ചുമതലയേറ്റെടുത്ത ശേഷം നിരന്തരമായി പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവേനിനോട് അധികം സംസാരിക്കാൻ നിൽക്കാതെ പണിയെടുത്താൽ മാത്രം മതിയെന്ന് കോണ്‍ഗ്രസ്. പാക് അധീന കാശ്മീരിൽ സൈനികനടപടിക്ക് ഉത്തരവ് കിട്ടുകയാണെങ്കിൽ തങ്ങൾ ആക്രമിച്ച് പ്രദേശം പിടിച്ചെടുക്കുമെന്ന് നരവേൻ പറഞ്ഞിരുന്നു. സമാനമായ പ്രസ്താവനകൾ ഇദ്ദേഹം മുൻപും നടത്തിയിട്ടുണ്ട്.

തന്റെ ട്വിറ്റർ പേജിലൂടെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് പട്ടാള മേധാവിയുടെ അമിതമെന്ന് വിമർശിക്കപ്പെടുന്ന സംസാരത്തിന് തടയിടാൻ രംഗത്തു വന്നത്. പാക് അധീന കാശ്മീർ സംബന്ധിച്ച് 1994ൽതന്നെ പാർലമെന്റ് ഏകകണ്ഠമായ തീരുമാനത്തിലെത്തിയിരുന്നതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഏത് തീരുമാനമെടുക്കാനുമുള്ള അധികാരം സർക്കാരിനാണ്. പാക് അധീന കാശ്മീരിൽ എന്തെങ്കിലും നടപടി വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയുമായി സംസാരിക്കാവുന്നതാണ്. അധികം സംസാരിക്കാതെ പണിയെടുക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതുതരം നീക്കത്തിനും പട്ടാളം തയ്യാറാണെന്നും പാക് അധീന കാശ്മീരിൽ പലതരം സൈനികനീക്കങ്ങൾ നടത്താനുള്ള പദ്ധതികൾ പട്ടാളത്തിന്റെ പക്കലുണ്ടെന്നുമെല്ലാം നരവേൻ പറഞ്ഞിരുന്നു.