കീമോതെറാപ്പി ബ്രെസ്റ്റ് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ കാരണമാകുമെന്ന് വെളിപ്പെടുത്തല്‍. കീമോതെറാപ്പിക്കായി സാധാരണ ഉപയോഗിച്ചു വരുന്ന രണ്ടു മരുന്നുകളാണ് രോഗം മറ്റിടങ്ങളിലേക്ക് പടര്‍ത്തുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. പാക്ലിടാക്‌സല്‍, ഡോക്‌സോറൂബിസിന്‍ എന്നീ മരുന്നുകളാണ് വില്ലന്‍മാരെന്നാണ് വ്യക്തമായിരിക്കുന്നത്. ട്യൂമറുകളില്‍ നിന്ന് പ്രോട്ടീനുകളെ രക്തത്തില്‍ കലരാന്‍ ഇവ സഹായിക്കുകയും രക്തത്തിലൂടെ അവ മറ്റ് അവയവങ്ങളില്‍ എത്തുകയും ചെയ്യും. ഈ പ്രോട്ടീന്‍ പുറത്തു വരാതെ തടഞ്ഞുകൊണ്ട് നടത്തിയ പരീക്ഷണങ്ങളില്‍ രോഗം പടരുന്നതായി കണ്ടെത്തിയില്ല.

ടാക്‌സോള്‍ എന്ന പേരിലാണ് പാക്ലിടാക്‌സല്‍ അറിയപ്പെടുന്നത്. ഏഡ്രിയമൈസിന്‍ എന്നും ഡോക്‌സോറൂബിസിന്‍ അറിയപ്പെടാറുണ്ട്. ഇവ ബ്രെസ്റ്റ് ക്യാന്‍സര്‍ ട്യൂമറുകളെ എക്‌സോസോമുകള്‍ എന്ന് അറിയപ്പെടുന്ന ദ്രാവകം നിറഞ്ഞ ചെറിയ കുമിളകള്‍ പുറത്തു വിടാന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സറിന് അനുബന്ധമായി സാധാരണ കാണപ്പെടുന്നത് ശ്വാസകോശം, അസ്ഥി, കരള്‍, മസ്തിഷ്‌കം എന്നിവിടങ്ങളിലെ ക്യാന്‍സറാണ്. എന്നാല്‍ ഇവ ഏതൊക്കെ അവയവങ്ങളിലെ ക്യാന്‍സറുകളാണ് സൃഷ്ടിക്കുന്നതെന്നത് അവ്യക്തമാണ്.

ഈ കണ്ടെത്തല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പി കൂടുല്‍ ഫലപ്രദമായി നടത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സ്പിരിമെന്റല്‍ ക്യാന്‍സര്‍ റിസര്‍ച്ച് ആണ് പഠനം നടത്തിയത്. സാധാരണ ഗതിയില്‍ ശസ്ത്രക്രിയക്കു മുമ്പാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികളില്‍ കീമോതെറാപ്പി നല്‍കുന്നത്. ട്യൂമര്‍ ചുരുങ്ങുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്. നിയോഅഡ്ജുവന്റ് തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി അനുവര്‍ത്തിക്കുന്നത് ആരോഗ്യമുള്ള കലകള്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്നത് ഒഴിവാക്കാനും സഹായിക്കും. ചില രോഗികളില്‍ കീമോതെറാപ്പി കഴിയുന്നതോടെ ട്യൂമര്‍ അപ്രത്യക്ഷമാകാറുണ്ട്. ഇത്തരക്കാര്‍ക്ക് ശസ്ത്രക്രിയയുടെ ആവശ്യം ഉണ്ടാകാറില്ല.

നിയോഅഡ്ജുവന്റ് തെറാപ്പിയില്‍ ട്യൂമര്‍ ഇല്ലാതാകുന്നത് വളരെ അപൂര്‍വം മാത്രമാണ്. ട്യൂമറിന്റെ വളര്‍ച്ച തടയാന്‍ കീമോതെറാപ്പിക്ക് സാധിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരും. യുകെയിലും അമേരിക്കയിലുമുള്ള സ്ത്രീകളില്‍ എട്ടിലൊരാള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.