കണ്ണൂരിലെ പുല്ലൂക്കരയില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമാണ് മൻസൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

22കാരനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വെച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.