രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാവിലെ 11ന്. കൊവിഡ് ബാധ കൂടുതല്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. ലോക്ക്ഡൌണ്‍ നീട്ടേണ്ടിവരുമെന്ന സൂചന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നല്‍കിയിരുന്നു.

ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സ്വന്തമായ പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നതായി വിവരമുണ്ട്. പഞ്ചാബും ഒഡീഷയും ഇതിനകം തന്നെ സ്വന്തം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. യഥാക്രമം മെയ് 1 വരെയും ഏപ്രില്‍ 30 വരെയും ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീളും. മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായത്തിലാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകം ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. മോദിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറയുന്നത്. വൈറസ് ബാധ കാര്യമായി റിപ്പോര്‍ട്ട് ചെയ്ത കേന്ദ്രങ്ങള്‍ മാത്രം ലോക്ക് ചെയ്യുന്ന നടപടിയായിരിക്കും കര്‍ണാടകം പിന്തുടരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പൊതുഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയുമുണ്ടായി. ഇന്നത്തെ യോഗത്തിനു ശേഷം ലോക്ക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. രണ്ടാം സാമ്പത്തിക പാക്കേജും ഉടന്‍ പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്ലെങ്കില്‍ ഒരു രോഗിയില്‍ നിന്ന് മുപ്പത് ദിവസത്തിനിടെ 406 പേര്‍ക്ക് കോവിഡ് പടരാം എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്. ലോക്ക്ഡൗണ്‍ തുടരണമെന്ന് യുപിയും മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും തെലങ്കാനയും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ വന്നിട്ടുണ്ട്. കേരളത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഒഡീഷ ഏപ്രില്‍ 30 വരെയും പഞ്ചാബ് മേയ് 1 വരെയും ലോക്ക്ഡൗണ്‍ ഇതിനകം നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നതായുള്ള ആശങ്ക പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പങ്കുവച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. പഞ്ചാബില്‍ വിദേശയാത്രാ ചരിത്രമില്ലാത്ത 27 പേര്‍ക്കാണ് കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രീച്ച് കാൻഡി ആശുപത്രിയിലുൾപ്പടെ നഗരത്തിലെ വിവിധ ആശുപത്രികളിലായി 70ഓളം മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണ്.

മൂന്ന് ഘട്ടങ്ങളിലായി ജില്ലാതലങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യാമെന്നാണ് കേരളം കരുതുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ കൊവിഡ് മരണവും ഇന്നലെയാണ് സ്ഥിരീകരിച്ചത്. അസമിലെ സിൽച്ചര്‍ ജില്ലയിൽ 65 വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഡൽഹിയിൽ 120 പേർക്കം രാജസ്ഥാനിൽ 489 പേർക്കം രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കുന്നത് അബദ്ധമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുവരെ 6761 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 206 ആയി.

ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് വഴി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.