കോവിഡ് പ്രോട്ടോക്കോൾ കർശ്ശനമായി പാലിക്കണമെന്നാണ് നിയമപാലകർക്കുള്ള നിർദേശം. എന്നാൽ തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്താലും പണി കിട്ടുന്ന കാലമാണ് കോവിഡ് കാലമെന്ന് എറണാകുളം സിറ്റിയിലെ ഈ വനിതാ പോലീസുകാരി പറയും. കാരണം കൃത്യമായി ഡ്യൂട്ടി ചെയ്തതിന് ‘പ്രതികാരനടപടിക്ക്’ വിധേയയാവുകയാണ് ഇന്നവർ.

പാറാവ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സ്റ്റേഷനിലേക്ക് ആളുകളെ കടത്തിവിടുന്നതിൽ കർശ്ശനമായി തന്നെ നിർദേശങ്ങൾ പാലിക്കുകയായിരുന്നു ഈ പോലീസുകാരി. കോവിഡ് കാരണം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനിടെയാണ് ഒരു യുവതി സ്റ്റേഷനിലേക്ക് മാസ്‌ക്കും ധരിച്ച് കയറി പോകാൻ ശ്രമിച്ചത്. ആരേയും കൂസാതെ അധികാരഭാവത്തിൽ കയറാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ട പാറാവു ഡ്യൂട്ടിയിൽനിന്ന വനിതാ പോലീസുകാരി മുന്നും പിന്നും ആലോചിക്കാതെ അവർ യുവതിയെ തടഞ്ഞുനിർത്തി. പിന്നീട് ആരാണ് വന്നതെന്ന് മനസ്സിലായതോടെ അവർ പിന്മാറുകയും ചെയ്തു.

കൃതനിർവ്വഹണത്തിൽ വീഴ്ച വരുത്താത്തത് പക്ഷെ പാറാവ് ഡ്യൂട്ടിയിലായിരുന്ന വനിതാ പോലീസുകാരിക്ക് പുലിവാലായി. അഭിനന്ദനത്തിന് പകരം അകത്തു നിന്നും വന്നത് വിശദീകരണം നൽകാനുള്ള നോട്ടീസായിരുന്നു. രണ്ടു ദിവസത്തേക്ക് പോലീസുകാരിക്ക് ട്രാഫിക്കിലേക്കൊരു മാറ്റവും ലഭിച്ചു. കാരണം മറ്റൊന്നുമല്ല, അവർ തടഞ്ഞ ആ യുവതി മറ്റാരുമായിരുന്നില്ല; കൊച്ചി സിറ്റി പോലീസിൽ പുതുതായി ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയായ ഡിസിപി ഐശ്വര്യ ഡോങ്‌റെയായിരുന്നു അത്.

സ്‌റ്റേഷനിലേക്ക് വന്ന ഡിസിപി ഐശ്വര്യ ഔദ്യോഗിക വാഹനം സ്റ്റേഷൻ വളപ്പിലിട്ട ശേഷം എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് സിവിൽ വേഷത്തിലെത്തുകയായിരുന്നു. എന്നാൽ ഒരാൾ സ്റ്റേഷനകത്തേക്ക് കയറിപ്പോകുന്നത് കണ്ടപ്പോൾ ഡ്യൂട്ടി ചെയ്തുപോയതാണ് പാറാവുനിന്ന പോലീസുകാരി. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വിവരങ്ങൾ തിരക്കാതെ അകത്തേക്ക് കടത്തിവിട്ടാൽ സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥരുടെ ശിക്ഷയ്ക്കാകും ഇവർ ഇരയാകേണ്ടി വരിക.

ഏതായാലും സംഭവം കൈയ്യിൽ നിന്നും പോയി! തടഞ്ഞ വനിതാ സിപിഒയോട് ഡിസിപി ഐശ്വര്യ വിശദീകരണം തേടി. തിങ്കളാഴ്ച ഓഫീസിലെത്തി വിശദീകരണം നൽകിയെങ്കിലും തന്നെ തിരിച്ചറിയാൻ വൈകിയെന്ന കാരണത്തിന് രണ്ടു ദിവസത്തെ ട്രാഫിക് ഡ്യൂട്ടി ചെയ്യാൻ നിർദേശിച്ചു.

അതേസമയം, സംഭവം പോലീസുകാർക്കിടയിൽ മുറുമുറുപ്പിനും എതിർപ്പിനുമൊക്കെ വഴിതെളിച്ചിരിക്കുകയാണ്. അടുത്തിടെ ചാർജെടുത്ത ഉദ്യോഗസ്ഥയെ യൂണിഫോമിലല്ലാത്തതിനാൽ തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സ്റ്റേഷനകത്തേക്ക് കയറുന്നത് തടഞ്ഞതും ന്യായമാണ്. തടഞ്ഞില്ലായിരുന്നെങ്കിൽ ഡ്യൂട്ടി ചെയ്തില്ലെന്നായിരിക്കും പഴി കേൾക്കേണ്ടി വരികയെന്നും പോലീസുകാർ പറയുന്നു.