പത്തനംതിട്ട ∙ ഒരേ സമയം അറബിക്കടലിൽ 2 ചുഴലിക്കാറ്റുകൾക്ക് കളമൊരുങ്ങുന്ന അസാധാരണ സാഹചര്യം. ഇതിൽ ഒരു ചുഴലി രൂപപ്പെട്ടെന്നു രാജ്യാന്തര ഏജൻസികളും ഇല്ലെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രവും.  ഒപ്പം ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 2019 സമീപകാല റെക്കോഡ് ഭേദിക്കുമോ എന്ന ചോദ്യവും. അറബിക്കടലിൽ ‘പവൻ’ എന്ന പേരിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെയാണ്  ഈ വർഷം ഇന്ത്യൻ തീരത്ത് രൂപപ്പെട്ട ചുഴലികളുടെ എണ്ണം 8 ആയത്.

ഗോവയ്‌ക്കടുത്ത്  ഒരു ചുഴലിക്കാറ്റു കൂടി ഇന്നലെ രൂപപ്പെട്ടെന്ന വിദേശ ഏജൻസികളുടെ വാദം കാലാവസ്‌ഥാ കേന്ദ്രം കൂടി അംഗീകരിച്ചിരുന്നുവെങ്കിൽ ചുഴലികളുടെ എണ്ണം ഒൻപത് ആകുമായിരുന്നു. ജനുവരിയിൽ തായ്‌ലൻഡിൽ നിന്ന് ആൻഡമാൻസിലേക്കു  കയറി വന്ന ‘പാബുക്’ എന്ന ചുഴലിയെ കൂടി ചേർത്താണ് ഈ റെക്കോർഡ്.  ഇതിൽ ആറെണ്ണവും സൂപ്പർ സൈക്ലോണായി എന്നത് കാലാവസ്‌ഥ മാറിമറിയുന്നതിന്റെ വ്യക്‌തമായ സൂചന.

പവൻ ചുഴലി സൊമാലിയയിലേക്കു  നീങ്ങുന്നതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കില്ല. ഗോവ തീരത്താണു ഇരട്ടകളിലെ രണ്ടാമൻ  രൂപപ്പെട്ടിരിക്കുന്നത്. ശനിയാഴ്‌ചയോടെ കന്യാകുമാരി തീരത്തു മൂന്നാം ന്യൂനമർദത്തിനു സാധ്യതയുണ്ട്. ഇതൊന്നും കേരളത്തെ അധികം ബാധിക്കാൻ സാധ്യതയില്ലെന്നു കാലാവസ്‌ഥാ കേന്ദ്രം പറയുന്നു.

കോപം കൂടുതൽ അറബിക്കടലിന്

ഈ വർഷം അറബിക്കടലിൽ രൂപമെടുത്ത കാറ്റുകൾ ഇവയാണ്: വായു, ഹിക്ക, ക്യാർ, മഹ, പവൻ, ടിസി 07എ.

ബംഗാൾ ഉൾക്കടൽ: പാബുക്, ഫോണി,  ബുൾബുൾ.

1975, 1987: കാറ്റുകളുടെ വർഷം

ഇതിനു മുമ്പ് 1975, 1987 വർഷങ്ങളിലാണ്  8 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിട്ടുള്ളതെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് വിശദീകരിച്ചു. 1976, 1992,  2018 വർഷങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി  7 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടു. ഇന്ത്യൻ സമുദ്രങ്ങളിൽ രൂപപ്പെടുന്ന ചുഴലികളുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധനയാണ് അനുഭവപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു.

ഒക്‌ടോബർ നവംബർ മാസങ്ങളിൽ അറബിക്കടലിൽ ചുഴലിക്കാറ്റുകൾ പതിവുള്ളതല്ല. എന്നാൽ സമുദ്രതാപനിലയിലുണ്ടായ അസാധാരണ വർധന (30 ഡിഗ്രി സെൽഷ്യസ് വരെ) ആണ് കൂടുതൽ ചുഴലികൾ രൂപപ്പെടാൻ കാരണം. സമുദ്രതാപനിലയുമായി ബന്ധപ്പെട്ട  ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) എന്ന പ്രതിഭാസം ഇക്കുറി ശക്‌തമായതാണ് അറബിക്കടൽ തിളയ്‌ക്കാനും  ചുഴലികൾ അധികമായി രൂപപ്പെടാനും കാരണം.

വിശാലമായ ഇന്ത്യൻ മഹാ സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗമായ സൊമാലിയ തീരം കിഴക്ക് ഇന്തൊനീഷ്യ തീരത്തെ അപേക്ഷിച്ച്  കൂടുതൽ ചൂടായി കിടക്കുകയാണ്. ഇത് അറബിക്കടലിൽ താപം ഉയർത്തി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ ന്യൂനമർദ പ്രേരിത മഴയെത്തിക്കും. ഐഒഡി ഇല്ലാത്ത വർഷങ്ങളിൽ ഇന്ത്യയിൽ മഴ കുറയുകയും ചെയ്യും. എന്നാൽ പസഫിക് സമുദ്ര താപനില ഉയർന്നിരിക്കുമ്പോൾ ഇന്ത്യയിൽ മഴ കുറയുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതിനെ പിടിച്ചു കെട്ടാൻ ഇന്ത്യൻ സമുദ്രത്തിലെ താപദ്വന്ദത്തിന് (ഐഒഡി) കഴിഞ്ഞു. ആഗോള തലത്തിൽ മഴയെ നിയന്ത്രിക്കുന്ന മഴപ്പാത്തികളായ ഇന്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ, മാഡൻ ജൂലിയൻ ഓസിലേഷൻ എന്നീ പ്രതിഭാസങ്ങളും ഇക്കുറി 2 മൺസൂണുകളെയും ഇന്ത്യയ്‌ക്ക് അനുകൂലമാക്കി.

കാറ്റു തീർന്ന് ചുഴലിപ്പേരുപട്ടിക

2004 ൽ പ്രഖ്യാപിച 64  കാറ്റുകളുടെ പേരടങ്ങുന്ന ആദ്യപട്ടികയിൽ ഇനി ഒരു കാറ്റുകൂടി മാത്രമാണ് ബാക്കിയുള്ളത്.  ‘ഉംഫൻ’ എന്നാണ് ഈ കാറ്റിന്റെ പേര്.  ഈ കാറ്റുകൂടി ഈ മാസം രൂപപ്പെട്ടാൽ ഈ വർഷത്തെ ആകെ കാറ്റുകളുടെ എണ്ണം 10 എന്ന സർവകാല റെക്കോർഡ്  ആകും. കാറ്റുകളുടെ പുതിയ പട്ടിക വൈകാതെ പ്രഖ്യാപിക്കും.