സ്വന്തം ലേഖകൻ

ബ്രിട്ടൻ :-മൃഗങ്ങൾക്കിടയിൽ തന്നെ പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ചൈനീസ് പഠനറിപ്പോർട്ട്. അതിനാൽ മൃഗഉടമകൾ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ മൃഗങ്ങളെ പരിശോധിക്കുക സാധ്യമല്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന പരിശോധനകളിൽ കുറെയധികം മൃഗങ്ങൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ മൃഗങ്ങൾ വഴിയുള്ള വ്യാപനം ബ്രിട്ടനിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൈനയിലെ ഹാർബിൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പൂച്ചകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണ്. പൂച്ചകൾ തമ്മിലും ഈ രോഗം വ്യാപിക്കുന്നതായി പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.


റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ, രോഗബാധിതരായ പൂച്ചകളിൽ നിന്നു രോഗമില്ലാത്ത പൂച്ചകളിലേക്കും ഈ വൈറസ് പകരുന്നതായി കണ്ടെത്തി. ഇത്തരം രോഗബാധിതരായ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന സാഹചര്യവും ബെൽജിയത്തിൽ ഉണ്ടായി. ഇത്തരം വാർത്തകൾ പരക്കുന്ന സാഹചര്യത്തിലും, പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ കഴിയുന്നതും മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

വീട്ടിലെ വളർത്തു മൃഗങ്ങളുമായി ഇടപെട്ടതിനുശേഷം കൈ കഴുകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ലിവർപൂളിലെ വെറ്റിനറി ഇന്ഫക്ഷിയസ് ഡിസീസസ് ഹെഡ് പ്രൊഫസർ എറിക് ഫീവർ അറിയിച്ചു. മൃഗങ്ങളോട് അമിതമായി അടുത്തിടപഴകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും തന്നെ മുൻകരുതലുകൾ എടുക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.