ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ആലപ്പുഴയിലും കാസര്‍കോട്ടും മാത്രമാണ് ലീഡ് നില ആടി ഉലഞ്ഞത്. ആലപ്പുഴയിൽ എഎം ആരിഫും ഷാനിമോൾ ഉസ്മാനും ലീഡിൽ മാറിമാറി വരികയാണ്. കാസര്‍കോട്ട് ആദ്യ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വൻ ലീഡുണ്ടാക്കിയെങ്കിലും പിന്നീട് എൽഡിഎഫ് തിരിച്ച് പിടിച്ചു. വോട്ടെണ്ണെൽ പുരോഗമിക്കുന്പോൾ കാസര്‍കോട്ടെ ലീഡ് നില മാറിമറിയുകയാണ്.

പ്രതീക്ഷ തെറ്റിക്കാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും ലീഡ് ഒരു ലക്ഷം കടത്തി. ബിജെപി വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് ഒരിടയ്ക്ക് കുമ്മനം രാജശേഖരൻ ഒന്നാം സ്ഥാനത്ത് വന്നെങ്കിലും പിന്നീടൊരിക്കലും ശശി തരൂരിന്റെ കുത്തക തകര്‍ക്കാനായില്ല. ഇടത് കോട്ടയായ ആറ്റിങ്ങലിലും പാലക്കാട്ടും ആലത്തൂരും സിറ്റിംഗ് എംപിമാര്‍ നിലം തൊട്ടില്ല. ആദ്യം മുതൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും പാലക്കാട്ട് വികെ ശ്രീകണ്ഠനും ആലത്തൂരിൽ രമ്യ ഹരിദാസും ആധിപത്യം നില നിര്‍ത്തി.

കണ്ണൂരിൽ പികെ ശ്രീമതി തുടക്കത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും പിന്നീട് ഇടത് മുന്നണി പുറകിൽ പോയി. കെ സുധാകരന്റെ പടയോട്ടമാണ് പിന്നെ കണ്ടത്. അഭിമാന പോരാട്ടം നടന്ന വടകരയിൽ ആദ്യം ഉണ്ടായിരുന്ന ലീഡ് നിലനിര്‍ത്താൻ പി ജയരാജന് കഴിഞ്ഞില്ല. കെ മുരളീധരൻ വടകര പിടിക്കുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്.

ഇടുക്കിയിലും കോട്ടയത്തും യുഡിഎഫിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്‍റെ ലീഡും ലക്ഷം കടന്നു. ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും കടന്ന് കയറി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട്ട് എംകെ രാഘവനെ മറികടക്കാൻ ഒരു ഘട്ടത്തിലും എ പ്രദീപ് കുമാറിന് കഴിഞ്ഞില്ല. എറണാകുളത്ത് ഹൈബി ഈഡൻ സുരക്ഷിത ലീഡ് എപ്പോഴും നിലനിര്‍ത്തി.

പത്തനംതിട്ടയിലായിരുന്നു വോട്ടെടുപ്പിന്റെ മറ്റൊരു കൗതുകം. സ്കോര്‍ ബോര്‍ഡിൽ വന്നും പോയുമിരുന്ന കെ സുരേന്ദ്രനെയും വീണ ജോര്‍ജ്ജിനെയും പിന്തള്ളി ആന്‍റോ ആന്‍റണി ആധിപത്യം നേടി. വിശ്വാസ സംരക്ഷണം വിഷയമാക്കി ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രനെ പിസി ജോര്‍ജ്ജ് പിന്തുച്ചെങ്കിലും ജോര്‍ജ്ജിന്‍റെ തട്ടകത്തിൽ പോലും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയി.