റഫാല്‍ യുദ്ധവിമാന കരാറില്‍ പുതിയ വെളിപ്പെടുത്തൽ. റഫാല്‍ വിമാന നിർമ്മാണ കമ്പനിയായ ഡാസോ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാര്‍ക്ക് 10 ലക്ഷം യൂറോ (8.6 കോടി രൂപ) പാരിതോഷികമായി നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമസ്ഥാപനമായ മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എ എഫ് എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട്.

2017-ല്‍ ഡാസോ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 508925 യൂറോ ഇടപാടുകാര്‍ക്ക് പാരിതോഷികമായി നല്‍കിയെന്ന് എ എഫ് എ കണ്ടെത്തിയിരുന്നു. റഫാല്‍ വിമാനങ്ങളുടെ മോഡലുകള്‍ നിര്‍മിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാല്‍, ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്ന് എ എഫ് എ പറഞ്ഞതായി മീഡിയാ പാര്‍ട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇത്ര വലിയ തുകയുടെ ഇടപാട് കണ്ടെത്തിയെങ്കിലും ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സി ഈ വിഷയത്തില്‍ നിയമനടപടികൾ സ്വീകരിച്ചിട്ടില്ല.

ഡെഫ്‌സിസ് സെല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഇന്‍വോയിസുകളാണ് ഡാസോ കമ്പനി കാശ് നല്‍കിയതിനു തെളിവായി പറയുന്നത്. ഇതു പ്രകാരം 2017 മാര്‍ച്ച് 30-ന് ഡാസോ കമ്പനി റഫാല്‍ വിമാനങ്ങളുടെ 50 ഡമ്മി മാതൃകള്‍ നിര്‍മ്മിക്കുന്നതിനുള്ള പാതി തുകയായ 10,17,850 യൂറോ ഡെഫ്‌സിസ് എന്ന ഇന്ത്യന്‍ കമ്പനിക്ക് നല്‍കി. ഓരോ ഡമ്മിക്കും 20,375 യൂറോയാണ് വിലയിട്ടിരുന്നത്. ഡെമ്മി ഉണ്ടാക്കുന്നതിന് ഇത്ര തുകവരില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഡെമ്മി മാതൃകയ്ക്കുള്ള തുക എന്നു പറയുന്നുണ്ടെങ്കിലും കമ്പനി അക്കൗണ്ടില്‍ പരിതോഷികം എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടെന്ന് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

രാജ്യത്തെ പ്രതിരോധ കരാറിനുള്ള നിയമങ്ങൾ അനുസരിച്ച് ഇടപാടില്‍ ഏതെങ്കിലും ഇടനിലക്കാരനോ കമ്മീഷനോ കൈക്കൂലിയോ വാങ്ങിയെന്നതിന് തെളിവ് ലഭിച്ചാല്‍ അത് ഗുരുതരമായ കുറ്റമാണ്. ചട്ടം അനുസരിച്ച് കരാർ റദ്ദാക്കുക, ഇടപാടുകാരെ വിലക്കുക, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, കമ്പനിക്ക് കനത്ത പിഴ ചുമത്തുക എന്നിവ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും സുര്‍ജേവാല ചൂണ്ടിക്കാണിച്ചു.