യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.

അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.

അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.