തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ സമയം വൈകിട്ട് 5.30യോടെയാകും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതെന്നും ഇത് തമിഴ്നാട് – ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കി ബംഗാൾ ഉൾക്കടലിലൂടെ മുന്നേറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പിന്നീട് തീവ്ര ചുഴലിക്കാറ്റായി മാറും. ഏപ്രില്‍ 30-തോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുമെന്നും ഇത് തമിഴ്നാട്-ആന്ധ്രാ തീരത്ത് എത്തുമെന്നുമാണ് പ്രവചനം.

ഏപ്രിൽ 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഏപ്രിൽ 29 ന് 8 കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രിൽ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുമുണ്ട്.

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഏപ്രില്‍ 28 മുതല്‍ 30 വരെയുള്ള കാലയളവില്‍ മുപ്പത് മുതല്‍ അറുപത് കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങൾ കാറ്റിന്റെ തീവ്രത അനുസരിച്ച് വേർതിരിച്ചു അനുബന്ധ ഭൂപടത്തിൽ നൽകിയിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഏപ്രിൽ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കർശന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.