Middle East

വാഹനാപകടത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു സമീഹാ തബസും ആണ് മരിച്ചത് . മസ്കറ്റിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .

ഹൈദരാബാദ് സ്വദേശിയാണ് മരിച്ച സമീഹ .മാതാവിനൊപ്പം സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരുക്കളോടടെ കൗല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൽ സലാം ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വന്ന കണ്ണൂർ ഇരട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ഷൈനി മാത്യുവിന്റയും മകൾ ശ്രീമതി ദീപ്തി ജോമേഷാണ് (33 വയസ്സ്) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞത്.

ഭർത്താവ് : ശ്രീ ജോമേഷ് വെളിയത്ത് ജോസഫ് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ). സഹോദരൻ : ദീക്ഷിത്ത് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

ദീപ്തി ജോമേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകള്‍ക്ക് അനുമതി ലഭിച്ചു.

ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികള്‍ അധികം നല്‍കേണ്ടി വരും. മണി എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാല്‍, ഇവരുടെ മൊബൈല്‍ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വർധിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് അഥവാ ഫെർജ് ആണ് ഇക്കാര്യം അറിയിച്ചത്.

പതിനഞ്ച് ശതമാനം ഫീസ് വർധിപ്പിക്കുമ്പോള്‍ 1000 ദിർഹമിന് മുകളില്‍ അയക്കാൻ നിലവില്‍ ഈടാക്കുന്ന 23 ദിർഹം 25.5 ദിർഹമായി ഉയരും. ആയിരം ദിർഹത്തിന് താഴെ പണമയക്കുന്നവർക്കുള്ള ഫീസ് 17.5 ദിർഹമില്‍ നിന്ന് 20 ദിർഹമായും വർധിപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പണമയക്കാനുള്ള ഫീസില്‍ വർധനയുണ്ടാവുന്നതെന്ന് എക്സ്ഞ്ചേ അധികൃതർ പറഞ്ഞു.

ഓണ്‍ലൈൻ വിനിമയം പ്രോല്‍സാപ്പിക്കാനാണ് എക്സ്ചേഞ്ചുകളുടെ ആപ്പില്‍ നിന്ന് പണമയക്കാൻ ഇളവ് നല്‍കുന്നത്. പണമയക്കാൻ മണി എക്സ്ചേഞ്ച് ശാഖകളെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ഫിസ് വർധന ബാധിക്കുക. ഇന്ത്യൻ രൂപയില്‍ കണക്കാക്കുമ്പോള്‍ 56 രൂപയോളം പണമയക്കാൻ അധികം നല്‍കണം. അഥവാ 575 രൂപയോളം ഫീസിനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കും.

രാജ്യത്ത് പുതിയതായി എത്തുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം. വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെയാണ് പിഴ.

ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ മൂന്ന് മാസം വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഖത്തറിലെത്തി 30 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരിക്കണം.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കര്‍ശനമാണെന്നിരിക്കെ തൊഴിലുടമകളും പ്രവാസികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിയമങ്ങള്‍ അനുസരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിൽ സുനിൽ കുമാർ ( 47 ) ആണ് മരിച്ചത്.

റദ്ദയിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവർത്തകൻ അശോകൻ പറഞ്ഞു.

അച്ഛൻ: അഴകേശൻ, അമ്മ: മീനാക്ഷി, ഭാര്യ: മായ, മക്കൾ: മിഥുൻ, അദ്വൈത്.

വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

അവധി ആഘോഷിക്കാൻ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട്‌ ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.

വൈകിട്ട് ജംഷീറിൻറ കുടുംബം ദമ്മാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അൽഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്‍ഡ്‌ ക്രൂയിസര്‍ മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.

ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്മെൻറ് റെൻറല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. അൽഹസ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

പരിഷ്‌കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകൾ തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ്.

ഫാമിലി വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്ത് എത്തിക്കാൻ സമർപ്പിച്ചവരുടെ അപേക്ഷയാണ് അധികൃതർ തളളിയത്. ജീവിത പങ്കാളി, 14 വയസിന് താഴെയുള്ള മക്കൾ എന്നിവർക്ക് മാത്രമാണ് ഫാമിലി വിസയിൽ രാജ്യത്ത് പ്രവേശനമുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

മതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാൻ പ്രവാസികൾക്ക് ഇനി സാധിക്കില്ല. മതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം തള്ളിയത്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.

പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയിൽ വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്ക് മാത്രം ഫാമിലി വിസ നൽകിയാൽ മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏദൻ ഉൾക്കടലിൽ യുകെ ടാങ്കറുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് പിന്നാലെയാണ് യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള പ്രസ്ഥാനം മാർലിൻ ലുവാണ്ട എന്ന ടാങ്കറിന് നേരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി യുഎസും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ കപ്പലിൻെറ സഹായത്തിനായി ഫ്രഞ്ച്, ഇന്ത്യൻ, യുഎസ് നാവിക കപ്പലുകൾ സംഭവ സ്ഥലത്ത് ഉടനെ എത്തി. മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ യുകെ രജിസ്‌ട്രേഡ് കമ്പനിയായ ഓഷ്യോണിക്സ് സർവീസസ് ലിമിറ്റഡ് ആണ്. ഒരു ബഹുരാഷ്ട്ര വ്യാപാര കമ്പനിയായ ട്രാഫിഗുരയ്ക്ക് വേണ്ടിയാണ് ടാങ്കർ പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ടാങ്കറിലെ തീ അണച്ചതായും കമ്പനി അറിയിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിത തുറമുഖത്തേക്ക് നീങ്ങുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമമാണിത്. ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്ന ഗാസയിലെ പാലസ്തീനികളെ പിന്തുണച്ചു കൊണ്ടാണ് ഈ മേഖലയിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അമേരിക്കൻ ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ എന്ന് ഒരു ഹൂതി വക്താവ് മാർലിൻ ലുവാണ്ടയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.

അതേസമയം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും കണ്ണടയ്ക്കാവുന്ന ഒന്നല്ലെന്നും ഇതിനെതിരെ ഒരു പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യുകെ സർക്കാർ പ്രതികരിച്ചു. ഏഡനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു. പ്രദേശത്തുകൂടെ പോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പുലർത്തണം എന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന അറിയിച്ചു. നവംബർ മുതൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഇതിനോടകം പത്തിലധികം ആക്രമണങ്ങൾ നടത്തി കഴിഞ്ഞു.

രക്ഷാപ്രവർത്തനത്തിന് പിന്നാലെ കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വെള്ളിയാഴ്ച ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തുകയിരുന്നു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.

മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ നവംബര്‍ 13 -നാണ് തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചത്.

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.

റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved