തിരുവനന്തപുരം : കഴക്കൂട്ടത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പോരിനുറച്ച് ശോഭാ സുരേന്ദ്രന്‍ പക്ഷം. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകള്‍ കാണാനില്ല. പാര്‍ട്ടിയിലെ പ്രമുഖ നേതാവിനായി കഴക്കൂട്ടത്ത് കാലുവാരിയെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു.

2016ല്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയ വി മുരളീധരന്‍ നേടിയത് 42,732 വോട്ടുകള്‍. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ ലഭിച്ച വോട്ട് 45,479 ആയി വോട്ട് വര്‍ധിപ്പിച്ചു. എന്നാല്‍, സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന് നേടാനായത് 40,193 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ടിന്റെ കുറവ്. പുതുതായി ചേര്‍ത്ത 3000 വോട്ടുള്‍പ്പടെ പ്രാഥമിക കണക്കില്‍ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകള്‍ അപ്രത്യക്ഷമായി. .ഇക്കാരണത്താലാണ് പ്രമുഖ നേതാവിനായി ബിജെപി വോട്ട് മറിച്ചുവെന്ന അഭിപ്രായം ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.

സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ബൂത്ത് തല കണക്കെടുക്കല്‍ ആരംഭിച്ചു. പ്രമുഖ നേതാവിനായി വോട്ട് മറിച്ചവരെയും കണ്ടെത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. തെളിവുകളടക്കം ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.