ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുന്നതായി റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധം നഷ്ടമായ ലാന്‍ഡറിനെ കണ്ടെത്തിയിട്ട് ഒരാഴ്ചയായിട്ടും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയാത്തതാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഒരു ചാന്ദ്ര ദിവസം – അതായത് ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ബാക്കിയുള്ളൂ.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്ത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ടിയിരുന്ന ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് പ്രദേശത്ത് നിന്ന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് തന്നെ തെര്‍മല്‍ ഇമേജിലൂടെ ലാന്‍ഡര്‍ കണ്ടെത്താനായില്ലെങ്കിലും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ദേശിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിംഗിന് പകരം ഹാര്‍ഡ് ലാന്‍ഡിംഗാണ് നടന്നത്. ചാന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തേണ്ട പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിനകത്താണുള്ളത്.

ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സമയം കഴിയുന്തോറും ദൗത്യം അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കിലെ സംഘം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം കാര്യമായ പ്രതീക്ഷയില്ല. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹാര്‍ഡ് ലാന്‍ഡിംഗ് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാം എന്ന് ഐഎസ്ആര്‍ഒ കരുതുന്നു.