Uncategorized

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

അന്ന ഹെൻഡി നാലു വർഷമായി സ്കൂളിൽ പോയിട്ടില്ല. 2020 മാർച്ചിൽ കോവിഡ് ബാധിച്ച അവൾ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇപ്പോഴും അന്ന സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയില്ല. വീൽചെയർ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്.  അന്നയുടെ ദുർഗതിക്ക് കുടുംബം പഴിക്കുന്നത് എൻഎച്ച്എസിനെയാണ് .

ചികിത്സ പിഴവുകളുടെ പേരിൽ എൻഎച്ച്എസിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം. തൻറെ കക്ഷിക്ക് ലോങ്ങ് കോവിഡ് പിടി പെട്ടെന്നും എന്നാൽ അതിനെ ചികിത്സിച്ചതിലെ ആശ്രദ്ധയാണ് ഈ ദുർഗതി വരുത്തിയതെന്നും അന്നയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന തോംസൺസ് സോളിസിറ്റേഴ്സ് സ്കോട്ട്ലൻഡിലെ കാതറിൻ മക്ഗാരെൽ പറഞ്ഞു.  NHS ഹെൽത്ത് ബോർഡിനെതിരായ നിയമനടപടി സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് കരുതപ്പെടുന്നു.

 

തങ്ങൾക്ക് ഒട്ടേറെ പ്രാവശ്യം എൻഎച്ച്എസ് പരിചരണം നിഷേധിച്ചുവെന്ന് പറഞ്ഞ അന്നയുടെ അമ്മ ഗോസ് ഹെൽത്ത് ആരോഗ്യ മേഖലയെ കുറിച്ച് ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അന്നയുടെ നിലവിലെ ആരോഗ്യസ്ഥിതിയ്ക്ക് എൻഎച്ച് എസ് ഉത്തരവാദിത്വം പറയണമെന്നും അവളോട് ഔപചാരികമായി ക്ഷമാപണം നടത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ഉള്ള പീഡിയാട്രിക് സെന്ററുകൾ സ്ഥാപിക്കണമെന്ന് അന്നയുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം ∙ മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനിൽനിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.

കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം പിന്നിട്ടു. താഴേക്കു ചാടാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണു പിതാവ്. മാതാവ് സോളി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ആരംഭിച്ച ജൂനിയർ ഡോക്ടർമാരുടെ സമരം ആറു ദിവസമാണ് നീണ്ടു നിൽക്കുന്നത്. സമരം ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ പല ആശുപത്രികളും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

വിവിധ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ നിന്ന് 20 ഓളം അപേക്ഷകൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന് നൽകിയെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടിട്ടില്ല. എൻഎച്ച്എസ് മേധാവികൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പണിമുടക്കിന് തുരങ്കം വയ്ക്കാൻ തരംതാഴ്ത്തൽ ഭീഷണി ഉപയോഗിക്കുകയാണെന്ന് ബി എം എ ആരോപിച്ചു. എന്നാൽ അടിയന്തിര സഹായത്തിനായുള്ള യഥാർത്ഥ അഭ്യർത്ഥനകളാണ് നൽകിയതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.

35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന 9-ാം മത്തെ സമരമാണ് നിലവിൽ നടക്കുന്നത്. 1848 -ൽ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ദുഷ്കരമായ പ്രതിസന്ധി യാണ് എൻ എച്ച് എസ് അഭിമുഖീകരിക്കുന്നത്. ഇപ്പോൾ തന്നെ ആശുപത്രികളിൽ കോവിഡ്, ഇൻഫ്ലുവൻസ , മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ തിരക്ക് കൂടുതലാണ് . ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി . ക്രിസ്മസിന് മുമ്പ് നടത്തിയ മൂന്ന് ദിവസത്തെ പണിമുടക്കിൽ 88,000 അപ്പോയിന്റമെന്റുകളാണ് റദ്ദാക്കേണ്ടതായി വന്നത്. നിലവിലെ പണിമുടക്കിൽ ഇതിൻറെ ഇരട്ടിയോളം അപ്പോയിന്റ്ന്മെന്റുകൾ ആണ് മുടങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 35 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-31 തീയതി കളിൽ. 30 – തീയതി രാവിലെ 10- മണിക്ക് ആരംഭിക്കുന്ന സാന്താ മാർച്ചോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. സാന്താമാർച്ചിൽ ക്രിസ്മസ് സാന്താ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് കടന്നുപോകുന്നു. തുടർന്ന് ഹാളിൽ നടക്കുന്ന പരിപാടികൾക്ക് റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ തിരിതെളിച്ച് ക്രിസ്മസ് പരിപാടികൾ ഉൽഘാടനം നിർവഹിക്കും. തുടർന്ന് വിശിഷ്ട അതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേരുന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്നു.

പ്രോഗ്രാമുകൾക്ക് കൊഴുപ്പേകാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി അവതരിപ്പിക്കുന്ന ബാന്റ്, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിക്കുന്ന ഡീജേ നിരവധി സ്കിറ്റുകൾ, ഡാൻസ്, കപ്പിൾ ഡാൻസ്, കരോൾ സോങ്, ഡ്രാമ ഇമ്പമേറുന്ന ഗാനങ്ങൾ തുടങ്ങിയവ ഏവർക്കും ആകാംഷ നൽകുന്നതാണ്. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതരും.

ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തീയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു. ആഘോഷമായ പാട്ടുകുർബാന മധ്യേ റെക്സം ബിഷപ്പ് ബഹുമാനപെട്ട റെവ. ബിഷപ്പ് പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുന്നതുമാണ്.

പുതുവത്സര ഒരുക്കമായി കുർബാന മധ്യേ കുടുംബങ്ങൾക്കും, വ്യക്തികൾക്കും, കുട്ടികൾക്കും കാഴ്ച സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്. പൂക്കൾ, ഫ്രൂട്ട്സ്, തിരികൾ, കുർബാന വൈൻ ഇവ സമർപ്പിക്കാവുന്നതാണ്..കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവത്സരത്തിനായി ഒരുങ്ങുവാവും ഈ പരിശുദ്ധ കുർബാനവഴി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.. കുർബാനക്ക് ശേഷം ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിക്കുന്നതുംവൈൻ വിതരണം നടത്തുന്നതുമാണ്. ആഘോഷമായ പാട്ടൂർബാനയിൽ പങ്കെടുത്ത് നല്ലൊരു ഒരു വർഷത്തിന് ഒരുങ്ങുവാൻ റെക്സം രൂപതാ കേരളാ കമ്യൂണിറ്റി ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു….

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകമെമ്പാടും ജനങ്ങൾ കോവിഡ് മഹാമാരി അവസാനിച്ചു എന്ന ആത്മവിശ്വാസത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ, ഇപ്പോഴും ഒരു നിശബ്ദ കൊലയാളിയായി കോവിഡ് രോഗം തുടരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏതാനും മാസമായി ബ്രിട്ടനിൽ കോവിഡ് വീണ്ടും ഭീതി പരത്തുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തെ കണക്കുകൾ പ്രകാരം 5975 പേരാണ് കോവിഡ് പോസിറ്റീവ് ആയി രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. തൊട്ടു മുന്‍പുള്ള ആഴ്ചയിലേക്കാള്‍ 38 ശതമാനം ഉയര്‍ന്ന കണക്കാണിത്. അതേസമയം നവംബര്‍ 17 വരെയുള്ള കണക്കില്‍ 159 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശൈത്യകാലം കൂടി ആരംഭിച്ചതോടെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ കോവിഡ് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ട കായംകുളം സ്വദേശി ഹനീഫ് ഷിബുവിന്റെ വേർപാട് യുകെ മലയാളികൾക്കിടയിൽ മുഴുവൻ വേദനയായിരിക്കുകയാണ്. നാട്ടിലും വിദേശത്തുമായി ബിസിനസ് രംഗത്ത് വിജയങ്ങൾ സമ്പാദിച്ച ഷിബു കുടുംബ സമേതം ഒന്നര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ഇന്ന് നടന്ന ഷിബുവിന്റെ അന്ത്യ ചടങ്ങുകൾക്കായി ഇൻഫോർഡ് സെമിത്തേരിയിൽ എത്തിയ സഹപ്രവർത്തകരും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത വേദനയോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഷിബുവിന്റെ മരണം കോവിഡ് രോഗത്തിന്റെ ഭീകരതയാണ് സൂചിപ്പിക്കുന്നത്. കൃത്യമായ സംവിധാനങ്ങൾ ഉള്ളതിനാൽ തന്നെ ബ്രിട്ടനിൽ കോവിഡ് രോഗികളുടെ കണക്കുകൾ എല്ലാം തന്നെ എൻ എച്ച് എസിന്റെ പക്കൽ കൃത്യമായുണ്ട്. ജനങ്ങൾ ഇതിന് ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ ജാഗ്രതകൾ എടുക്കണമെന്ന നിർദ്ദേശവുമാണ് എൻഎച്ച്എസ് നൽകുന്നത്. ശൈത്യകാലത്ത് എത്തിയിരിക്കുന്ന പുത്തന്‍ വകഭേദമായ പിറോള ബി എ 2.86 എന്ന കോവിഡ് വകഭേദം ഏറ്റവും കൂടുതൽ ശ്രദ്ധ നല്‍കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഡെന്മാര്‍ക്കില്‍ കണ്ടെത്തിയ ഒമൈക്രോണിന്റെ മറ്റൊരു വകഭേദമാണ് ഈ പുതിയ വൈറസ്. കഴിഞ്ഞ ഏതാനും മാസമായി ഈ വകഭേദമാണ് യുകെയില്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെല്ലാവരും തന്നെ കൂടുതൽ ജാഗ്രതയോടെ നിലനിൽക്കണമെന്ന ആവശ്യമാണ് ആരോഗ്യ വിദഗ്ധർ ഒരുപോലെ നൽകുന്നത്.

ഇടതുപക്ഷത്തിന്റെ മുന്നണി പോരാളിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

2015 മുതലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്‌. 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌. എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തി. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കനാത്തിന്റെ പോരാട്ടവീര്യം എ.ഐ.ടി.യു.സി.യിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി., പുതുതലമുറബാങ്കുകള്‍ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കി.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഡിസംബർ 9 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

ക്രൈസ്തവ സഭയ്ക്കും സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കും പരമ്പര്യത്തിനും എതിരായ ഏത് കടന്നാക്രമണങ്ങളെയും ശക്തിയുക്തം പ്രതിരോധിക്കുന്ന കാലഘട്ടത്തിന്റെ തത്സമയ വാർത്താമാധ്യമം ഷെക്കീനായ് ന്യൂസിന്റെ സാരഥിയും പ്രമുഖ ആത്മീയ വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ വചന ശുശ്രൂഷ നയിക്കും. ഫാ.സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി ഇതിനോടകം പതിനാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് റെജി ജോണിന്റെ മകൾ അഭികേൽ സാറയെയാണു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂർ മരുതമൺപള്ളിക്കു സമീപമാണ് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് . വൈകിട്ടു നാലുമണിയോടെയാണു സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ പറഞ്ഞു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

പലപ്പോഴും ട്രെയിനിങ് ഫീസ് മാത്രം നോക്കി അംഗീകാരമില്ലാത്ത ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് യുകെയിലെ മലയാളികൾ ചതിക്കുഴിയിൽ വീഴാനുള്ള പ്രധാനകാരണം. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

എഴുത്തു പരീക്ഷയും പ്രാക്ടിക്കലും വിജയകരമായി പൂർത്തിയാക്കാൻ നമ്മൾക്ക് പരിചയസമ്പന്നരായ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ നൽകുന്ന പരിശീലനം ആവശ്യമാണ് . ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി നമ്മൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള വ്യക്തിയാണോ എന്നത് ഉറപ്പാക്കണം. യുകെയിലെ അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എക്സ്റ്റൻഡഡ് തിയറി ടെസ്റ്റും എക്സ്റ്റൻഡഡ് പ്രാക്ടിക്കൽ ടെസ്റ്റും പാസായിരിക്കണം. അതിനുശേഷം അവർ വിഷമകരമായ ഇൻസ്ട്രക്ടർ എബിലിറ്റി ടെസ്റ്റും വിജയിച്ചിരിക്കണം. ഈ ടെസ്റ്റിൽ തന്നെ മൂന്നു ഘട്ടങ്ങൾ ഉണ്ട് . ഇതിൽ ആദ്യ 2 ഘട്ടങ്ങൾ പാസാകുന്നവർക്ക് ട്രെയിനി ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കാനെ പറ്റുകയുള്ളൂ. അതായത് 6 മാസം മാത്രം പഠിപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനോടകം പാർട്ട് -3 പാസായവർ മാത്രമേ അവർക്ക് ഒരു യഥാർത്ഥ പരിശീലകൻ എന്ന നിലയിൽ അംഗീകാരവും അതുപോലെതന്നെ തുടർന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും സാധിക്കുകയുള്ളൂ.

എന്നാൽ യുകെയിൽ കണ്ടുവരുന്ന പ്രവണത പാർട്ട് 2 വരെ പാസായ പലരും ഫീസ് കുറച്ച് നിശ്ചിത കാലാവധിക്ക് ശേഷവും പരിശീലനം നൽകിവരുന്നു എന്നതാണ്. മലയാളികളിൽ പലരും ലാഭം മാത്രം നോക്കി ഇത്തരം ആളുകളുടെ ചതിക്കുഴിയിൽ വീഴുകയും വേണ്ട രീതിയിൽ പരിശീലനം നൽകാതെ ക്ലാസുകൾ കൂടുതൽ എടുപ്പിച്ച് നമ്മുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്നതാണ്.

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള ആളാണോ എന്നറിയുന്നതിന് യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ gov.uk യിൽ നിന്ന് അറിയാൻ സാധിക്കും. അതുപോലെതന്നെ അംഗീകാരമുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടസിനെ തിരിച്ചറിയുന്നതിനായി പരിശീലനം നൽകുന്ന വാഹനത്തിന്റെ ഇടതു സൈഡിലായി ബാഡ്ജ് പ്രദർപ്പിച്ചിരിക്കണം എന്ന നിയമവും യുകെയിൽ ഉണ്ട്. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർക്ക് ഗ്രീൻ ബാഡ്ജും പാർട്ട് 2 മാത്രം പാസായവർക്ക് പിങ്ക് ബാഡ്ജും ആണ് നൽകപ്പെടുന്നത്.

അംഗീകാരം ഇല്ലാത്ത ഒരു പരിശീലകൻ 1500 പൗണ്ട് ഫീസായി മേടിച്ച് നാളിതുവരെ ഒരു പ്രധാന നിരത്തിലും വാഹനമോടിക്കാനുള്ള പരിശീലനം നൽകിയില്ലെന്നുള്ള അനുഭവം ഒരു മലയാളി പെൺകുട്ടി മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത് ഒരാളുടെ മാത്രം അനുഭവം അല്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved