തൃശൂര്‍: ബിജെപി നേതാക്കള്‍ പ്രതികളായ മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളനോട്ട് നിര്‍മാണത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഉന്നതര്‍ ആരെങ്കിലും ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങാന്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ചതായും സൂചനയുണ്ട്.

കേസില്‍ രണ്ടാം പ്രതിയായ രാജീവ് ഇന്നലെ പിടിയിലായിരുന്നു. ബിജെപി കയ്പമംഗല നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ് രാജീവ്. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ രാജീവാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ പ്രിന്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. യുവമോര്‍ച്ച പ്രവര്‍ത്തകനായ ഒന്നാം പ്രതി രാഗേഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മതിലകത്തെ ഇവരുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ പുതിയ 1000, 500 രൂപ നോട്ടുകള്‍ ഇവര്‍ അച്ചടിച്ചതായി കണ്ടെത്തി. നോട്ട് നിര്‍മിക്കുന്ന കടലാസും പ്രിന്ററും പിടിച്ചെടുത്തിരുന്നു.