വിവാദ പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ കൊണ്ടുവരാന്‍ തീരുമാനം. തിങ്കളാഴ്ച സഭയില്‍ ഹാജരായിരിക്കണമെന്ന് എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കി. ഡിസംബര്‍ 10നകം ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് നേരത്തെ വ്യക്തമായിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ കുടിയേറ്റക്കാര്‍ക്ക് മതിയായ യാത്രാരേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് പ്രതിപക്ഷം പറയുന്നു. 1955ലെ പൗരത്വ ബില്ലാണ് ഭേദഗതി ചെയ്യുന്നത്.

ബുധനാഴ്ചയാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ഡ് മേഖലകളെ മാറ്റിനിര്‍ത്തി പൗരത്വ ബില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ കക്ഷി നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പല കക്ഷികളും ബില്ലിനെതിരായ നിലപാട് തണുപ്പിച്ചിട്ടുണ്ട്. അതേസമയം ബില്‍ നടപ്പാക്കാന്‍ 1920ലെ പാസ്‌പോര്‍ട്ട് നിയമത്തിലും (Passport Act (Entry of India)) 1946ലെ വിദേശി (Foreigners Act) നിയമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. നിയമവിരുദ്ധ കുടിയേറ്റം സംബന്ധിച്ച ഈ ബില്ലുകളുടെ നിർവചനം പൗരത്വ ബില്ലിന് പ്രശ്നമാണ്.

അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ (എആര്‍സി) ഭാഗമായി 19 ലക്ഷം പേര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരും വിദേശികളുമായി മുദ്ര കുത്തപ്പെട്ടപ്പോള്‍ ഇതില്‍ ഹിന്ദുക്കളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടി ബിജെപി സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചു. പൗരത്വ ഭേദഗതി ബില്‍ ഹിന്ദുക്കളെ പുറത്താക്കുന്നത് തടയുമെന്ന് ബിജെപി പറയുന്നു. അതേസമയം ബില്ലിനെതിരെ പ്രതിഷേധിച്ച് നേരത്തെ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തിട്ടുള്ള ജെഡിയു അടക്കമുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ ബില്ലിനെ പിന്തുണക്കുകയാണ്.

ഇത്രയും കാര്യങ്ങളാണ് ഇപ്പോള്‍ നമുക്കറിയാവുന്നത്. രാജ്യം മുഴുവന്‍ എന്‍.ആര്‍.സി കൊണ്ടുവരും എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്, നാലാള്‍ കൂടുന്നേടത്തു നാലു വാക്കെറിഞ്ഞു ഓടി പോകുന്നവനല്ല അമിത് ഷാ. നടപ്പാക്കും എന്ന് പറഞ്ഞാല്‍ നടപ്പാക്കിയിരിക്കും.

അസമില്‍ നടപ്പാക്കിയ പൗരത്വ പട്ടിക റദ്ധാക്കി വീണ്ടും നടത്തും എന്നും പറഞ്ഞിട്ടുണ്ട്. 1972 കട്ട്-ഓഫ്-ഡേറ്റ് ആക്കിയത് കൊണ്ട് വേണ്ടത്ര കുടിയേറ്റക്കാരെ പിടിക്കാന്‍ പറ്റിയില്ല, അത് കൊണ്ടാണത് റദ്ദാക്കുന്നത്. പുതിയ കട്ട്-ഓഫ്-ഡേറ്റ് 1951 ആയിരിക്കും അസമിലുള്‍പ്പടെ രാജ്യം മുഴുവന്‍.

രാജ്യത്തെ മുഴുവന്‍ ജനങ്ങളും 1951-നു മുമ്പ് തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ഇവിടെ ജീവിച്ചുരുന്നു എന്ന് തെളിയിക്കണം. നിങ്ങള്‍ മധ്യവസ്‌കനാണെങ്കില്‍ നിങ്ങളുടെ അപ്പൂപ്പന്റെ അപ്പന്‍, നിങ്ങള്‍ ന്യൂജെന്‍ ആണെങ്കില്‍ നിങ്ങളുടെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ ഇവിടെ ജീവിച്ചിരുന്നു എന്നാണ് തെളിയിക്കേണ്ടത്.

അവര്‍ ജീവിച്ചിരുന്നു എന്നത് മാത്രമല്ല അവരുടെ ലീനിയേജ് അഥവാ പരമ്പരയില്‍ ആണ് നിങ്ങള്‍ എന്നതും രേഖാമൂലം തെളിയിക്കണം. അതായത് നിങ്ങളുടെ അപ്പൂപ്പന്റെ അപ്പന്റെ മകനാണ് നിങ്ങളുടെ അപ്പൂപ്പന്‍ എന്നതിന്റെ രേഖയും, അപ്പൂപ്പന്റെ മകനാണ് അച്ഛന്‍ എന്നതിന്റെ രേഖയും, അച്ഛന്റെ മകനാണ് നിങ്ങള്‍ എന്നതിന്റെയും രേഖയാണ് വേണ്ടത്.

രേഖകളൊക്കെ രേഖകളായി തന്നെ വേണം. ഡി.എന്‍.എ ടെസ്റ്റ് ഇത് വരെ അനുവദിച്ചിട്ടില്ല. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരു പക്ഷെ അനുവദിച്ചേക്കും. വയറ്റാട്ടി പറഞ്ഞു, അമ്മാവന്‍ പറഞ്ഞു എന്നതൊന്നും രേഖയല്ല.

ഒരു രേഖയുമില്ലാത്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ പേടിക്കേണ്ട എന്നും അമിത് ഷാ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പൗരത്വ ബില്ല് അവതരിപ്പിക്കും.

പൗരത്വ ബില്ല് എന്ന് പറഞ്ഞാല്‍ പാകിസ്താന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലാണ്. മുസ്ലിംകള്‍, ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴര്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്.

പൗരത്വം തെളിയിക്കാന്‍ കഴിയാത്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് അഭയാര്‍ത്ഥി എന്ന നിലയില്‍ പൗരത്വത്തിന് അപേക്ഷിക്കാം. ആറ് കൊല്ലത്തേക്കുള്ള ഒരു അഭയാര്‍ത്ഥി കാര്‍ഡ് ആദ്യം ലഭിക്കും. പിന്നീട് അവരുടെ പെരുമാറ്റം, രാജ്യത്തോടുള്ള കൂറ് എന്നിവ നോക്കി ശരിക്കുള്ള പൗരത്വം നല്‍കും.

ഇത്രയുമാണ് വസ്തുതകള്‍. ഇനി എന്തൊക്കെ രേഖകളാണ് വേണ്ടത് എന്നും നമ്മള്‍ മലയാളികള്‍ എന്തൊക്കെയാണെന്ന് ചെയ്യേണ്ടത് നോക്കാം.

പൗരത്വ അപേക്ഷയോടൊപ്പം സ്വീകരിക്കുന്ന രേഖകള്‍

1 – 1951 ലെ സെന്‍സെസിലോ വോട്ടേഴ്സ് ലിസ്റ്റിലോ നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ പേരുണ്ടോ എന്ന് ആദ്യം നോക്കണം. ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്തത് കൊണ്ട് മിക്കവാറും ഈ ലിസ്റ്റുകള്‍ കിട്ടാന്‍ സാധ്യതയില്ല. അഥവാ കിട്ടിയാലും അത്ര പഴയ പേപ്പറില്‍ പേരുകള്‍ വായിക്കുന്നത് എളുപ്പമാവില്ല.

2 – 1951 മുമ്പ് ജനിച്ച നിങ്ങളുടെ അപ്പൂപ്പന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ രേഖ. വയറ്റാട്ടി പറഞ്ഞത് രേഖയല്ല എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ.

3 – അപ്പൂപ്പന്റെ അച്ഛന്റെ ഡ്രൈവിംഗ് ലൈസെന്‍സ് വീട്ടിലുണ്ടെങ്കില്‍ അത്.
4 – അപ്പൂപ്പന്റെ അച്ഛന്‍ പഠിച്ച സ്‌കൂള്‍ രജിസ്റ്ററിലെ പേജിന്റെ കോപ്പി, ഗസറ്റഡ് ഓഫീസര്‍ അറ്റെസ്‌റ് ചെയ്തത്.
5 – അപ്പൂപ്പന്മാരുടെ പാസ്സ്‌പോര്‍ട്ടോ മറ്റ് യാത്രരേഖകളോ.
6 – ഭൂമിയുടെ കൈവശാവകാശ രേഖ, അത് പാരമ്പര്യമായി കൈമാറ്റം ചെയ്തു വന്നതിന്റെ കൈമാറ്റ രേഖ ഉള്‍പ്പടെ.

ഇതില്‍ അവസാനം പറഞ്ഞതാണ് പ്രായോഗികമായി ഏറ്റവും എളുപ്പം. കേരളത്തില്‍ വലിയ ഭൂകമ്പമോ, വെള്ളപ്പൊക്കമോ, കലാപങ്ങളോ ഉണ്ടാകാത്തതു മൂലം ജനങ്ങള്‍ വല്ലാതെ പലായനം ചെയ്തിട്ടില്ല. അത് കൊണ്ട് നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ച സ്ഥലത്തു തന്നെയാവും നിങ്ങള്‍ മിക്കവാറും ഇപ്പോഴും ജീവിക്കുന്നത്.

വീട്ടില്‍ പഴയ അലമാരയില്‍ കാണാന്‍ സാധ്യതയുള്ള ആധാരം, അടിയാധാരം, അതിന്റെയും അടിയാധാരം തുടങ്ങിയവ പരിശോധിച്ചാല്‍ നിങ്ങളുടെ അപ്പൂപ്പന്റെ അച്ഛനെയും അവരിലേക്കുള്ള നിങ്ങളുടെ ബന്ധത്തെയും തെളിയിക്കാന്‍ കഴിഞ്ഞേക്കും. രജിസ്ട്രര്‍ ഓഫീസിലെ ജീവനക്കാര്‍ക്കും നാട്ടിലെ മുതിര്‍ന്ന ആളുകള്‍ക്കുമൊക്കെ നിങ്ങളെ സഹായിക്കാനും കഴിഞ്ഞേക്കും.

ഇനി, കേരളത്തിലെ ഓരോ മതവിഭാഗത്തിനും പ്രത്യേകം പ്രത്യേകം ചില നിര്‍ദേശങ്ങള്‍ തരാം. മതങ്ങളെ വേര്‍തിരിച്ചുള്ള നിയമമായതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്, വേറൊന്നും വിചാരിക്കരുത്.

ഹിന്ദുക്കള്‍

1957 ലെ ഇ.എം.എസ് മന്ത്രിസഭ ഭൂപരിഷ്‌കരണ ബില്‍ പാസാക്കിയത് ഒരു പക്ഷെ നിങ്ങള്‍ കേട്ടിരിക്കും. അതിനു മുമ്പ് ജന്മി കുടിയാന്‍, അഥവാ ഫ്യുഡലിസം ആയിരുന്നു കേരളത്തില്‍ നില നിന്നിരുന്നത്. എന്ന് പറഞ്ഞാല്‍ ഉന്നത ജാതിക്കാരായ മൂന്നോ നാലോ ശതമാനത്തിനേ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടാകൂ. ബാക്കിയുള്ളവരെ കുടിയാന്‍ എന്ന് പറയും. അവര്‍ താമസിക്കുന്ന സ്ഥലം ജന്മിയുടേതായിരിക്കും. പിന്നോക്ക ജാതിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന അയിത്ത ജാതിക്കാര്‍ മുഴുവന്‍ കുടിയാന്മാരായിരുന്നു.

ഇപ്പറഞ്ഞ ജന്മി അഥവാ മുന്നോക്ക വിഭാഗത്തില്‍പെട്ട ഹിന്ദുവാണെങ്കില്‍ നിങ്ങള്‍ക്ക് മിക്കവാറും ഭൂരേഖ ഉണ്ടാകും. മരുമക്കത്തായം, സംബന്ധം തുടങ്ങിയ അസംബന്ധങ്ങളുണ്ടായിരുന്നെങ്കിലും മിക്കവാറും നിങ്ങളുടെ കാര്യം രക്ഷപ്പെട്ടു. പിന്നോക്ക, പട്ടിക ജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ മിക്കവാറും കുടിയന്മാരായിരുന്നിരിക്കും. 1957 ലായിരിക്കും ആദ്യമായി അവര്‍ക്ക് ഭൂരേഖ ലഭിച്ചിരുന്നിരിക്കുക. നിങ്ങള്‍ പെട്ടു.

നിരാശരാകാന്‍ വരട്ടെ. ഒരു രേഖയുമില്ലാത്ത നിങ്ങള്‍ക്കുള്ളതാണ് പൗരത്വ ബില്‍. ആ ബില്‍ പ്രകാരം ഹിന്ദു എന്ന നിലയില്‍ നിങ്ങള്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രയേയുള്ളു. പാകിസ്ഥാനിലെ ഭീകരമായ ന്യൂനപക്ഷ പീഡനം മൂലം അവിടുന്നോടി കേരളത്തില്‍ എത്തിയവരാണ്, ദയവുണ്ടായി പൗരത്വം തരണം എന്നെഴുതിയ ഒരപേക്ഷ പത്തു രൂപയുടെ കോര്‍ട്-ഫീ സ്റ്റാമ്പ് ഒട്ടിച്ചു തഹസില്‍ദാര്‍ക്ക് കൊടുക്കണം.

തഹസില്‍ദാര്‍ വെരിഫിക്കേഷന് വിളിച്ചു ഒന്ന് രണ്ടു ചോദ്യങ്ങള്‍ ചോദിക്കും. പാക്കിസ്ഥാനിലെ നിങ്ങളുടെ ഗ്രാമം ഏതായിരുന്നു, കുടുംബ പേര് എന്താണ് എന്നൊക്കെ. അതിനുള്ള ഉത്തരം പഠിച്ചിട്ടു വേണം പോകാന്‍.

തഹസില്‍ദാര്‍ക്ക് തൃപ്തിയായാല്‍ ഒരു നീല കാര്‍ഡ് തരും. അഭയാര്‍ത്ഥി എന്ന നിലയില്‍ നിങ്ങള്‍ക്ക് ആറ് വര്‍ഷം ഇന്ത്യയില്‍ താമസിക്കാനുള്ള കാര്‍ഡാണ്, ജോലിയും ചെയ്യാം. പക്ഷെ സ്ഥലം വാങ്ങുക, പാസ്‌പോര്‍ട്ട് എടുക്കുക ഒന്നും ചെയ്യാന്‍ കഴിയില്ല. ആറ് വര്‍ഷം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് ശരിക്കുള്ള പൗരത്വം ലഭിക്കും.

ക്രിസ്ത്യാനികള്‍

കേരളം ഭൂമിശാത്രപരമായി മൂന്നായി തിരിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും – മലനാട്, ഇടനാട്, തീരപ്രദേശം. തീരപ്രദേശത്തു പൊതുവെ മീന്‍പിടുത്തക്കാരായിരുന്ന ലാറ്റിന്‍ കത്തോലിക്കര്‍, നാടാര്‍ ക്രിസ്ത്യന്‍സ് ഒക്കെയാണ് താമസിക്കുന്നത്.

പണ്ടൊക്കെ കടലാക്രമണം ഇടക്കിടക്കുണ്ടാവാറുള്ളത് കൊണ്ട് താമസം പലപ്പോഴും മാറിയിട്ടുണ്ടാകും, അത് കൊണ്ട് അപ്പൂപ്പന്റെ അപ്പൂപ്പന്‍ താമസിച്ച സ്ഥലം കണ്ടു പിടിക്കുക, അതിന്റെ രേഖ സംഘടിപ്പിക്കുക തുടങ്ങിയവ ദുഷ്‌കരമാണ്, എന്നാലും അസാധ്യമല്ല.

നിങ്ങള്‍ ഇടനാട്ടിലാണെങ്കില്‍, നിങ്ങളുടെ അപ്പൂപ്പന്‍മാര്‍ പലപ്പോഴായി പറയുന്ന ഒരു ഡയലോഗ് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും – തോമാശ്ലീഹാ നേരിട്ട് മാമ്മോദീസ മുക്കിയവര്‍ ആണ്, നമ്പൂതിരി മാര്‍ഗം കൂടിയതാണ് എന്നൊക്കെ. അവര്‍ ഭൂപ്രഭുക്കള്‍ ആയിരുന്നിരിക്കും. നിങ്ങള്‍ക്ക് ഭൂരേഖ സംഘടിപ്പിക്കാന്‍ എളുപ്പം കഴിയേണ്ടതാണ്.

മലനാട്ടിലാണെങ്കില്‍ നിങ്ങള്‍ പെട്ടു. മണ്ണ് വിളയിച്ചു പൊന്നാക്കാന്‍ മലകയറി വന്ന മാമനിതന്‍ എന്ന് മുട്ടത്തു വര്‍ക്കി വിശേഷിപ്പിച്ച ആളായിരിക്കും നിങ്ങളുടെ അപ്പൂപ്പന്റെ അപ്പന്‍. പി.ടി ചാക്കോയുടെ മരണത്തിനു ശേഷം കെ.എം ജോര്‍ജ് കേരള കോണ്‍ഗ്രസ് ഉണ്ടാക്കുകയും മാണിയും ജേക്കബും ജോസഫും അത് പല പല കഷ്ണങ്ങളാക്കി രണ്ടു മുന്നണിയിലും സ്ഥാപിക്കുകയും, റവന്യു വകുപ്പ് അട്ടിപ്പേറാക്കി വച്ച് എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം കൊടുക്കുകയും ചെയ്യുന്നത് വരെ അവരുടെ ഭൂമിക്ക് ഒരു രേഖയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് രേഖ തപ്പി നേരം കളയണ്ട, അടുത്ത വഴി നോക്കാം.

പൗരത്വ ബില്‍ പ്രകാരം ഹിന്ദുക്കളെ പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും അഭയാര്‍ത്ഥി കാര്‍ഡിന് അര്‍ഹതയുണ്ട്. നിങ്ങള്‍ക്കും പത്തു രൂപയുടെ കോര്‍ട്-ഫീ സ്റ്റാമ്പ് ഒട്ടിച്ച ഒരപേക്ഷ തഹസില്‍ദാര്‍ക്ക് കൊടുക്കാം.

സത്യത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ വന്നിട്ടുള്ളത് ശ്രീലങ്കയില്‍ നിന്നാണ്. എല്‍.ടി.ടി.ഇ നേതാവ് വേലുപള്ളി പ്രഭാകരന്‍, രണ്ടാമന്‍ ആന്റണ്‍ ബാലശിങ്കം തുടങ്ങി മിക്കവാറും പുലികളൊക്കെ ക്രിസ്ത്യാനികളായിരുന്നു. അവരില്‍ നല്ലൊരു ശതമാനം പേര്‍ അഭയാര്‍ഥികളായി ഇന്ത്യയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. ശരീര പ്രകൃതിയും ഭാഷയുമൊക്കെ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ശ്രീലങ്കയില്‍ നിന്ന് വന്നതാണെന്ന് പറയുന്നതാണെളുപ്പം.

പക്ഷെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പൗരത്വ ബില്ലില്‍നിന്ന് ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്. അത് കൊണ്ട് പാക്കിസ്ഥാനില്‍ നിന്ന് പീഡനം മൂലം ഓടി കേരളത്തില്‍ വന്നതാണെന്ന് പറയുന്നതാണ് നിങ്ങള്‍ക്ക് സേഫ്, പക്ഷെ അതിനൊരു പ്രശ്‌നമുണ്ട് – നിങ്ങളുടെ പേര്.

ക്രിസ്ത്യാനികളുടെ പേര് ദ്രാവക രൂപത്തിലാണ്, ഏതു കുപ്പിയിയിലാണോ ദ്രാവകമുള്ളത് ആ കുപ്പിയുടെ ഷേപ്പ് ആയിരിക്കും ദ്രാവകത്തിന്. ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഢിയും ഇപ്പോഴത്തെ മുഖ്യമന്തി ജഗന്മോഹന്‍ റെഡ്ഢിയും ക്രിസ്ത്യാനികളാണ്. ഇറാഖിലെ ഉപപ്രധാനമന്ത്രിയായിരുന്ന താരിഖ് അസ്സീസ് ക്രിസ്ത്യാനിയായിരുന്നു. പലസ്തീനിലെ ഹനന്‍ അഷ്‌റവി, ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലര്‍, പുലി പ്രഭാകരന്‍ തുടങ്ങി വടക്കു കിഴക്കു സംസ്ഥാനങ്ങളില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്ന മിക്കവാറും പേരുകള്‍ ഒക്കെ ക്രിസ്ത്യന്‍ ആണ്.

ഈയടുത്തു കുപ്രസിദ്ധമായ പാകിസ്താനിലെ മതനിന്ദ കേസിലെ ആസിയ നൗറീന്‍ എന്ന ആസിയ ബീവി ക്രിസ്ത്യാനിയാണ്, അവരുടെ ഭര്‍ത്താവ് ആഷിഖ് മസീഹും.

ഉന്നതകുലജാതരായ കുറെ ഇംഗ്ലീഷ് പേരുകാരെ ഒഴിച്ച് നിര്‍ത്തിയാല്‍, പാകിസ്താനിലെ സാധാരണക്കാരായ മുഴുവന്‍ ക്രിസ്ത്യാനികളുടെ പേരും ആയിഷ, ആസിയ, അസീസ്, പര്‍വേസ്, ഷുക്കൂര്‍, അസര്‍പ്പ് എന്നൊക്കെയാണ്. നിങ്ങളുടെ ജോണ്‍, ജോസഫ്, സ്റ്റാന്‍ലി തുടങ്ങിയ പേരുമായി പോയാല്‍ തഹസില്‍ദാരുടെ വെരിഫിക്കേഷനില്‍ പൊട്ടും.

അത് കൊണ്ട് നല്ല ഒരു പാകിസ്താനി ക്രിസ്ത്യന്‍ പേര് കണ്ടുപിടിച്ചു പേര് മാറ്റി വേണം അപേക്ഷ കൊടുക്കാന്‍. നിങ്ങളെ മാമോദീസ മുക്കിയ പാകിസ്താനിലെ പള്ളിയെ പറ്റി ചിലപ്പോള്‍ ചോദ്യം വന്നേക്കാം, ഗൂഗിള്‍ നോക്കി പഠിച്ചു വയ്ക്കണം. തഹസില്‍ദാര്‍ക്ക് തൃപ്തിയായാല്‍ നിങ്ങള്‍ക്കും അഭയാര്‍ത്ഥി കാര്‍ഡ് കിട്ടും. പിന്നീട് ഭയപ്പെടാതെ ഇന്ത്യയില്‍ ജീവിക്കാം.

മുസ്‌ലിങ്ങള്‍

പറയുന്നത് കൊണ്ടൊന്നും തോന്നരുത്, നിങ്ങള്‍ക്ക് ഒരു പണി തരാനാണ് ഈ അഭ്യാസം മുഴുവന്‍. എളുപ്പം രക്ഷപ്പെടാമെന്ന് കരുതരുത്, ഓരോ സ്റ്റെപ്പും സൂക്ഷിച്ചു നീങ്ങണം.

ജന്മി കുടിയാന്‍ വ്യവസ്ഥയിലും മലയോര കുടിയേറ്റത്തിലും ചെറിയ പങ്കാളിത്തം മാത്രമുള്ള സമുദായം എന്ന നിലയില്‍ ഭൂരേഖ കയ്യിലുണ്ടാകാനുള്ള സാധ്യത തുലോം കൂടുതലാണ് കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക്. പണ്ട് പണ്ടേ യാത്ര ചെയ്യുന്നവരെന്ന നിലക്ക് പാസ്സ്‌പോര്‍ട്ടോ മറ്റു രേഖകളോ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വം തെളിയിക്കുന്നത് മുസ്‌ലിങ്ങളില്‍ നിന്നായിരിക്കും, അസമില്‍ അത് കണ്ടതാണ്. പക്ഷെ, മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകാന്‍ തുടങ്ങുന്നതിന് മുമ്പ് പരമ ദാരിദ്ര്യത്തില്‍ ജീവിച്ച മുസ്‌ലിം കുടുംബങ്ങളില്‍ ചെറിയൊരു ശതമാനത്തിനു ഭൂമിയോ രേഖയോ ഉണ്ടായിരുന്നിരിക്കാനും വഴിയില്ല.

പണ്ട് സിലോണ്‍, ബര്‍മ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാണ് നിങ്ങളുടെ അപ്പൂപ്പന്മാരെങ്കില്‍ പാസ്സ്‌പോര്‍ട്ടോ മറ്റ് യാത്ര രേഖകളോ വീട്ടില്‍ കാണും, ഇല്ലെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് രേഖക്ക് വേണ്ടി പാസ്‌പോര്ട്ട് ഓഫീസില്‍ അപേക്ഷിച്ചാല്‍ മതി.

സിലോണിലും സിംഗപ്പൂരിലുമൊക്കെ പെണ്ണ് കെട്ടി പൗരത്വവും മാറ്റി പിന്നീട് വയസ്സ് കാലത്തു കള്ള പാസ്സ്‌പോര്‍ട്ടില്‍ തിരിച്ചു വന്നവരും ഉണ്ടാകാം. അത് കൊണ്ട് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നത് സൂക്ഷിച്ചു വേണം. വെളുക്കാന്‍ തേച്ചത് പാണ്ടാകരുത്. ഗള്‍ഫ് യാത്രകള്‍ തുടങ്ങിയത് അറുപതുകള്‍ക്ക് ശേഷമായതു കൊണ്ട് അവരുടെ പാസ്‌പോര്‍ട്ട് തിരയുന്നതില്‍ കാര്യമില്ല.

രേഖ ഒന്നും ശരിയാക്കാനായില്ലെങ്കില്‍ ഏതായാലും ക്രിസ്ത്യാനികളെ പോലെയോ ഹിന്ദുക്കളെ പോലെയോ അഭയാര്‍ത്ഥി കാര്‍ഡിനപേക്ഷിക്കാനുള്ള അര്‍ഹത മുസ്‌ലിങ്ങള്‍ക്കില്ല. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്ന് അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം മുസ്‌ലിങ്ങള്‍ ഒഴിച്ച് എല്ലാവരും എന്നാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും.

തല്‍കാലം കുറച്ചു ദിവസത്തേക്ക് ക്രിസ്ത്യാനിയായി വേഷം മാറി അഭയാര്‍ത്ഥി കാര്‍ഡിന് അപേക്ഷിക്കുന്നതാണ് എളുപ്പ വഴി. നേരത്തെ പറഞ്ഞത് പോലെ നിങ്ങളുടെ നിലവിലുള്ള പേര് പാകിസ്താനിലെ ക്രിസ്ത്യന്‍ പേരാണ്, അത് കൊണ്ട് പേര് മാറ്റണ്ട. കൂടാതെ പാകിസ്താനിലെ ക്രിസ്ത്യാനികള്‍ മിക്കവാറും ചേലാകര്‍മം ചെയ്യുന്നവരാണ്, അതും ഒരു സൗകര്യമാണ്.

കൂടാതെ ക്രിസ്ത്യാനിയായി മാറാന്‍ വലിയ ചടങ്ങൊന്നുമില്ല, മാമ്മോദീസ മുങ്ങുക എന്നൊരു ചടങ്ങ് മാത്രമേ ഉള്ളൂ. അത് സത്യത്തില്‍ ഒരു മുങ്ങല്‍ പോലുമല്ല. ഒരു കൊന്ത വാങ്ങി കഴുത്തില്‍ ഇടണം, മുപ്പത് രൂപ കൊടുത്താല്‍ ഏതു ഫാന്‍സി ഷോപ്പിലും കിട്ടും.

തഹസില്‍ദാര്‍ ചിലപ്പോള്‍ പത്തു കല്പനകള്‍ എന്തൊക്കെയാണെന്ന് ചോദിച്ചേക്കാം, അത് പഠിക്കണം. കുരിശു വരക്കാനും പഠിച്ചിരിക്കണം, ഇടത്തു നിന്ന് വലത്തോട്ടാണോ വലത്തു നിന്ന് ഇടത്തോട്ടാണോ കുരിശു വരക്കേണ്ടത് എന്ന ചെറിയ ഒരു കണ്‍ഫ്യൂഷന്‍ മുസ്‌ലിങ്ങള്‍ക്കുണ്ടാകും, പ്രാക്റ്റീസ് ചെയ്യണം.

പാകിസ്താനില്‍ നിന്ന് പീഡനം ഭയന്ന് കേരളത്തിലേക്ക് വന്ന ക്രിസ്ത്യാനി എന്ന നിലയില്‍ നിങ്ങള്‍ക്കും ലഭിക്കും ഒരു അഭയാര്‍ത്ഥി കാര്‍ഡ്. ആറു കൊല്ലത്തെ നല്ലനടപ്പിന് ശേഷം പൂര്‍ണ പൗരത്വവും ലഭിക്കും, അടുത്ത എന്‍.ആര്‍.സി വരുന്നത് വരെ നിങ്ങള്‍ പൂര്‍ണ പൗരന്മാര്‍ തന്നെയായിരിക്കും.

മറ്റുള്ളവര്‍

മിശ്ര വിവാഹിതരുടെ മക്കള്‍, വിവാഹമേ കഴിക്കാത്തവരുടെ മക്കള്‍, കാട്ടില്‍ നിന്ന് ഇത് വരെ പുറത്തിറങ്ങിയിട്ടില്ലാത്ത വനവാസികള്‍, അവരെ പേടിപ്പിച്ചു അരി വാങ്ങി ഓസിനു ജീവിക്കുന്ന നക്സലൈറ്റുകള്‍, ബിനാലെ സമയത്തു എവിടെ നിന്നെന്നറിയാതെ പൊട്ടി വീഴുന്ന ബുദ്ധിജീവികള്‍, ഊരും പേരും അറിയാതെ ഭിക്ഷാടനം നടത്തി ജീവിക്കുന്നവര്‍, അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവരെ പറ്റി നിയമത്തില്‍ ഒന്നും പറയുന്നില്ല. അവരൊന്നും ആര്‍ഷഭാരതത്തില്‍ ജീവിക്കണമെന്ന് ആര്‍ക്കും ഒരു നിര്‍ബന്ധവുമില്ല. അവര്‍ക്ക് പാകിസ്താനില്‍ പോകാം.

എല്ലാവരും രേഖകള്‍ ശരിയാക്കി തയ്യാറായിരിക്കുക. പെട്ടെന്നായിരിക്കും എന്‍.ആര്‍.സി പ്രഖ്യാപനം വരിക. നോട്ടു നിരോധന സമയത്തു കണ്ട ക്യൂ ഒന്നും ഒരു ക്യൂ അല്ല. ശരിക്കുള്ള ക്യൂ വരാന്‍ പോകുന്നതെയുള്ളൂ. ക്യൂ പരിശീലിക്കാന്‍ യോഗ ചെയ്യുന്നത് നല്ലതായിരിക്കും. ഒന്ന് കൊണ്ടും പേടിക്കാനില്ല. 99.3 ശതമാനം നോട്ട് തിരിച്ചു റിസര്‍വ് ബാങ്കിലെത്തിച്ച വേന്ദ്രന്മാരാണ് നമ്മളെന്നത് ഇടക്കൊന്നോര്‍മ്മിച്ചാല്‍ നല്ല ആത്മവിശ്വാസം ലഭിക്കും. ആശംസകള്‍.