അപൂർവമായ ചില സാഹചര്യങ്ങളിൽ, കോവിഡ് -19 ബാധിച്ച ചില രോഗികളിൽ ഗില്ലൈൻ ബാരെ സിൻഡ്രോം (ജിബിഎസ്- Guillain Barre Syndrome- GBS) ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിലെ ഒരു കൂട്ടം ന്യൂറോളജിസ്റ്റുകൾ ഇപ്പോൾ ഈ കേസുകളും അവയുടെ ലക്ഷണങ്ങളും മാപ്പ് ചെയ്യുകയാണ്. ഇതുവരെ 24 കേസുകൾ ഈ പഠനത്തിൽ ചേർത്തിട്ടുണ്ട്.

എന്താണ് ഗില്ലൈൻ ബാരെ സിൻഡ്രോം?

ഇത് സ്വയം രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വളരെ അപൂർവമായ രോഗമാണ്. കൊറോണ വൈറസിനെ കൊല്ലാനുള്ള ശ്രമത്തിൽ, രോഗപ്രതിരോധ ശേഷി ആകസ്മികമായി പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കാൻ തുടങ്ങുന്നു. തലച്ചോറിൽ നിന്നും സുഷുമ്‌നാ നാഡിയിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്ന ഞരമ്പുകളുടെ ഒരു ശൃംഖലയാണ് പെരിഫറൽ നാഡീവ്യൂഹം. അവയെ ആക്രമിക്കുന്നത് അവയവ പ്രവർത്തനങ്ങളെ ബാധിക്കും.

സിൻഡ്രോമിന്റെ ആദ്യ ലക്ഷണങ്ങൾ ചർമ്മത്തിൽ ഒരു ഇക്കിളി അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്നതാണ്. തുടർന്ന് പേശികളുടെ ബലഹീനത, വേദന, എന്നിവ വരും. രോഗലക്ഷണങ്ങൾ ആദ്യം കാലുകളിലും കൈകളിലും പ്രത്യക്ഷപ്പെടാം. ഒരു വ്യക്തിക്ക് റിഫ്ലെക്സ് നഷ്ടവും പക്ഷാഘാതവും അനുഭവപ്പെടാൻ തുടങ്ങാം. അത് താൽക്കാലികമാകാം, പക്ഷേ 6-12 മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. കോവിഡ് -19 ന് ഒരു വർഷം മാത്രം പഴക്കമുള്ള രോഗമായതിനാൽ, അത്തരം സന്ദർഭങ്ങളിൽ സ്ഥിരമായ ജിബിഎസിന്റെ സ്വഭാവം വിലയിരുത്തുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്.

ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ജിബിഎസ് ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം രോഗികൾ ജിബിഎസ് ലക്ഷണങ്ങൾ കാണിച്ചിരുന്നു, സിക്ക, എച്ച്ഐവി, ഹെർപ്പസ് വൈറസ്, ക്യാമ്പിലോബാക്റ്റർ ജെജൂനി എന്നിവ ബാധിച്ചവരിലും ഇത് കണ്ടിരുന്നു.

കോവിഡുമായുമായുള്ള ബന്ധം

കോവിഡ് -19 ദഹന, ഹൃദയ, വൃക്കകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കരുതുന്ന. ചില (എല്ലാവരിലും അല്ല) രോഗികൾക്ക് വൈറസ് പിടിപെട്ടാൽ നാഡീവ്യൂഹ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗമായ തലച്ചോറിന്റെ ചില ഭാഗങ്ങളെ വൈറസ് ആക്രമിച്ചാൽ ഓർമ മങ്ങൾ, ഉത്കണ്ഠ, തലവേദന, വിഷാദം എന്നിവയ്ക്ക് കാരണമാകും.

ഈ സന്ദർഭങ്ങളിലെല്ലാം, വൈറസ് അവയവങ്ങളെയോ ടിഷ്യുകളെയോ ആക്രമിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് ഒരു പരോക്ഷ ഫലമുണ്ടാക്കാം. ശരീരത്തിൻറെ പെരിഫറൽ നാഡീവ്യൂഹം ആക്രമണത്തിന് വിധേയമാകുന്ന തരത്തിൽ ശക്തമായ ഒരു രോഗപ്രതിരോധ പ്രതികരണത്തിന് (ഇമ്യൂൺ റെസ്പോൺസ്) ഇത് കാരണമാകും.

ഇത് കുഴയ്ക്കുന്ന കാര്യമാണ്. നമുക്കെല്ലാവർക്കും നല്ല രോഗപ്രതിരോധ ശേഷി വേണം. എന്നാൽ രോഗപ്രതിരോധ ശേഷി അമിതമായി സജീവമാണെങ്കിൽ അത് ശരീരത്തിന് ഹാനികരമാണ്. വൈറസിനെ ആക്രമിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഞരമ്പുകളെയും ഇത് ആക്രമിക്കും,” മുംബൈയിലെ പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ മൂവ്മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്കിന്റെ തലവനായ ഡോക്ടർ പങ്കജ് അഗർവാൾ പറഞ്ഞു.

ജൂണിൽ, ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ ഇറ്റലിയിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് രോഗികളുടെ കേസ് വിശദാംശങ്ങൾ നൽകി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സാർസ്-കോവി -2 വൈറസ് ബാധയെത്തുടർന്ന് ഈ സിൻഡ്രോം ബാധിച്ചവരാണ് അഞ്ച് രോഗികളും. പ്രാഥമിക ലക്ഷണങ്ങൾ കാലിലെ ബലഹീനതയും ചർമ്മത്തിൽ ഒരു കുത്തുന്നത് പോലുള്ള അവസ്ഥയുമായിരുന്നു.

ജിബിഎസ് ലക്ഷണങ്ങളും കോവിഡ് -19 അണുബാധയും തമ്മിൽ 5-10 ദിവസത്തെ ഇടവേള ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ചില ഡോക്ടർമാർ പറയുന്നത് കോവിഡ് -19 അണുബാധയ്ക്ക് ശേഷം ഒരാളിൽ ജിബിഎസ് വികസിക്കാൻ ആഴ്ചകൾ എടുക്കുമെന്നാണ്.

ബ്രിട്ടീഷ് മെഡിക്കൽ ജേണൽ കഴിഞ്ഞ മാസം ജപ്പാനിൽ നിന്ന് സമാനമായ ഒരു കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചു. അവിടെ 54 കാരിയായ സ്ത്രീക്ക് മരവിപ്പും ബലഹീനതയും വന്നു, രണ്ടാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വന്നു അതിനാൽ. അവരുടെ നെഞ്ചിൽ ന്യുമോണിയ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു, അവളുടെ കോവിഡ് -19 റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നു.

വിവിധ പഠനങ്ങളിൽ ചില അഭിപ്രായ സമന്വയമുണ്ട്: കോവിഡ് -19 അണുബാധയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ജിബിഎസ് ലക്ഷണങ്ങൾ പുറത്തുവരുന്നു. സുഖം പ്രാപിച്ച അല്ലെങ്കിൽ സുഖം പ്രാപിക്കാൻ പോകുന്ന നിരവധി രോഗികൾ അതിന്റെ ലക്ഷണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, മിക്കവരും സുഖം പ്രാപിച്ചു.

ഇന്ത്യയിലെ പഠനം

മുംബൈയിൽ ഒരു മൾട്ടി-ഡോക്ടർ പഠനവും രേഖപ്പെടുത്തലും നടക്കുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകും. മുംബൈയിലെ നിരവധി ന്യൂറോളജിസ്റ്റുകൾ ഇതിന്റെ ഭാഗമാണ്. സ്ഥിരമായ ന്യൂറോളജിക്കൽ നാശനഷ്ടങ്ങൾ ജിബിഎസിലുണ്ടായേക്കില്ല. മിക്കതും പൂർണ്ണമായും സുഖം പ്രാപിക്കുമെങ്കിലും ചിലർക്ക് അവയവങ്ങളിൽ പക്ഷാഘാതവും ശരീരത്തിലെ ബലഹീനതയും ദീർഘകാലം ഉണ്ടാകാം, ”അഗർവാൾ പറയുന്നു.

മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും സിൻഡ്രോം കണ്ടതായി അഗർവാൾ പറയുന്നു. മിക്കവരും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചു, വീട്ടിലേക്ക് പോയി ആഴ്ചകൾക്ക് ശേഷം ജിബിഎസുമായി തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സ

ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബുലിൻ (ഐവിഐജി), ചിലപ്പോൾ പ്ലാസ്മ തെറാപ്പി എന്നിവ ജിബിഎസ് രോഗികളിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. ചില രോഗികൾക്ക് കടുത്ത സങ്കീർണതകൾ ഉണ്ടാകാം, കൂടാതെ തീവ്രപരിചരണ ചികിത്സയോ വെന്റിലേറ്റർ പിന്തുണയോ ആവശ്യമാണ്.

രോഗികൾക്ക് ഏതാനും ആഴ്ചകൾ ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിക്ക് ചികിത്സ നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ നില വഷളാകുമെന്ന് മുംബൈ സെൻട്രലിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഗുരുതര പരിചരണ വിഭാഗം മേധാവി ഡോ. കേദാർ തോറസ്‌കർ പറഞ്ഞു. “ഏറ്റവും മോശമായ ഫലമായി ശ്വാസകോശ സംബന്ധമായ തകരാറുകൾ ഉണ്ടാകാം, അല്ലെങ്കിൽ നടത്തത്തിലും കൈകാലുകളുടെ ചലനത്തിലും ബലഹീനതയും ഫലവും ഉണ്ടാകാം. രോഗികളെ വീട്ടിൽ ചികിത്സിക്കാൻ കഴിയില്ല, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ, ഇമ്യൂണോഗ്ലോബുലിൻ അല്ലെങ്കിൽ പ്ലാസ്മ എന്നീ ചികിത്സകൾ ലഭ്യമാക്കുകയോ ആവശ്യമാണ്, ”ടോറസ്‌കർ പറഞ്ഞു.