രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നീറ്റ് പരീക്ഷ വിവാദത്തില്‍. ഞായറാഴ്ച നടന്ന പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് കോപ്പിടയടി തടയാനെന്ന പേരില്‍ ആവിഷ്‌കരിച്ച നിബന്ധനകള്‍ മൂലം കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ടിവന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധന നടത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ ബ്രാ പുറത്ത് കാത്തുനില്‍ക്കുന്ന അമ്മമാരുടെ കൈകളില്‍ കൊടുത്ത് കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ട ഗതികേടുണ്ടായി.

കോപ്പിയടി തടയാനെന്ന പേരിലാണ് വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചത്. കണ്ണൂരിലെ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയാണ് പ്രധാനമായി പരാതി ഉയര്‍ന്നത്. എന്നാല്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിടുമ്പോള്‍ ശബ്ദം ഉയര്‍ന്നാല്‍ ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന് സ്‌കൂളിലെ അധ്യാപകന്‍ പറയുന്നു. എന്നാല്‍ അടിവസ്ത്രം മാറ്റണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ അവകാശവാദം. ബ്രായിലെ ഹുക്കുകളുടെ പേരിലാണ് ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇത് അഴിച്ചുവെച്ച് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിച്ചത്.

പരീക്ഷയ്ക്ക് മിനിറ്റുകള്‍ മാത്രം ശേഷിച്ചിരുന്നതിനാല്‍ വിദ്യാര്‍ത്ഥിനി അടിവസ്ത്രം അഴിച്ചുവെച്ച് കരഞ്ഞുകൊണ്ട് പരീക്ഷയ്ക്ക് ഇരിക്കാന്‍ നിര്‍ബന്ധിതയായി. കടുത്ത നിറത്തിലുള്ള കീഴ് വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് അതിരാവിലെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവ വാങ്ങേണ്ട ഗതികേടും ചില മാതാപിതാക്കള്‍ക്കുണ്ടായി. മാത്രമല്ല ചെവിയില്‍ കിടക്കുന്ന കമ്മല്‍ വരെ ചിലര്‍ക്ക് അഴിച്ചുമാറ്റേണ്ടിവന്നു. ചുരിദാറുകളുടെ ഇറക്കമുള്ള കൈകള്‍ മുറിച്ചുമാറ്റുകയും, ജീന്‍സിന്റെ മെറ്റല്‍ ബട്ടണുകള്‍ മുറിച്ചുമാറ്റുകയുമുണ്ടായി.