ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണവും മരണവും കൂടുന്നു. ഇന്നലെ 1,84,372 പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മരണസംഖ്യ ആയിരം കടന്നു. 1027 പേരാണ് ഇന്നലെ മരണമടഞ്ഞത്. 82,339 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 88.91 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ 1,38,73,825 പേര്‍ കോവിഡ് പോസിറ്റീവ് ആയി. 1,23,36,036 പേര്‍ രോഗമുക്തി നേടി. നിലവില്‍ 13,65,704 പേര്‍ ചികിത്സയിലുണ്ട്. 1,72,085 പേര്‍ മരണമടഞ്ഞു. ഇതുവരെ 11,11,79,578 ഡോസ് കോവിഡ് വാകിസ്‌നേഷന്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ 7നും രാത്രി 8നുമിടയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. മേയ് ഒന്ന് വരെയാണ് കര്‍ഫ്യു. മുംബൈയില്‍ ചൊവ്വാഴ്ച 7898 കോവിഡ് രോഗികളുണ്ടായി. 26 പേര്‍ മരണമടഞ്ഞു.

ഉത്തരാഖണ്ഡില്‍ കുംഭമേള പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പറത്തിയാണ് ആഘോഷം. ഭക്തര്‍ ഇന്ന് ഗംഗയില്‍ മൂന്നാം ഷാഹി സ്‌നാന്‍ നടത്തുകയാണ്. രാവിലെ സന്യാസിമാരുടെ പുണ്യ സ്‌നാനം ആരംഭിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇന്നലെ 18,021 പേര്‍ കോവിഡ് ബാധിതരായി. 85 പേര്‍ മരണമടഞ്ഞു.

കോവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ പ്രയോഗികമല്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനോജ് സിസോദിയ പറഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ഏറ്റവും നല്ല മാര്‍ഗം. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായത്. വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയുടെ കാര്യത്തില്‍ സി.ബി.എസ്.ഇ ചിന്തിക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂടിയായ സിസോദിയ പറഞ്ഞു.