Social Media

മരാജോ: 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാട്ടില്‍ കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണിത്. തമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമല്ല.

അതേസമയം, പ്രദേശത്ത് വെളളം ഉയര്‍ന്നപ്പോള്‍ തിരമാല കാരണം തീരത്ത് അടിഞ്ഞതാവാം ജഡമെന്നാണ് മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. തിമിംഗലത്തിന് വെറും ഒരു വയസ് മാത്രമാണ് പ്രായം. ‘തിമിംഗലം എങ്ങനെ ഇവിടെ എത്തി എന്നതില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. വെളളം പൊങ്ങിയപ്പോള്‍ ഇവിടേക്ക് തിരമാല കാരണം എത്തിയതാകാം എന്നാണ് നിഗമനം. ചത്തതിന് ശേഷമാകാം തിമിംഗലം തീരത്ത് നിന്നും ഏറെ ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവില്‍ എത്തിയത്,’ മരാജോയിലെ സമുദ്ര ഗവേഷകര്‍ പറയുന്നു.

വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തില്‍ കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പലരും പല നിഗമനങ്ങളുമായാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി മാത്രമേ തിമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമാവുകയുളളൂ. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫൊറന്‍സിക് പരിശോധനയും നടത്തുന്നുണ്ട്.

ഷോറൂമിൽ ഡിസ്പ്ലേ ചെയ്തിരുന്ന കാര്‍ ആരെങ്കിലും ഓടിച്ചുനോക്കുമോ? അതും ഷോറൂമിനകത്ത്. ഹിമാചൽ പ്രദേശിലെ ഒരു കാര്‍ ഷോറൂമിലെത്തിയ പെൺകുട്ടിക്ക് പറ്റിയ അബദ്ധം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

പുതിയ കാർ വാങ്ങുംമുൻപ് ടെസ്റ്റ് ഡ്രൈവ് നടത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ കാർ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ പെൺകുട്ടി സെയിൽസ് എക്സിക്യൂട്ടിവിനോട് വിശദാംശങ്ങൾ ചോദിച്ചറിയുന്നത് വിഡിയോയിൽ കാണാം.

എന്നാൽ പെട്ടെന്ന് കാർ അതിവേഗം മുന്നോട്ട് കുതിക്കുകയും ഷോറൂമിന്റെ ചില്ലുകൾ തകർത്ത് മുൻഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ചെയ്തു.

വിഡിയോ കാണാം:

അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലായി പ്രദേശവാസികള്‍. കാഴ്ചയില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പോലെയുള്ള പല്ലുകളും അതിനുള്ളതിനാലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്.   തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വര്‍ഷം വരെ മണ്ണിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

മിക്കവാറും ചതുപ്പ് പ്രദേശങ്ങളിലാണ് ഇവയുടെ വാസം. അര്‍ജന്റീനയിലെ സാന്‍ നദിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്.  എന്നാല്‍ നീളം കുറവായതിനാല്‍ ഇത് ഈല്‍ മത്സ്യമാണോ എന്ന് ആദ്യം സംശയിക്കും. ജീവിയുടെ വായ് തുറന്ന് യുവതി എടുത്ത ചിത്രങ്ങള്‍ കണ്ട് പേടി തോന്നുന്നുവെന്നാണ് സമൂഹ മാധ്യമത്തില്‍ വന്ന കമന്റ്. എന്തായാലും എങ്ങനെ ഈ ജീവി ഇവിടെയെത്തിയെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്.

 

പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.

“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”

‘പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം’ പഴം ചൊല്ല് എങ്കിലും ചില സ്ത്രീകളുടെ ജീവിതത്തോട് ഒരു പരിധിവരെ ഈ ചൊല്ല് ചേർന്ന് നിൽക്കുന്ന സത്യവുമാണ്. ഒരു സ്ത്രീയുടെ ജീവിത വഴിയിൽ വരുന്ന ബുന്ധിമുട്ടുകളെ അക്കമിട്ട് നിരത്തുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. നീ എന്ന മലമറിക്കുകയാണ് എന്ന് ചോദിക്കുന്ന പുരുഷ കേസരികൾക്ക് ഉള്ള ഉത്തരവും ഇതിലുണ്ട്… സ്ത്രിയില്ല എങ്കിൽ കാണാമായിരുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പോസ്റ്റ് സത്യാവസ്ഥയുടെ ഒരു നേർക്കാഴ്ചയാണ് …

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെല്‍ പ്ലാന്‍ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതല്‍ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്.

അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല.

നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..????

തലേ ദിവസമേ അവള്‍ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുകയോ ചെയ്യും.

രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ ‘മെനു’ ഉണ്ടാക്കിയ ശേഷവുമുണ്ട് അവള്‍ക്ക് മറ്റ് കുറെ ജോലികള്‍.

കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിന്‍ റെഡിയാക്കി ബാഗില്‍ വെക്കണം, ഭര്‍ത്താവിന് ടിഫിന്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞതിന് ശേഷം അവള്‍ക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേല്‍ വല്ലതും പ്രഭാതഭക്ഷണം എന്ന പേരില്‍ കഴിച്ചാലായി.

ജോലിയ്ക്ക് പോകേണ്ട സ്ത്രീകള്‍ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ.. ബസ്സിന്റെ പുറകെ.. കയ്യിലൊരു ഹാന്‍ഡ് ബാഗും തൂക്കി സ്ത്രീകള്‍ രാവിലെ വഴിയിലൂടെ ഓടുമ്പോള്‍ നിങ്ങളും ഓര്‍ക്കണം. രാവിലെ വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ ഓടുകയാണെന്ന്. ബസില്‍ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോള്‍ ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്.

ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോള്‍ മക്കള്‍ക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീന്‍ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം.

ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോള്‍ അത്താഴം കഴിച്ചു കിടക്കുന്നതെ അവള്‍ക്ക് ഓര്‍മ്മയുണ്ടാകു. ഒരു സെക്കന്‍ഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്‌സില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മെഡലുകള്‍ കിട്ടുമായിരുന്നു????.

ഓടുന്ന ഒരു മെഷിയന്‍ പോലെയാണ് അവള്‍??.കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭര്‍ത്താവ് വെണമെങ്കില്‍ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ നിങ്ങള്‍ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക. കുട്ടികളും ഒരു പ്രായമാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യുവാന്‍ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയില്‍ കയറ്റുക. നാളെ അത് ഭാവി മരുമകള്‍ക്ക് ഉപകാരമാകും??.

ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല.

മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകള്‍ ഇതൊക്കെ അവഗണിച്ചു അടുക്കളയില്‍ കയറും. വേറെ വഴിയില്ല. ഭര്‍ത്താവ്..മക്കള്‍..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകള്‍ വീട്ടില്‍ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങള്‍ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.

മതിയായ വിശ്രമം നിങ്ങള്‍ക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി കാണിക്കണം. ‘പണി കഴിഞ്ഞിട്ട് നേരമില്ല’ എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്.

സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാര്‍ ഈ കാലത്ത് അവള്‍ക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാര്‍ അവള്‍ക്കൊരു അനുഗ്രഹമാണ്.

സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.??

[ot-video][/ot-video]

സോഷ്യല്‍ മീഡിയയിൽ സദാ സമയവും വിമര്‍ശനത്തിന് വേണ്ടി കണ്ണുതുറന്നു വെക്കുന്ന സദാചാരക്കാര്‍ക്കും ഞരമ്പന്മാർക്കും കിടിലന്‍ മറുപടിയുമായി എത്തിയ ജോമോൾ ജോസഫ് തന്റെ സ്വകാര്യ ജീവിതത്തിന്റെ കണക്കെടുപ്പുകള്‍ നടത്തുന്ന ഞരമ്പുരോഗികളെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ ശരീരത്തെക്കുറിച്ച്‌ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകളെ പൊളിച്ചടുക്കുകയാണ് തന്റെ പുത്തന്‍ പോസ്റ്റിലൂടെ ജോമോള്‍.

ഞാന്‍ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവള്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെന്നും, വെളുത്തവര്‍ക്ക് മാത്രമേ പൊതു സമൂഹത്തില്‍ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാര്‍ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവര്‍ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ജോമോൾ.

ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സ്ത്രീ ശരീരം – നിലനിൽക്കുന്ന അബദ്ധ ധാരണകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകൾക്ക് അടിയിൽ വന്ന കമന്റുകൾ വായിച്ചു നോക്കിയാൽ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം. പ്രധാനമായും ലൈവിനടിയിൽ വന്ന് ധാരാളം പേർ പറഞ്ഞ ആക്ഷേപം, ഞാൻ കറുത്തിട്ടാണ് എന്നതാണ്. ഞാൻ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവൾ അകറ്റിനിർത്തപ്പെടേണ്ടവരെന്നും, വെളുത്തവർക്ക് മാത്രമേ പൊതു സമൂഹത്തിൽ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷൻമാർ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവർ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.

കേരളത്തിലെ ആളുകൾ വടക്കേഇന്ത്യയിലേക്ക് ചെല്ലുമ്പോൾ ഒരു കാലത്ത് വിളിച്ചിരുന്നത് മദ്രാസി എന്നാണ്. ആ മദ്രാസി വിളിയിൽ കറുത്തവനെന്ന പ്രയോഗം നിഴലിച്ചിരുന്നു എന്നത് പലരും കാണാതെ പോകുന്നു, അതായത് മലയാളി കറുത്തവനെന്ന പൊതുബോധം നിലനിന്നിരുന്നു. കേരളത്തിൽ കറുത്തവനെന്നും വെളുത്തവനെന്നും മേനിപറയുന്ന മലയാളി, വിദേശരാജ്യങ്ങളിൽ ചെന്ന് കഴിയുമ്പോൾ ഇതേ വർണ്ണ വിവേചനം അവന് അന്നാട്ടുകാരിൽ നിന്നും നേരിടുന്നു. ഇന്നും സായിപ്പിന് കറുത്തവരോടുള്ള, മലയാളികളോടുള്ള, ഇന്ത്യക്കാരോടുള്ള സമീപനം ഒന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്കും ഇതേ വിവേചനം നേരിട്ടനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായിക്കാണും എന്നാണ് എന്റെ തോന്നൽ. അപ്പോൾ ആണായാലും പെണ്ണായാലും കറുത്തവരെന്നോ വെളുത്തവരെന്നോ ഉള്ള നിങ്ങളുടെ വിലയിരുത്തലും, കറുത്തവരോട് കാണിക്കുന്ന ആക്ഷേപ നിലപാടും വർണ വിവേചനത്തിന്റെ അങ്ങേ തലക്കലുള്ള നീചതയുടെ വിഷം തുപ്പൽ മാത്രമാണ്.

അടുത്തതായി കേട്ട ആക്ഷേപം, എന്റെ കാലുകളിൽ പാടുകളുണ്ട്, എന്നതാണ്. എന്റെ കാലിൽ മാത്രമല്ല, കൈകളിലും പാടുകളുണ്ട്. ആ പാടുകൾ ഞാൻ ജീവിക്കാനായി അധ്വാനിക്കുന്നതിലൂടെ ലഭിച്ചതാണ്. വീട്ടിലെ ജോലികളും, അത്യാവശ്യം കൃഷിപ്പണികളും ഒക്കെ ചെയ്യുന്ന ഒരു സാധാരണ മലയാളി സ്ത്രീയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യുമ്പോൾ പലതവണ കൈ പൊള്ളിയിട്ടുണ്ട്, കൈകൾ മുറിഞ്ഞിട്ടുണ്ട്, സ്കൂട്ടർ പുറകോട്ട് എടുക്കുമ്പോൾ സ്റ്റാന്റ വന്ന് തട്ടി എന്റെ കാൽപാദം മുറിഞ്ഞ് തുന്നിക്കെട്ടിടേണ്ടിവന്നിട്ടുണ്ട്, കാൽവിരലുകൾ വെച്ചു കുത്തി മുറിഞ്ഞിട്ടുണ്ട്, കൃഷിപ്പണി എടുക്കുമ്പോൾ കാലിന്റെ മുട്ടിന് താഴെ കമ്പ് കൊണ്ട് മുറിഞ്ഞിട്ടുണ്ട്.

ആ പാടുകളിൽ ചിലത് ഇന്നും എന്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. ഇതേ പാടുകൾ നിങ്ങളുടെ വീടുകളിൽ അടുക്കളയിലും തൊടിയിലുമായി ജീവിതം തള്ളിനീക്കുന്ന നിങ്ങളുടെ ഭാര്യമാരിലും, അമ്മമാരിലും ഒക്കെ കാണാം. ആ പാടുകൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടോ ഭാര്യയോടോ സഹോദരിയോടോ പുച്ഛം തോന്നുകയും പാണ്ടുള്ളവളെന്ന് മുദ്രകുച്ചി മാറ്റി നിർത്തുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ എത്രയും പെട്ടന്ന് മാനസീക രോഗ വിദഗ്ധനെ കാണേണ്ടതാണ്, കാരണം നിങ്ങൾക്ക് വെച്ചു വിളമ്പി തരുന്നതിന്റെ പ്രതിഫലം മാത്രമാണ് അവരുടെ ശരീരത്തെ പാടുകളെന്ന തിരിച്ചറിവ് പോലുമില്ലാത്ത നിങ്ങൾ പിന്നെ മാനസീകരോഗികളല്ലാതെ വേറെന്താണ്?

അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകൾ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാൻ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു.

അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..

ഇനി വിഷയത്തിലേക്ക് വരാം, ഒരു സ്ത്രീയുടെ മുലകൾ ഉരുണ്ട് തുടുത്ത് നേരേ നിൽക്കണം എന്ന പൊതുബോധം ആണ് ഒന്നാമത്തെ വിഷയം. ഈ പൊതുബോധം യഥാർത്ഥത്തിൽ സ്ത്രീയുടെ ശരീരത്തോട് നീതി പുലർത്തുന്നതല്ല. അതിനാൽ തന്നെ ഈ പൊതുബോധത്തിനടിമയായ പുരുഷൻ ഏതു സ്ത്രീയുടെ അടുത്ത് പോയാലും തൃപ്തനാകുകയില്ല, കാരണം അവന്റെ സ്വപ്നത്തിലുള്ള സ്ത്രീശരീരവും, അവൻ കാണുന്ന സ്ത്രീ ശരീരവുമായി വലിയ അന്തരം വരുമ്പോൾ അവന്റെ പ്രതീക്ഷകൾ തെറ്റുന്നു, അവൻ നിരാശനാകുന്നു, അവന് ലൈംഗീക അഭിനിവേശം അണയാതെ വരുന്നു, അവൻ സെക്ഷ്വൽ ഫ്രസ്ട്രേഷനിലേക്ക് പോകുന്നു, അവന്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അവനെ കടുത്ത ലൈംഗീക ദാരിദ്ര്യത്തിലേക്ക് വലിച്ചിടുന്നു, അവനൊരു മാനസീക രോഗിയായി മാറുന്ന വിവരം അവനു പോലും അറിയാതെ പോകുന്നു. ഇതല്ലേ സെക്ഷ്വലി ഫ്രല്ട്രേറ്റഡ് മലയാളിയുടെ പ്രധാന പ്രശ്നം?

ഇനി പ്രസവിച്ച്, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളുടെ മാറിടം ഇടിഞ്ഞ് തൂങ്ങാനായി സാധ്യതയുമുണ്ട്, ഓരോ സ്ത്രീയും പ്രസവിച്ച് കുട്ടികളെ മുലയൂട്ടി വളർത്തുന്നതിന് അവളുടെ ശരീരം അവൾക്ക് സമ്മാനിക്കുന്നതാണ് അവളിലെ ഈ ശാരീരികമായ മാറ്റം. അവളിലെ ആ ശാരീരികമായ മാറ്റത്തോട് പോലും പുച്ഛമുള്ള പുരുഷൻമാരുടെ മനോനില എന്തായിരിക്കും? അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിടിനോട് പുച്ഛമുള്ള പുരുഷന് അതേ പുച്ഛമല്ലേ ഇടിഞ്ഞ് തൂങ്ങിയ മാറിടമുള്ള സ്ത്രീകളോടും? അതായത് തനിക്ക് മുലപ്പാൽ ചുരത്തിയ സ്വന്തം അമ്മയുടെ മാറിടത്തോട് പോലും പുച്ഛമുള്ളവരാണ് ചില പുരുഷൻമാരെന്നത് വലിയൊരു ചിന്തതന്നെയാണ് എന്നിലേക്ക് പകർന്നത്!! ഞെട്ടിക്കുന്ന ചിന്ത!!

എന്റെ പോസ്റ്റിനടിയിൽ ഇനിയുമുണ്ട് പലതും, കോടിയ മുഖമാണ്, അങ്ങനെ പല പല വർണ്ണനകളും അധിക്ഷേപങ്ങളും. എന്റെ മുഖം കോടിയതോർത്ത് എന്തിനാണ് പ്രിയ്യപ്പെട്ട പുരുഷ കേസരികളേ നിങ്ങൾ വേദനിക്കുകയോ ആകുലപ്പെടുകസോ നിരാശപ്പെടുകയോ ചെയ്യുന്നത്? എന്റെ ജീവിത പങ്കാളിയും ലൈംഗീക പങ്കാളിയുമായ പുരുഷനില്ലാത്ത ആകുലത, എന്റെ ശരീരത്തെയോർത്ത് നിങ്ങൾ പ്രകടിപ്പിക്കുന്നതെന്തിനാണ്? ഇതല്ലേ പ്രിയ്യ പുരുഷൂസ്, നിങ്ങളുടെ ഭാര്യമാരേക്കാൾ, കാമുകിയേക്കാൾ, കൂടുതലായി അന്യന്റെ ഭാര്യയെ ഓർത്ത് വേദനിക്കുന്ന നിങ്ങളുടെ നിസഹായാവസ്ഥ? ആ നിസഹായാവസ്ഥയിലുള്ള നിങ്ങളോട് സഹതാപം മാത്രമേ എനിക്കുള്ളൂ.

ഇത്തരം അബദ്ധ ധാരണകളെല്ലാം നിലിനിൽക്കുന്നത്, ഇത്തരമാളുകൾക്ക് സ്ത്രീ ശരീരത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. കൂടാതെ വയറുചാടിയ പുരുഷന് പോലും ആലില വയറുള്ള സ്ത്രീയെ ഭോഗിക്കണം, അവളുടെ ശരീരം കൃത്യമായ അഴകളവുകളിൽ തന്നെ തളച്ചിടണം, അവളുടെ മേനിയഴകിന് മാനദണ്ഡം കൽപ്പിക്കുന്ന പുരുഷാ, നീ നിന്റെ മേനിഴകിനായി എന്ത് മാനദണ്ഡമാണ് കൽപ്പിച്ചിരിക്കുന്നത്? അവളെ ലൈംഗീകമായി തൃപ്തിപ്പെടുത്താൻ നീളവും വണ്ണവും കൂടിയ ലിംഗമോ, സിക്സ്പാക്ക് ശരീരമോ, നിർത്താതെ അരമണിക്കൂറോ ഒരുമണിക്കൂറോ ശാരീരികമായി അവളിൽ അധ്വാനിക്കാൻ ഉള്ള കഴിവും അല്ല പുരുഷാ വേണ്ടത്, പകരം അവളുടെ മനസ്സറിഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാനുള്ള മനസ്സുമാത്രമാണ്. ആ മനസ്സു കാണിക്കുന്ന പുരുഷമുഖത്തിന്റെ വൈരൂപ്യമോ, അവന്റെ മേനിയാഴകോ ആയിരിക്കില്ല അവളുടെ പരിഗണനാ വിഷയം, മറിച് അവന്റെ മാനവീകതയും സ്നേഹമുള്ള മനസ്സും, അവൾക്കായി അവന്റെ മനസ്സിലുള്ള കരുതലും, സ്നേഹവും മാത്രമാണ്.

കൂടെയുള്ളവളെ പതിയെ നെഞ്ചോട് ചേർ‌ത്തു നോക്കു, അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ കാണാനാകും, അതിനുമപ്പുറം നീയീ കാണിച്ചു കൂട്ടുന്നതൊക്കെ, അവളിൽ വെറുപ്പിന്റെ വിത്തുമുളപ്പിക്കുക മാത്രമേയുള്ളൂ.

NB- എന്റെ പോസ്റ്റിനടിയിലെ ഒരു തെറി കമന്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല, അതിനൊന്നും മറുപടി പറയുന്നില്ല, ലൈംഗീക ദാരിദ്ര്യമുള്ള, സ്ക്ഷ്വലി ഫ്രസ്ട്രേറ്റഡായ പുരുഷൻമാരുടെ ദാരുണ അവസ്ഥ മനസ്സിലാക്കാനായി ആ തെറികൾ ധാരാളം, ഗോവിന്ദച്ചാമിയും ആമിറുൾ ഇസ്ലാമും ഒക്കെ ഇവരുടെ മുമ്പിൽ വെറും പാവങ്ങൾ മാത്രം!! അവസരമൊത്തു കിട്ടിയാൽ ഇവരൊക്കെ അവരെക്കാൾ വലിയ ക്രിമിനലുകൾ ആണെന്നത് തെളിയിക്കും..

കരിമ്പുലിയെ കണ്ടെത്തിയ സന്തോഷത്തിൽ കെനിയൻ വന്യജീവി ഗവേഷകര്‍. നൂറു കൊല്ലത്തെ കാലയളവിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഇത് ആദ്യമായാണ് കരിമ്പുലി മനുഷ്യന്റെ കാഴ്ചയിൽപ്പെടുന്നത്. ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടത്.

ചിത്രങ്ങള്‍ പകര്‍ത്താനായി വില്ലും കൂട്ടരും പല സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.അതിലൊരു ക്യാമറയ്ക്ക് മുമ്പിൽ അപ്രതീക്ഷിതമായി വന്നു പെടുകയായിരുന്നു കരിമ്പുലി.
സാധാരണ പുലികളുടെ വര്‍ഗത്തില്‍ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തില്‍ പുള്ളികള്‍ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായി തീരുമ്പോഴാണ് കരിമ്പുലിയാവുന്നത്. ഏഷ്യന്‍ കാടുകളിലാണ് സാധാരണയായി കരിമ്പുലികള്‍ കാണപ്പെടുന്നത്.

ആഫ്രിക്കന്‍ വനങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത് അപ്രതീക്ഷിതവും ആശ്ചര്യജനകവുമായി.1909 ന് ശേഷം കെനിയയില്‍ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വെളുത്ത് സൗന്ദര്യമുളളവര്‍ക്ക് മാത്രമാണോ ടിക് ടോക്? സൗന്ദര്യം ആരാണ് നിശ്ചയിക്കുന്നത്…സൗന്ദര്യത്തിന്റെ അളവ് കോല്‍ എന്ത്?

അവളുടെ രോഗത്തിന്റെ വേദനയിൽ നിന്നും രക്ഷനേടാനായിരുന്നു ആ ടിക്ടോക് വിഡിയോകളെല്ലാം. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലിൽ സോഷ്യൽ ലോകം അവൾക്ക് സമ്മാനിച്ചത് കടുത്ത അവഗണനയും പരിഹാസങ്ങളും. ഒടുവിൽ ആ കുട്ടി തന്നെ രംഗത്തെത്തി പറഞ്ഞു. ഇനി ടിക്ടോക് വിഡിയോകൾ ചെയ്യില്ല. പക്ഷേ ഞാനൊരു വൃക്ക രോഗിയാണെന്ന് കള്ളം പറഞ്ഞതാണെന്ന് ചിലർ പറയുന്നു. ദേ ഇത് കാണൂ. ഇന്നും ഡയാലിസിസ് കഴിഞ്ഞ് വന്നതേയൂള്ളൂ. ടിക്ടോക് വിഡിയോയിലെ കണ്ണീരിനെക്കാൾ ഉള്ളുലയ്ക്കുകയാണ് അവളുടെ വാക്കുകൾ.

വൃക്കരോഗി കൂടിയായ ഒരു പെൺകുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരിൽ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവർ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്സിൽ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കണ്ണീരോടെ എത്തി. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെ ആധിക്ഷേപങ്ങൾ നീണ്ടതോടെയാണ് ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെൺകുട്ടി പങ്കുവച്ചത്.

സാധാരണ അതിഥിയായി എത്തിയ പരിപാടിയിൽ അടിയുണ്ടായാൽ സെലിബ്രിറ്റികൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ. ഷറഫുദ്ദീൻ അതിഥിയായി എത്തിയ കൊളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാർഥികൾ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാൽ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്. ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം”കഴിഞ്ഞ ദിവസം മുതല്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില് വൈറലാകുന്ന ഒരു വിവാഹ ഫോട്ടോയുടെ അടിക്കുറിപ്പാണിത്. 45 വയസ്സുള്ള സ്ത്രീയെ പണം മോഹിച്ച് 25കാരന്‍ വിവാഹം കഴിച്ചു എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ് പി സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും ഫോട്ടോയാണ് തെറ്റായ അടിക്കുറിപ്പോടെ വൈറലായത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി അനൂപ് രംഗത്തെത്തി. അവളേക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട് തനിക്കെന്നും തങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് വരനായ അനൂപ് രംഗത്തെത്തിയത്. കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.

തങ്ങളുടെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് അനൂപ്. ഫെബ്രുവരി നാലാം തിയ്യതിയാണ് അനൂപും ജൂബിയും വിവാഹിതരായത്.

RECENT POSTS
Copyright © . All rights reserved