ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസ് ലോകത്ത് പടർന്നുപിടിച്ച് ഒരുവർഷം തികഞ്ഞപ്പോൾ തന്നെ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സാധിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. കൊവിഡ് വാക്സിൻ ഒരു ഡോസ് കുത്തിവെയ്പ്പ് ലഭിച്ചതു മൂലം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിരോധകുത്തിവെയ്പ്പുകൾ കാരണം 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഗുരുതര രോഗസാധ്യത 80 ശതമാനമായി കുറഞ്ഞതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ അവലോകനത്തിൽ കണ്ടെത്തി. ഒരു ഡോസ് കൊണ്ടുതന്നെ പ്രതിരോധശേഷി ശരീരത്തിന് ലഭ്യമാകുമെങ്കിലും മികച്ച സംരക്ഷണത്തിന് രണ്ടു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ലോകത്ത് തന്നെ ആദ്യം പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം നടത്തിയ രാജ്യമാണ് യുകെ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകിയും രോഗവ്യാപനതോതും മരണനിരക്കും പിടിച്ചുനിർത്താൻ രാജ്യത്തിനായി. എല്ലാ ദുഷ്പ്രചാരണങ്ങളുടെയും മുനയൊടിച്ചു കൊണ്ട് 20 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഇതുവരെ പ്രതിരോധകുത്തിവെയ്പ്പ് രാജ്യത്തിന് നൽകാനായി. ഇന്നലെ കൊറോണ വൈറസ് ബാധിച്ച് 104 പേരാണ് യുകെയിൽ മരണമടഞ്ഞത്. 5455 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.