സ്വന്തം ലേഖകൻ 

ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.

2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC  ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC  ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് . 

ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.