Spiritual

സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ.

വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ നാളെ തിക്കളാഴ്ച്ച ആരംഭിക്കും. ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകുന്ന ധ്യാന ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 4.30 തിന് പ്രശസ്ത ധ്യാനഗുരു ഫാ.ടോണി കട്ടക്കയം നയിക്കും. തിങ്കൾ ചൊവ്വാ ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 4.30 മുതൽ 9.00 മണി വരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ദിവസമായതിങ്കളാഴ്ച്ച ധ്യാനത്തിൽ പങ്കു ചേരും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും വീട് വെഞ്ചരിപ്പിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ലീഡ്സ് ഇടവകയുടെ കീഴിലുള്ള കീത്തിലിയിൽ മുന്നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് നിലവിലുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം പല കുടുംബങ്ങളും ലീഡ്സിലുള്ള ഇടവക ദേവാലയത്തിൽ പോകാതെ കീത്തിലിയിലുള്ള സെൻ്റ് ആൻസ്, സെൻ്റ് ജോസഫ് ദേവാലയങ്ങളിലാണ് വിശുദ്ധ കുർബാനകളിൽ സംബന്ധിക്കാനെത്തുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ എണ്ണത്തിലുള്ള വളർച്ചയും മുൻനിർത്തി കീത്തിലി ഒരു മിഷനായി ഉയർത്താനുള്ള ചർച്ചകൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പുരോഗമിക്കുന്നു.

നോമ്പ് കാല വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും . മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും , വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു . ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെ ഉള്ള വിശുദ്ധ വാരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും , ദേവാലയങ്ങളുടെ മേൽവിലാസവും . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോൺ നമ്പറും ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾ രൂപതാ വെബ്‌സൈറ്റിലും , ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .താഴെ പറയുന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ് .

https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae-2/

 

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിൻറെ അവസാന ആഴ്ചകളിലേക്ക് നാം വന്നിരിക്കുന്നു. ഓരോ ദിനവും സമർപ്പണവും തപനവും അനുതാപവും ശീലിച്ചവർക്ക് നോമ്പ് ജീവിതഭാഗമായി തീരുന്നു. കുറവുകൾ ഭവിക്കാം. ന്യൂനതകൾ വന്നേക്കാം. എന്നാലും ലക്ഷ്യവും മാർഗവും ശ്രേഷ്ഠമാണ് എന്ന ചിന്ത നമ്മെ മുന്നോട്ട് നയിക്കുന്നു. ഈ ആഴ്ച വേദചിന്തയായി ഭവിക്കുന്നത് കർത്താവ് പിറവി കുരുടന് കാഴ്ച നൽകുന്ന അനുഭവമാണ്. ഒരു മുഴുവൻ അധ്യായവും ഈ അത്ഭുതം വിവരിക്കുവാൻ മാറ്റി വച്ചിരിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം 1 – 41 വരെയുള്ള വാക്യങ്ങൾ ഈ അത്ഭുതകരമായ പ്രവൃത്തിയിൽ യേശു ശാരീരിക കാഴ്ച പുനഃസ്ഥാപിക്കുക മാത്രമല്ല, അവനിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നു. അഗാധമായ ആത്മീയ പ്രബുദ്ധതയെ പ്രതീകപ്പെടുത്തുകയും ചെയ്തു.

1. ആത്മീക അന്ധതയുടെ വെളിപ്പെടുത്തൽ

ഈ സൗഖ്യദാന ശുശ്രൂഷയിൽ നാം കാണുന്ന വ്യക്തി പ്രതിനിധീകരിക്കുന്നത് മനുഷ്യജാതിയെ തന്നെയാണ്. ഈ തലമുറയെ മുഴുവൻ ബാധിച്ചിരിക്കുന്ന ആത്മീക നിർജീവിത്വവും ആത്മീക ച്യുതിയും അത് ഉൾക്കൊള്ളുന്ന സമൂഹവും ചിന്തിച്ച് മാറ്റം ഉൾക്കൊള്ളേണ്ടതാണ്. ഈ മനുഷ്യന് ചുറ്റുമുള്ള ലോകം കാണാൻ കഴിയാത്തത് പോലെ നമ്മളിൽ പലരും അന്ധരാകുന്നു എന്ന ഓർമ്മപ്പെടുത്തലാണ്. പ്രകൃതി ഭംഗിയോ മാനുഷിക വികാരങ്ങളോ കാണാനോ തിരിച്ചറിയുവാനോ കഴിയാതെ അല്ലേ നാം ജീവിക്കുന്നത്. ദൈവവചനത്തെ കുറിച്ചുള്ള അന്ധത, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള നിസ്സംഗത , നമ്മുടെ പാപങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ ഇതെല്ലാം നിഴലിക്കുന്നുവെങ്കിലും യേശു നമ്മുടെ അടുക്കലേക്ക് വരുന്നു. ന്യായവിധിക്കായി അവൻ വരുമ്പോൾ യോഹന്നാൻ 9 :33 അന്ധർ കാണുകയും കാഴ്ച ഉണ്ട് എന്ന് കരുതുന്നവർ അന്ധരാവുകയും ചെയ്യും.

2. വിശ്വാസത്തിൻറെ ശക്തി

സമൂഹം പല അവസരങ്ങളിലും പ്രചോദനം ആകാറുണ്ട് ഓരോ ജീവിതാനുഭവങ്ങളിലും. എന്നാൽ പല അവസരങ്ങളിലും വിഘാതവും വിലങ്ങുതടിയും ആകാറുമുണ്ട് . ആത്മീക തലങ്ങളിൽ ആധുനിക സമൂഹം ഉൾപ്പെട്ടിരിക്കുന്ന സമൂഹത്തിൻറെ മുൻപിൽ താഴ്ന്ന് പോകുന്നു. എന്നാൽ വ്യത്യസ്തനായ ഈ അന്ധൻ സമൂഹം എന്ത് പറയുന്നു എന്നല്ല തന്റെ വിശ്വാസം, തൻറെ ലക്ഷ്യം ഇതായിരുന്നു മുൻപിൽ വച്ചത്. കർത്താവ് തന്നോട് കൽപ്പിച്ചത് സംശയലേശമെന്യേ അനുസരിച്ചു. ശീലോഹാം കുളത്തിന്റെ കുറവുകൾ അല്ല കർത്താവായ തമ്പുരാൻറെ വാക്കിലുള്ള വിശ്വാസമാണ് അവനെ നയിച്ചത്. നാം കർത്താവിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അത്ഭുതകരമായ പരിവർത്തനം ഈ സൗഖ്യം ലഭിച്ചവൻ നമ്മെ പഠിപ്പിക്കുന്നു.

3. ദൈവ മഹത്വത്തിൻറെ സാക്ഷ്യ വാഹകരാകുവിൻ

ഒരു സമൂഹത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യൻ ദൈവത്തിൻറെ അത്ഭുത പ്രവർത്തനത്തിന്റെ സാക്ഷ്യമായി നിൽക്കുന്നു. ‘ഒരു കാര്യം എനിക്കറിയാം. ഞാൻ അന്ധനായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു. (9:25) അന്ധകാരവും , സംശയങ്ങളും നമ്മുടെ ആത്മീകതയിൽ നിഴലിക്കുമ്പോൾ ക്രിസ്തുവിൻറെ സാന്നിധ്യം വെളിച്ചമായി, സാക്ഷ്യമായി നാം തീരുക. ക്രിസ്തുവിൻറെ അനുയായികളായ നമുക്ക് നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവൻറെ വീണ്ടെടുപ്പ് ശക്തിയിലൂടെയുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയും ദൈവത്തിൻറെ മഹത്വത്തിന് സാക്ഷ്യം വഹിക്കാം.

കാനായിലെ കല്യാണവിരുന്നിൽ പരിവർത്തനം അടയാളമായി നാം യാത്ര ആരംഭിച്ചു. 40 ദിവസം പിന്നിടുമ്പോൾ രുചിയും, ഗുണവും, കൃപയും , സൗഖ്യവും ഉള്ളവരായി നാം തീരുക. അനേകർക്ക് രുചികരമായ അനുഭവമായി നാം ആയി തീരുക.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

വെംബ്ലി: സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ വെംബ്ലിയിൽ വെച്ച് നൈറ്റ് വിജിൽ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകയും, രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നൽകുക.

വെംബ്ലി സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടക്കുന്ന നൈറ്റ് വിജിൽ, ഏപ്രിൽ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലിൽ തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിക്കും. തിരുവചനം പങ്കുവെക്കൽ, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, ആരാധന, കൗൺസിലിംഗ് തുടങ്ങിയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും

രാത്രിയാമങ്ങളുടെ ഏകാന്തതയിൽ ശാന്തമായിരുന്ന് മനസ്സും ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്കുയർത്തി, തങ്ങളുടെ രോഗങ്ങളും, നിസ്സഹായതയും, ബന്ധനങ്ങളും, മുറിവുകളും അവിടുത്തെ തൃക്കരങ്ങളിൽ ഭരമേല്പിക്കുവാനും, സ്വീകരിച്ച നന്മകളെയും, അനുഗ്രഹങ്ങളെയും, കൃപകളേയും ഓർത്തോർത്ത് നന്ദിപുരസ്സരം സ്തുതിക്കുവാനും ഒപ്പം ദിവ്യ കാരുണ്യ ആരാധനക്കും ഉള്ള അനുഗ്രഹീത വേളയാണ് വെംബ്ലിയിൽ ഒരുങ്ങുന്നത്.

പരിശുദ്ധ കുർബ്ബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേർന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയിൽ അവിടുത്തോട്‌ അനുരജ്ഞനപ്പെട്ടും, പ്രാർത്ഥനകളും, നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുവാൻ വെംബ്ലിയിൽ നൈറ്റ് വിജിൽ അവസരമൊരുക്കും.

രാത്രി ആരാധനയിൽ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മാദ്ധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിൽ ഭാഗഭാക്കാകുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ്: 07848808550
മാത്തച്ചൻ വിളങ്ങാടൻ: 07915602258

Night Vigil Venue:
St. Joseph RC Church, 339 Harbow Road, Wembley HA9 6AG

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിഡ്ജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നേതൃത്വം വഹിക്കും.

” ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, കൃപയോടെ വിശുദ്ധിയിൽ സംരക്ഷിക്കുന്നതിനും, ജീവിത സമ്മർദ്ധങ്ങൾ, സാഹചര്യങ്ങൾ, പ്രലോഭനങ്ങൾ, സ്വാർത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്നേഹാനുഭവത്തിലും, ജീവിതത്തിലും ഭവിച്ച ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തിൽ ആത്മപരിശോധന ചെയ്യുവാനുള്ള അവസരങ്ങളാണ് ഇവിടെ സംജാതമാവുക. ധ്യാന ശുശ്രുഷകളിലൂടെ ദൈവീക കൃപകളും, അനുരജ്ഞനവും, ദാമ്പത്യ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് അവസരമൊരുങ്ങും.

ക്രൈസ്തവ ജീവിതത്തിൽ ദൈവവും പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, നവീകരിക്കപ്പെടുവാനും, സ്നേഹാർദ്രവും, ശാന്തവും, സൗമ്യവുമായ ദാമ്പത്യ കൃപകൾ ആർജ്ജിക്കുവാനും, അമൂല്യമായ അവസരമാവും ദമ്പതി ധ്യാന ദിനങ്ങൾ.

ദൈവം ആശീർവദിച്ചു സ്ഥാപിച്ച വിവാഹബന്ധത്തെ സുദൃഢവും, സ്നേഹോജ്ജ്വലവും സന്തോഷകരവുമായി നയിക്കുവാൻ, കൃപകളും അനുഗ്രഹങ്ങളും പ്രാപ്യമായ ധ്യാന ശുശ്രുഷകളിൽ പങ്കുചേരുവാൻ ദമ്പതികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ താമസിയാതെ പൂർത്തിയാക്കി അവസരം ഉറപ്പാക്കുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നു.

https://forms.gle/9CdY6x6ymAD6AARF9

ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിച്ചു 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് – 07848808550
മാത്തച്ചൻ വിളങ്ങാടൻ – 07915602258
[email protected]

Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA

ഷിബി ചേപ്പനത്ത്

യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 35ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. കൂടാതെ മാർച്ച് 28 പെസഹാ വ്യാഴാഴ്ച, കർത്താവ് ശിഷ്യൻമാരുടെ കാൽ കഴുകഴിയതിനെ അനുസ്മരിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ അഭിവന്ദ്യ പിതാവിൻറെ മഹനീയ കാർമ്മികത്വത്തിൽ നടത്തപ്പെടും. ബർമ്മിങ്ങ്ഹാമിലെ St. ജോർജ് ദേവാലയമാണ് കൃത്യം 1 മണിക്ക് തുടങ്ങുന്ന പ്രസ്തുത ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.

Address:-

St. ALPHEGE PARISH CHURCH
CHURCH HILL ROAD
SOLIHULL-B913RQ

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി വന്ന് മഹനീയമായ ഈ ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ വിധം ജോലി ക്രമീകരണങ്ങൾ നടത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്ബ്

അനന്ത സാധ്യതകൾ പലതും മുൻപിൽ നിൽക്കവെ കാണാത്ത ഭാവത്തിൽ പിൻ കാലിനാൽ വാതിലുകൾ ചവിട്ടി അടച്ച് അവസരങ്ങൾ ഇല്ലാതാക്കുന്ന അനുഭവങ്ങളിൽ കഴിയുന്ന നമുക്കുള്ള പാഠം ആണ് നോമ്പിൻറെ ഈ ദീനചിന്തയിൽ പാതിയിൽ അധികം നോമ്പിൻ ദിനങ്ങൾ പിന്നിട്ട് അനന്തവിജയത്തിന്റെ അസാധ്യ കിരണങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമുക്ക് കൂനിയുടെ സൗഖ്യം പുതിയ വാതായനങ്ങൾ തുറന്നു തരും തീർച്ച. വി. ലൂക്കോസിൻ്റെ സുവിശേഷം 13 -ാം അധ്യായം 10 – 17 വരെയുള്ള വാക്യങ്ങൾ.

കർത്താവ് ദേവാലയത്തിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ധാരാളം ആളുകൾ അവൻറെ വചനം കേൾക്കുവാൻ അടുത്ത് വന്നു. അത് കേവലം ഒരു ദിനം ആയി തോന്നിയെങ്കിലും ഒരു പ്രധാന സംഭവത്തിന് നിദാനമായി. ഒരു കൂനിയായ സ്ത്രീയും അവളുടെ സൗഖ്യവും ആ ദിനത്തെ വ്യത്യസ്തമാക്കി,

1. ബന്ധിതന്റെ അവസ്ഥ

സാധാരണ ഒരു മനുഷ്യ വസ്ഥയിൽ കഴിയേണ്ട സ്ത്രീ , നിവർന്ന് നിൽക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്നു. അവളുടെ ചുമരിലെ ഭാരം ഭൗതിക വ്യാപാരങ്ങളുടെ ഭാരത്തേക്കാൾ അധികം ആയിരുന്നു എന്ന് വാക്യങ്ങളിലൂടെ മനസ്സിലാക്കാം. പതിനെട്ട് വർഷം ഇവൾ ഇതേ യാതനയിൽ കൂടി കടന്നു പോയി, ആത്മീക തലത്തിൽ ഇത് പാപാധിക്യം മൂലമുള്ള കഠിന ചുമടായിട്ടാണ് കാണേണ്ടത്. ഏതെങ്കിലും കാര്യത്തിന് കീഴ്പെട്ട് ജീവിക്കേണ്ട അവസ്ഥ. അത് ജീവിത ഭാരം ആകാം, ആത്മീക ച്യുതിയാവാം, ശാരീരിക ബലഹീനത ആകാം, ഏതെങ്കിലും കെണിയിൽ വീണതാവാം. എന്ത് തന്നെയായാലും വിടുതൽ ആവശ്യം എങ്കിൽ കർത്തൃസന്നിധിയിൽ എത്തിയേ മതിയാവൂ. ഇന്നത്തെ ജനത എന്തൊക്കെ കാര്യത്തിന് അധികം സമയവും വ്യയവും ചിലവാക്കുന്നുവെങ്കിൽ അതെല്ലാം അവൻറെ ഭാരമായി അവന് ഭവിക്കും. ആധുനിക മാധ്യമങ്ങളും , ചിന്തകളും പലപ്പോഴും അവൻറെ ഭാരത്തിന്മേൽ ദാനമായി ഭവിച്ചേക്കാം. എന്തൊക്കെ നമ്മെ അധീനപ്പെടുത്തിയിരിക്കുന്നുവോ ഈ നോമ്പിൻ ദിനങ്ങളിലൂടെ കർത്താവിൻ്റെ സന്നിധിയിൽ എത്തിപ്പെടുവാനും അടിമ ജകങ്ങളെ ചെറുപ്പാനും നമുക്ക് കഴിയണം.

2. യഥാവസരത്തിലെ കർത്താവിൻറെ കാരുണ്യം

പല അവസരങ്ങളിലും നാം അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ ആഗ്രഹിക്കും. പല തീരുമാനങ്ങളും നാം എടുക്കും. എന്നാൽ അവ ഒന്നും പാലിക്കുവാൻ നമുക്ക് കഴിയാതെ പോകും – മാനുഷിക ബലഹീനത ആയി നാം അതിനെ വിലയിരുത്തുന്നു. എന്നാൽ ഓരോന്നും നമുക്ക് ഭവിക്കുമ്പോൾ സ്വയം തീരുമാനങ്ങളെക്കാള്‍്് കർത്താവിന് എന്നിൽ പ്രവർത്തിക്കുവാൻ ഉള്ള അവസരമായി മാറ്റുക. ഈ സ്ത്രീ കർത്താവിൻറെ സന്നിധിയിൽ ആയപ്പോൾ അവളെ അടുത്ത് വിളിച്ച് അവളുടെ ബന്ധനത്തെ അഴിച്ച് നിവരുവാൻ ഇടയായി. പാപം മാറിയപ്പോൾ അവൾ ദൈവാനുഭവം ദർശിച്ചു. നമ്മുടെ അവസ്ഥകൾ കാണുന്ന ദൈവം, നമ്മുടെ മുൻപിൽ അവതരിക്കുമ്പോൾ അവനെ വിധേയപ്പെടുക.

3. യഥാസ്ഥിതിക മാറ്റത്തിന് കാരണമാകുക

ഈ സംഭവം നടന്നത് ശാബതിൽ ആയിരുന്നത് കൊണ്ട് പ്രമാണിമാർ ചോദ്യം ചെയ്യുന്നു. സൗഖ്യപ്പെടുവാൻ അനേകം ദിവസങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കുന്നു. ഇന്ന് ഇത് നമ്മുടെ മധ്യേ നടമാടുന്ന ഒരു ഭാവമാണ്. നമുക്കോ ഒരാളെ കരുതുവാൻ കഴിയുന്നില്ല. എങ്കിലും ഏതെങ്കിലും തരത്തിൽ ലഭിക്കുന്ന അനുഗ്രഹത്തിന് വിഘാതമാകുവാൻ നമ്മുടെ പ്രവർത്തനം ഇടയാക്കുന്നുണ്ട് ! എന്നാൽ വിളിക്കപ്പെട്ട നാം അനേകർക്ക് ആശ്വാസം പകരുവാൻ വിളിക്കപ്പെട്ടവരാണ്. നോമ്പും പ്രാർത്ഥനയും അപ്രകാരം ഉള്ള അനുഭവങ്ങൾക്ക് അനേകരെ ഒരുക്കി സൗഖ്യം നൽകേണ്ടവരാണ്. തുറന്ന വാതിലുകൾ ചവിട്ടി അടയ്ക്കാതെ പ്രത്യാശയോടെ ദൈവ മുൻപാകെ എത്തുക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്” എന്ന് റൂസ്സോ പറയുന്നു. തന്റെ ഭാര്യയും, മകനും, പിതാവും രാജകീയ സുഖസൗകര്യങ്ങളും ബന്ധനമായി തോന്നിയതുകൊണ്ടാണ് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങിയത്. നാമെല്ലാവരും ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. സാമൂഹിക ജീവിയെന്ന നിലയിൽ മനുഷ്യന് ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുവാനുമാകില്ല. എന്നാൽ ഈ ബന്ധങ്ങൾ എപ്പോഴാണ് ബന്ധനങ്ങളായി മാറുന്നത്? അവയെപ്പോഴാണ് ഒരു ശാപമായി മാറുന്നത്? മനുഷ്യബന്ധങ്ങളെ എങ്ങനെ ആരോഗ്യപ്രദമായി മുന്നോട്ട് കൊണ്ടു പോകുവാനാവും? പരസ്പരസ്നേഹത്തിന്റെ ദിവ്യാനുഭൂതിയിൽ നിന്നും മനുഷ്യബന്ധങ്ങൾ എപ്രകാരമാണ് വിദ്വേഷത്തിന്റെയും പകയുടെയും സ്രോതസ്സായി അധ:പതിക്കുന്നത്. നമുക്ക് പ്രത്യാശയ്ക്ക് എന്തെങ്കിലും വഴിയുണ്ടോ?

മനുഷ്യന്റെ ദു:ഖത്തിന്റെ അടിസ്ഥാനപരമായ കാരണം മുമ്പ് പറഞ്ഞതുപോലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുന്നതാണ്. സ്നേഹിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സ്നേഹിക്കുവാൻ കഴിയുന്നില്ല. സ്നേഹം പ്രതീക്ഷിക്കുന്നുണ്ട് പക്ഷേ ലഭിക്കുന്നില്ല. ആകെ അസംതൃപ്തി. എവിടെയൊക്കെയോ തെറ്റുകൾ പറ്റിയിട്ടുണ്ട്. എവിടെയാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്? തെറ്റുകൾ തിരുത്തേണ്ടിയിരിക്കുന്നു. കുറ്റാരോപണം നമുക്ക് നേരേ സമൂഹത്തിൽ നിന്നും സദാ വന്നു കൊണ്ടിരിക്കുന്നു. നാമവയെ സ്വീകരിക്കുന്നതിന് പകരം സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുന്നു. സമൂഹമുണ്ടോ തെറ്റുകൾ തിരുത്തുന്നു! നാമോ? നാമും തെറ്റുകൾ തിരുത്തുന്നില്ല. കുറ്റാരോപണം എല്ലാ ദിശകളിലേക്കും പായുന്നു. സാമൂഹിക ജീവിതം ഒരു നരകമായി മാറുന്നു. ആരാണ് തെറ്റുകാർ? ആരാണ് തിരുത്തേണ്ടത്?

ഇത് വിഷമം പിടിച്ച ഒരു ചോദ്യമാണ്. പക്വതയുടെ പ്രാരംഭഘട്ടങ്ങളിൽ നാം നമ്മിലേക്കും സമൂഹത്തിലേക്കും മാറിമാറി കുറ്റാരോപണം നടത്തുന്നു. രണ്ടു പേരുടെയും ഭാഗത്ത് തെറ്റുണ്ട് ( I am not OK; You are not OK). ഇത്തരം ഒരു കാഴ്ചപ്പാടിൽ മനുഷ്യജീവിതം അന്ധകാരാവൃതമാണ്. അല്പം കൂടി പക്വതയുള്ള ആളുകൾ വലിയ ഒരു സത്യം മനസ്സിലാക്കുന്നു. താൻ തന്നെതന്നെ സ്നേഹിക്കുകയും സ്വികരിക്കുകയും ചെയ് തെങ്കിലേ തന്റെ ജീവിതത്തിൽ ശാന്തി ലഭിക്കൂ. അവിടെ മാത്രമേ തന്റെ ജീവിതം അർത്ഥവ്യത്താവൂ. മറ്റുള്ളവർ വേണമെങ്കിൽ തിരുത്തട്ടെ (I am OK; You are not OK). ഇപ്രകാരം സ്വയം സ്വീകരിക്കുന്ന വ്യക്തി ഒരു പ്രതിഭാശാലിയായി രൂപാന്തരപ്പെടുന്നു. ഇക്കൂട്ടർക്ക് അവരോട് തന്നെ വലിയ മതിപ്പാണ്. എന്നിരുന്നാലും സമൂഹത്തെ നന്നാക്കുവാൻ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. സമൂഹം നന്നാവുകയുമില്ല തന്റെ മന:ശ്ശാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. പകരം സ്വയം ബഹുമാനിച്ചുകൊണ്ട് തന്നെ സ്വയം മെച്ചപ്പെടുവാനാകുമെന്ന് വ്യക്തി മനസ്സിലാക്കി തുടങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ ഗംഭീരമായ പുരോഗതി ആരംഭിക്കുന്നു. ഇവരാണ് ‘സാധന’ ചെയ്യുന്ന ആളുകൾ. അവർ സ്വയം തിരുത്തുകയും സമൂഹത്തെ വെറുതെ വിടുകയും ചെയ്യുന്നു (I am not OK; You are OK). എന്നാൽ ഇപ്രകാരം സ്വയം മെച്ചപ്പെടുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. പൂർണ്ണത ഒരു മരീചികയായി തന്നെ തുടരുന്നു. ഇവിടെ അയാൾ ആത്മപുരോഗതിയെയും സാധനയെയും വലിച്ചെറിയുന്നു. അവിടെ അയാൾ താനിപ്പോൾതന്നെ പരിപൂർണ്ണനും കുറവുകൾ ഇല്ലാത്തവനും ആണെന്ന് കണ്ടെത്തുകയും തന്നിൽ പ്രകാശിക്കുന്നത് ഈശ്വരൻ തന്നെയാണ് അറിയുകയും ചെയ്യുന്നു. അവിടെ കുറ്റം ആരുടെ ഭാഗത്താണ്? ആരുടെയും ഭാഗത്ത് കുറ്റമില്ല (I am OK; You are OK). കുറ്റം ഉണ്ടെന്നുള്ളത് ഒരു തോന്നൽ മാത്രമായിരുന്നു. അതുവരെ നരകമായി അനുഭവപ്പെട്ടിരുന്ന സാമൂഹിക ജീവിതം അവിടെ തുടങ്ങി ഒരു സ്വർഗ്ഗമായി മാറുന്നു.

അതെ! കുറ്റാരോപണമാണ് സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത്. കുറ്റങ്ങൾ കാണുന്നത് ഒരു ദുശ്ശീലം മാത്രമാണ്. നമുക്ക് നമ്മിൽ തന്നെ കുറ്റം ആരോപിക്കാം; സമൂഹത്തിലും കുറ്റം ആരോപിക്കാം. ഇപ്രകാരം കുറ്റാരോപണം നടത്തുന്നിടത്തോളം കാലം ആരിൽ കുറ്റം ആരോപിക്കുന്നുവോ അവരിൽ കുറ്റം ഉള്ളതായി നമുക്ക് തോന്നുന്നു. അതൊരു തോന്നൽ മാത്രമാണ്. കുറ്റാരോപണം നിർത്തുന്ന നിമിഷം ആ തോന്നൽ തിരോഭവിക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഒക്കെ പുരോഗതി ഇല്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥം എന്ന് നാം ചിന്തിച്ചേക്കാം. പുരോഗതിക്കുവേണ്ടിയുള്ള ഈ ദാഹം – ആഗ്രഹം – ആണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. വാസ്തവത്തിൽ പുരോഗതിയുടെ ആവശ്യം അവിടെയില്ല. ഇപ്പോൾ തന്നെ എല്ലാം പരിപൂർണ്ണമാണ്. ആഗ്രഹങ്ങൾ എല്ലാം അസ്ഥാനത്താണ്. പുരോഗതിയെയും ആഗ്രഹങ്ങളെയും പ്രതി നിങ്ങൾ പൂർണ്ണതയിൽ അപൂർണ്ണത ദർശിക്കുന്നു. നിങ്ങൾ കുറ്റം ആരോപിക്കുന്നു. ഈ പ്രതിഭാസം എപ്പോൾ നിലക്കുന്നുവോ അപ്പോൾ നിങ്ങൾ പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുന്നു. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. പൂണ്ണത ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല. മറിച്ച് ഇപ്പോൾ തന്നെ എല്ലാം പൂർണ്ണമാണ്. അപൂർണ്ണതയാണ് കൃത്രിമം.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റം ആരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുവാൻ ശ്രമിക്കുമ്പോൾ സമൂഹം ബലം പ്രയോഗിച്ച് നിങ്ങളെയും തിരുത്തുന്നു. നിങ്ങൾ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ സമൂഹം നിങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തുന്നു. സമൂഹത്തെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുന്ന നിങ്ങളെ സമൂഹം അടിമയായി പിടിക്കുന്നു. അതിനാൽ നിങ്ങൾ സമൂഹത്തെ ആദരിച്ചു തുടങ്ങുവിൻ. നിങ്ങളെ തന്നെയും ആദരിക്കുവിൻ. അപ്പോൾ പിന്നെ ജീവിതം എന്തിനുവേണ്ടിയാണ്? മെച്ചപ്പെടുവാൻ ഒന്നുമില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്? ആസ്വാദനത്തിനു വേണ്ടി! എല്ലാം പരിപൂർണ്ണം! അതിനാൽ തന്നെ ആവോളം ആസ്വദിക്കുവിൻ! നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മവും ആസ്വാദനത്തിനു വേണ്ടി മാത്രം ചെയ്യുവിൻ! അപ്പോൾ അവ നിഷ്കാമകർമ്മമായി പരിണമിക്കും. ഇപ്രകാരം പരമാനന്ദത്തിലേക്ക് ചുവടു വയ്ക്കുവിൻ. സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം ഒരു ബന്ധനമാവാതിരിക്കട്ടെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാമിൽ നടക്കും. നോർത്താംപ്റ്റൻ രൂപത ബിഷപ്പ് എമിരിറ്റസ് പീറ്റർ ഡോയലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

ലോക പ്രശസ്തമായ കോർ അറ്റ് ലുമൻ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി ശുഷ്രൂഷകനുമായ ഡാമിയൻ സ്റ്റയിൻ നയിക്കുന്ന “മിറക്കിൾ ഹീലിങ് ” ഇത്തവണത്തെ കൺവെൻഷന്റെ പ്രത്യേകതയാണ്.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ജോസ് കുര്യാക്കോസും പങ്കെടുക്കു. .യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുത രോഗശാന്തികൾ ബ്രദർ ഡാമിയന്റെ ശുഷ്രൂഷകളിൽ ദൈവിക അടയാളമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,

Sandwell & Dudley
West Bromwich
B70 7JD.

ജെഗി ജോസഫ്

നോമ്പുകാലത്തിലേക്ക് കടക്കവേ വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വായി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ആനുവല്‍ റിട്രീറ്റ് . കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഡയറക്ടറായ ഫാ ജിന്‍സ് ചീങ്കല്ലേല്‍ നയിച്ച മൂന്നു ദിവസം നീണ്ട ധ്യാനം ജീവിത മൂല്യങ്ങളെ ഉണര്‍ത്തുന്ന ദൈവിക നിമിഷങ്ങളാണ് സമ്മാനിച്ചത്.വിശ്വാസം , സ്‌നേഹം , പ്രത്യാശ എന്നീ മൂല്യങ്ങളെ മുറുകെ പിടിച്ച് പിതാവിലേക്ക് തിരിയാന്‍ ഫാദര്‍ തന്റെ വചനങ്ങളിലൂടെ ഉദ്‌ബോധിപ്പിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ മിഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അച്ചന്റെ ധ്യാനത്തില്‍ പങ്കുകൊണ്ടു.മൂന്നു ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായിരുന്നു. വചന വ്യാഖ്യാനങ്ങള്‍കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും ധ്യാന വേദിയെ ധന്യമാക്കി വലിയൊരു അഭിഷേക ഉണര്‍വായിരുന്നു റിട്രീറ്റ് സമ്മാനിച്ചത്. ചെറിയ സംഭവങ്ങളിലൂടെ വലിയ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി ലളിതമായി ദൈവസ്‌നേഹവും കാരുണ്യവും ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ച് അച്ചന്‍ വിശ്വാസ സമൂഹത്തിന് പറഞ്ഞു നല്‍കി.

വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം സജീവമാകേണ്ടതിനെ പറ്റി ഫാ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഓര്‍മ്മിപ്പിച്ചു ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ അച്ചനും ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി തുടങ്ങിയവരും ധ്യാനത്തിന് നേതൃത്വം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച ധ്യാനം ഞായറാഴ്ച ഉച്ചയ്ക്കാണ് അവസാനിച്ചത്. ജീസസ് യൂത്ത് അംഗങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ധ്യാനവും ശ്രദ്ധേയമായിരുന്നു. ഫാ ജിബിന്‍ വാമറ്റത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വ് സമ്മാനിച്ച് നോമ്പുകാല ഒരുക്കങ്ങള്‍ക്ക് ഭക്തിപൂര്‍വ്വമുള്ള ഒരു തുടക്കമായി ഫാ ജിന്‍സ് നയിച്ച റിട്രീറ്റ്.

RECENT POSTS
Copyright © . All rights reserved