാൾ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

ഡോ. ഐഷ വി

എ ഡി 1979 (കൊല്ലവർഷം 1154) കർക്കിടക മാസത്തിൽ 9 ദിവസം തുടർച്ചയായി രാപകൽ നിർത്താതെ മഴ പെയ്തു. ഞങ്ങളുടെ വീടിന് മുന്നിലുള്ള വയൽ പുഴയായി ഒഴുകി. വയലിന് കുറുകെയുള്ള വഴി ഒലിച്ചു പോയി. അക്കരെ ഇക്കരെ നീന്തി കടക്കുകയല്ലാതെ യാതൊരു മാർഗ്ഗവുമില്ല. പൊതു ജനങ്ങൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. ഞങ്ങളുടെ വസ്ത്രങ്ങൾ അമ്മ അലക്കിയാൽ ഉണക്കിയെടുക്കാൻ നിവൃത്തിയില്ല. അങ്ങനെ തട്ടിൻപുറത്ത് കയറാനുള്ള ഏണിയിൽ അമ്മ വീട്ടിലുള്ള എല്ലാ പേരുടേയും മുഷിഞ്ഞ വസ്ത്രങ്ങൾ തൂക്കിയിട്ടു. കള്ള കർക്കിടകത്തെ നേരിടാനായി അമ്മ നേരത്തേ തന്നെ വിറക്, ചൂട്ട്, കൊതുമ്പ് മടൽ എന്നിവ കട മുറിയിൽ ശേഖരിച്ച് വച്ചിരുന്നതിനാൽ ഇന്ധനക്ഷാമം ഉണ്ടായില്ല. ശ്രീ ബാലൻ പിള്ളയുടെ പക്കൽ നിന്നും നെല്ല് നേരത്തേ വാങ്ങി പുഴുങ്ങി ഉണക്കി കുത്തി സ്റ്റോക്ക് ചെയ്തിരുന്നതിനാൽ അരിയ്ക്കും ക്ഷാമമുണ്ടായിരുന്നില്ല. കള്ള കർക്കിടകം വറുതിയിലാക്കിയ ധാരാളം പേർ പ്രദേശത്തുണ്ടായിരുന്നു. പലരും ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചിൽ മുതലായവ കൊണ്ട് അന്നജത്തിന്റേയും പോഷകങ്ങളുടേയും കുറവ് പരിഹരിച്ചു.

പുഴ പോലെയൊഴുകുന്ന വയലുകാണാൻ ഞങ്ങളും അയൽ വീട്ടുകാരും കുടയും പിടിച്ച് ഞങ്ങളുടെ പറമ്പിന്റെ അറ്റം വരെ പോയി നിന്ന് കണ്ടു. പല പറമ്പുകളിൽ നിന്നും വെള്ളം ഒഴുക്കി കൊണ്ടുവന്ന പല സാധനങ്ങളും വയലിലൂടെ ഒഴുകി. നീന്തലറിയാവുന്ന തയ്യൽക്കാരൻ പുഷ്പൻ അക്കരെ ഇക്കരെ പലപ്രാവശ്യം നീന്തി ഒഴുകി വന്ന ചില സാധനങ്ങൾ പിടിച്ചെടുത്തു. അതിൽ ഒന്ന് ഒരു തെങ്ങിൻ തൈ ആയിരുന്നു. എ ഡി 2018 ലെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കാലത്തു പോലും 1979 ലെ അത്രയും ജലം ആ വയലിലൂടെ ഒഴുകിയിട്ടില്ല. ഒരു പക്ഷേ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം പിൽക്കാലത്ത് നിർമ്മിച്ച കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കനാലിൽ തങ്ങി നിൽക്കുന്നത് കൊണ്ടാകാം വയലിൽ അമിത ജലപ്രവാഹം പിന്നീട് ഉണ്ടാകാതിരുന്നത്. 1979 -ൽ കർക്കിടകപ്പെരുമഴ 9 ദിവസത്തിലധികം നീണ്ടു നിന്നിരുന്നെങ്കിൽ വെള്ളം നമ്മുടെ പറമ്പിലേയ്ക്കും എത്തുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തോരാമഴയിൽ ഞങ്ങളുടെ വീടിന്റെ പല ഭാഗത്തും വെള്ളം ചോർന്നിരുന്നു. അമ്മയും ഞങ്ങളും കൂടി കിട്ടിയ പാത്രങ്ങൾ ഒക്കെയെടുത്ത് ചോർച്ചയുള്ള ഭാഗത്ത് തറയിൽ നിരത്തി.

ഉറുമ്പിന്റേയും പച്ചത്തുള്ളന്റേയും കഥയിൽ പ്രതിപാദിയ്ക്കുന്നതു പോലെ, ഞങ്ങളുടെ അച്ഛനമ്മമാർ ഉറുമ്പിന്റെ കരുതൽ എല്ലാക്കാലത്തും കാണിച്ചിരുന്നത് കൊണ്ട് വറുതിയില്ലാതെ കർക്കിടകം കടക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

സാധാരണ വാരാന്ത്യങ്ങൾ ഞങ്ങൾക്ക് ആഘോഷത്തിൻ്റെ ദിവസങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം പരിപാടികൾ ആരംഭിക്കും. ജോർജ് കുട്ടി ആഘോഷത്തിനുള്ള എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കും. പ്രോത്സാഹിപ്പിച്ചുകൊണ്ട് വെറുതെ ഒന്ന് കൂടെ നിന്നാൽ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ കാണും.
പക്ഷെ ഈ വെള്ളിയാഴ്ച ജോർജ്‌കുട്ടി ചിന്താമഗ്നനായി ഇരിക്കുന്നു. എന്തെങ്കിലും കാര്യമായി സംഭവിച്ചിട്ടുണ്ട്. എൻ്റെ അറിവിൽ കാരണങ്ങൾ ഒന്നും കാണുന്നുമില്ല.ഞാൻ ഒരിക്കൽപോലും ജോർജ് കുട്ടിയോട് വാടക പകുതി തരണം എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിന് അവൻ ദുഃഖിച്ചിരിക്കണം?ഞാൻ ചോദിച്ചു, ജോർജ് കുട്ടി,”എന്തുപറ്റി?നിൻറെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.”
“എന്തുപറ്റാനാണ് ? പറഞ്ഞിട്ട് എന്തുകാര്യം?”
” ഞാൻ വാടകയുടെ പകുതി നീ തരണം എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ?നീ ഈ മാസം തരേണ്ട.”

“ഹേയ്,അങ്ങനെ ഒരു ചിന്തയുമില്ല. ഈ മാസമല്ല ഒരിക്കലും ഞാൻ വാടക തരുന്നില്ല.നിനക്ക് സന്തോഷമായല്ലോ?”
ഈശ്വരാ, ഇതെന്തു ജീവി?ഞാൻ മനസിൽ വിചാരിച്ചു. ജോർജ് കുട്ടി പറഞ്ഞു,” ഇപ്പോൾ ഈ ഭാഗത്ത് നമ്മൾ അമ്പതിൽ കൂടുതൽ മലയാളികൾ ഉണ്ട്.”
“ഉണ്ട്.”
“അപ്പോൾ ഇവിടെ ഒരു മലയാളി അസോസിയേഷൻ വേണ്ടേ?”
“വേണം. അമ്പതു പേരുള്ളതുകൊണ്ട് പിളർന്നാലും രണ്ടു സംഘടന ഉണ്ടാക്കാൻ ആളുണ്ട്.”ഞാൻ പറഞ്ഞു.
“ശരിയാ.അപ്പോൾ പിളരും അല്ലെ?”ജോർജ് കുട്ടി.
“അത് ഉറപ്പല്ലേ.?”
“നമ്മളുടെ ഒരു സംഘടന നമുക്ക് ഉണ്ടാക്കണം. മറുനാടൻ മലയാളികൾക്ക് തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഒരു വേദി വേണ്ടേ?”
“തീർച്ചയായും വേണം. നമ്മളുടെ കലാപവാസനകളും കലയോടൊപ്പം പ്രദർശിപ്പിക്കണം. ഗൃഹാതുരത്വം ഉണർത്തുന്ന കലാപങ്ങൾ.”ഞാൻ പ്രോത്സാഹിപ്പിച്ചു, എന്ന് പറഞ്ഞാൽ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ മോട്ടിവേഷൻ കൊടുത്തു .
“അത് പ്രശ്നമില്ല, കലാപവാസനകൾ നമ്മളുടെ സംഘടനയുടെ കണക്ക് വായിക്കുമ്പോൾ എല്ലാവരും പ്രകടിപ്പിച്ചോളും. അത് ആർക്കും പറഞ്ഞുകൊടുക്കേണ്ടിവരില്ല.”
“സംഘടന ഉണ്ടാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു പേര് വേണ്ടേ ?”ഞാൻ ചോദിച്ചു.
“അതൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട് ബാഗ്ലൂർ സൗത്ത് മലയാളി അസോസിയേഷൻ”.
“സൗത്ത് അസോസിയേഷൻ ?ഇത് നോർത്ത് അല്ലെ?”
“ആണോ? അതെങ്ങനെ നോർത്ത് ആകും.?” ജോർജ് കുട്ടി ചോദിച്ചു.
“നമ്മൾ രണ്ടുപേരും ചേർന്ന് നിൽക്കുമ്പോൾ നിൻറെ ഇടത് എൻ്റെ വലതല്ലേ?അങ്ങനെ വരുമ്പോൾ നിൻറെ നോർത്ത് എൻ്റെ സൗത്ത് ആണ്.”ഞാൻ പറഞ്ഞു.
“അത് ശരിയാ,ഇനി എന്തുചെയ്യും?ബാംഗ്ലൂർ സൗത്ത് നോർത്ത് മലയാളി അസോസിയേഷൻ എന്ന് പേരിടാം.”
“അത്രയും പോകണ്ട,ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസ്സോസ്സിയേഷൻ എന്ന് പേരിടാം.”ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു.
“ശരി,നീ പ്രസിഡണ്ട് ആയിക്കോ.പക്ഷെ ഇന്ത്യൻ പ്രസിഡന്റ്‌ മാതിരി ആയിരിക്കണം. ഞാൻ പറയുന്ന സ്ഥലത്തു താൻ ഒപ്പിട്ടാൽ മതി, പണി എളുപ്പമുണ്ട്. താൻ ബുദ്ധിമുട്ടണ്ട എന്ന് വിചാരിച്ചിട്ടാണ്. ഞാൻ സെക്രട്ടറി, ഇന്ത്യൻ പ്രധാന മന്ത്രി പോലെ,പാക്കിസ്ഥാൻറെ പ്രധാനമന്ത്രിയെപ്പോലെ അല്ല.”ജോർജ് കുട്ടി വിശദീകരിച്ചു.
“ബാക്കിയുള്ളത്, ജോസഫ് അച്ചായൻ വൈസ് പ്രസിഡണ്ട്. കാഥികൻ കൊല്ലം രാധാകൃഷ്ണൻ ജോയിൻറ് സെക്രട്ടറി. ട്രഷറർ സെക്രട്ടറി തന്നെ മതി,അതായത് ഞാൻ തന്നെ. അതിനുള്ള ജോലിയെ ട്രഷറർക്ക് ഉള്ളൂ.”
എല്ലാം ജോർജ് കുട്ടി തന്നെ നിശ്ചയിച്ചു. എല്ലാവരെയും വിവരം അറിയിക്കാനായി ഞങ്ങൾ പുറത്തിറങ്ങി. വിവരം അറിഞ്ഞ കൊല്ലം രാധാകൃഷ്ണൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.”ഉത്ഘാടനത്തിന് എൻ്റെ കഥാപ്രസംഗം വേണം “:.
“അത് വേണോ? ഉത്ഘാടന ദിവസം തന്നെ സംഘടന പിളർത്തണോ ?”ഞാൻ ചോദിച്ചു.
“ഹേയ്,കാശ് ഒന്നും തരണ്ട. ഫ്രീയാണ്.”
“അതുപറ്റില്ല ,ഫ്രീ പറ്റില്ല. ബുദ്ധിമുട്ടുന്നതല്ലേ?”ജോർജ് കുട്ടി പറഞ്ഞു. ഇവൻ ഇതെന്തിനുള്ള തയ്യാറെടുപ്പാണ് ? ഫ്രീ ആയി ചെയ്യാമെന്നു പറയുമ്പോൾ അത് നിരസിക്കുന്നത് എന്തിനാണ്?
“ശരി,നിർബന്ധമാണോ? എങ്കിൽ..”രാധാകൃഷ്ണൻ പറഞ്ഞു.
“അതെ നിർബന്ധമാണ്.”ജോർജ് കുട്ടി.
“എങ്കിൽ,ഇഷ്ടമുള്ളത് ആയിക്കോട്ടെ.”രാധാകൃഷ്ണൻ പറഞ്ഞു.
“അതൊന്നും പറ്റില്ല. ആയിരം രൂപ.”ജോർജ് കുട്ടി കത്തിക്കയറുകയാണ്.
“സമ്മതിച്ചിരിക്കുന്നു.”രാധാകൃഷ്ണന് സന്തോഷമായി.
“എങ്കിൽ അഞ്ഞൂറ് അഡ്വാൻസ്. ഓക്കേ?”ജോർജ് കുട്ടി ചോദിച്ചു.
“ഓക്കേ… ഓക്കേ …”രാധാകൃഷ്ണന് ഡബിൾ സമ്മതം.
“ഓക്കേ എന്നുപറഞ്ഞാൽ പറ്റില്ല. എടുക്ക് അഞ്ഞൂറ് രുപ.”
“ഞാനോ? എനിക്ക് താനല്ലേ ആയിരം രൂപ തരാമെന്ന്പറഞ്ഞത് “. രാധാകൃഷ്ണൻ ചോദിച്ചു.
“ഞാൻ പറഞ്ഞത് കഥ കേൾക്കുന്നതിന് ആയിരം രൂപ തരണം എന്നാണ് “.
“ഇപ്പോൾതന്നെ സംഘടന പിളർത്തണോ?.നമുക്ക് ഓണം ആഘോഷിക്കണ്ടേ? ഓണം വേണം. എന്നാൽ അത് കഴിയുന്നവരെയെങ്കിലും നമ്മൾ ഐക്യത്തോടെ പെരുമാറാൻ തയ്യാറാകണം.”പ്രസിഡണ്ട് സമവായത്തിന് ശ്രമിച്ചു.
“അപ്പോൾ ഓണം കഴിഞ്ഞാൽ പിന്നെ ഐക്യം ആവശ്യമുണ്ടോ?”രാധാകൃഷ്ണൻറെ വാല് ബാലകൃഷ്ണന് അതാണ് സംശയം.
“അപ്പോൾ പിരിവ് തുടങ്ങാം അല്ലേ ?”അച്ചായൻ തയ്യാറായി കഴിഞ്ഞു.
“നിൽക്ക് നമ്മളുടെ സംഘടനയ്ക്ക് ഒരു എംബ്ലം വേണം,ലെറ്റർ ഹെഡ് വേണം.”പ്രസിഡണ്ട് പറഞ്ഞു.
“മലയാളി സംഘടനകൾക്കെല്ലാം എംബ്ലം ഒന്നുകിൽ കൊന്ന തെങ്ങ് അല്ലെങ്കിൽ കെട്ടുവള്ളം,കഥകളിയുടെ തല ഇവയാണ് .ഇത് മൂന്നും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്.”ജോർജ് കുട്ടി പറഞ്ഞു.
ജോസഫ് കേട്ടപാടെ ചാടി പറഞ്ഞു,”നമ്മൾക്ക് കെട്ടുവള്ളം മതി.ജോർജ് കുട്ടി കട്ടെടുത്ത കെട്ടുവള്ളം.അതിന് ഒരു ഗുമ്മുണ്ട്.”
രാധാകൃഷ്ണൻ ഏറ്റു പിടിച്ചു, “അതുപറ്റില്ല,കെട്ടുവള്ളം നിങ്ങൾ ക്രിസ്ത്യാനികൾക്ക് കൊള്ളാം ,ഞങ്ങൾ ഹിന്ദുക്കൾക്ക് കഥകളിയുടെ തല മതി”.
വർഗീയത വളർത്തിക്കൂടാ.പ്രസിഡന്റ ഇടപെട്ടു,”നമ്മൾക്ക് കൊന്ന തെങ്ങ് മതി”.ഞാൻ പറഞ്ഞു.”അപ്പോൾ എംബ്ലം കൊന്ന തെങ്ങ് എന്ന് തീരുമാനിച്ചിരിക്കുന്നു.”
“അതിൻറെ മുകളിൽ രണ്ടുമൂന്നു തേങ്ങാ കാണുന്നുണ്ടല്ലോ.അതെങ്ങനെ പറിച്ചെടുക്കും?”അതുവരെ മിണ്ടാതിരുന്ന സെൽവരാജൻ ചോദിച്ചു.”ഒരുത്തനും മുകളിൽ കേറി തേങ്ങാ പറിക്കാൻ പോകുന്നില്ല. താഴെ നിന്ന് വാചകം അടിക്കുകയേയുള്ളൂ”സെൽവരാജൻ കൂട്ടി ചേർത്തു.
“തൽക്കാലം തേങ്ങാ അവിടെ നിൽക്കട്ടെ.”സെക്രട്ടറി ഇടപെട്ടു.
“അത് ഞങ്ങൾ മാറുമ്പോൾ ജോർജ് കുട്ടി ,നമ്മളുടെ സെക്രട്ടറി, അടിച്ചുമാറ്റും.”അച്ചായൻ പറഞ്ഞു.
“ഒരുതരം മറ്റേ വർത്തമാനം പറയരുത്. ഈ കൊന്നതെങ്ങിൻറെ മുകളിൽ കയറി ചാകാൻ എന്നെ കിട്ടില്ല. പേര് തന്നെ കൊന്ന തെങ്ങ്. ആരെ കൊന്ന തെങ്ങാണോ ഇത്.”
“അങ്ങനെയാണെങ്കിൽ തേങ്ങാ നമ്മൾ എല്ലാവർക്കും ആയി വീതിക്കാം.എന്താ?”സെൽവ രാജൻ പ്രശ്നപരിഹാരം കണ്ടുപിടിച്ചു.
“തൽക്കാലം ഇന്നത്തെ മീറ്റിങ്ങ് അവസാനിപ്പിക്കാം ,”കൂടുതൽ ചർച്ചകൾ നടത്തി കുളം ആക്കേണ്ട എന്ന് വിചാരിച്ച് പ്രസിഡണ്ട് പറഞ്ഞു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

അനിൽ ജോസഫ് രാമപുരം

ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍..”

ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്,
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു. പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള സ്വീകാര്യത കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്. ‘മല്ലു ലവ് ബേർഡ്‌സ്’കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.

വർഷമെമ്പാടും ലോകം മുഴുവനുമുള്ള പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ വാലന്‍റൈന്‍ എന്നൊരു വിശുദ്ധൻെറ പേരിലും !.
ആരാണ് വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?

‌ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
‌അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്ന പടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

‌മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
‌അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച ലഭിച്ചുവെന്നും, പിന്നീട്, തനിക്ക് കാഴ്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ല. അവസാനം മരണശിക്ഷ ദിവസമായ ഫെബ്രുവരി 14- ആം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍, തന്നെ പ്രണയിച്ച അവളുടെ കയ്യിൽ, ‌വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി –
” From Your Valentine.”
ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
‌സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം, തന്റെ കമിതാവിന് ആശംസിക്കുന്ന കാർഡിൽ ‘From Your Valentine’ എന്നും കൂടി എഴുതി ചേർക്കുന്നു.‌

‌തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്,
‌വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ ‘Whitefriar Church’ -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്.
എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും
” From your valentine”. ❤️

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

ഡോ. ഐഷ വി

” പ്രാവേ പ്രാവേ പോകരുതേ വാവാ കൂട്ടിനകത്താക്കാം
പാലും പഴവും പോരെങ്കിൽ ചോറും കറിയും നൽകാം ഞാൻ”
എന്ന പാഠം ശകലം പഠിച്ചതു മുതൽ പ്രാവിനോടൊരിഷ്ടം തുടങ്ങിയതാണ്. പച്ച പയർ പൊളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിൽ അമ്മാമ്മ കുറച്ച് പയർ എടുത്ത് വറുക്കാൻ അമ്മയോട് പറഞ്ഞു, ഞാൻ അമ്മയുടെ പിന്നാലെ അടുക്കളയിലേയ്ക്ക് കയറി. പയർ വറുക്കാനേൽപ്പിച്ച അമ്മ പ്രാവ് വന്ന് നോക്കിയപ്പോൾ പ്രാവിൻ കുഞ്ഞ് വറുത്തു വച്ച പയറിന്റെ അളവ് കുറവായതുകൊണ്ട് അമ്മ കുഞ്ഞിനെ കൊത്തി കൊന്ന കവിതയായിരുന്നു അപ്പോൾ മനസ്സിൽ. അവസാനം പച്ചപ്പയർ വറുത്താൽ അളവിൽ കുറയുമെന്ന് ബോധ്യപ്പെട്ട അമ്മ പ്രാവ് ” ഇരുമണി പയറിന് കുഞ്ഞിനെ കൊന്നേനുലകത്തിലെന്തിനീ ഞാനിരിപ്പൂ” എന്ന് തലതല്ലി കരയുന്നതും ഓർമ്മ വന്നു. അമ്മ പയർ വറുത്തു കഴിയുന്നതുവരെ ഞാനരികത്തു നിന്നു. പച്ച പയർ വറുത്താൽ അളവിൽ കുറയുന്നത് കണ്ട് ബോധ്യപ്പെട്ടു. അല്പം ഉപ്പിട്ട് വറുത്ത പയറിൽ അമ്മ ചിരകിയിട്ടിളക്കിയ തേങ്ങയും കൂട്ടി തിന്നു കഴിഞ്ഞേ ഞാൻ അമ്മയുടെ അരികത്ത് നിന്ന് മാറിയുള്ളൂ.

ചിറക്കര ത്താഴത്തെ വീട്ടിലെ തട്ടിൻപുറത്ത് ചേക്കേറാൻ ധാരാളം പ്രാവുകൾ എത്തിയിരുന്നത് എനിക്ക് സന്തോഷം നൽകിയിരുന്നു. പക്ഷേ രാവിലെ തിണ്ണ മുഴുവൻ പ്രാവിൻ കാഷ്ടം കൊണ്ട് നിറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം വരും. എന്നാലും ഓടിട്ട മേൽകൂര ടെറസ് മേൽക്കൂരയാക്കുന്ന കാലം വരെയും പ്രാവുകളെ ആരും ഓടിച്ചു വിട്ടില്ല. ” സമാധാനവും ശാന്തിയും ഉള്ളിടത്തേ പ്രാവുകൾ ചേക്കേറൂ” എന്ന് ചിലർ പറയാറുണ്ട്. വയലരികിലുള്ള വീടായതിനാൽ പ്രാവുകൾക്ക് ഭക്ഷണം വയലിൽ നിന്നും യഥേഷ്ടം ലഭിച്ചിരുന്നു. അതിനാലാവണം കൂട്ടിലടയ്ക്കാതെ തന്നെ പ്രാവുകൾ ഞങ്ങളുടെ വീട്ടിൽ ധാരാളം എത്തിയിരുന്നത്. ചാര നിറത്തിലുള്ള തൂവലും കഴുത്തിൽ തിളങ്ങുന്ന നീല വർണ്ണമുള്ള നെക്ലേസ് ഇട്ടതു പോലുള്ള ചെറു തൂവലുകളും കണ്ണിൽ അല്പം ചുവപ്പും നിറമുള്ളവയായിരുന്നു ഭൂരിഭാഗവും. ഒരു ദിവസം ചാരത്തൂവലിൽ അല്പം വെള്ള കലർന്ന നിറമുള്ള ഒരുപ്രാവ് എത്തി. പിന്നെ എതാനും ദിവസങ്ങൾ കൂടി അതിനെ കണ്ടു. ആ പ്രാവ് പക്ഷേ സ്ഥിരമായി അവിടെ തങ്ങിയില്ല. ഞങ്ങളുടെ വീട്ടിലെ അന്തേവാസികളായ പ്രാവിനെ പ്രണയിക്കാൻ വന്നതാണോ ഈ പ്രാവെന്ന് എനിയ്ക്കൊരു സംശയം. പിന്നെ അത് വന്നിട്ടില്ല. അവിടെ നിന്നും ഒരിണയുമായി കടന്ന് കളഞ്ഞതാവാനാണ് സാധ്യത. പ്രാവുകളുടെ എണ്ണക്കൂടുതൽ കൊണ്ട് കൂട്ടത്തിൽ നിന്നാരെങ്കിലും പോയോ എന്നും മനസ്സിലായില്ല.

അങ്ങനെയിരിയ്ക്കെ ഒരു ദിവസം ഞങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള താവണം പൊയ്കയിലെ വല്യമ്മച്ചിയുടെ വീട്ടിൽ പോയി. അതിന് തൊട്ടടുത്തുള്ള ഒരു വീട്ടിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു. അവരുടെ മുറ്റത്ത് വിലസിയിരുന്ന ഒരു പ്രാവിനെ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ വീട്ടിൽ ഇടക്കാലത്ത് എത്തിയ വെള്ള പുള്ളിയുള്ള പ്രാവാണോ അതെന്ന് എനിക്ക് തോന്നി. കൂടെ തോളോട് തോൾ ചേർന്ന് കുറുകി നടക്കുന്ന മറ്റൊരു പ്രാവും. അത് ഞങ്ങളുടെ വീട്ടിൽ നിന്നും പോയതാകണം.
ആ വീട്ടുകാരോട് വ്യത്യസ്ഥ നിറമുള്ള ഈ പ്രാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് സ്ഥിരമായി അവിടെയുള്ളതാണെന്ന് മനസ്സിലായി.

തട്ടിൻപുറത്തെ പ്രാവിന്റെ കുറുകലിന് ഓരോ താളമുണ്ട്. റിലേ സംവിധാനത്തിൽ ഒരു പ്രാവ് കൊണ്ടുവരുന്ന കുഞ്ഞ് മരചില്ല തട്ടിൻപുറത്തിരിയ്ക്കുന്ന പ്രാവിന്റെ ചുണ്ടിലേയ്ക്ക് കൈമാറുമ്പോഴുള്ള കുറുകലിന് ഒരു താളം. ഇണയോടുള്ള കുറുകലിന് മറ്റൊരു താളം. കുഞ്ഞിന് ആഹാര സാധനങ്ങൾ കൈമാറുമ്പോൾ മറ്റൊരു താളം . അങ്ങനെ അങ്ങനെ അവരും അവരുടേതായ ഭാഷയിൽ ആശയ വിനിമയം നടത്തുന്നു. കുഞ്ഞിന് പാൽ കൊടുത്തു വളർത്തുന്ന ഒരു പക്ഷിയാണ് പ്രാവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പുസ്തകത്തിൽ ഞാൻ വായിച്ചിരുന്നു. അങ്ങനെ ഞാൻ പ്രാവുകളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. കുഞ്ഞിനായി കൊത്തികൊണ്ടുവരുന്ന ധാന്യമണികൾ അമ്മ പ്രാവിന്റെ കഴുത്തിന് താഴെയുള്ള ദ്വാരത്തിലൂടെ ഊറി വരുന്ന ദ്രാവകത്തിൽ മുക്കി നനച്ചാണ് കുഞ്ഞിന് കൊടുത്തിരുന്നത്. ഈ നനയ്ക്കൽ പ്രക്രിയ പലപ്പോഴും ഞങ്ങളുടെ കിണറ്റു കല്ലിൽ വച്ചാകും നടത്തുക. അതിന് ശേഷം പറന്നുചെന്ന് മച്ചിൻ പുറത്തിരിക്കുന്ന കുഞ്ഞിന് എത്തിക്കും. കുഞ്ഞല്പം വളർന്ന് കഴിയുമ്പോൾ ഭിത്തിയരികിലേയ്ക്കെത്തി പുറത്തേയ്ക്ക് തല നീട്ടും. വലിയ പ്രാവുകൾ രാത്രിയിരിയ്ക്കുന്നതും ഉറങ്ങുന്നതും ഭിത്തിയുടെ മുകളിൽ തന്നെ. മുട്ടയിടാനായി കൂടൊരുക്കുമ്പോഴാണ് മച്ചിനുള്ളിലേയ്ക്ക് പോവുക.

അങ്ങനെയിരിക്കേ വീട്ടിൽ അച്ഛനുമമ്മയും ഇല്ലാതിരുന്ന ദിവസം അനുജൻ തട്ടിൻപുറത്തേയ്ക്ക് ഏണി വച്ച് കയറി. സാധരണ ചാക്കിൽ കെട്ടിയ നെല്ലോ തേങ്ങയോ മറ്റത്യാവശ്യമില്ലാത്ത സാധനങ്ങളോ ആണ് അമ്മ തട്ടിൻപുറത്ത് ഇടാറ്. അനുജൻ ഏണിയിൽ കയറി നിന്ന് തട്ടിന്റെ അടപ്പിന്റെ കൊളുത്തെടുത്ത് തട്ട് തുറന്ന് മുകളിലേയ്ക്ക് കയറിയപ്പോൾ ഞാനും പുറകേ കയറി. അവിടെ ധാരാളം പ്രാവിൻ കൂടുകൾ . ചില്ലകൾ കൊണ്ട് മെനഞ്ഞ് അകം അർദ്ധഗോളാകൃതിയിൽ വരത്തക്കവിധമാക്കി അതിനകത്ത് പഞ്ഞി ചകിരിനാര് എന്നിവയടുക്കി കുഞ്ഞ് മുട്ടകളിടാൻ മെത്തയൊരുക്കിയിരിക്കുകയാണ്. പല കുടുംബങ്ങളുടേതാകണം ധാരാളം കൂടുകളുണ്ട്. ചിലതിൽ 3 മുട്ടകൾ ചിലതിൽ 4 മുട്ടകൾ ചിലതിൽ 5 മുട്ടകൾ . അനുജൻ മുട്ടകളുടെ എണ്ണം കൂടുതലുള്ള കൂടുകളിൽ നിന്നും രണ്ട് മൂന്ന് മുട്ടകൾ കരസ്ഥമാക്കി തട്ടിറങ്ങി. പുറകേ ഞാനും. അനുജൻ നേരെ അടുക്കളയിലെത്തി. ഒരു ചട്ടി അടുപ്പത്ത് വച്ച് ബുൾസൈ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഞാനും അനുജത്തിയും പുറകേ ചെന്നു. കോഴി മുട്ടയക്കാൾ വളരെ ചെറിയ മുട്ടയാണ് പ്രാവിന്റേത്. കോഴി മുട്ടയുടെ മഞ്ഞക്കരുവിന് മഞ്ഞനിറമാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. ബുൾസൈ തയ്യാറായപ്പോൾ ഞാനും അനുജത്തിയും അതിന്റെ പങ്ക് പറ്റി. പിന്നെയും പല ദിവസങ്ങളിലും അനുജൻ ഇതാവർത്തിച്ചു.

പ്രാവിന് മുട്ടയുടെ എണ്ണമോ മനുഷ്യ ഗന്ധമോ തിരിച്ചറിയാൻ കഴിയില്ലെന്ന് വേണം കരുതാൻ. പ്രത്യേകിച്ച് ശബ്ദ കോലാഹലങ്ങളൊന്നുമില്ലാതെ അവർ സാധാരണ പോലെ കഴിഞ്ഞ് പോന്നു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്ന് പുറത്തു പോകാൻ തുടങ്ങുമ്പോൾ കൂടിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി ഭിത്തിയരികിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിന്റെചില്ലകൾ താഴെ തിണ്ണയിലേയ്ക്ക് തള്ളിയിടും. കൂട് അടുത്ത മുട്ടക്കാലത്തേയ്ക്ക് കരുതി വയ്ക്കുന്ന കാര്യമില്ല. അന്ന് പുതിയ കൂടൊരുക്കും.

പ്രാവ് സമാധാനത്തിന്റെ പ്രതീകമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുദ്ധങ്ങൾക്കെതിരായുള്ള ജാഥയിൽ കേട്ടതിങ്ങനെ.” സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പീരങ്കികൊണ്ട് തകർത്തിടല്ലെ”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

എന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞ് വധൂവരന്മാർ നടന്നാണ് വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായത് എന്ന് കേട്ടപ്പോൾ എനിയ്ക്ക് അതിശയമായിരുന്നു. കാരണം അന്ന് വയലിന് കുറുകേ റോഡില്ലായിരുന്നു. അതിനാൽ വരന്റെ സംഘം ചിറയ്ക്കരത്താഴത്തുനിന്ന് ചിരവാത്തോട്ടത്തേയ്ക്കും തിരിച്ചും ഒരു കിലോമീറ്ററിലധികം ദുരം. നടന്നു. ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കാനെത്തിയ സമയത്ത്(1977-78) വയലിന് കുറുകേ റോഡുണ്ട്. 3 കലുങ്കുകൾ ഉണ്ടെങ്കിലും റോഡ് വെറും മൺ തിട്ടപോലായിരുന്നു. കാറും ലോറിയും പോകുമായിരുന്നെങ്കിലും ബസ് റൂട്ടായിരുന്നില്ല. ഒരു കനത്ത മഴ വന്നാൽ മഴ വെള്ളത്തിൽ ഒലിച്ച് പോകുന്ന റോഡ്. പിന്നെ വളരെ കാലമെടുത്തായിരിയ്ക്കും ഗതാഗതം പുന:സ്ഥാപിയ്ക്കാൻ കഴിയുക. സൈക്കിൾ ഒഴികെ സ്വകാര്യ മോട്ടോർ വാഹനങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ചരക്ക് കൊണ്ടുപോകുന്ന കാളവണ്ടി( പ്രത്യേകിച്ച് തെക്കേ പൊയ്കയിലെ ധർമ്മയണ്ണന്റെ കാളവണ്ടി ), സൈക്കിൾ , വിവാഹ പാർട്ടികളുടെ വണ്ടികൾ, ഗൾഫുകാരും മറ്റ് വിദേശ രാജ്യങ്ങളിലുള്ളവരും വരികയും പോവുകയും ചെയ്യുന്ന വണ്ടികൾ . അതിനാൽ തന്നെ ഒരു വണ്ടി പോകുമ്പോൾ പകൽ കുട്ടികൾ അത് കാണുവാനായി ഓടും.
ഞങ്ങളുടെ വീട്ടിൽ നിന്നും റോഡുവഴി അക്കരെ കടന്നാൽ കുത്തനെ കയറ്റമുള്ള വഴിയാണ്. ഇതിന്റെ സ്ലോപ്പ് കൂട്ടാനുള്ള പണി അധികം താമസിയാതെ നടന്നു.
ഒരു ദിവസം ഞങ്ങൾ അമ്മയോടൊപ്പം അമ്മ വീട്ടിലേയ്ക്ക് പോയപ്പോൾ റോഡുപണി ഏതാണ്ട് അവസാന ഘട്ടത്തിലായിരുന്നു. റോഡിൽ പടിഞ്ഞാറ് ഭാഗത്തായി കോൺ ആകൃതിയിൽ മണ്ണെടുത്തതിന്റെ ആഴം മനസ്സിലാക്കാനായി സ്തൂപം പോലെ മണ്ണ് നിലനിർത്തിയിരുന്നു. അക്കാലത്ത് ജെ സി ബി( മണ്ണ് മാന്തി യന്ത്രം) സർവ്വസാധാരണമല്ലാതിരുന്നതിനാൽ ഒട്ടേറെ മനുഷ്യപ്രയത്നം കൊണ്ടാണ് ആ വഴിയുടെ സ്ലോപ്പ് റെഡിയാക്കിയെടുത്തത്. കുറച്ച് നാൾ കഴിഞ്ഞ് ആ സ്തുപങ്ങൾ എടുത്തു കളഞ്ഞു. ഇനി വയൽ കടന്ന് ഇക്കരെ എത്തിയാലുള്ള കാര്യം : ഞങ്ങളുടെ വീട്ടിന് മുൻവശം ഞങ്ങൾ അവിടെ താമസിയ്ക്കാനെത്തിയ സമയന്ന് റോഡായിരുന്നെങ്കിലും അതിന് മുമ്പ് വലിയ ഒലിപ്പാൻ ചാൽ ആയിരുന്നു അവിടെ. രണ്ട് പറമ്പുകളുടെ ഇടയിൽ മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ആഴമേറിയ ചാൽ . മേയാൻ വിടുന്ന കന്ന് കാലികൾ അതിൽ വീണ് ചാകുന്ന അവസ്ഥ. പൊതു വഴി കുന്നു വിള വീട്ടിന്റെ തെക്ക് ഭാഗത്ത് അവസാനിയ്ക്കുമായിരുന്നു. ചാലിന്റെ അതിർത്തിയിലുള്ളവർ സ്വന്തം വസ്തുവിലെ മണ്ണിടിച്ച് ചാൽ നികത്താൻ അനുവദിച്ചതുകൊണ്ട് ആഭാഗം റോഡായി മാറി. ഞങ്ങളുടെ വീട്ടിൽ നിന്നും ചിറക്കര ക്ഷേത്രത്തിലേയ്ക്കും ചിറക്കര സ്കൂളിലേയ്ക്കും തോട്ടു വരമ്പിലൂടെ നടന്നാണ് പോയിരുന്നത്. ആദ്യ ദിവസം ഞങ്ങളോടൊപ്പം അമ്മ കൂടി വന്നു. തിരിച്ചു വന്നത് മറ്റൊരു വഴിയേയായിരുന്നു. മഴ കാലത്ത് കൊല്ലാ പൊട്ടുമ്പോൾ ( മടവീഴുമ്പോൾ( )തോട്ട് വരമ്പ് ഒലിച്ച് പോകുമെന്ന് അമ്മയക്ക് ഉറപ്പായിരുന്നു. അതിനാലാണ് ഞങ്ങൾക്ക് സുരക്ഷിതമായ മറ്റൊരു വഴി കാട്ടിത്തരാൻ അമ്മ മുതിർന്നത്. അക്കാലത്ത് ചിറക്കര ക്ഷേത്രം വരെ ” കൊല്ലം ചിറക്കര ക്ഷേത്രം” ബസ് ഓടിയിരുന്നു. ഈ വഴി ടാറിട്ടതും ഒരിക്കൽ പോലും മഴയുടെ ഭീഷണി ഉണ്ടായിട്ടില്ലത്തതുമാണ്.
അക്കാലത്തെ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഈ ബസ്റ്റ് റൂട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്.

എന്നാൽ ഉളിയനാട് ഭാഗത്ത് വയലിന് കുറുകേ റോഡ് വരുന്നത് പിന്നേയും രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞാണ്. ഉളിയനാട് പാലത്തിനടുത്ത് വരെ കെ എസ് ആർ ടി സി ബസ് സർവ്വീസ് ഉണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിനടുത്ത . റോഡിൽ പല പരിണാമങ്ങൾ വന്നു. എങ്കിലും എല്ലാ വർഷവും പെരുമഴയ്ക്ക് റോഡൊലിച്ച് പൊയ്ക്കൊണ്ടിരുന്നു. ഇതിന് ഒരുപരിഹാരമായത് ഒരിക്കൽ പണിയെടുത്ത കോൺട്രാക്ടർ ഇംഗ്ലീഷ് അക്ഷമാലയിലെ “L” ആ കൃതിയിൽ വഴിയുടെ അരിക് കെട്ടി ബലപ്പെടുത്തി കോൺ ക്രീറ്റ് ഇട്ടതോടുകൂടിയാണ്. പിന്നീട് കുറേക്കാലം കൂടി ഇത് ചെമ്മൺ പാതയായി തുടർന്നു. പിന്നീട് ഞങ്ങളുടെ വീട്ടിന് മുൻ വശത്തുള്ള റോഡ് ചില പരിണാമങ്ങൾക്ക് കൂടി വിധേയമായി. 1982 -ൽ ചിറക്കര ത്താഴം ജങ്ഷനിലേയ്ക്ക് പര വുരിൽ നിന്നും ഉദയകുമാർ ബസ് ഓടി തുടങ്ങിയപ്പോൾ മുതൽ പ്രഭാകരൻ ചിറ്റപ്പനം ചിറക്കര ത്താഴത്തെ മറ്റ് അഭ്യുദയകാംക്ഷികൾക്കും ഈ റോഡ് ബസ്റൂട്ടാക്കണമെന്ന് ആഗ്രഹം തോന്നി. അതിന് റോഡിന്റെ വീതി എട്ടുമീറ്റർ എങ്കിലും ആക്കണം. അതിനായി അവർ റോഡിനിരുവശത്തുമുള്ള പറമ്പിന്റെ ഉടമകളെ കണ്ട് കാര്യം ബോധിപ്പിച്ച് സമ്മതം വാങ്ങി റോഡിന്റെ വീതി കൂട്ടി. പിന്നീട് ഇത് മണ്ണിട്ട് വലിയ മെറ്റിൽ നിരത്തി ഉറപ്പിച്ച റോഡായി മാറി. എന്നിട്ടൊന്നും ബസ് ഓടുകയോ ടാറിട്ടുകയോ ചെയ്തില്ല. 1996 ആയപ്പോൾ റോഡ് ടാറിട്ടു. അക്കാലത്ത് റോഡു പണിയ്ക്ക് വന്നവരിൽ തമിഴ് നാട്ടിൽ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിയ തൊഴിലാളികളും ഉണ്ടായിരുന്നു.
അങ്ങനെ ഇന്നാട്ടിലെ ചില പെൺകുട്ടികൾ തമിഴ് നാട്ടിന്റെ യും തിരുവനന്തപുരത്തിന്റയും മരുമക്കൾ കൂടിയായി.
പിന്നെ അധികം താമസിയ്കാതെ ബസ് സർവീസും തുടങ്ങി.ഞങ്ങൾ നടന്ന് സ്കൂളിൽ പോയിരുന്ന തോട്ടുവരമ്പ് ഇന്ന് കാർ പോകുന്ന റോഡായി മാറി.
അങ്ങനെ സ്ഥലം അക്വയർ ചെയ്യാതെ തന്നെ ഭൂമി റോഡിനായി വിട്ടു കൊടുക്കാനുള്ള മഹാമനസ്കത ഭൂവുടമകൾ കാണിച്ചത് സമീപ പ്രദേശങ്ങളി ലേയ്ക്കു എത്താനുള്ള നല്ല വഴികളുള്ള ഗ്രാമമായി ചിറക്കര മാറി. പല കാലഘട്ടത്തിലും തലമുറകളിലുമായി നല്ലവരായ നാട്ടുകാരുടെ പരിശ്രമവും അതിന്റെ പിന്നിലുണ്ട്. മോട്ടോർ വാഹനങ്ങൾ റോഡിൽ പതിവ് കാഴ്ചയായതോടെ കുട്ടികൾക്ക് അത് കാണുക കൗതുകമല്ലാതായി.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പ്രശാന്ത് അലക്സാണ്ടർ

റോഡിന്റെ ഈ വശത്തുനിന്നും ,ദാ… ആ കാണുന്ന തോട്ടത്തിനു കുറുകെ വീട്ടിലേക്ക് ഒരു പാലം പണിയണം “..
മുതിർന്നു കഴിഞ്ഞാൽ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് ഈ തീരുമാനം കൂടി ഞാൻ ചേർത്തു.അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ഉണ്ട് .ഇവിടെ നിന്നും നോക്കിയാൽ വീട് കാണാം, പക്ഷേ മെറ്റില് പാകിയ റോഡിലൂടെ അര കിലോമീറ്റർ നടന്ന് ഇടത്തോട്ട് ഒരു വലിയ വളവ് തിരിഞ്ഞ് വീണ്ടും അത്രയും തന്നെ നടന്നാലേ വീട്ടിൽ ചെന്ന് കയറാൻ പറ്റൂ.എന്തിനാണോ ഈ വളവുകൾ ഉണ്ടാക്കിയത് ? വളവുകൾ ചുറ്റി എത്ര സമയമാണ് വെറുതെ പോകുന്നത്? എത്ര പേരാണ് വളവുകളിൽ മരിക്കുന്നത് ?
പാലം വന്നാൽ ഷോർട്ട് കട്ട് ആയി .
ഞാൻ ഷിബുവിനെ നോക്കി…
കുത്തിയിരുന്ന് പഠിച്ചു നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ കാണുമ്പോൾ എല്ലാ വിഷയത്തിനും തോൽക്കുന്നവന്റെ മുഖത്ത് വരുന്ന ഒരു ഇതില്ലേ.. അതേ ഭാവം അവന്റെ മുഖത്ത്..
എങ്ങനെ ഉണ്ടാകാതെ ഇരിക്കും..? ഇത്രയും കാലം ഇതിലെ നടന്നിട്ടും ഇങ്ങനെ ഒരു ഐഡിയ അവനു തോന്നിയില്ലല്ലോ.നാട്ടിലെ ആർക്കെങ്കിലും തോന്നിയോ ..? ഗൾഫിൽ നിന്ന് വന്ന് രണ്ടുനില വീട് വെച്ച് നാട്ടുകാരുടെ മുമ്പിൽ പ്രമാണിയായി വിലസുന്ന അച്ഛന് തോന്നിയോ..? ഇല്ലല്ലോ..? ദീർഘവീക്ഷണം വേണം ..ശക്തൻ തമ്പുരാനെ ഒക്കെ പോലെ..അച്ഛന് അതില്ല.. അല്ലെങ്കിൽ പിന്നെ, അവിടുത്തെ ജോലി ഉപേക്ഷിച്ച്, ഒരു നല്ല റോഡോ, കറന്റിന്‌ വോൾട്ടേജോ ഗ്രെയിൻസ് ഇല്ലാതെ ടിവിയോ കാണാൻ പറ്റാത്ത ഈ നാട്ടിലേക്ക് തിരിച്ചു വരുമോ..? ശരിയാണ് അമ്മ പറയുന്നത്.. പക്ഷേ അച്ഛന് ഇല്ലാത്തത് എനിക്കുണ്ട്..ഈ ഒമ്പതാം ക്ലാസുകാരന്..
ഞാൻ പാലം പണിയും.. എന്റെയും ജാസ്മിന്റെയും മക്കൾ അതിലൂടെ നടന്ന് ബുദ്ധിമുട്ടില്ലാതെ സ്കൂളിൽ പോകും.. എന്നെപ്പറ്റി ഓർത്ത് എന്റെ മക്കൾ അഭിമാനപുളകിതരാകും..
ഹൗ..!!
ഷിബുവിന് എന്നോട് തോന്നിയത് എനിക്ക് എന്നോട് തന്നെ തോന്നി ..
“ഏതു ജാസ്മിനാടാ സോണറ്റേ..?ഞങ്ങളുടെ ക്ലാസ്സിലെ കൊച്ചോ..??”
ഷിബുവിന്റെ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി.
എന്നുപറഞ്ഞാൽ ,ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ കണ്ട ഭാർഗവി നിലയത്തിൽ മധു ഞെട്ടിയ പോലെ ഒന്നും അല്ല .
പരീക്ഷയ്ക്ക് തകൃതിയായി കോപ്പിയടിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസിലുള്ള ടീച്ചർ നമ്മളുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയാൽ മുഖത്തു വരുത്താതെ ഉള്ളിൽ മാത്രം ഉണ്ടാകുന്ന ഒരു ഞെട്ടൽ ഇല്ലേ -ഏതാണ്ട് അതുപോലെ ഒന്ന്..
കാരണം ഉണ്ട്..
കണ്ണും കണ്ണും ഒരായിരം കഥകൾ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഞാനും ജാസ്മിനും ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ല.. എന്നാലും ഭയങ്കര ഇഷ്ടമാണ്..
സ്കൂളിന്റെ പടവുകൾ കയറി വന്നാൽ അവൾ ആദ്യം നോക്കുക ഞാൻ സ്ഥിരമായി നിൽക്കുന്നിടത്തേക്ക് ആയിരിക്കും..ഒരിക്കൽ ഞാൻ സ്ഥാനം മാറിനിന്ന് അവളെ ഒന്ന് പരീക്ഷിച്ചു.. അവൾ എന്നെ കാണാതെ ചുറ്റിനും കണ്ണോടിച്ച് അവസാനം എന്നെ കണ്ടെത്തി ..ആശങ്ക നിറഞ്ഞ ആ മുഖം ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയായി മാറുന്നത് ഞാൻ കണ്ടു..എന്റെ മുഖത്തെ വിജയ ഭാവം അവളും.. ആ ഭാവങ്ങൾക്ക് പിറന്ന കള്ളച്ചിരിയിൽ നിന്നാണ് ഞങ്ങൾ ലൈൻ ആണെന്ന് ഞങ്ങൾ ഉറപ്പിച്ചത് ..
ആരും കാണാതെ ക്ലാസ് മുറിയിലെ മേശയിലും, കുമ്മായം പൂശിയ ഭിത്തികളിലും, ഞാൻ, കോമ്പസ്സിന്റെ അറ്റം കൊണ്ട് ലൗ ചിഹ്നത്തിന് ഉള്ളിൽ എസ് ജെ എന്ന് എഴുതി വച്ചിട്ടുണ്ട് . അത് ഞങ്ങളുടെ പേരാണെന്ന് ഞങ്ങൾക്ക് അല്ലാതെ ആർക്കും അറിയില്ലല്ലോ.. ആരും അറിയണ്ട.. എങ്ങനെയെങ്കിലും ആരെങ്കിലും ഇതറിഞ്ഞ് ടീച്ചർമാരുടെ ചെവിയിൽ എത്തിച്ചാൽ പിന്നെ പറയണ്ട, വീട്ടുകാർ അറിയും, അവളെ തല്ലും, എനിക്കും കിട്ടും,ചിലപ്പോൾ അവളെ ഈ സ്കൂളിൽ നിന്ന് തന്നെ മാറ്റു. ‘അയ്യോ’… ഇപ്രാവശ്യം മധുവിനെ പോലെ തന്നെ ഞാൻ ഞെട്ടി.
അത് ഷിബു കണ്ടു എന്ന് തോന്നുന്നു. അതോ ഇല്ലേ..? ശ്ശേ..ആ ക്‌ണാപ്പന്റെ കോങ്കണ്ണ് കാരണം ഒന്നും ക്ലിയർ ആകുന്നില്ല. ഈ കോങ്കണ്ണ് ഉള്ളവരുടെ കാഴ്ച എങ്ങനെ ആയിരിക്കും..?കൃഷ്ണമണി രണ്ടും മൂക്കിൻ തുമ്പത്ത് ആക്കി നമ്മൾ നോക്കുമ്പോൾ എല്ലാം രണ്ടായിട്ട് ആണ് കാണുക.പക്ഷേ ഇവന്റെ കൃഷ്ണമണി രണ്ടും രണ്ടു വശത്തേക്കാണ് .അപ്പോൾ സാധാരണ മനുഷ്യർക്ക് കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാണാൻ പറ്റുമോ ..?
ചോക്രകണ്ണൻ ..
ആ കണ്ണുകൾ അവന് നൽകിയ വിളിപ്പേരാണ്.. അത് ലോപിപ്പിച്ചു പലരും അവനെ കണ്ണാ എന്നാണ് ഇപ്പോൾ വിളിക്കുന്നത് ..ഞാൻ പക്ഷേ അവനെ ഇരട്ടപ്പേര് വിളിക്കാറില്ല. വിളിച്ചാൽ അവൻ എന്നെ തിരിച്ചു ‘ബണ്ണേ’ന്ന് വിളിക്കുമെന്ന് പേടിച്ചിട്ടൊന്നുമല്ല .
അതിപ്പം അവൻ വിളിച്ചാലും ഇല്ലേലും കാണുന്നവൻ ഒക്കെ വിളിക്കും. മോഹൻലാലിന്റെ അങ്കിൾ ബൺ ഇറങ്ങിയതിനു ശേഷം ആണ് എന്റെ പേര് നവീകരിക്കപ്പെട്ടത്. അതുവരെ പരമ്പരാഗതമായി തടിയൻമാരെ വിളിക്കുന്ന പേരായിരുന്നു എനിക്ക് – പൊണ്ണൻ .
ഞാനും ഷിബുവും ടൗണിൽ ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ കണ്ണോ-പൊണ്ണോ എന്ന് ഈണത്തിൽ വിളി ഉയരും.കണ്ണൻ ‘കാ’ മാറ്റി ‘കു’ ആക്കി തിരിച്ചു വിളിക്കും.ഞാൻ അതിനൊന്നും പ്രതികരിക്കാറില്ല. നല്ല തെറി ഒക്കെ എനിക്ക് അറിയാം. പക്ഷെ വിളിക്കില്ല.
ചെറിയ ഒരു കാരണം ഉണ്ട്.
പണ്ട് പൊടിമില്ല് നടത്തുന്ന ചാക്കോ ചേട്ടന്റെ മോൻ ഷിനോയിയുടെ(സൺ‌ഡേ സ്കൂളിലെ ക്ലാസ്സ്മേറ്റ് ) വീട്ടിൽ അവന്റെയും പെങ്ങൾ മാരുടെയും കൂടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോൾ കള്ളക്കളി കളിച്ച ഷിനോയിയെ അറിയാവുന്ന മുഴുവൻ തെറിയും വിളിച്ചു, സ്റ്റമ്പായി വെച്ചിരുന്ന കപ്പത്തണ്ടും ചവിട്ടി ഒടിച്ചു ഞാൻ വീട്ടിലേക്ക് പോന്നു .
വൈകുന്നേരം കവലയിൽ നിന്നും പപ്പാ വീട്ടിൽ വന്നു കയറിയത് ഒരു വലിയ വെള്ള പേപ്പറും കയ്യിൽ പിടിച്ചു കൊണ്ടാണ്. അതിൽ ഞാൻ ഷിനോയിയെ വിളിച്ച തെറി എല്ലാം വിശദമായി എഴുതിയിട്ടുണ്ട്.
അന്ന് പപ്പാ സച്ചിനും ,ഞാൻ ബോളും ആയിമാറി. ഇനിയൊരിക്കലും ചീത്ത വാക്കുകൾ പറയില്ല എന്ന് മാതാവിനെ ചൊല്ലി സത്യം ചെയ്തതിനുശേഷമാണ് ബൗണ്ടറിക്ക് വെളിയിൽ നിന്ന് എനിക്ക് വീട്ടിനുള്ളിലേക്ക് കയറാൻ അനുവാദം കിട്ടിയത് ..
“എടചെക്കാ…ഞങ്ങളുടെ ക്ലാസ്സിലെ ജാസ്മിൻ ആണോന്ന്..”?ഷിബു ചിന്തയിൽ നിന്ന് എന്നെ തോണ്ടി വിളിച്ചു ..
“ങേ.. നിങ്ങളുടെ ക്ലാസിൽ ജാസ്മിൻ ഉണ്ടോ..”? ഏതാ അവൾ..”?
ഷിബുവും ഒൻപതിൽ തന്നെയാണ്, പക്ഷേ മലയാളം മീഡിയം .
‌”എടചെക്കാ…. മറ്റേ ആ പെണ്ണ് .. ഏറു പന്ത് കളിച്ചപ്പോൾ നിന്റെ ഏറു കയ്യിൽ കൊണ്ട് ചോറ്റുപാത്രം വേസ്റ്റ് കുഴിയിലേക്ക് വീണു പോയില്ലേ..? ലവൾ..ടീച്ചറിനോട് പറയാതിരിക്കാൻ നീ നീളമുള്ള ഒരു കമ്പിട്ടു കുറെ തോണ്ടി കളിച്ചായിരുന്നല്ലോ” ..
“ഓ ..അവളുടെ പേര് ജാസ്മിൻന്നാണോ”..? ഞാൻ ആശ്ചര്യ ഭാവേന ചോദിച്ചു ..
“അതല്ലേടാ ..ഇത് 8 A യിലെ ജാസ്മിൻ”…കള്ള നാണത്തോടെ ഞാൻ പറഞ്ഞു .
“8 Aയിലോ “..?
എ ഡിവിഷനിലെ കുട്ടികളെ ഒന്നും കണ്ണന് അത്ര പിടിയില്ല. കാരണം, ഞങ്ങളുടെ സ്കൂളിൽ എ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി b മുതൽ E,F വരെ മലയാളവും ആണ് .എണ്ണത്തിൽ ഞങ്ങൾ ‘A’കാർ ന്യൂനപക്ഷം ആണെങ്കിലും സ്റ്റാറ്റസിൽ ഞങ്ങൾ ഉന്നതർ ആണ്. ഭയങ്കര പഠിത്തക്കാരാണ് ഞങ്ങൾ എന്നാണ് പൊതുവേ ഒരു വെയ്പ്പ് ..എന്നാലും വല്ലപ്പോഴുമൊക്കെ ആരെങ്കിലുമൊക്കെ തോക്കും. അങ്ങനെ ഏതെങ്കിലും ഒരുത്തൻ തോറ്റാൽ
…ഹൗ …!!
ഈ തോൽക്കുന്ന കാര്യം പറയുമ്പോൾ എന്താ പുല്ലിംഗം മാത്രം വരുന്നത്..!!? പെൺപിള്ളാരും തോറ്റിട്ടുണ്ടല്ലോ.. ആൺപിള്ളേര് തോറ്റാൽ ഉഴപ്പ് കൊണ്ട് പെൺകുട്ടികൾ തോറ്റാൽ മൊണ്ണ ആയതുകൊണ്ട്, എന്നും പറയാറുണ്ട്..ഓരോ മുൻവിധികൾ..അല്ലേ.. ?
ഏതായാലും, പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ, ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് ഒരുത്തനോ ഒരുത്തിയോ തോറ്റാൽ മലയാളം മീഡിയത്തിലേക്ക് തരംതാഴ്ത്തുകയോ(അങ്ങനയെ ഞങ്ങൾ പറയൂ) ടിസി കൊടുത്ത് വിടുകയോ ചെയ്യും..
അടുത്ത വർഷം മുതൽ പത്താം ക്ലാസ് വരെ ഓൾ പാസ് കൊടുക്കും എന്നു പറയുന്നത് കേട്ടു.. അല്ലെങ്കിൽ മലയാളം മീഡിയത്തിൽ എട്ടിലും ഒൻപതിലും പഠിക്കുന്ന പലരും അടുത്ത അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യും.
“8 A യിലോ..? അത് ഏതവൾ”..? കണ്ണൻറെ പൂരികം പൊങ്ങി.
” എടാ ആ ചുവന്ന BSA SLRൽ വരുന്ന കൊച്ച്‌.
‘ ചുവന്ന’ എന്ന് എടുത്തു പറഞ്ഞത് എന്നാത്തിനാണെന്ന് അറിയാമോ..?കാരണം ഉണ്ട്,പറയാം..
കള്ളം പറയുമ്പോൾ ചെറിയ കാര്യങ്ങൾ എടുത്തു പറഞ്ഞാൽ അതിന്റെ വിശ്വാസ്യത കൂടും. ആ കള്ളത്തിൽ കുറച്ച് സത്യം ഉണ്ടാവുകയും വേണം. ചുവന്ന കളറിൽ അല്ലാതെ ഞാൻ BSA SLR കണ്ടിട്ടേയില്ല.വേറെ കളറിൽ ഉണ്ടോ ആവോ ..?
“അല്ലെങ്കിൽ തന്നെ മലയാളം മീഡിയത്തിൽ വന്ന് ലൈൻ അടിക്കേണ്ട ഗതികേട് ഒന്നും എനിക്കില്ല ”
ഇപ്പറഞ്ഞത് പഴുതടച്ച ന്യായം.
മലയാളം മീഡിയത്തിലെ പയ്യന്മാർ ഇംഗ്ലീഷ് മീഡിയത്തിലെ പെൺപിള്ളേരെ ലൈൻ അടിക്കാറുണ്ട് .അവിടെ പെൺകുട്ടികൾ ന്യൂനപക്ഷം ആണല്ലോ.പക്ഷെ ഞങ്ങൾ ആണുങ്ങൾ തിരിച്ചു മലയാളം മീഡിയത്തിൽ ചെന്ന് പ്രേമിക്കാൻ നോക്കിയാൽ മലയാളത്തിലെ ചെക്കന്മാർ പിടിച്ചു നല്ല ഇടി തരും.പൊതുവേ ഇടി എനിക്ക് അത്ര ഇഷ്ടമില്ലാത്തതുകൊണ്ട് ആ സാഹസത്തിനു മുതിരില്ല എന്ന് കണ്ണന് അറിയാം .
കണ്ണൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
തലയിൽ കൊളുത്തി പുറം വഴി തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി എടുത്തു കറക്കി അവൻ തറയിൽ വച്ചു .നീളൻ ജുബ്ബ ധരിച്ച സാഹിത്യകാരന്മാർ തൂക്കിയിട്ടു നടക്കുന്നതു പോലത്തെ ഒരു സഞ്ചിയിൽ ആണ് അവൻ പുസ്തകം കൊണ്ടുവരുന്നത് ..രാവിലെ പോകുമ്പോൾ സഞ്ചിയുടെ വായ ഒരു വലിയ സേഫ്റ്റിപിൻ കൊണ്ട് അടച്ചു വച്ചിട്ടുണ്ടാവും. നിക്കറിന്റെ സിബ്ബ് ഇരിക്കുന്ന ഭാഗത്ത് മറ്റൊരു സേഫ്റ്റിപിൻ. ആ പിൻ അഴിച്ചെടുത്ത് കടിച്ചു പിടിച്ച് അവൻ വട്ടക്കാടിന്റെ മറവിലേക്ക് നീങ്ങി നിന്നു.
ശർർർ…..
ഇലകളെ ലക്ഷ്യമാക്കി അവൻ മൂത്ര ഗൺ ചീറ്റിച്ചു..
“എടാ ഞാൻ നിൻറെ ആത്മാർത്ഥ സുഹൃത്താണോ..?
കടിച്ചുപിടിച്ച സേഫ്റ്റി പിന്നിന്റെയും പല്ലിന്റെയും വിടവിലൂടെ കണ്ണന്റെ ശബ്ദം.
സത്യം പറഞ്ഞാൽ അവനു വിഷമമാകും. കള്ളം പറഞ്ഞാൽ അവൻ ആ ചീറ്റുന്ന മൂത്രത്തിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞാലോ ..?
സത്യസന്ധത തെളിയിക്കാൻ അങ്ങനെ ചില ഏർപ്പാടുകൾ ഞങ്ങൾ സ്കൂൾ പിള്ളേരുടെ ഇടയിൽ ഉണ്ട് ..ഏതായാലും അവൻ അത് ഒഴിച്ച് തീർക്കട്ടെ.. എന്നിട്ട് പറയുന്നതാണ് ബുദ്ധി..
“പറയെടാ”
കണ്ണൻ വായിൽനിന്നും പിൻ എടുത്ത് നിക്കറിൽ കുത്തി.
” നീ എന്താ അങ്ങനെ ചോദിച്ചത്
..?
പെട്ട് പോകുന്ന അവസരങ്ങളിൽ മറുചോദ്യം ചോദിക്കുകയാ ബുദ്ധി.അപ്പോൾ സത്യവും പറയേണ്ട കള്ളവും പറയണ്ട.
“എന്നിട്ട് നീ എന്നോട് ഇതുവരെയും പറഞ്ഞില്ലല്ലോ”..?
” അതല്ലേ ഇപ്പോ പറഞ്ഞത് ..”
“അതങ്ങ് ഉഗാണ്ടേ പോയി പറഞ്ഞാ മതി. ഇത് നീ അബദ്ധത്തിൽ പറഞ്ഞതാ”.. അവന്റെ സ്വരത്തിൽ ചെറിയ വിഷമം ഉണ്ട് .
“നമ്മൾ സ്നേഹിക്കുന്ന പോലെ തന്നെ തിരിച്ചും ഉണ്ടാവണമെന്നില്ല ഷിബു”…
ആ ഡയലോഗ് ഞാൻ മനസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു .അവനെ കൂടുതൽ വേദനിപ്പിക്കണ്ട..
“ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് പറയാറുള്ള അല്ലേ” ..പറ ..”??
അതെ ശരിയാണ് ..
പയ്‌ലോൺ ചേട്ടൻ പാട്ടത്തിനെടുത്ത തെങ്ങിൻതോപ്പിൽ കയറി കല്ലെറിഞ്ഞു തേങ്ങ ഇട്ടതും, ലീലാമ്മ ആൻറിയുടെ പറമ്പിൽ വെളുപ്പിനെ പോയി പുളി പെറുക്കി കൊണ്ട് പോയതും, ശശി പാപ്പാൻ കാണാതെ ആനയുടെ പള്ളയ്ക്ക് അറ്റം കൂർപ്പിച്ച മുള കൊണ്ട് എറിഞ്ഞതും,പെണ്ണുങ്ങളുടെ കുളിക്കടവിൽ ചേമ്പിൻ കാടുകളുടെ പിന്നിൽ ഒളിച്ചിരുന്ന് കുളിസീൻ കണ്ടതും,
അവന്റെ അപ്പന്റെ പോക്കറ്റിൽ നിന്ന് ബീഡി കട്ടെടുത്തു കൊണ്ടുവന്നു, റബ്ബർ പുരയിൽ ആരും കാണാതെ, ഞങ്ങൾ പുകയൂതി വിട്ട് കൊച്ചുപുസ്തകം വായിച്ചതും അങ്ങനെ പുറത്തറിഞ്ഞാൽ തല പോകുന്ന എത്ര കേസുകെട്ടുകൾ ആണ് അവൻ എന്നോട് പറഞ്ഞിട്ടുള്ളതും ഞങ്ങളൊരുമിച്ച് ചെയ്തിട്ടുള്ളതും .
ഇതൊക്കെ ആണെങ്കിലും എനിക്ക് അവനോട് ഒരു ആത്മാർത്ഥ സുഹൃത്തിനോട് എന്നപോലെ ഒന്നും തോന്നിയിട്ടില്ല ..
“ഇവനോട് ഒന്നും വലിയ കൂട്ട് വേണ്ട” എന്ന് അമ്മ വർഷങ്ങൾക്ക് മുന്നേ പറഞ്ഞിട്ടുണ്ട്.അവന്റെ അപ്പൻ ദിവാകരൻ ഞങ്ങളുടെ പറമ്പിൽ പണിക്ക് വരുന്നതാ.കൂട്ടു കൂടുമ്പോൾ നിലയും വിലയും ഒന്നും നോക്കണ്ട എങ്കിലും ആത്മാർത്ഥ സുഹൃത്ത് ഒക്കെ ആക്കുമ്പോൾ അതു പോരല്ലോ.. അതൊക്കെ ഈ അല്പ ബുദ്ധിയോട് പറഞ്ഞിട്ടു കാര്യമുണ്ടോ ..?ഇരുവശത്തേക്കും കാണാവുന്ന കണ്ണുണ്ടായിട്ടും കാര്യമില്ല..ചൊക്രകണ്ണൻ ..
“ഇനി ഞാൻ നിന്നോട് ഒന്നും പറയേംല്ല ഒന്നിനും നിന്റെ കൂടെ വരികേം ഇല്ല”.
കണ്ണൻ തറപ്പിച്ചു പറഞ്ഞു ..
ഇതാണ് മനുഷ്യന്മാരുടെ കുഴപ്പം… ഒന്നു പറഞ്ഞാൽ രണ്ടിന് പ്രതികാരം ചെയ്യും ആത്മാർത്ഥ സുഹൃത്തായി കണ്ടിരുന്നെങ്കിൽ അവനെന്നോട് ക്ഷമിച്ചാൽ പോരായിരുന്നോ …?
എത്ര ആത്മാർത്ഥത പറഞ്ഞാലും എല്ലാത്തിനും കണക്കുണ്ട്. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്നു പറഞ്ഞ ചാക്കോ മാഷ് ഒരു തത്വജ്ഞാനി തന്നെ.
ഇവന്റെ കൂട്ടില്ലെങ്കിൽ സ്കൂളിൽ പ്രശ്നമില്ല, ഇംഗ്ലീഷ് മീഡിയത്തിൽ വേറെ ഫ്രണ്ട്സ് ഉണ്ട്. പക്ഷേ നാട്ടിൽ.. ഇവിടെ എനിക്ക് മറ്റാരോടും വലിയ അടുപ്പം ഇല്ല .ഒറ്റപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല,എനിക്ക് വേണ്ട ചില അവശ്യവസ്തുക്കളുടെ സപ്ലൈയും നിലയ്ക്കും .തൽക്കാലം ഇവനെ പിണക്കുന്നത് ബുദ്ധിയല്ല.
തുലാമഴ മേഘങ്ങൾ ഉരുണ്ടുകൂടി വരുന്നു. മലയാളമാസം നോക്കിയാണ് ഭൂമി ചരിക്കുന്നത് എന്ന് തോന്നിപ്പോകും. എന്തൊരു കൃത്യത ആണ് എല്ലാവർഷവും.
കരിമേഘങ്ങൾ തൊട്ട അന്തരീക്ഷം ഇരുണ്ടു തുടങ്ങി ,ഓന്തിനെപ്പോലെ .
“നീ പിണങ്ങാതെ ..ഒക്കെ വിശദമായി നാളെ പറയാം .. മഴ ഇപ്പോ പെയ്യും ,നീ വിട്ടോ ”
ഇത്രയും ഒറ്റശ്വാസത്തിൽ അവന്റെ ചെവിയിൽ പറഞ്ഞു ആശ്വസിപ്പിച്ചു ഞാൻ ഗേറ്റ് തുറന്ന് വീട്ടിലേക്ക് ഓടി..
എനിക്ക് അവനോട് വലിയ അടുപ്പം ഉണ്ട് എന്ന് തോന്നിപ്പിക്കാൻ ആണ് ഞാൻ ഇത്രയും അവന്റെ ചെവിയിൽ തന്നെ പറഞ്ഞത് ..
മുന്നറിയിപ്പില്ലാതെ ആകാശത്ത് ഒരു കതിന പൊട്ടി…
സഞ്ചി വലിച്ചു തലയിൽ വച്ച് അവൻ ഓടി..
മഴ തൊടും മുമ്പ് വീടെത്താൻ അവന് കഴിയുമെന്നു തോന്നുന്നില്ല. എത്തിയിട്ടും കാര്യമില്ല ,ആ വീടിനുള്ളിൽ കുട നിവർത്തി പിടിച്ചിരുന്നാലും നനയും ..
‘അവന് ഒരു നല്ല വീട് പണിതു കൊടുക്കണം’.
വലുതാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് അതും കൂടി ഞാൻ ചേർത്തു .
വീശിയടിച്ച കാറ്റിനൊപ്പം മഴയും ചീറിപ്പാഞ്ഞ് എത്തി ..

ഒരു നല്ല മഴ കിട്ടിയിട്ട് ഇപ്പോൾ എത്രനാളായി..?
മനുഷ്യൻ ഉയർത്തി വിടുന്ന പുക കണ്ണു മറച്ചത് കൊണ്ടോ എന്തോ ഭൂമി ഇപ്പോൾ കലണ്ടർ നോക്കാറില്ല എന്നു തോന്നുന്നു..
ഗ്രാമം ആയതു കൊണ്ടും ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ടും ചൂടിന് ആശ്വാസം ഉണ്ടാകും എന്ന് കരുതിയത് തെറ്റി..
AC ഇല്ലാതെ പറ്റില്ല.
സ്ഥലം മാറ്റം നാട്ടിലേക്കായത് കൊണ്ട് വാടക ലാഭം ഉണ്ടല്ലോ,അത് AC യിലേക്ക് വകമാറ്റാം..ഒരെണ്ണം അമ്മയുടെ റൂമിലും വെക്കാം..എന്നാലും ഇത്രയും കാലം അമ്മ എങ്ങനെ ഈ ചൂടത്ത് കിടന്നു..?അമ്മയ്ക്ക് ശീലമായിക്കാണും..
“ഈ വീട് പൊളിച്ചു പണിയുകയെ നിവൃത്തി ഉള്ളു. നമുക്ക് നല്ലൊരു വീട് വാടകയ്ക്ക് നോക്കണം” മഞ്ജു അഭിപ്രായപ്പെട്ടു.
എന്റെ കണ്ണിൽ അല്ലറ ചില്ലറ റിപ്പയർ വർക്കുകൾ മാത്രയെ കാണുന്നുള്ളൂ.
അവിടെ ആണ് പൊളിച്ചു പണിയാൻ ഭാര്യ പറയുന്നത്.
“പിള്ളേർക്ക് ആകെ ബുദ്ധിമുട്ടാകും.ഒന്നിനും ഒരു സൗകര്യം ഇല്ല”.അവൾ തീരുമാനം എടുത്തു കഴിഞ്ഞു..
പിള്ളേര് കുറച്ചു ബുദ്ധിമുട്ടൊക്കെ അറിഞ്ഞു വേണ്ടേ വളരാൻ.
ഞാനൊക്കെ പണ്ട് അരണ്ട വെളിച്ചത്തിൽ ഇരുന്ന് പഠിച്ച്, രാവിലെ എണീറ്റു ഇവിടുന്ന് നടന്ന് ആ വലിയ വളവ് തിരിഞ്ഞു പിന്നെയും നടന്നു ടൗണിൽ എത്തി, അവിടുന്ന് ആൾക്കൂട്ടത്തിനിടയിൽ തിക്കി ഞെരുങ്ങി ബസ്സിൽ കയറി ആണ് സ്കൂളിൽ പൊയ്ക്കോണ്ടിരുന്നത്. ഇന്നിപ്പോൾ സ്കൂൾ ബസ് വീട്ടുമുറ്റത്ത് എത്തും. ഇൻവേർട്ടർ ഉള്ളത് കൊണ്ട് കറന്റും പോവുകയില്ല.റോഡ് ഒക്കെ ടാറിട്ടു വെടിപ്പായി. ആ വളവിപ്പോഴും അങ്ങനെ തന്നെ.പാലം പണിയുന്ന കാര്യം, വലുതായപ്പോൾ, ഞാൻ അങ്ങ് മറന്നു പോയി
“എന്താ ആലോചിക്കുന്നത്..”?
“ഒന്നുമില്ല”
“എന്നാൽ ചെയ്യാനുള്ളതൊക്കെ ചെയ്ത് തീർക്ക്,പെട്ടെന്ന് ഇറങ്ങണം.പോകുന്ന വഴി എനിക്ക് ചില കാര്യങ്ങൾ ഉണ്ട്”.
“ഉം..ആയിക്കോട്ട്”..
ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു..

പണ്ട് മഴയ്ക്ക് മുൻപേ വീട്ടിലേക്ക് ഓടിയ ഷിബു പിന്നെ സ്കൂളിൽ വന്നില്ല. അന്നത്തെ കാറ്റിൽ നില തെറ്റി വീണ പ്ലാവ് അവനെ കട്ടിലിലാക്കി.കട്ടിൽ എന്നൊക്കെ പറയുന്നത് ആർഭാടം ആകും.
ആശുപത്രിയിൽ നിന്ന് വീട്ടിലെ തറയിലേക്ക് അവനെ കൊണ്ടുവന്നപ്പോൾ ഞാൻ ഒന്ന് പോയി കണ്ടു.അവന്റെ ആത്മാർത്ഥ സുഹൃത്ത് അവനെ കാണാൻ എത്തിയത് അവനു സന്തോഷം ആയി . സമയം കിട്ടുമ്പോഴൊക്കെ വരാം എന്ന് ഞാൻ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. പിന്നീട് പത്താം ക്ലാസും കോളേജിലും ഒക്കെ ആയിട്ടുള്ള തിരക്കുകൾ കാരണം അങ്ങോട്ട് ഞാൻ പോയിട്ടില്ല.
ചികിത്സകൾ അവനെ എഴുന്നേല്പിച്ചു നടത്തി.ജീവിതത്തോട് അവൻ പോരാടി. കുറെ കാലം കഴിഞ്ഞു സുഹൃത്തുക്കളുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങി. അത് പച്ച പിടിച്ചപ്പോൾ അവർ അവനെ ഒഴിവാക്കി. അതിന്റെ വിഷമത്തിൽ അവൻ വീട്ടിന് പുറകിലെ മാവിൽ തൂങ്ങി ചത്തു. എന്നാലും തളർന്നു വീണിടത്ത് നിന്നും തിരിച്ചു വന്നവൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന് എല്ലാവരും ഓർത്തു..
സുഹൃത്തുക്കൾ അവന്‌ അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു..

തിരികെ പോരുമ്പോൾ ആ വീട് ഞാൻ കണ്ടു. പഴയത് പോലെ തന്നെ. പുറകിലത്തെ മാവ് എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ചില്ലകൾ വീശിയാട്ടി..

     പ്രശാന്ത് അലക്സാണ്ടർ
പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശി . ചലച്ചിത്രനടൻ , 2002 മുതൽ ടെലിവിഷൻ – ചലചിത്ര മേഖലയിൽ സജീവമാണ് .തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.ഭാര്യ ഷീബ തിരുവല്ല മാർത്തോമ കോളേജിൽ അധ്യാപികയാണ് . രക്ഷിത്, മന്നവ് എന്നിവരാണ് മക്കൾ.
ഒരുപിടി നല്ല ചിത്രങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഉടൻ പുറത്തിറങ്ങാനുള്ള ചിത്രമായ ഓപ്പറേഷൻ ജാവയിലെ പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നു.

 

രാജു കാഞ്ഞിരങ്ങാട്

പുഴ അവനോടു പറഞ്ഞു:
നീ വരുമെന്നെനിക്കറിയാം
ഞാൻ കാത്തിരിക്കുകയാരുന്നു

എൻ്റെ ഹൃദയത്തിൻ്റെ ഓളങ്ങളിലൂടെ
നീയൂന്നിയ വള്ളങ്ങൾ തത്തിക്കളിച്ച –
യൗവനം
കവിതയുടെ കാല്പനീകതയിലേക്ക്
പുഴയൊഴുകി

ഒരു തുള്ളിയായ് നിന്നോടൊപ്പമെന്നും
ഞാനുണ്ടായിരുന്നു
സുഖദുഃഖങ്ങളിൽ ഹൃദയമർമ്മരമായ്
ഒന്നിലും അലിഞ്ഞുചേരാതെ

അവൻ പുഴയെതൊട്ടു വാർദ്ധക്യത്തിൻ്റെ –
തണുപ്പരിച്ചു കയറി
അവൻ മൗനിയായി
ഓർമ്മകളുടെ ഓളങ്ങൾ നിലച്ചു

പുഴ എന്നേമരിച്ചിരിക്കുന്നു!
സന്ധ്യയുടെ ചുവപ്പിന് കരിഞ്ചോരയുടെ –
നിറം
ആകാശത്തുനിന്നും ഒരു തുള്ളി
അവൻ്റെ നെറുകയിലേക്കു പതിച്ചു
അവൻ പുഴയായൊഴുകി !

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഡോ. ഐഷ വി

കൂട്ടുകാരാരോ കാണിച്ചു തന്നത് പ്രകാരം നഞ്ചും പത്തലിന്റെ ( ജെട്രോഫിയ) കറയിൽ നിന്നാണ് ഞങ്ങൾ കുട്ടികൾ കുമിളകൾ ഉണ്ടാക്കാൻ തുടങ്ങിയത്. കുമിളകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുമ്പോൾ വർണ്ണരാജി വിരിയും. മഴക്കാലമല്ലെങ്കിലും കുഞ്ഞു മഴവില്ലുകൾ ഞങ്ങൾ ആസ്വദിക്കും. എങ്ങനെയാണ് കുമിളകൾ ഉണ്ടാക്കുകയെന്നല്ലേ ? കുരുമുളകിന് താങ്ങ് കാലായി നട്ടിരുന്ന പത്തൽ ചിരവത്തോട്ടത്തും ചിറക്കര ത്താഴത്തും ധാരാളമുണ്ടായിരുന്നു. ഇതിന്റെ കായ വിഷമുള്ളതാണ്. ഇതിന്റെ വിത്താട്ടിയെടുക്കുന്ന എണ്ണ റെയിൽവേ എഞ്ചിൻ ഓയിലായി ഉപയോഗിക്കാറുണ്ട്.
ഞങ്ങൾ ഈ പത്തലിന്റെ അഗ്രമുകളങ്ങൾ നുള്ളും. തുടർന്ന് മുറി ഭാഗത്തു കൂടി ഊറി വരുന്ന കറ ഒരു വട്ടയിലയിലോ മറ്റിലകളിലോ ശേഖരിക്കും. പിന്നെ പപ്പായത്തണ്ടോ സ്ട്രോയോ ഉപയോഗിച്ച് ഒരറ്റം കറയിൽ മുക്കി മറ്റേയറ്റം വായിൽ വച്ച് അല്പമൊന്ന് വലിക്കും. പിന്നെ തണ്ട് കറയിൽ നിന്നും ഉയർത്തി ഊതി വിടും. അയൽപക്കത്തെ കുട്ടികളും ഞങ്ങളും കൂടി ഈ പരിപാടി തുടങ്ങിയാൽ പിന്നെ കുമിളകളുടെ അയ്യര് കളി തന്നെ. ചിലപ്പോൾ അമ്മ തുണി അലക്കാനായി സർഫ് വെള്ളത്തിൽ കലക്കുമ്പോൾ ആ വെള്ളത്തിലാകും പപ്പായ ത്തണ്ടു കൊണ്ടുള്ള കുമിള പരിപാടി.

കുട്ടിക്കാലം മുതലേ എനിക്ക് എന്റേതായ ചില ഏകാന്ത നിമിഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതിർന്നവർ തിരക്കുള്ളവരും കുട്ടികൾ ധാരാളം സമയമുള്ളവരും ആയിരുന്നല്ലോ. അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാൻ ആകാശ കുമിളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കുമിളകൾ നേരത്തേ പറഞ്ഞ കൃത്രിമ കുമിളകൾ അല്ല. നല്ല പ്രകാശമുള്ള അന്തരീക്ഷത്തിൽ വൃക്ഷങ്ങളുടേയും ചെടികളുടേയും പശ്ചാത്തലമില്ലാത്ത നമ്മുടെ കണ്ണിന് നേർക്ക് അടുത്തായി വരുന്ന സുതാര്യമായ അന്തരീക്ഷ ഭാഗത്ത് സൂക്ഷ്മമായി ശ്രദ്ധയോടെ നിരീക്ഷിച്ചാൽ വായുവിലെ തന്മാത്രകളും ആറ്റങ്ങളുമൊക്കെ നഗ്‌ന നേത്രങ്ങൾക്ക് ഗോചരമാകുമെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആറ്റങ്ങളെ കുറിച്ചോ തന്മാത്രകളെ കുറിച്ചോ പഠിക്കുന്നതിന് വളരെ മുമ്പ്. ഞാൻ അച്ഛനോട് ഇതേ പറ്റി ചോദിച്ചപ്പോൾ പൊടിപടലങ്ങൾ ആകുമെന്നായിരുന്നു അച്ഛന്റെ മറുപടി. വെറുo പൊടിപടലമല്ല അവ എന്നതായിരുന്നു എന്റെ നിഗമനം. കാരണം സാധാരണ പൊടിപടലങ്ങൾക്ക് നിയതമായ രൂപം കാണില്ലല്ലോ? ഞാൻ കണ്ടവയെല്ലാം ചെറിയവയിൽ തന്നെ വലുതും ചെറുതുമായ സുതാര്യമായ ഗോളാകൃതിയുള്ളവയായിരുന്നു. ഈ ഗോളങ്ങൾ നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ നേത്രങ്ങൾക്ക് ഇത് ഗോചരമായ ദിവസം മുതൽ ഏകാന്ത നിമിഷങ്ങൾ കണ്ടെത്തി ഇവയെ നിരീക്ഷിയ്ക്കുക എന്റെ വിനോദമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഫിസിക്സ് ക്ലാസ്സിൽ റാന്റം മൂവ്മെന്റ് ഉള്ള വാതക കണങ്ങളെ കുറിച്ചും അവയുടെ റൂട്ട് മീൻ സ്ക്വയർ വെലോസിറ്റിയെ കുറിച്ചും പഠിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ നഗ്നനേത്രം കൊണ്ട് നിരീക്ഷിച്ച കണങ്ങളെ കുറിച്ചും അവയുടെ വലുപ്പ ചെറുപ്പങ്ങളെ കുറിച്ചും ചലനത്തെ കുറിച്ചുമാണ് ഓർമ്മ വന്നത്.

മറ്റൊരു കാഴ്ച നമ്മൾ ആകാശത്തിൽ ഇത്തിരി ദൂരത്തേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ കാണുന്ന സൂക്ഷ്മ കണങ്ങളാണ്. ഇത് നേരത്തേ വിവരിച്ച കുമിളകളേക്കാൾ വ്യത്യസ്ഥമായവയാണ്. അവയും കാണണമെങ്കിൽ വൃക്ഷങ്ങളുടെ പശ്ചാത്തലമില്ലാത്ത സ്ഥലത്തേയ്ക്ക് നല്ല പ്രകാശത്തിൽ സൂക്ഷ്മതയോടെ നോക്കണം. ഈ കാഴ്ച എനിക്ക് ഗോചരമായത് മുതിർന്നതിന് ശേഷമാണ്. പ്രത്യേകിച്ച് കാർത്തിക പള്ളിയിൽ നിന്ന് ചിറക്കരയിലെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ. ഞാനാദ്യം വിചാരിച്ചത് ഈ കണങ്ങൾ അന്തരീക്ഷത്തിൽ ഉള്ളവയാണെന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല എന്ന് വേഗം മനസ്സിലായി. ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഈ കാഴ്ച എന്റെ ഒപ്പം ഉണ്ടായിരുന്നു. കണങ്ങൾ പല ആകൃതിയിലുള്ളവയായിരുന്നു. ചലനമുണ്ടായിരുന്നു. എന്നാൽ ഞാൻ ഏത് ഭാഗത്തേയ്ക്ക് നോക്കുന്നുവോ ആ ഭാഗത്തേയ്ക്ക് ഈ കണങ്ങൾ നീങ്ങുന്നതായി എനിക്ക് തോന്നി. അങ്ങനെ ഈ കാഴ്ച പുറത്തല്ല അകത്താണ് എന്ന് മനസ്സിലായി. അങ്ങനെ ദിവസവും നിരീക്ഷിച്ചപ്പോൾ യാത്രയിൽ മറ്റെല്ലാ പുറംകാഴ്ചകളെയും പിന്നിലാക്കി മുന്നേറുമ്പോൾ എന്റെ കൂടെ വരുന്ന ഈ കുമിള കാഴ്ച എന്റെ കണ്ണിനുള്ളിലെ കണങ്ങളാണെന്ന് എനിക്ക് തോന്നിയത്. ഇന്റർനെറ്റും മറ്റുമുള്ള കാലമായതിനാൽ എനിക്ക് ഇതേകുറിച്ച് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞു. അപ്പോൾ നമ്മുടെ കണ്ണിനുള്ളിലെ രക്തകുഴലുകളുടേയും രക്താണുക്കളുടേയും നിഴലുകൾ റെറ്റിനയിൽ പതിയുമെന്നും ഇവ ഇത്തരം കാഴ്ചകളായി മാറാമെന്നും മനസ്സിലായി.

ഒത്തിരി ഉൾകാഴ്ചകളും പുറം കാഴ്ചകളും നമുക്ക് അനുഭവവേദ്യമാകാൻ ഇത്തിരി ഏകാന്തതയും നമുക്ക് ആവശ്യമാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോർജ് ശാമുവേൽ

മാക്കൊട്ട്കര ഉത്സവത്തിന് വിവിധ ഇടങ്ങളിൽ നിന്ന് പല വിധ ആളുകൾ വരാറുണ്ട്. ഉത്സവം തുടങ്ങിയാൽ തൃക്കന്നൂർ മുതൽ മാമ്പടി വരെയുള്ള ഗ്രാമങ്ങളിൽ വലിയ തിരക്കാണ്. ആരൊക്കെയാ എവിടുന്നൊക്കെയാ വരികാന്ന് ആർക്കറിയാം! തിരക്കേറുമ്പോൾ അച്ചനൊപ്പം ചായക്കടയിൽ ഞാനും സഹായത്തിനു നിൽക്കുമായിരുന്നു. ഒരു ദിവസം നിന്ന് തിരിയാൻ പോലും ഇടമില്ലാതെ കടയിലേക്ക് ആളുകൾ ഇടിച്ചു കയറി. സന്ധ്യ ആയപ്പോഴേക്കും ഞാൻ ഒരു പരുവമായിരുന്നു. വൈകിട്ട് മേശ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ ബെഞ്ചിൽ വർണ്ണകടലാസ്സ് കൊണ്ട് പൊതിഞ്ഞിരിക്കുന്ന എന്തോ ഒന്ന് ശ്രദ്ധയിൽ പെട്ടു. അത് തുറന്നു നോക്കാൻ അതിയായ ത്വര ഉണ്ടായിരുന്നെങ്കിലും നേരെ അച്ഛന്റെ അടുക്കൽ എത്തിച്ചു.

‘അത് ആരെങ്കിലും മറന്നു വച്ചതാവും മോളെ.. നീ അത് ഡ്രോയെറിൽ വച്ചേക്ക് രണ്ടീസം കഴിയുമ്പോൾ ഏടുന്നേലും ആളിങ്ങെത്തും’.
അച്ഛൻ പറഞ്ഞ പോലെ ഞാനതു ഡ്രോയറിനുള്ളിൽ സുരക്ഷിതമായി വച്ചു. രണ്ടല്ല ഇരുപതു ദിവസം കഴിഞ്ഞിട്ടും ആളെത്തിയില്ല. എന്റെ മനസ്സിൽ അത് തുറക്കുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്നതുകൊണ്ട് തന്നെ അച്ഛൻ പുറത്തുപോയ തക്കത്തിനു ഞാനതു കൈക്കലാക്കി.

‘അതെന്തു പൊതിയാരുന്നു അമ്മേ’?

‘അതൊരു സമ്മാനമായിരുന്നു മോളെ’!

‘സമ്മാനമോ… എന്ത് സമ്മാനം’?

‘ജീവിതം കഥ പറയുന്ന ഒരു പുസ്തകം, ഒന്നല്ല രണ്ടു ജീവിതം’!

‘എന്നിട്ട് അമ്മ അത് എന്ത് ചെയ്തു’? വായിച്ചോ ! അതിൽ എന്താ അമ്മേ എഴുതിയിരുന്നേ? അത് ആരുടെ പുസ്തകമാ.. എനിക്കൂടെ വായിക്കാൻ തരുമോ’?

വായിച്ചു, ഒരുപാടു തവണ… ഇരുപതാം വയസ്സുമുതൽ ഇരുപത്തിനാലാം വയസ്സുവരെ നിരന്തരം വായിച്ചു. തനിയെ യാത്ര ചെയ്യാൻ കരുത്താർജിച്ചപ്പോൾ പിന്നീട് ഒരു പോക്കായിരുന്നു. പുസ്തകത്തിന്റെ പിന്നിൽ കുറിച്ചിട്ട വിലാസം തേടി. ആ സമയം മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. പുസ്തകത്തിലെ വരികൾ അത്രത്തോളം എന്റെ മനസ്സിൽ തറച്ചിറങ്ങിയിരുന്നു. കഥാകൃത്ത് ജീവിതത്തിൽ ആദ്യമായി എഴുതിയ പുസ്തകം. അതിൽ നിന്നും വികാരങ്ങളുടെ തീവ്രമായ പ്രവാഹം. ഈ പുസ്‌തകം തിരികെ നൽകിയില്ലെങ്കിൽ ഈ ലോകത്തിലേക്കും വലിയ ക്രൂരയായ ആൾ ഞാനാകുമെന്ന് കരുതിയാണ് ഇറങ്ങിയത്.
ഇത് കഥാകൃത്തിന്റെ ജീവിതമാണെന്ന് എപ്പോഴോ തോന്നി. അയാളെ കാണാനുള്ള യാത്രയായിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് വേണ്ടി അയാൾ എഴുതിയതായിരുന്നു ആ പുസ്തകം.

‘പിന്നെന്താ അയാൾ അത് അവൾക്ക് കൊടുക്കാഞ്ഞത്’?
‘പറയാം അനുമോളെ, അതിലേക്കാണ് ഞാൻ വരുന്നത്’

അയാൾ വിദേശത്തേക്ക് പോകുന്നതിനു മുൻപായിരുന്നു അവർ കണ്ടത്. അന്ന് അവൾ അയാളോടാവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു. വരുമ്പോൾ എനിക്കൊരു സമ്മാനം കൊണ്ട് വരണം, അത് നമുക്ക് മാത്രം അവകാശപ്പെട്ടതായിരിക്കണം. അവൾക്ക് വാക്ക് കൊടുത്താണ് അയാൾ മടങ്ങിയത്.
ആദ്യത്തെ നാലുമാസക്കാലം അയാൾ വാങ്ങി നൽകിയ ഫോണിലൂടെ അവർ പരസ്പരം അനുരാഗം കൈമാറിയിരുന്നു. പിന്നീട് അച്ഛന്റെ അതിസാമർഥ്യത്തിലൂടെ അവളുടെ കയിൽ നിന്ന് ഫോൺ വാങ്ങുകയും നശിപ്പിച്ചു കളയുകയും ചെയ്തു. പിന്നീട് നാട്ടിൽ വരുന്നതുവരെ വിരഹദുഖത്തിന്റെ സമാനമായ കഠിന വേദന അയാളെ പിന്തുടർന്നു.
പുസ്തകത്തിന്റെ അവസാന താളിലെ അവസാന വരികളിൽ അയാളുടെ വരവിന്റെ ഉദ്ദേശം പറയുന്നുണ്ട്.

‘ഈ പുസ്തകം എഴുതി നിർത്തുമ്പോൾ എന്നെ കാത്തിരിക്കുന്നവളുടെ പ്രണയ വേദനയെ തൊട്ടറിയുന്നു ഞാൻ, അകലം മായ്ക്കാത്ത പ്രണയത്തെ നെഞ്ചോടു ചേർക്കുവാനാണെന്റെയീ യാത്ര. ഞാൻ വരുമ്പോൾ നിനക്കായി കരുതി വച്ച സമ്മാനവും എന്റെ കയ്യിലുണ്ടാകും. നമുക്ക് മാത്രം അവകാശപ്പെട്ടത് നമ്മുടെ ജീവിതമല്ലാതെ മറ്റെന്താണ്…. അത് ഇതിലുണ്ട്. ഈ കണ്ടുമുട്ടലിൽ നാം ഒന്നാകും.. എനിക്കുറപ്പുണ്ട്. മനസ്സ്കൊണ്ട് നാം എപ്പോഴേ ഒന്നായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും അത് പോരല്ലോ.. നിന്റെ സ്നേഹവും കരുതലും ഇനിയുള്ള നാൾ എനിക്ക് മാത്രമുള്ളതാകണം. ഞാൻ പറക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ സ്വപ്നലോകത്തിലേക്ക്. അവിടെ ഈ ജീവിതത്തിന്റെ പൂർണ്ണതയെ ഞാൻ കാണുന്നു. പ്രണയത്തിന്റെ ഒരു കവാടവും വികാരങ്ങളുടെ പാതയോരവും എന്റെ അരികിലുണ്ട്. അവിടേക്ക് നിന്നെ കൂട്ടുവാനാണീ യാത്ര.
അഞ്ജലിയുടെ സ്വന്തം കണ്ണേട്ടൻ.’

‘എന്നിട്ട് അമ്മ അയാളെ കണ്ടുപിടിച്ചോ?’
‘ഉം..’
‘ആഹാ, എന്നിട്ട്!’
എന്റെ യാത്ര അവസാനിച്ചത് തൃശൂർ ആയിരുന്നു. അവിടെയുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ വിലാസം കണ്ടു പിടിച്ചു. ചെടികളും ഔഷധസസ്യങ്ങളും മരങ്ങളും ഒക്കെ തിങ്ങി പാർക്കുന്ന ഒരു ഇടം. അതിനിടയിൽ ഞെരിഞ്ഞമരുന്ന മനോഹരമായ ഓടിട്ട ഒരു ചെറിയ വീട്.
ചെടികൾക്കിടയിൽ നിന്ന് അയാളെ ഞാൻ കണ്ടെത്തി. ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആദ്യം തന്നെ ആ പുസ്തകം അയാൾക്ക് കൊടുത്തു ഞാൻ ക്ഷമ ചോദിച്ചിരുന്നു. അതുകൊണ്ട് തന്നെയാകണം അയാൾ പിന്നീട് നടന്ന എല്ലാ കാര്യവും എന്നോട് പറഞ്ഞത്.

‘പിന്നീട് നടന്ന കാര്യമോ.. എന്ത് കാര്യമാ അമ്മേ?’

‘ആ പുസ്തകം എനിക്ക് കിട്ടിയത് കടയിലെ ബെഞ്ചിൽ നിന്നല്ലേ മോളെ…, അത് അവിടെ എങ്ങനെ വന്നു എന്നത് അയാൾ എന്നോട് പറഞ്ഞു’

‘ടി കാന്താരി…’
പിന്നിൽ നിന്നും അച്ഛന്റെ വിളി. അമ്മയുടെ മടിയിൽ നിന്നും അനുമോൾ ചാടി എണീറ്റു.
‘അച്ഛനിതു എപ്പോ വന്നു?’
‘ഞാൻ വന്നിട്ട് കുറച്ചു നേരമായി..’
‘ആഹാ അപ്പോൾ അച്ഛൻ അമ്മയുടെ കഥ ഒളിഞ്ഞു കേക്കുവായിരുന്നു അല്ലെ..’
അനുമോൾ അച്ഛനെ കളിയാക്കി ചിരിച്ചു.
‘ആ.. മതി മതി നീ പോയി കുളിച്ചേ’
‘അയ്യോ അച്ഛാ ഇതൊന്നു തീർന്നോട്ടെ എന്നിട്ട് പൊക്കോളാം.. അച്ഛനും വാ.. ഇനി ഇവിടെ ഇരുന്ന് കേൾക്ക്’
അനുമോൾ അച്ഛനെ അവളുടെ അരികിൽ പിടിച്ചിരുത്തി.

‘അമ്മേ ബാക്കി പറ’
‘ബാക്കി ഒന്നുമില്ല… നീ പോയി കുളിക്ക്’
അമ്മ എണീറ്റ് അടുക്കളയിലേക്ക് പോയി
‘കണ്ടോ അച്ഛാ, അച്ഛനിപ്പോ വന്നില്ലാരുന്നേൽ അമ്മ അത് മുഴുവൻ പറഞ്ഞേനേം ‘
അനുമോൾ ചിണുങ്ങാൻ തുടങ്ങി
‘മോൾക്ക് ബാക്കി കഥ അച്ഛൻ പറഞ്ഞു തരാം’
‘ഏഹ്, അച്ഛനതൊക്കെ അറിയാമോ’
അനുമോളുടെ മുഖത്തു സന്തോഷവും അത്ഭുതവും നിറഞ്ഞു.
‘എന്നാൽ അച്ഛൻ ബാക്കി പറ’
‘ഉം’

അയാൾ ആ പുസ്തകം കൊടുക്കുവാനായി അവളുടെ വീട്ടിലേക്ക് വന്നു. ഉമ്മറത്തെ അരമതിലിൽ അവളുടെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. അയാളെ ഓടിവന്നു കെട്ടിപ്പിടിച്ചു എന്നോട് ക്ഷമിക്ക് മോനെ എന്ന് അയാൾ നിലവിളിച്ചു. അമ്മയും പിന്നാലെ വന്നു. അമ്മയോട് സംസാരിക്കുന്നതിനായി അയാൾ ഉമ്മറത്തെ പടിയിലേക്ക് കയറി. ആകെ ഒരു ശാന്തത അവിടെ നിലകൊണ്ടു. അമ്മയുടെ നിറകണ്ണുകളിൽ നിന്നും ഒരു നിമിഷം അയാളുടെ കണ്ണുകൾ പുറകിലെ ഭിത്തിയിലേക്ക് പാഞ്ഞു. ആണിയിൽ തൂക്കിയ ഫ്രയിമിനുള്ളിൽ താൻ ഇത്രനാൾ കാത്തിരുന്ന പ്രണയിനിയുടെ ചിത്രം മുല്ലപ്പൂവിന്റെ കരിഞ്ഞ നിറത്തിൽ പുഞ്ചിരിക്കുന്നു. അയാളുടെ തൊണ്ടയിലെ ജലകണികകൾ വറ്റി, ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു. കണ്ണേട്ടന്റെ അഞ്ജലി ഒരു ഓർമ്മ മാത്രമായിരിക്കുന്നു.

നടന്നതെല്ലാം അച്ഛൻ അയാളോട് പറഞ്ഞു. കണ്ണൻ പോയ സമയത്ത് അഞ്ജലിയെ നിർബന്ധിച്ചു ഒരു അധ്യാപകന് കെട്ടിച്ചു കൊടുത്തു. എന്നാൽ അയാൾ ഒരു ക്രൂരനായിരുന്നു. അയാൾ പല തവണ തന്റെ സുഹൃത്തുക്കൾക്ക് അഞ്ജലിയുടെ കിടപ്പു മുറി വാടകയ്ക്ക് കൊടുത്തു. ഒരു ദിവസം എല്ലാ വിഷമവും അഞ്ജലി അവളുടെ കിടപ്പു മുറിയുടെ ഉത്തരത്തിൽ അവസാനിപ്പിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് കണ്ണൻ അവിടെ നിന്നും ഇറങ്ങി നടന്നു.. എങ്ങോട്ട് പോകണം എന്നറിയാതെ ഉത്സവത്തിരക്കുകൾക്കിടയിലൂടെ നടന്നപ്പോൾ ഷീണം തോന്നി അയാൾ ആ കടയിൽ കയറി ഇരുന്നതാണ്. കുറച്ചു കഴിഞ്ഞു എണീറ്റ് നടക്കുമ്പോൾ കണ്ണേട്ടന്റെ സമ്മാനം ആ ബെഞ്ചിൽ തനിയെ ആയി.
അങ്ങനെയാണ് മോളുടെ അമ്മയ്ക്ക് ആ പുസ്തകം കിട്ടുന്നത്.

അനുമോൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.
‘അച്ഛൻ എന്തിനാ കരയുന്നത്?’
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘ഒന്നുമില്ല മോളെ’
അയാൾ മകളുടെ മുഖത്തു നോക്കി ചിരിക്കാൻ ശ്രമിച്ചു.
‘അച്ഛാ.. അയാൾ ഇപ്പോഴും തൃശൂർ ഉണ്ടോ? നമുക്കൊന്ന് പോയി കണ്ടാലോ… ശോ അമ്മ ആ പുസ്തകം അയാൾക്ക് കൊടുത്തില്ലായിരുന്നെങ്കിൽ എനിക്ക് അത് വായിക്കാം ആയിരുന്നു. അച്ഛന്റെ പേര് തന്നെയാണല്ലോ അയാൾക്ക്! അയാൾ വേറെ കല്യാണം കഴിച്ചു കാണുമോ? അമ്മ അതൊന്നും ചോദിച്ചില്ലേ?’
‘അറിയില്ല മോളെ’. അവൾക്ക് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു.
അനുമോളുടെ അച്ഛൻ എണീറ്റ് മുറിയിലേക്ക് പോയി. തന്റെ പഴയ ഒരു ബാഗ് തുറന്നു. അതിൽ പല പുസ്തകങ്ങളുടെ ഇടയിൽ നിറം മങ്ങാതെ ആ രണ്ടു ജീവിതങ്ങൾ അയാളെ നോക്കി പുഞ്ചിരിച്ചു.

 

ജോർജ് ശാമുവേൽ

ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.

RECENT POSTS
Copyright © . All rights reserved