ജോസ് വേങ്ങത്തടം മലയാളം യുകെ ന്യൂസ്
കരുതലിന്റെ ഒരു കരം ചേര്‍ത്ത് പിടിക്കാനുണ്ടെന്ന അനുഭവം ജീവിതത്തില്‍ നല്കുന്ന അര്‍ത്ഥം ചെറുതല്ല. ഈ കരുതലിനൊരുദാഹരണമാണ് ബംഗളൂരുവിലെ മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ ഇടവക. തല ചായ്ക്കാന്‍ ഇടമില്ലാത്ത ഇടവകയിലെ ഏഴ് കുടുംബങ്ങള്‍ക്ക് അത്താണിയായിരിക്കുകയാണ് ഈ ഇടവക. ഇടവകയില്‍ അവശത അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസം ഏകുന്ന സംരംഭത്തിന്റെ പൂര്‍ത്തീകരണമാണ് സെബാസ്റ്റ്യന്‍ വില്ലയുടെ സാക്ഷാത്കാരം. ക്ലരീഷ്യന്‍ സന്യാസ സഭാംഗമായ ഇടവക വികാരി റവ. ഫാ. മാത്യൂ പനക്കകുഴി CMFന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ചേര്‍ന്ന്
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വീട് നല്‍കി ബംഗളൂരുവിലെ മത്തിക്കര കത്തോലിക്കാ ഇടവക ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. മത്തിക്കര സെന്റ്. സെബാസ്റ്റ്യന്‍ ഫൊറോനാ ദേവാലയത്തിലെ നിര്‍ദ്ധനരായ ഏഴ് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ സെബാസ്റ്റ്യന്‍ വില്ല എന്ന ഭവന സമുച്ചയം കഴിഞ്ഞ ശനിയാഴ്ച്ച മാണ്ട്യ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത് ആശീര്‍വാദ കര്‍മ്മം നടത്തി.
ഇടവക വികാരി ഫാ. മാത്യു പനക്കകുഴി CMF, അസ്സി. വികാ. ഫാ. എബി എന്നിവരുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും അടങ്ങുന്ന സംഘമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്

ഫാ. മാത്യൂ പനക്കകുഴി CMF

നേതൃത്വം നല്‍കിയത്. 1200 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരു കോടി രൂപ മുതല്‍ മുടക്കുള്ള ഭവന സമുച്ചയത്തില്‍ ഏഴ് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്. മത്തിക്കര ഫൊറോനാ ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന പി ജെ തോമസ് പീനിയായിലാണ് വീട് വയ്ക്കാനുള്ള തൊണ്ണൂറ് ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്ഥലം നല്‍കിയത്. ഭവന രഹിതരായവരെ സഹായിക്കാന്‍ ഇടവകയുടെ നേതൃത്വത്തില്‍ ഇതിന് മുമ്പും പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ്. ഫ്രാന്‍സിസ് അസീസ്സി ചര്‍ച്ച് ഇടവകയില്‍ ആറ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയതും ക്ലരീഷ്യന്‍ സന്യാസ സഭാംഗമായ വികാരി. ഫാ. മാത്യു പനക്കകുഴിയാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പേരിനോ പ്രശസ്തിക്കോ അല്ലെന്നും സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങള്‍ ഭവന പദ്ധതികള്‍ക്കായി പരിശ്രമിക്കുന്നതെന്നും ഫാ. മാത്യൂ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ഇടവകയുടെ ട്രസ്റ്റിമാരായ വി. വി. ജോണി, ജോസ് വേങ്ങത്തടം, സണ്ണി തോമസ്, വിനോദ് വിൻസെൻ്റ് കൺസ്ട്രക്ഷൻ കമ്മറ്റി മെമ്പേഴ്സ് എന്നിവരുടെ നിസ്വാർത്ഥമായ സേവനത്തോടൊപ്പം ഇടവകക്കാരുടെ സഹകരണത്തേയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഫാ. മാത്യൂ കൂട്ടിച്ചേർത്തു.