കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച പുറത്ത് വന്നിരിക്കുന്നത്.