സെല്‍ഫി ഇമേജുകളില്‍ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുന്നറിയിപ്പ്. നാലു വയസു വരെ പ്രായമുള്ള കുട്ടികളെ പോലും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ നാം ശീലിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ആപ്പുകളും ഗെയിമുകളും കുട്ടികള്‍ക്ക് യോജിച്ചതല്ലെന്ന് വെസ്റ്റ് ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്പിയറന്‍സ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായി. ആപ്പിള്‍ സ്റ്റോറില്‍ ടോപ്പ് റാങ്കിങ്ങില്‍ എത്തിയവയില്‍ ഫെയിസ് ട്യൂണ്‍ ആപ്പുകളായിരുന്നു മുന്‍പന്തിയില്‍. ഇവയില്‍ മിക്കവയും നാലു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമായവയെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്.

ഇത്തരം ആപ്പുകളില്‍ കണ്ണുകള്‍, മൂക്ക്, ചുണ്ട് എന്നിവയുടെ വലിപ്പം മാറ്റാവുന്ന വിധത്തിലുള്ള എഡിറ്റിംഗ് സംവിധാനങ്ങളാണ് ഉള്ളത്. തങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ നിര്‍ദേശിക്കുന്ന ഗെയിമുകള്‍ കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. ഒരു ഡ്രീം ഡേറ്റിനായി മനോഹരമായി ഡ്രസ് ചെയ്യാനുള്ള ഗെയിമില്‍ ഏര്‍പ്പെടുന്ന എട്ടു മുതല്‍ ഒമ്പത് വയസു വരെയുള്ള കുട്ടികളില്‍ 10 മിനിറ്റിനുള്ളില്‍ത്തന്നെ തങ്ങളുടെ ശരീരത്തിന്‍മേലുള്ള ആത്മവിശ്വാസം നഷ്ടമാകുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സുന്ദരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് തങ്ങളുടെ ശരീരം എത്തില്ലെന്ന ആത്മവിശ്വാസമില്ലായ്മ കുട്ടികളില്‍ ഈ ആപ്പുകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ആമി സ്ലേറ്റര്‍ പറഞ്ഞു.

അരക്ഷിതബോധം വളര്‍ത്തുകയും കുട്ടികളില്‍ പോലും തങ്ങളുടെ രൂപത്തെക്കുറിച്ച് അനാവശ്യ ബോധം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ആപ്പുകള്‍ പുറത്തിറക്കുന്ന കമ്പനികള്‍ പണം വാരുകയാണെന്നും അവര്‍ വിശദീകരിച്ചു. സ്വന്തം രൂപത്തെക്കുറിച്ച് അനാവശ്യമായ ആകാംക്ഷ കുട്ടികളില്‍ വളര്‍ത്തുകയാണ് ഈ ആപ്പുകള്‍ ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സിലെ ഡോ.ജോണ്‍ ഗോള്‍ഡിന്‍ പറയുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.