സ്വന്തം ലേഖകൻ

ഇറ്റലി :- രാജ്യത്ത് എല്ലായിടത്തും കൊറോണ പടരുന്ന സാഹചര്യത്തിൽ, ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോഴാണ് പയോളയുടെയും, മിഷേലിന്റെയും പ്രണയം മൊട്ടിട്ടത്. രണ്ടു വീടുകളിലെ ബാൽക്കണികളിൽ നിന്നുമാണ് ഇരുവരും പരസ്പരം ആദ്യമായി കണ്ടത്. അതിനു ശേഷം പിന്നീട് ഇരുവരും പ്രണയിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്തെ ഇറ്റലിയുടെ ‘ റോമിയോയും, ജൂലിയറ്റുമായി ‘ മാറിയിരിക്കുകയാണ് ഇരുവരും. 40 വയസ്സുള്ള പയോള അഗ് നെല്ലിയും, 38 വയസ്സുള്ള മിഷേലും ഇതേ ഫ്ലാറ്റുകളിൽ തന്നെയായിരുന്നു മുൻപും താമസിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലമാണ് ഇരുവരെയും ആദ്യമായി കണ്ടുമുട്ടുന്നതിന് ഇടയാക്കിയത്.

ലോക് ഡൗൺ കാലത്ത് നടത്തിയ ഒരു കമ്മ്യൂണിറ്റി ബാൽക്കണി കോൺസെർട്ടിലൂടെ ആണ് താൻ മിഷേലിനെ ആദ്യമായി കണ്ടത് എന്ന് പയോള ‘ദി ടൈംസ് ‘ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് പ്രണയം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരുടേയും പ്രണയം പുരോഗമിച്ചത്. രാത്രി 3 മണി വരെയും തങ്ങൾ പരസ്പരം മെസ്സേജുകൾ കൈമാറിയതായി ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും ആഗ്രഹങ്ങളും, ചിന്തകളും തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്നതാണ്. ഇതാണ് തങ്ങളെ പരസ്പരം അടുപ്പിച്ചത് എന്ന് അവർ പറഞ്ഞു.

ആറുമാസം നീണ്ട പ്രണയത്തിനു ശേഷം ഇരുവരും പരസ്പരം വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ ഫ്ലാറ്റിലെ ടെറസിൽ ആണ് ഇരുവരും വിവാഹം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. തങ്ങൾ കണ്ടുമുട്ടിയതിന്റെ ഓർമ്മയ്ക്കായാണ് ഇത്തരമൊരു വിവാഹചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് ഇരുവരും പറഞ്ഞു.