പരീക്ഷകളില്‍ മോശം റിസല്‍ട്ടുണ്ടാകുമെന്ന് ഭയന്ന് കുട്ടികളെ സ്‌പോര്‍ട്‌സില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പഠനം. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് പരീക്ഷാഫലത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് പുതിയ പഠനം കണ്ടെത്തി. ദി ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് (എച്ച്എംസി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് അവരുടെ ഗ്രേഡുകളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് എച്ച്എംസി വ്യക്തമാക്കുന്നത്. 19 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ 1482 വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളുടെ ജിസിഎസ്ഇ ഫലവും അവരുടെ സ്‌പോര്‍ട്‌സിലെ പങ്കാളിത്തവും നിരീക്ഷണത്തിനു വിധേയമാക്കി. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഹോക്കി, നെറ്റ്‌ബോള്‍, റഗ്ബി, ടെന്നീസ് തുടങ്ങിയ കളികളിലാണ് ഇവര്‍ ഏര്‍പ്പെട്ടത്.

മിക്ക രക്ഷിതാക്കളും ധരിച്ചിരിക്കുന്നതു പോലെ സ്‌പോര്‍ട്‌സില്‍ കുട്ടികളുടെ പങ്കാളിത്തം അവരുടെ പഠനത്തെയോ പരീക്ഷാഫലത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം തലവന്‍ പ്രൊഫ.പീറ്റര്‍ ക്ലോഫ് പറഞ്ഞു. സ്‌പോര്‍ട്‌സില്‍ പങ്കെടുത്തവര്‍ ജിസിഎസ്ഇ ഫലങ്ങളില്‍ പിന്നോട്ടു പോയതിന് യാതൊരു തെളിവുമില്ല. എന്നാല്‍ സ്‌പോര്‍ട്‌സിന് ഒട്ടേറെ ഗുണവശങ്ങള്‍ പഠനത്തില്‍ ചെലുത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സന്തോഷമുള്ളവരും മാനസികാരോഗ്യമുള്ളവരും ശക്തരുമായി മാറാന്‍ സ്‌പോര്‍ട്‌സ് സഹായിക്കും. സ്ഥിരമായി കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് ഗുണമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസികാരോഗ്യവും സ്‌പോര്‍ട്‌സും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നും പ്രൊഫ.ക്ലോഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി റിവൈസ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പോലും സ്‌പോര്‍ട്‌സ് ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ പഠനം മുന്നോട്ടു വെക്കുന്ന നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യോതര പ്രവര്‍ത്തനങ്ങളായ മ്യൂസിക്, ഡ്രാമ തുടങ്ങിയവയില്‍ പങ്കെടുക്കുന്നത് പഠനത്തെ ബാധിക്കുമോ എന്നും പ്രൊഫ.ക്ലോഫ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വിദ്യാര്‍ത്ഥിയുടെ അക്കാഡമിക് പ്രകടനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമായത്.