Movies

മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും ഇതാ എത്തിയിരിക്കുകയാണ്, അതും കാത്തിരുന്നത് പോലെ ആ നേട്ടത്തിന് ആവേശം നൽകിയ രംഗ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടം കൂടിയാവുകയാണ്.

ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. നിര്‍മ്മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാള ചലചിത്രം മൂന്നാംഘട്ടം ഏറ്റെടുത്ത്  ആമസോൺ പ്രൈം. മാർച് 28 മുതൽ ആമസോൺ OTT പ്ലാറ്റ്ഫോമിൽ മൂന്നാംഘട്ടം സ്ട്രീമിങ് ആരംഭിച്ചു. സ്വപ്നരാജ്യത്തിന് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “മൂന്നാംഘട്ടം”. യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.

യുകെയിലെ പ്രമുഖ നഗരങ്ങളിൽ സിനിവേൾഡ് ഉൾപ്പടെയുള്ള തീയറ്ററുകളിൽ പ്രദർശനത്തിന്  ശേഷമാണ്  മൂന്നാംഘട്ടം ആമസോൺ OTT യിൽ എത്തിയത്. കൊമേർഷ്യൽ – ആർട്ട് സിനിമകളേക്കാൾ “മധ്യവർത്തി സിനിമകളുടെ” വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് മൂന്നാംഘട്ടം. UK, Europe  കൂടാതെ, US, Canada, Japan, South America  തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് മൂന്നാംഘട്ടത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടർന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് സിനിമയുടെ പ്രമേയം. പല സമയങ്ങളിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങൾക്ക്  സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നൽകുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ഹരിഗോവിന്ദ് താമരശ്ശേരി, ബിറ്റു  തോമസ്, പാർവതി പിള്ള, സാമന്ത സിജോ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സംയുക്തസംവിധായകർ- ഹരിഗോവിന്ദ് താമരശ്ശേരി, എബിൻ സ്കറിയ.
സഹസംവിധായകർ – രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു, സിജോ മംഗലശ്ശേരിൽ.
ഛായാഗ്രഹണം- അലൻ കുര്യാക്കോസ്.
പശ്ചാത്തല സംഗീതം- കെവിൻ ഫ്രാൻസിസ്

Amazon Prime Link : https://www.amazon.co.uk/gp/video/detail/B0CWD8Y5ML/ref=atv_dp_share_cu_r

ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടന്‍ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്‍. ഗോകുല്‍. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികതയും കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമകൾ കുട്ടികളിൽ വൻതോതിൽ സ്വാധീനം ചെലുത്തും . ഇത്തരം സിനിമകൾ ചെറുപ്രായത്തിൽ കാണുന്നത് കുട്ടികളെ പല മാനസിക പ്രശ്നങ്ങളിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കാനുമുള്ള സാധ്യതയുണ്ട്. മയക്കുമരുന്ന് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ സിനിമകൾ ഇത്തരം ചെയ്തികളെ കുറിച്ച് അവരിൽ ആകാംക്ഷ ജനിപ്പിക്കുവാനും ആകർഷണം തോന്നാനും കാരണമാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരമായി ഇത്തരം സിനിമകൾ കാണുന്നത് കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുകയും ചെയ്യും.

കുട്ടികൾ കാണുന്ന സിനിമകളുടെ റേറ്റിങ്ങിലും സെൻസറിങ്ങിനും കർശനമായ മാർഗനിർദേശങ്ങളുമായി യുകെ ഫിലിം ബോർഡ് രംഗത്തു വരും. 12/12 – A റേറ്റസ് സിനിമകളിലെ ലൈംഗിക, അക്രമ രംഗങ്ങൾ ഉൾപ്പെടുത്തുന്നതിന് കർശന മാർഗനിർദേശങ്ങളാണ് ഫിലിം ബോർഡിൻറെ ഭാഗത്തുനിന്ന് മുന്നോട്ട് വച്ചിരിക്കുന്നത്. 12, 12 A സിനിമകളിലെ ലൈംഗിക രംഗങ്ങൾക്കും നഗ്നത ദൃശ്യങ്ങൾക്കും കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചപ്പോൾ തന്നെ സിനിമകളിലെ ട്രെയിലറുകളിൽ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. ട്രെയിലറുകളിൽ ഇനി നേരത്തെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന F- വേർഡ് പോലുള്ള പോലുള്ള വാക്കുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്.

അഞ്ച് വർഷമായി ബ്രിട്ടീഷ് ബോർഡ് (ബി ബി എഫ് സി )ഓഫ് ഫിലിം ക്ലാസ്സിഫിക്കേഷൻ ഈ കാര്യങ്ങളെ കുറിച്ച് വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നടത്തിയ പഠന ഗവേഷണങ്ങളിൽ സിനിമകളിൽ കൂടി വരുന്ന ലൈംഗിക, ആക്രമങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് പലരും പങ്കുവെച്ചത്. 12,000 ആളുകളിൽ നടത്തിയ സർവേയിൽ നിലവിൽ സിനിമകളിൽ കാണിക്കുന്ന ലൈംഗിക അക്രമ സംഭവങ്ങൾ കുട്ടികൾക്ക് തികച്ചും അനുചിതമായവയാണെന്ന അഭിപ്രായമാണ് പലരും പ്രകടിപ്പിച്ചത്.

അതുകൊണ്ടുതന്നെ കുട്ടികൾ കാണുന്ന 12, 12 A റേറ്റിംഗ് ഉള്ള സിനിമകളിൽ അവതരിപ്പിക്കുന്ന ലൈംഗിക രംഗങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രതികരിച്ച മിക്കവരും ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായം സ്വരൂപിക്കാനായി 28 ട്രെയിലറുകളും 151 ക്ലിപ്പുകളും 33 സിനിമകളും ആണ് സർവേയിൽ പങ്കെടുത്തവർക്കായി പ്രദർശിപ്പിച്ചത്. ഇതിൽ ജെയിംസ് ബോണ്ട് സിനിമ ഗോൾഡൻ ഫിംഗറും ഉൾപ്പെടുന്നു. യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് സിനിമകളുടെ ഉള്ളടക്കം സംബന്ധിച്ചുള്ള റേറ്റിഗിനായുള്ള മാനദണ്ഡങ്ങൾ പുതുക്കുന്നത്.

പതിനേഴ് വയസ്സ് മാത്രമുള്ളപ്പോള്‍ ഈ ലോകത്ത് നിന്നും സ്വയം വിടപറഞ്ഞ താരമാണ് പ്രിന്‍സ്. പ്രിന്‍സ് എന്ന മാത്രം പറയുമ്ബോള്‍ പലർക്കും അത്രപെട്ടെന്ന് ആ നടന്റെ മുഖം ഓർമ്മവരില്ലെങ്കിലും ഉർവശിയുടെ സഹോദരന്‍ എന്ന് പറഞ്ഞാല്‍ ലയനം എന്ന സിനിമയിലെ ആ നടനെ പലരും ഓർക്കും.

പ്രിന്‍സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് ലയനം സിനിമക്കെതിരേയും ചില ആരോപണങ്ങള്‍ അന്ന് ഉയർന്നിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ സംഭവിച്ചത് അങ്ങനെ ഒന്നുമല്ലെന്നാണ് സംവിധായകന്‍ തുളസീദാസ് വ്യക്തമാക്കുന്നത്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ കൊച്ച്‌ അനുജനെ പോലെ ഞാന്‍ കണ്ട് വ്യക്തിയായിരുന്നു പ്രിന്‍സ്. ലയനം സിനിമയെ തുടർന്നുണ്ടായ ഡിപ്രഷനാണ് അവന്റെ മരണത്തിന് കാരണം എന്ന പ്രചരണം തെറ്റാണ്. ആ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വരുന്നിതിന് മുമ്ബ് തന്നെ ഡ്രിങ്ക്സൊക്കെ കഴിക്കുന്ന സ്വഭാവം അവനുണ്ടായിരുന്നു. ഒരിക്കല്‍ സെറ്റില്‍ വെച്ച്‌ അവനെ പിടിച്ചിട്ടുണ്ട്.

ഒരു ദിവസം മറ്റൊരു പയ്യനുമായി ചേർന്ന് ടെറസില്‍ പോയി ടാങ്കില്‍ നിന്ന് വെള്ളമെടുത്ത് കഴിച്ചിരുന്നു. പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പ്രേമം തുടങ്ങിയത്. അത് വീട്ടില്‍ ശരിയാകില്ലെന്ന് മനസ്സിലാക്കിയാണ് രണ്ടുപേരും ഒരുമിച്ച്‌ ആത്മഹത്യ ചെയ്യുന്നത്. സിനിമ കാരണമാണ് മരിച്ചതെന്നുള്ള പ്രചരണമൊക്കെ തെറ്റാണെന്നും തുളസീദാസ് പറയുന്നു.

പ്രിന്‍സിന്റെ മരണം ഇന്നും എനിക്ക് വല്ലാത്ത വേദനയാണ്. അന്ന് വീട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. വിളിച്ച്‌ സംസാരിച്ചിരുന്നു. ലയനം വന്‍ ഹിറ്റായിരുന്നു. ഇതോടെ അതുപോലുള്ള നിരവധി സിനിമകള്‍ പല ഭാഷകളില്‍ നിന്നും വന്നു. എന്നാല്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ പിന്നീട് തയ്യാറായിരുന്നില്ല. പിന്നീട് ചെയ്യുന്ന പടമാണ് കൌതുക വാർത്തകളെന്നും തുളസീദാസ് വ്യക്തമാക്കുന്നു.

അതേസമയം, പതിനേഴ് വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് എന്തായിരുന്നു അതിന്റെ കാരണമെന്നും മറ്റും അറിയില്ലെന്നായിരുന്നു ഉർവശി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. അനിയന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറോളം സഹപാഠികള്‍ ആത്മഹത്യ ചെയ്തതായും ഉർവശി മുമ്ബ് പറഞ്ഞിരുന്നു.

“ആത്മഹത്യ ചെയുമ്ബോള്‍ പതിനേഴ് വയസായിരുന്നു അവന്റെ പ്രായം. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എങ്ങനെയാണ് അത്തരും മരണം ഉണ്ടായതെന്ന് ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.” എന്നും ഉർവശി പറഞ്ഞു.

അവന്റെ മരണ സമയത്ത് കല ചേച്ചി ഏഴ് മാസം ഗർഭിണിയായിരുന്നു. എന്തോ ഒന്നില്‍ അവർ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാൻ പറ്റുമായിരുന്നിരിക്കാം.പ്രിൻസിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളില്‍ സ്റ്റേജ് ഷോയ്ക്ക് ഗള്‍ഫില്‍ പോവേണ്ടി വന്നിരുന്നെന്നും തുളസീദാസ് പറഞ്ഞിരുന്നു.

മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ചിദംബരം പൊതുവാൾ ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. യുകെയിലെ മലയാളികൾക്കിടയിലും ചിത്രത്തിലെ വൻ സ്വീകാര്യതയാണ് ലഭിച്ചത്

റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുന്നെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി പിന്നിടുന്നത്. ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു. ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്.

ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ‌ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ‘ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘കത്തനാരിൽ’ പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

“ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാ​ഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാ​ഗ്യമായ് ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്.”ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മാറിയതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. ചിത്രത്തിൻ്റെ നിർമാതാവ് സൗബിനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 175 കോടിയാണ് 2018-ന്റെ ഫെെനൽ കളക്ഷൻ. 200 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാകുമോ മഞ്ഞുമ്മൽ ബോയ്സ് എന്നാണ് ഇനി കാണാനുള്ളത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

കേരളത്തിൽ ഉണ്ടാക്കിയെടുത്തതിനേക്കാൾ വലുതാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ച ഓളം. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പ്രമേയം. ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.

റിവ്യൂ ബോംബിങ് തടയാൻ കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്‌. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ എന്ന പേരിൽ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങൾ വ്ളോഗര്‍മാര്‍ ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രതിഫലത്തിന് വേണ്ടി സമൂഹമാധ്യമത്തിൽ റിവ്യൂ നടത്തുന്നവരാണ് പലരുമെന്ന് റിപ്പോർട്ടിലുണ്ട്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇതിൽ കേസെടുക്കാൻ നിലവിൽ പരിമിതിയുണ്ട്, ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ട്. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

നടൻമാർ, സിനിമയ്ക്ക് പിന്നിലുള്ളവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവ തടയണം. സിനിമയെ വലിച്ചുകീറുന്നതിന് പകരം ക്രിയാത്മക വിമർശനം നടത്തണം. നിയമ-ധാർമിക നിലവാരം കാത്തുസൂക്ഷിക്കണമെന്നും, പ്രഫഷണലിസമുണ്ടാകണമെന്നും റിപ്പോർട്ട്.

റിപ്പോർട്ടിൽ കേന്ദ്രസർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.അതേസമയം, നെഗറ്റീവ് കമന്‍റുകളുണ്ടായിട്ടും ഈയിടെ ചില പുതിയ സിനിമകൾ വിജയിച്ചതായി അറിഞ്ഞെന്ന് കോടതി പറഞ്ഞു.

മലയാളത്തിലെ സർപ്രൈസ് ഹിറ്റായ പ്രേമലു റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്ബോഴും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.

രാജ്യത്താകമാനം ചിത്രം ഇതിനോടകം 28 കോടിയില്‍ കൂടുതല്‍ സ്വന്തമാക്കി. പ്രേമലുവിന്‍റെ യുകെ ബോക്സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

യുകെയില്‍ മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധനം ചെയ്ത പ്രേമലു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെ മറികടന്നാണ് ചിത്രത്തിന്‍റെ നേട്ടം. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ ജൂഡ് ആന്തണി ടോവിനോ തോമസ് ചിത്രം 2018 ആണ്. ഏഴ് കോടിയാണ് ചിത്രത്തിന്‍റെ യു കെ കളക്ഷൻ.

പ്രേമലുവിന്‍റെ ഇതുവരെയുള്ള യുകെ ബോക്സ് ഓഫീസ് 2.87 കോടി രൂപയാണ്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ ഫെബ്രുവരി ഒമ്ബതിനായിരുന്നു പ്രേമലുവിന്റെ റിലീസ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം വെറും 12 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ 50 കോടി സ്വന്തമാക്കിയത്. പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

RECENT POSTS
Copyright © . All rights reserved