സുശാന്ത് സിങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് സിബിഐ. ഇത് സൂചിപ്പിക്കുന്ന നിർണായക തെളിവുകൾ സിബിഐ സംഘത്തിന് ലഭിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം ഉടൻ തങ്ങളുടെ പരിശോധനാ റിപ്പോർട്ട് സിബിഐയ്ക്കു കൈമാറും. ഇന്നലെ റിപ്പോർട്ട് നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.

ഇതിന് പുറമേ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരിമരുന്ന് കേസിൽ താരത്തിന്റെ മുൻ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരെയും എൻസിബി ചോദ്യം ചെയ്യും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ ഇരുവരുടെയും പേരുവിവരങ്ങൾ ഉണ്ടെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. റിയ ചക്രവർത്തിയുടെ വാട്ട്സാപ്പ് സന്ദേശങ്ങളിൽ പല ഉന്നതരുടെയും പേര് വിവരങ്ങൾ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. ദിഷയുടെയും സുശാന്തിന്റെയും മരണം തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കാവും നീങ്ങുക.