ആ ദിവസങ്ങളിൽ ഇറ്റലി എന്ന മറ്റൊരു ദൈവത്തിന്റെ സ്വന്തം നാട് എന്ന ഈ ചെറു രാജ്യം തകർന്നു തരിപ്പണമായി പോകുന്ന കാഴ്ചകൾ ആയിരുന്നു. കാറ്റിന് പോലും മരണത്തിന്റെ ഗന്ധം ഉള്ള ആ ദിനങ്ങൾ. മരണ സംഖ്യകളിലെ വ്യത്യാസം ഉണ്ടെങ്കിലും ജീവിതം ഇനിയും  എങ്ങോട്ട്  എന്നറിയാതെ മലയാളികളുൾപ്പെടെ ജനം ഇന്നും കണ്ണീരൊഴുക്കി കഴിയുന്നു. ആ ദിവസങ്ങൾ മനസിലൂടെ കടന്നു പോകുമ്പോൾ ഭീകരം അതിഭീകരം.. മനുഷ്യശവശരീരങ്ങൾ സംസ്കരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നോട്ടുകെട്ടുകൾ വഴികളിൽ വലിച്ചെറിഞ്ഞ ദിവസങ്ങൾ. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അനുഭവിക്കാത്ത അതിഭീകര അവസ്ഥ ഓർക്കുമ്പോൾ ….!

ഭാഗം 1

2020 ജനുവരിയിൽ ചൈനയിൽ നിന്നും എത്തിയ ദമ്പതികളിൽ ആണ് കൊറോണ എന്ന കോവിഡ് 19 വൈറസ് ആദ്യം ഈ രാജ്യത്തു കണ്ടെത്തിയത്. ഇറ്റലിയിൽ തന്നെ ചികിത്സ തേടിയ അവർ ഒന്നര മാസത്തെ ആശുപത്രി വാസത്തോടെ രോഗ മുക്തി നേടി. ഭീകരമാകാൻ പോകുന്ന രാജ്യത്തിൻറെ ആദ്യപടി

ജനുവരി 31നു പക്ഷെ ഇറ്റലിയിൽ നിന്നും ചൈനയ്ക്കും തിരിച്ചു ഉള്ള വിമാന സർവീസുകൾ നിർത്തി വച്ചിരുന്നു. ഫെബ്രുവരി 21നു  മില്ന പ്രവിശ്യയിലെ കോതോഞ്ഞ എന്ന സ്ഥലത്തു ന്യൂമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയിൽ കൊറോണ സ്ഥിരീകരിക്കുകയും തുടർന്നുള്ള പരിശോധനയിൽ ബാക്കി 16 പേരിൽ കൂടി രോഗബാധ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പാദുവക്കടുത്തു 77 വയസുള്ള വ്യക്തിയുടെ മരണം കൊറോണ വൈറസ് മൂലമാണെന്ന് തെളിഞ്ഞു. രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വൻ വിപത്തിന്റെ സൂചന. രാജ്യം 6 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തുടർന്ന് രോഗലക്ഷണങ്ങൾ കണ്ട മിലാനിയിലെയും പരിസരത്തുമുള്ള 10 മുനിസിപ്പാലിറ്റികൾ പൂർണ്ണമായും ലോക്ക്ഡൗണിലേക്ക്‌ പോയി. ഫെബ്രുവരി 28ന് റെഡ് സോണിൽ പെട്ട സ്ഥലങ്ങളിൽ ടാക്സ് ഉൾപ്പെടെ എല്ലാവിധ ബില്ലുകളും അടയ്ക്കുന്നത് നിർത്തി. മാർച്ച് ഒന്ന് ഇറ്റലിയെ  മൂന്ന് സോണുകളായി തിരിച്ചു. മാർച്ച് 4 ഓട് കൂടി മരണസംഖ്യ 100 കടന്നു.

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ സ്കൂളുകളും കോളജുകളും ഉൾപ്പെടെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. അവശ്യ  സർവീസുകൾക്കൊപ്പം സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും സിനിമ തിയറ്ററുകളും പ്രവർത്തിച്ചു. പക്ഷെ പിന്നീട് ദിർഘദൂര അന്തർദേശീയ  സർവീസുകൾ ഉൾപ്പെടെ, ട്രെയിൻ വ്യോമ ഗതാഗതം ഉൾപ്പെടെ നിർത്തി ഇറ്റലി സംപൂർണ്ണ ലോക്ക്ഡൌണിലേക്കു പോകാൻ അധികം സമയം  വേണ്ടിവന്നില്ല.

അതിവേഗം പെരുകുന്ന രോഗികളും മരിച്ചു വീഴുന്നജനങ്ങളും.  ഇറ്റലി അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുന്ന നാളുകൾ. പൗരസ്വാതന്ത്ര്യം മുൻനിർത്തി ആദ്യം തന്നെ മുൻകരുതലുകൾ എടുക്കാതെ ഇരുന്നതും സംപൂർണ്ണ അടച്ചിടലിലേക്കു പോയിട്ട് പകുതി ആളുകൾ ഒന്നും വകവയ്ക്കാതെ അവധി ആഘോഷമാക്കാൻ തെരുവിൽ ഇറങ്ങിയതും രോഗ വ്യാപനത്തിനും മരണ സംഖ്യ ഉയരുന്നതിനു കാരണമായി. അതോടൊപ്പം ഇറ്റാലിയൻ യുവ തലമുറ ചെറുപ്പക്കാരിൽ രോഗം വരില്ല എന്ന മിഥ്യ ധാരണയിൽ ബീച്ചുകളിലും ഉല്ലാസകേന്ദ്രങ്ങളിലും അവധികാലം ആഘോഷമാക്കി. അതോടൊപ്പം സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നു. റെഡ് സോൺ മേഖലയിൽ ഉള്ളവർക്ക് പുറത്തേക്കും പുറത്തുള്ളവർക്ക് അങ്ങോട്ടേക്കും പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി.

നിയമം ലംഘിച്ചു പുറത്തു കടക്കുന്നവരിൽ നിന്നും സർക്കാർ കനത്ത പിഴ ഈടാക്കി. സത്യവസ്ഥയുമായി പുറത്തിറിങ്ങുന്നവർ ഭക്ഷണവും മരുന്നും വാങ്ങാൻ മാത്രമായി ചുരുക്കി. എന്നിട്ടും മരണസംഖ്യ മാത്രം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉള്ള രോഗ വ്യാപന സ്രോതസായി ഇറ്റലി മാറി. തുടർന്ന് ഇറ്റലിയുടെ അതിർത്തികൾ അടക്കപ്പെട്ടു രാജ്യം അക്ഷരത്തിൽ ഒറ്റപ്പെട്ടു. ഇറ്റാലിയൻ സൗന്ദര്യത്തിന്റെ വശ്യതയും റോമൻ സാമ്രജയത്തിന്റെ അവശേഷിപ്പുകൾ ഉള്ള മ്യൂസിയങ്ങളും വിശു: പത്രോസ് ശ്ലീഹായുടെ പേരിലുള്ള വത്തിക്കാൻ സഞ്ചരപഥവും വിജനമാക്കപ്പെട്ടു.

കൊളോസിയത്തിന്റെ പ്രൗഢി മാറ്റം കാണാനെത്തും ചരിത്ര വിനോദ അന്വേഷികളെയും വിനീസിന്റെയും പിസാഗോപുരത്തിന്റെയും സിസിലിയൻ കടൽത്തീരത്തു എത്തുന്നവരെയും ഫ്ളോറെസ് നഗരവും പൗരാണികതയും കാണാനെത്തിന്നവരുടെ അഭാവം, ബിസിനസ് തലസ്ഥാനവും ഫാഷൻ കേന്ദ്രവുമായ മിലൻ വീഥികളും വിജനമാക്കി. ക്രിസ്തു വർഷത്തിന് മുൻപ് നിർമ്മിക്കപ്പെട്ട അഗ്നിപർവ്വതങ്ങളാൽ തകർക്കപ്പെട്ടു പോയ നേപ്പിൾസിൽ പോംപെ നഗരം കാണാനെത്തുന്നവരെ അഭാവത്തിലും ഒഴിവാക്കപ്പെട്ട ഇറ്റാലിയൻ ലീഗുകളുടെയും ഫെറാരി ലംബോർഗിനി ഫിയറ്റ് കാറുകളുടെ ഉല്പാദന കേന്ദ്രങ്ങളും അടക്കപ്പെട്ടു.

പ്രവിശ്യകളും റീജണുകളും ഗ്രാമങ്ങളും മുന്സിപ്പാലിറ്റികളും അടക്കപ്പെട്ടു എന്നിട്ടും കൊറോണ കേസുകളിൽ പിടിച്ചു കേട്ടുന്നതിനോ ഒന്നിന് പുറകെ ഒന്നായി ഉയർന്നു ദിവസം 2000 വും 3000കടന്ന മരണസംഖ്യ പിടിച്ചു നിർത്തുന്നതിനോ സാധിച്ചില്ല. ഒന്നാം രണ്ടാം ലോകമഹായുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്ലൂ അടക്കമുള്ള രോഗങ്ങളും ഉണ്ടാക്കിയ പ്രഖ്യാഘാതം രാജ്യം നേരിട്ടതിനേക്കാളും വലിയ ഭീകരതയിലൂടെ രാജ്യം കടന്നു പോയത്. അതിനൊപ്പം പ്രതിപക്ഷത്തിന്റെയും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ലോക രാജ്യങ്ങളുടെ പഴിയും ആദ്യ നാളുകളിൽ കേൾക്കേണ്ടി വന്നത്. പ്രാത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ വിജനമായ റോമൻ തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം ലോകം മുഴുവനുള്ള മാധ്യമങ്ങൾ ശ്രദ്ധ നേടി. ലോക്‌ഡോൺ കാലം രാജ്യത്തിന് ഒരു നിശബ്‌ദ യുദ്ധത്തിന്റെ അവസ്ഥ നൽകി.

ഇതിനിടയിൽ ഇറ്റലിയിലെ കൂട്ടുമന്ത്രിസഭയിലെ പ്രധാനകക്ഷിയും മുൻ റൂളിംഗ് പാർട്ടിയുമായ ഡെമോക്രറ്റിക് പാർട്ടിയുടെ നാഷണൽ സെക്രട്ടിയും ലാസിയോ റിജിന്റെ പ്രസിഡന്റുമായ നിക്കൊളാസ് സിഗരത്തി കോവിഡ് ബാധിതനായി……

എന്തായിരുന്നു ഇവിടെ രോഗവ്യാപനയും മരണവും കൂടാൻ കാരണം അടുത്ത ലക്കത്തിൽ….

തുടരും………

ആലപ്പുഴയിൽ കുട്ടനാട്ടിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യുവജസംഘടനകളിലൂടെ പൊതുപ്രവർത്തകനായി ഉയർന്നു വന്ന എഡിസൺ വർഗീസ് യുവ പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയിൽ പുളിങ്കുന്ന് പഞ്ചായത്തിൽ സംശുദ്ധമായ സേവനം അനുഷ്ഠിക്കുകയും. 1997 ലെ ഇന്ത്യൻ സ്വാതന്ത്ര്യം ദിനത്തിൽ അന്നെതേ മുഖ്യമന്ത്രി ആയിരുന്ന നയനാരിൽ നിന്നും രാഷ്ടപതിയുടെ ജീവൻരക്ഷ പുരസ്‌കാരവുംസംസ്ഥാന ബഹുമതിയും ഏറ്റുവാങ്ങിയിട്ടുണ്ട്